Saturday, October 17, 2009

World Mental Health Day, October 10

October 10 is observed as World Mental Health Day. I was not in a position to write this earlier. But I had the satisfaction of seeing an article I wrote in Malayalam on the status of mental patients and mental health centres in India published in the newspaper Thejas on that day. I am reproducing it below.

ഒക്‍ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുകയാണു്. മാനസികാരോഗ്യത്തെപ്പറ്റിയുള്ള അറിവു് എല്ലാവരിലും എത്തിക്കുക, മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും ഉണ്ടായാല്‍ ചികിത്സിച്ചു് ഭേദപ്പെടുത്താനും മറ്റും ആവശ്യമായ സൌകര്യങ്ങള്‍ എല്ലായിടത്തും സൃഷ്ടിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക എന്നൊക്കെയുള്ളതാണു് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യം. അറുപതിലധികം വര്‍ഷങ്ങള്‍ക്കു മുമ്പു് സ്ഥാപിച്ച മാനസികാരോഗ്യത്തിനുള്ള ആഗോള ഫെഡറേഷനാണു് ഈ ദിനാചരണത്തിനു് മുന്‍കൈ എടുക്കുന്നതു്.

ഏതു് സമൂഹത്തിലെയും ഏതാണ്ടു് പന്ത്രണ്ടു് ശതമാനം പേര്‍ക്കു് മാനസിക പ്രശ്നങ്ങളുണ്ടു് എന്നാണു് കണക്കാക്കിയിരിക്കുന്നതു്. ഏതാണ്ടു് നാലു് പേരില്‍ ഒരാള്‍ക്കു് ജീവിതത്തില്‍ ഏതെങ്കിലും സമയത്തു് ചികിത്സകൊണ്ടു് പ്രയോജനം ചെയ്യാവുന്ന മാനസികാരോഗ്യ പ്രശ്നമുണ്ടാകുന്നുണ്ടത്രെ. എന്നിട്ടും മാനസികാരോഗ്യത്തേപ്പറ്റി നമ്മള്‍ അപൂര്‍വ്വമായേ സംസാരിക്കാറുള്ളൂ. ആരോഗ്യരംഗത്തെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ മാനസികാരോഗ്യം വരാറേയില്ല എന്നു പറയേണ്ടി വരുന്നു. ഇതിന്റെ കാരണത്തിനു് ഒരുപക്ഷെ അധികം അന്വേഷിക്കേണ്ടതില്ല. ഒരു വലിയ വിഭാഗം ജനങ്ങള്‍ക്കു് മാനസികാരോഗ്യത്തെക്കുറിച്ചുള്ള അജ്ഞതയും മാനസിക രോഗങ്ങളോടുള്ള ഒരുതരം ഭയവും വെറുപ്പും ഒക്കെത്തന്നെയായിരിക്കണം കാരണം. ശാരീരിക രോഗങ്ങള്‍ പോലെ തന്നെയുള്ളതാണു് മാനസിക രോഗങ്ങളെന്നും അവ ചികിത്സിച്ചു് മാറ്റാവുന്നതാണെന്നും മനസിലായിക്കഴിഞ്ഞാല്‍ മിക്ക സമൂഹങ്ങളിലും ഇന്നു് നിലനില്‍ക്കുന്ന മേല്പറഞ്ഞ കാഴ്ചപ്പാടുകള്‍ മാറേണ്ടതാണു്.

മാനസികരോഗമുള്ള ഒരു വ്യക്തിയുടെ പെരുമാറ്റം മറ്റുള്ളവരില്‍ ഭയമോ നിസ്സഹായതയോ ഒക്കെ ഉളവാക്കുന്നതു് സ്വാഭാവികമാണു്. അതുകൊണ്ടുതന്നെ ആയിരിക്കണം ഏതോ പിശാചിന്റെ ഫലമായാണു് മാനസികരോഗങ്ങള്‍ ഉണ്ടാകുന്നതെന്നു് പണ്ടു് വിശ്വസിച്ചിരുന്നതു്. ഇന്നും അങ്ങനെ വിശ്വസിക്കുന്നവരുണ്ടു്. പല ശാരീരിക രോഗങ്ങള്‍ക്കും അത്തരത്തിലുള്ള കാരണങ്ങള്‍ ഒരുകാലത്തു് പറഞ്ഞിരുന്നല്ലോ. എന്നാല്‍ അതു് ശരിയല്ലെന്നും രോഗങ്ങളുണ്ടാക്കുന്നതു് പ്രധാനമായും രോഗാണുക്കളാണെന്നും തെളിഞ്ഞതിനു് ശേഷം അത്തരം വിശ്വാസങ്ങള്‍ വളരെ കുറച്ചുപേരേ വെച്ചുപുലര്‍ത്തുന്നുള്ളൂ. എന്നാല്‍ മാനസികരോഗങ്ങളുടെ കാര്യത്തില്‍ അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നതു് രോഗത്തിനു് ചികിത്സ നല്‍കുന്നതിനും രോഗിയെ ശരിയായ രീതിയല്‍ ശുശ്രൂഷിക്കുന്നതിനും തടസ്സം നില്‍ക്കുന്നുണ്ടു്. അതുപോലെതന്നെയുള്ള മറ്റൊരു പ്രശ്നമാണു് ശാരീരികരോഗങ്ങള്‍ പോലെതന്നെ പല തരത്തിലുള്ള മാനസികരോഗങ്ങളുണ്ടു് എന്നുള്ള തിരിച്ചറിവില്ലാത്തതു്. അതുകൊണ്ടു് എല്ലാ മാനസികരോഗികളെയും `ഭ്രാന്തന്മാരും ഭ്രാന്തികളും' ആയി മുദ്രകുത്തുകയാണു് സമൂഹം ചെയ്യുന്നതു്. ജലദോഷം പോലെ നിസ്സാരമായതു മുതല്‍ അര്‍ബുദം പോലെ കഠിനമായതു വരെയുള്ള മാനസികരോഗങ്ങളുണ്ടു് എന്നു് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ടു്.

