Sunday, July 03, 2011

ഭാഷകളുടെ ഉത്ഭവം

(തേജസ് പത്രത്തിനുവേണ്ടി എഴുതിയതു്)

ഭാഷ, അതു് സംസാരഭാഷയായാലും എഴുത്തുഭാഷയായാലും, നമ്മള്‍ സ്വാഭാവികമായി കരുതുന്ന ഒന്നാണു്. ശൈശവത്തില്‍ തന്നെ, ഒരുപക്ഷെ പരിസരങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങുന്ന പ്രായം മുതല്‍ക്കേ, മറ്റുള്ളവര്‍ സംസാരിക്കുന്നതു കേട്ടു് നമ്മള്‍ ഭാഷ പഠിച്ചു തുടങ്ങുന്നുണ്ടാവണം. മറ്റു മൃഗങ്ങളും പരസ്പരം ആശയവിനിമയത്തിനു് അവരുടേതായ ശബ്ദങ്ങളും അംഗവിക്ഷേപങ്ങളും ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനൊന്നും മനുഷ്യരുടെ ഭാഷയ്ക്കൊപ്പം ആശയവിനിമയശേഷി ഉള്ളതായി അറിവില്ല. ആ നിലയ്ക്കു് മനുഷ്യനു് മാത്രം ഇത്ര സങ്കീര്‍ണ്ണമായ ഭാഷ എങ്ങനെയുണ്ടായി, എപ്പോഴുണ്ടായി എന്നതു് പ്രസക്തമായ ചോദ്യമാകുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു പഠനഫലം സൂചിപ്പിക്കുന്നതു് ആഫ്രിക്കയിലായിരിക്കണം ആദ്യത്തെ മനുഷ്യഭാഷ ഉണ്ടായതു് എന്നാണു്. മനുഷ്യരാശി ജന്മമെടുത്തതു് ആഫ്രിക്കയിലാണു് എന്നാണല്ലോ മനുഷ്യജീനുകളുടെ പഠനത്തില്‍നിന്നുള്ള നിഗമനം. ആ നിലയ്ക്കു് മനുഷ്യഭാഷയും ഉത്ഭവിച്ചതു് ആഫ്രിക്കയിലായിരിക്കും എന്ന കണ്ടെത്തല്‍ അത്ഭുതാവഹമല്ലെങ്കിലും രസകരമാണു്. ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡ് സര്‍വ്വകലാശാലയിലെ ക്വെന്‍റിന്‍ ആറ്റ്‌കിന്‍സണ്‍ (Quentin Atkinson) എന്ന ജൈവശാസ്ത്രജ്ഞന്‍ ലോകത്തിലെ അഞ്ഞൂറിലധികം ഭാഷകളുടെ ഘടന പഠിച്ചതില്‍ നിന്നാണു് ഈ അനുമാനത്തിലെത്തിയതു്. അദ്ദേഹത്തിന്റെ നിഗമനം ശരിയെങ്കില്‍ ഭാഷാപഠനത്തിലെ ഏറ്റവും വലിയ കാല്‍വയ്പുകളില്‍ ഒന്നാവാമിതു്. ഏപ്രില്‍ 14ലെ സയന്‍സ്}(Science) എന്ന പ്രമുഖ ശാസ്ത്ര ജേര്‍ണ്ണലിലാണു് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നതു്.

മനുഷ്യഭാഷയുടെ ഉത്ഭവത്തെപ്പറ്റി പല തരത്തിലുള്ള സിദ്ധാന്തങ്ങളുണ്ടു്. ഏതാണ്ടു് 25 ലക്ഷം വര്‍ഷം മുമ്പു് ഹോമോ ഹാബിലിസ് (Homo habilis), ഹോമോ സാപിയന്‍ (Homo sapien) എന്നീ ജനുസ്സുകള്‍ പരിണമിച്ചുണ്ടാകുന്നതിനു മുമ്പു് ഉണ്ടായിരുന്ന ജീവിവര്‍ഗങ്ങള്‍ ആശയവിനിമയത്തിനു് ഉപയോഗിച്ചിരുന്ന ശബ്ദങ്ങളും ആംഗ്യങ്ങളുമാണു് പിന്നീടു് മനുഷ്യരുടെ സംസാരഭാഷ ആയി മാറിയതു് എന്നാണു് വലിയ വിഭാഗം ഭാഷാശാസ്ത്രജ്ഞരും വിശ്വസിക്കുന്നതു്. എന്നാല്‍ അങ്ങനെയല്ല, സംസാരഭാഷ മനുഷ്യന്‍ താരതമ്യേന കുറച്ചു് കാലം കൊണ്ടു് നേടിയെടുത്ത സവിശേഷ കഴിവാണു് എന്നാണു് മറ്റുചിലര്‍ വിശ്വസിക്കുന്നതു്. ഇവരില്‍ പ്രമുഖനാണു് ലോകപ്രശസ്തനായ നോം ചോംസ്ക്കി (Noam Chomsky). നമ്മുടെ ഭാഷ മറ്റു ജീവികള്‍ ഉപയോഗിക്കുന്ന ശബ്ദങ്ങളോ ആംഗ്യങ്ങളോ ആയി താരതമ്യപ്പെടുത്തുമ്പോള്‍ വളരെയധികം സങ്കീര്‍ണ്ണമാണെന്നും അതുകൊണ്ടു് മനുഷ്യഭാഷ അവയില്‍നിന്നു് ഉണ്ടായതാണെന്നു് കരുതാനാവില്ല എന്നുമാണു് ഇക്കൂട്ടര്‍ പറയുന്നതു്. ഹോമോ ഹാബിലിസ്സിനു മുമ്പുണ്ടായിരുന്ന ആസ്‌ട്രേലോപിത്തെക്കസ് എന്ന ജീവിവര്‍ഗത്തിനു് ഭാഷ ഇല്ലായിരുന്നു എന്നുതന്നെയാണു് ശാസ്ത്രജ്ഞരെല്ലാം കരുതുന്നതു്. ഹോമോ ഹാബിലിസ് മുതല്‍ക്കു തന്നെ ഭാഷയുടെ ആദിരൂപം ഉണ്ടായിത്തുടങ്ങി എന്നു ചിലര്‍ കരുതുന്നു. ഏതാണ്ടു് 18 ലക്ഷം വര്‍ഷം മുമ്പു് ഹോമോ ഇറെക്‌ടസിന്റെ കാലം മുതല്‍ക്കോ അതിനു ശേഷമോ ആയിരിക്കണം ഭാഷയുടെ ആദിരൂപമുണ്ടായതു് എന്നാണു് മറ്റു ചിലര്‍ കരുതുന്നതു്. നമ്മുടെ ഇന്നത്തെ ഭാഷകളുമായി സങ്കീര്‍ണ്ണതയില്‍ താരതമ്യം ചെയ്യാവുന്ന ഭാഷ ആദ്യമായി ഉണ്ടായതു് ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം മുമ്പു്, അതായതു് ഹോമോ സാപിയന്‍ സാപിയന്‍ \eng(Homo sapien sapien) \mal എന്ന പേരില്‍ അറിയപ്പെടുന്ന ആധുനിക മനുഷ്യന്‍ ഉത്ഭവിച്ചതിനു ശേഷം, മാത്രമായിരിക്കണം എന്നു് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടു്.

ഭാഷയുണ്ടായതു് ചരിത്രാതീതമായ കാലത്തായതുകൊണ്ടു് (ഭാഷയില്ലാതെ ചരിത്രം രേഖപ്പെടുത്താനാവില്ലല്ലോ!) നമുക്കു് ഭാഷയുടെ ഉത്ഭവത്തെപ്പറ്റി അറിവുതരുന്ന ഒന്നും അവശേഷിച്ചിട്ടില്ല, ഇന്നു് ഭാഷയുടെ ഉത്ഭവത്തോടു് താരതമ്യം ചെയ്യാവുന്ന ഒരു കാര്യവും നടക്കുന്നതായി നമുക്കു് അറിവുമില്ല. അതുകൊണ്ടു് ഭാഷയുടെ ഉത്ഭവത്തെപ്പറ്റി പഠിക്കുന്നതു് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണു്. ഈ സാഹചര്യത്തിലാണു് ആറ്റ്കിന്‍സണിന്റെ പഠനം പ്രാധാന്യമര്‍ഹിക്കുന്നതു്.