കുടുംബത്തില്‍ ആര്‍ക്കെങ്കിലും മാനസികരോഗം ഉണ്ടെങ്കില്‍ അതു് ഒളിച്ചുവയ്ക്കാനാണു് നമ്മളില്‍ പലര്‍ക്കും താല്പര്യം. മറ്റുള്ളവരറിഞ്ഞാല്‍ നമുക്കു് ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്ന ഭയമാണു് പലപ്പോഴും ഇതിനു് കാരണമാകുന്നതു്. ഈ സ്ഥിതിവിശേഷം മാറേണ്ടതുണ്ടു്. എങ്കിലേ മാനസിക രോഗങ്ങളെ മറ്റു രോഗങ്ങള്‍ പോലെ തന്നെ കാണാനും അതിനു് വേണ്ട ചികിത്സ നല്‍കാനും കഴിയുന്ന സാഹചര്യം ഉണ്ടാകൂ. കൂടാതെ ഇന്ത്യയിലെ തന്നെ മാനസികരോഗ ചികിത്സാ കേന്ദ്രങ്ങളിലെ ഇന്നത്തെ ദയനീയാവസ്ഥ മാറണമെങ്കില്‍ അത്തരം ആശുപത്രികളും മറ്റു് ആശുപത്രികളേപ്പോലെ ജനങ്ങള്‍ക്കു് കയറി കാണാന്‍ കഴിയുന്ന സ്ഥിതിയിലാവണം. പൊതുജനങ്ങളെ മാനസികാശുപത്രികളിലേക്കു് കടത്തിവിടാനാവില്ല എന്നു പറയുന്നവരുണ്ടാകാം. എന്നാല്‍ അതു് സാദ്ധ്യമാണെന്നു് തെളിയിച്ചുകൊണ്ടു് പൊതുജനങ്ങള്‍ക്കു് പ്രവേശനം അനുവദിക്കുന്ന ഒരു ആശുപത്രിയെങ്കിലും ഇന്ത്യതില്‍ തന്നെയുണ്ടു്.

ഇന്ത്യയിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതിയെപ്പറ്റി ഇന്ത്യയിലെ മനുഷ്യാവകാശ കമ്മീഷന്‍ പഠിച്ചു് 1999ല്‍ ഒരു റിപ്പോര്‍ട്ടു് പ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ചു് മിക്ക ആശുപത്രികളുടെയും അവസ്ഥ കഷ്ടതരമായിരുന്നു. "രണ്ടു തരത്തിലുള്ള ആശുപത്രികള്‍ ഉണ്ടെന്നാണു് ഈ പഠനം കാണിക്കുന്നതു്. ആദ്യത്തെ തരത്തിലുള്ളതിനെ ആശുപത്രികള്‍ എന്നോ മാനസികാരോഗ്യ കേന്ദ്രങ്ങളെന്നോ വിളിക്കാനാവില്ല. സാമ്പത്തിക കാരണങ്ങളാലോ മാനസികരോഗങ്ങളെപ്പറ്റി അറിവില്ലാത്തതിനാലോ മാനസികരോഗമുള്ള ബന്ധുക്കളെ കൊണ്ടിടാനുള്ള സ്ഥലങ്ങളാണവ. ഇത്തരം പല ഇടങ്ങളിലെയും ജീവിത സൌകര്യങ്ങള്‍ പരിതാപകരവുമാണു് ഒരു വ്യക്തിയ്ക്കു് മനുഷ്യത്വത്തോടെ ചികിത്സിക്കപ്പെടാനും അഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശം നിഷേധിക്കുന്നതുമാണു്."

``രണ്ടാമത്തെ തരം ആശുപത്രികള്‍ അടിസ്ഥാനപരമായ ജീവിതസൌകര്യം നല്‍കുന്നവയാണു്. അവയുടെ പ്രാഥമിക കര്‍മ്മം രോഗികളെ കസ്റ്റഡിയില്‍ വയ്ക്കുക എന്നതാണു്. ഭക്ഷണവും താമസിക്കാനുള്ള ഇടവും അവര്‍ നല്‍കുന്നുണ്ടു്. എന്നാല്‍ രോഗികളെക്കൊണ്ടു് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ ആവശ്യമായ മരുന്നുകള്‍ മാത്രമാണു് അവിടെ നല്‍കുന്നതു്. സാധാരണ നിലയില്‍ ജീവിക്കാനാവശ്യമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളൊന്നും അവിടെ നടക്കുന്നില്ല. ശരിയായ രോഗചികിത്സയും സമൂഹത്തിലേക്കു് മടങ്ങിപ്പോകാനുള്ള പരിശീലനവും ലഭിക്കാനും സമൂഹത്തില്‍ കുടുംബത്തോടൊപ്പം ജീവിക്കാനും ഉള്ള രോഗിയുടെ അവകാശം ഈ ആശുപത്രികളില്‍ നിഷേധിക്കപ്പെടുന്നു.'' 2008ല്‍ മനുഷ്യാവകാശ കമ്മീഷനും ബാംഗ്ലൂരിലെ നിംഹന്‍സ് (NIMHANS) എന്ന മാനസികാരോഗ്യ കേന്ദ്രവും ചേര്‍ന്നു് പ്രസിദ്ധീകരിച്ച പുതുക്കിയ റിപ്പോര്‍ട്ടില്‍ 1999നു് ശേഷം ആശുപത്രികളില്‍ വന്ന മാറ്റങ്ങള്‍ വിവരിച്ചിട്ടുണ്ടു്. പല ആശുപത്രികളിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണു് ഇതില്‍നിന്നു് കാണുന്നതു്.

``മൊത്തം ഇരുനൂറു് സ്ത്രീകള്‍. അതില്‍ കുറച്ചുപേര്‍ ഇരുണ്ട സെല്ലുകളില്‍. അവര്‍ക്കു് മൂത്രമൊഴിക്കാനും വെളിക്കിറങ്ങാനും ഒരു കുഴി. ... ഒരു സെല്ലിനു മുന്നില്‍ ഒരു പ്ലേറ്റില്‍ നിറയെ മലം.'' കാല്‍ നൂറ്റാണ്ടു് മുമ്പു് കേരളത്തിലെ ഒരു മാനസികരോഗാശുപത്രിയില്‍ കണ്ടതു് എഴുതിയിരിക്കുകയാണു് ഈ ഭ്രാന്താലയത്തിനു് നാവുണ്ടായിരുന്നെങ്കില്‍ എന്ന പുസ്തകത്തില്‍ സുന്ദര്‍. പഴയ കഥ, ഇതൊന്നും ഇപ്പോള്‍ ഉണ്ടാവില്ല എന്നു തോന്നാം. കേരളത്തിലെ ആശുപത്രികളില്‍ ഒരുപക്ഷെ സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടുണ്ടാവാം. എന്നാല്‍ 1996-97 കാലഘട്ടത്തില്‍ റാഞ്ചിയിലെ മാനസികരോഗാശുപത്രിയില്‍ അഞ്ജന മിശ്ര എന്ന യുവതി കണ്ടതു് എന്താണെന്നു് നോക്കൂ. "വാര്‍ഡിനടുത്തേക്കു് ചെല്ലുമ്പോള്‍ ഒരു വല്ലാത്ത നാറ്റം. കാണുന്നതു് അതിനേക്കാള്‍ ഭീകരവും ഓക്കാനം വരുത്തുന്നതുമാണു്. നീളമുള്ള വരാന്തയുടെ കൈവരികളിലേക്കു് കയറുകൊണ്ടു് കെട്ടിയിട്ടിരിക്കുന്നു അക്രമാസക്തരെന്നു് കരുതുന്ന രണ്ടു് രോഗികളെ. അവര്‍ ഇരിക്കുന്നതു് അവരുടെ മലത്തില്‍. വരാന്തയുടെ രണ്ടറ്റത്തുമാണു് കക്കൂസുകള്‍ -- ഉപയോഗിക്കാനാവാത്തവണ്ണം വൃത്തികേടായതു്."