ഭാഷ മനുഷ്യരില്‍ തനതായി ഉള്ളതാണോ അതോ സാമൂഹ്യജീവി എന്ന നിലയ്ക്കു് വളര്‍ന്നു വരുന്നതിന്റെ ഭാഗമായി അഭ്യസിക്കുന്നതാണോ എന്നതാണു് മറ്റൊരു ചോദ്യം. സ്റ്റീവന്‍ പിങ്കര്‍ (Steven Pinker) തുടങ്ങിയ ചിലര്‍ പറയുന്നതു് നമ്മുടെ ഇന്ദ്രിയങ്ങളെപ്പോലെ തന്നെ മനുഷ്യരിലുണ്ടാകുന്ന ഒന്നാണു് ഭാഷ എന്നാണു്. എന്നാല്‍ മൈക്കല്‍ ടോമസെല്ലൊ (Michael Tomasello) തുടങ്ങിയ മറ്റു ചിലര്‍ വിസ്വസിക്കുന്നതു് ആംഗ്യത്തിലൂടെയും സംസാരത്തിലൂടെയുമുള്ള പ്രിമേറ്റുകളുടെ ആശയവിനിമയത്തില്‍നിന്നു് വികസിച്ചു വന്നതാണു് എന്നാണു്. ഇവിടെ ആശയവിനിമയവും ഭാഷയും തമ്മില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ടു്. ആശയങ്ങള്‍ മനസില്‍ രൂപീകരിക്കാനും ആംഗ്യങ്ങളോ ശബ്ദമോ മറ്റോ ഉപയോഗിച്ചു് ആ ആശയങ്ങള്‍ മറ്റുള്ളവരിലേക്കു് പകരാനുമുള്ള കഴിവാണു് ആശയവിനിമയ ശേഷി. ഭാഷ എന്നു പറയുമ്പോള്‍ അതിനു് ഘടനയും വ്യാകരണവും മറ്റും ഉണ്ടാകണമല്ലോ. ഭാഷ ഉപയോഗിക്കാതെ ആശയവിനിമയം നടത്തുന്നതു് നമുക്കെല്ലാവര്‍ക്കും പരിചിതമാണു്. രണ്ടു പേര്‍ പരസ്പരം കേള്‍ക്കാന്‍ പറ്റാത്ത ദൂരത്തായിരിക്കുമ്പോഴോ രണ്ടു പേര്‍ക്കും ഒരേ ഭാഷ അറിയാന്‍ വയ്യാത്തപ്പോഴോ ആംഗ്യങ്ങള്‍ കൊണ്ടു് നമ്മള്‍ ആശയവിനിമയം നടത്താറുണ്ടല്ലോ. ഇതിനു് ഭാഷ എന്നു പറയാനാവില്ല. എന്നാല്‍ ബധിരര്‍ക്കു വേണ്ടി വികസിപ്പിച്ചിട്ടുള്ള ആംഗ്യഭാഷകള്‍ക്കു് ഭാഷയുടെ സ്വഭാവങ്ങളുണ്ടു്. സംസാരം എന്നു പറയുന്നതു് മറ്റൊന്നാണു്. ശബ്ദത്തിലൂടെയുള്ള ഈ ആശയവിനിമയത്തിനു് ഭാഷയുണ്ടാവാം. പല മൃഗങ്ങളും ചുരുക്കം ചില ശബ്ദങ്ങളുടെ സഹായത്തോടെ ആശയവിനിമയം നടത്താറുണ്ടു്. ഭാഷയില്ലാത്ത ഇത്തരം ആശയവിനിമയത്തിനു് വളരെ പരിമിതമായ സാദ്ധ്യതകളേയുള്ളൂ.