2008 മാര്‍ച്ച് 8നു് കൊല്‍ക്കത്തയിലെ പാവ്‍ലോവ് മാനസിക രോഗാശുപത്രിയില്‍ അമ്മയെ കാണാനെത്തിയ മകള്‍ കണ്ടതു് വനിതാ വാര്‍ഡിലെ രോഗികളെല്ലാം പൂര്‍ണ്ണ നഗ്നരായിരിക്കുന്നതാണു്. കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന ഡോക്‌ടര്‍ ഇതില്‍ പ്രതിഷേധിച്ചപ്പോള്‍ ആശുപത്രി ജീവനക്കാര്‍ അദ്ദേഹത്തെ തടഞ്ഞവച്ചു് മാപ്പു പറയണമെന്നു് ആവശ്യപ്പെട്ടു. വിസമ്മതിച്ച ഡോക്‌ടറെ സൂപ്രണ്ടു് വന്നു് മാപ്പുപറഞ്ഞാണു് രക്ഷപ്പെടുത്തിയതു്. രോഗികള്‍ നഗ്നരായിരിക്കാന്‍ കാരണം അവര്‍ക്കു് മൂന്നു് വസ്ത്രങ്ങളെ ഉള്ളൂ, പക്ഷെ അലക്കുകാരന്‍ രണ്ടാഴ്ചയിലൊരിക്കലേ വരൂ, എന്നതാണത്രെ. എന്തുകൊണ്ടു് കൂടുതല്‍ വസ്ത്രങ്ങളില്ല, അല്ലെങ്കില്‍ എന്തുകൊണ്ടു് അലക്കുകാരന്‍ കൂടുതല്‍ തവണ വരുന്നില്ല എന്ന ചോദ്യം അവശേഷിക്കുന്നു.

മാനസികരോഗാശുപത്രികളില്‍ കഴിയുന്ന രോഗികള്‍ നമ്മുടെ സമൂഹത്തിലെ അംഗങ്ങളാണു്. നമ്മളേപ്പോലെയുള്ളവരാണു്. നമുക്കോരോരുത്തര്‍ക്കും, മറ്റേതു രോഗവും എന്നതുപോലെ, മാനസികരോഗവും ഏതു് ദിവസവും ഉണ്ടാകാം. നമ്മളാരും ഒരു രോഗത്തിനും അതീതരല്ല. എന്നാല്‍ മാനസികരോഗം ഉണ്ടു് എന്നു് നമ്മള്‍ വിശ്വസിക്കുന്ന വ്യക്തികള്‍ പറയുന്ന കാര്യങ്ങളൊന്നും ആരും കാര്യമായി എടുക്കാറില്ല. അതുകൊണ്ടുതന്നെ അവര്‍ നിസ്സഹായരാണു് എന്നു നമ്മള്‍ ഓര്‍മ്മിക്കണം. പകപോക്കാനായി മാനസികരോഗിയായി മുദ്രകുത്തി ആശുപത്രിയിലാക്കുന്ന കഥാപാത്രങ്ങളെ നമ്മള്‍ സിനിമയിലും സീരിയലുകളിലും കാണാറില്ലേ? മുന്‍പു് സൂചിപ്പിച്ച അഞ്ജന മിശ്ര അതുപോലൊരു ചതിയില്‍ പെട്ടു പോയ സ്ത്രീയാണു്. പകപോക്കാനല്ല, ഭാര്യയെ ഒഴിവാക്കാനായി ഭര്‍ത്താവു് ചെയ്തതാണെന്നു മാത്രം. ഇത്തരം അനേകം സ്ത്രീകള്‍ മാനസികരോഗാശുപത്രികളില്‍ ഹോമിക്കപ്പെട്ടിട്ടുണ്ടു് എന്നു് അഞ്ജന തന്നെ പറയുന്നു. ഇതെല്ലാം നമ്മുടെ സമൂഹത്തിനു മേലുള്ള വലിയ കളങ്കങ്ങളാണു്.

മാനസികരോഗചികിത്സാരംഗത്തു് വലിയ പുരോഗതി കൈവരിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു് ആയിട്ടുണ്ടു്. ആത്മാഭിമാനത്തോടെയും സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്തുകൊണ്ടും ജീവിക്കാനുള്ള കഴിവു് മിക്ക മാനസികരോഗികള്‍ക്കും ശരിയായ ചികിത്സയിലൂടെ നേടാനാവും. ആ സ്ഥിതിക്കു് നമ്മുടെ സഹോദരന്മാരെയും സഹോദരികളെയും ഇങ്ങനെ ക്രൂരമായി ശിക്ഷിക്കുന്നതു് മഹാപാപമാണു്. മനുഷ്യരാശിയോടു ചെയ്യുന്ന അപരാധമാണു്. ഇതെല്ലാം മാറ്റാന്‍ നമ്മളാലാവുന്നതെല്ലാം ചെയ്യുമെന്നു് നമുക്കു് ഈ മാനസികാരോഗ്യ ദിനത്തില്‍ പ്രതിജ്ഞയെടുക്കാം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)