ഇനി ആറ്റ്‌കിന്‍സണിന്റെ പഠനം പരിശോധിക്കാം. സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്ന ഏതു ഭാഷയിലും ശബ്ദങ്ങള്‍ ഉണ്ടല്ലോ. ഒരു വാക്കില്‍ ഒന്നോ അതിലധികമോ ശബ്ദങ്ങളുണ്ടാവാം. ഇംഗ്ലീഷില്‍ ഫോണീം (phoneme) എന്നു പറയുന്നതു് ഏതാണ്ടു് ഇതേ അര്‍ത്ഥത്തിലാണു്. അഞ്ഞൂറിലധികം ഭാഷകളിലെ ഫൊണീമുകള്‍ പഠിച്ചതില്‍ നിന്നാണു് ആറ്റ്കിന്‍സണ്‍ തന്റെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നതു്. ഒരു വലിയ സമൂഹത്തില്‍ വികസിച്ചുവരുന്ന ഭാഷയില്‍ ഉള്ള ശബ്ദങ്ങളെല്ലാം അതില്‍നിന്നു് വേറിട്ടു ദൂരെ പോയി വസിക്കുന്ന ഒരു ചെറിയ കൂട്ടം ആള്‍ക്കാരുടെ ഭാഷയില്‍ ഉണ്ടാവില്ല എന്നതാണു് ഈ പഠനത്തിനു് ഉപയോഗിച്ചിരിക്കുന്ന ഒരു ആശയം. അതു് ശരി വയ്ക്കുമാറു് ചെറിയ സമൂഹങ്ങളിലെ ഭാഷകളില്‍ കുറച്ചു ശബ്ദങ്ങളും വലിയ സമൂഹങ്ങളില്‍ കൂടുതല്‍ ശബ്ദങ്ങളും ഉണ്ടെന്നു് അവര്‍ കണ്ടു. ജീനുകളുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കുന്നുണ്ടു് എന്നതു് അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണു്. അതായതു് ഒരു വലിയ സമൂഹത്തിലെ ജീനുകളില്‍ കാണുന്നത്ര വൈവിദ്ധ്യം ചെറിയ സമൂഹങ്ങളില്‍ കാണില്ല. ഈ ആശയത്തിന്റെ അടിസ്ഥാനത്തിലാണല്ലോ മനുഷ്യജീനുകളുടെ പഠനത്തില്‍നിന്നു് മനുഷ്യന്‍ ആഫ്രിക്കയിലാണു് ഉത്ഭവിച്ചതു് എന്ന നിഗമനത്തിലെത്തിയതു്. ആഫ്രിക്കയില്‍നിന്നുള്ള ദൂരം കൂടുന്നതനുസരിച്ചു് ജീനുകളിലെ വൈവിദ്ധ്യം കുറഞ്ഞു വരുന്നു എന്നാണു് ഗവേഷകര്‍ കണ്ടതു്. ഏതാണ്ടു് അതേ തരത്തിലുള്ളതായിരുന്നു ആറ്റ്‌കിന്‍സണ്‍ നടത്തിയ പഠനവും.

ആഫ്രിക്കന്‍ ഭാഷകളിലാണു് അവര്‍ ഏറ്റവുമധികം ശബ്ദങ്ങള്‍ കണ്ടതു് --- 141. ജര്‍മ്മന്‍ ഭാഷയില്‍ അതു് 41ഉം മാന്‍ഡറിന്‍ ചൈനീസില്‍ 32ഉം ഹവായ് ദ്വീപുകളില്‍ 13ഉം ആയി ചുരുങ്ങുന്നു. ദക്ഷിണ അമേരിക്കയിലാണു് അവര്‍ ഏറ്റവും കുറച്ചു് ഫൊണീമുകള്‍ കണ്ടതു് --- 11. ഫൊണീമുകളിലെ വൈവിദ്ധ്യത്തിന്റെ 30\% ഭാഗം ആഫ്രിക്കയില്‍ നിന്നുള്ള ദൂരത്തിന്റെ ഫലമാണെന്നാണു് അവരുടെ കണക്കുകള്‍ കാണിക്കുന്നതു്. ജീനുകളിലെ വൈവിദ്ധ്യത്തില്‍ കണ്ടതുപോലെ തന്നെയുള്ള മാറ്റമാണു് ഫൊണീമുകളിലും കാണുന്നതു് എന്നു് ആറ്റ്കിന്‍സണ്‍ പറഞ്ഞു. ലോകത്തില്‍ ഇന്നുള്ള ആറായിരത്തോളം ഭാഷകളും ഏതാണ്ടു് 50,000ത്തിലധികം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന ഒരു ഭാഷയില്‍ നിന്നാണു് ഉത്ഭവിച്ചതു് എന്നാണു് അദ്ദേഹത്തിന്റെ പഠനം സൂചിപ്പിക്കുന്നതു്. മനുഷ്യരാശി മുഴുവനും തന്നെ ലക്ഷക്കണക്കിനു് വര്‍ഷം മുമ്പു് ജീവിച്ചിരുന്ന രണ്ടു് വ്യക്തികളില്‍ നിന്നാണു് ഉത്ഭവിച്ചതു് എന്നതു് സത്യമാണെങ്കില്‍ ഇതും സത്യമായിരിക്കാം.

ആറ്റ്കിന്‍സണിന്റെ പഠനഫലം വളരെ രസകരമാണു് എന്നു് ഭാഷാശാസ്ത്രജ്ഞര്‍ പൊതുവായി കരുതുന്നു. എന്നാല്‍ അതു് യാഥാര്‍ത്ഥ്യമാണോ എന്നു് അറിയാറായിട്ടില്ല. എന്നെങ്കിലും അറിയാന്‍ കഴിയും എന്നു് ഉറപ്പിച്ചു പറയാനാവുമോ? ആറ്റ്കിന്‍സണ്‍ തന്നെ റസ്സല്‍ ഗ്രേ (Russell Gray) എന്ന ശാസ്ത്രജ്ഞനുമായി ചേര്‍ന്നു് 2003ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറഞ്ഞതു് തുര്‍ക്കിയിലാണു് മനുഷ്യഭാഷ ഉണ്ടായതു് എന്നാണു്. വാക്കുകളിലുണ്ടാകുന്ന മാറ്റങ്ങളാണു് അന്നു് പഠനത്തിനു് ഉപയോഗിച്ചതു്. അതിനേക്കാള്‍ ഗഹനമാണു് ഇപ്പോഴത്തെ പഠനം എന്നു കരുതാം. എങ്കിലും പുതിയ പഠനങ്ങള്‍ പുതിയ കണ്ടെത്തലുകളിലേക്കു് നയിക്കാമല്ലോ. ഈ വഴിക്കുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നാലേ കൂടുതല്‍ വ്യക്തത ഉണ്ടാകൂ. മനുഷ്യ ജീനുകളുടെയും മനുഷ്യ ഭാഷകളിലെ ശബ്ദങ്ങളുടെയും വൈവിദ്ധ്യത്തില്‍ കണ്ട ഒരേപോലെയുള്ള സ്വഭാവം, അതായതു് ആഫ്രിക്കയില്‍ നിന്നുള്ള ദൂരം കൂടുന്നതിനനുസരിച്ചു് വൈവിധ്യത്തില്‍ കുറവുണ്ടാകുന്നതു്, ആറ്റ്കിന്‍സണിന്റെ നിഗമനത്തിലുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. ആഫ്രിക്ക ഇരുട്ടു മൂടിയ പ്രാകൃത പ്രദേശമല്ല, മറിച്ചു് നമുക്കു് ജന്മം നല്‍കിയ അമ്മയും നമ്മെ സംസാരിക്കാന്‍ പഠിപ്പിച്ച അച്ഛനുമാണു് എന്ന തിരിച്ചറിവു് നമ്മുടെ കാഴ്ചപ്പാടുകളെ തീര്‍ച്ചയായും സ്വാധീനിക്കും എന്നു കരുതാം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

മുഖം മനസിന്റെ കണ്ണാടിയാവാം

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

"മനസിന്‍ കണ്ണാടി മുഖമെന്നു പഴമൊഴി'' എന്നു പോകുന്നു പഴയൊരു ചലച്ചിത്രഗാനത്തിലെ ഒരു വരി. എന്നാല്‍ "മനസിനെ മറയ്ക്കുന്നു മുഖമെന്നു പുതുമൊഴി'' എന്നാണതു് തുടരുന്നതു്. ഇവയില്‍ ഏതാണു് ശരി? ഒരു വ്യക്തിയുടെ സ്വഭാവം എങ്ങനെയാണെന്നു് മുഖം കണ്ടാല്‍ മനസിലാകുമോ? ആദ്യം കണ്ടപ്പോള്‍ തന്നെ നമുക്കു് ചിലരെയെങ്കിലും ഇഷ്ടമാകാതിരുന്നിട്ടുണ്ടു്. ചിലരെ പ്രഥമദൃഷ്ടിയില്‍ ഇഷ്ടമായിട്ടുമുണ്ടു്. പിന്നീടുണ്ടായ അനുഭവങ്ങള്‍ ആ ഇഷ്ടമോ ഇഷ്ടക്കേടോ ഉറപ്പിക്കുന്ന വിധത്തിലായ അനുഭവവും നമുക്കുണ്ടായിട്ടുണ്ടു്. ഒരാളുടെ സ്വഭാവം ഒറ്റ നോട്ടത്തില്‍ ശരിയായി വിലയിരുത്താനുള്ള കഴിവു് ചിലരിലെങ്കിലും നമ്മള്‍ കണ്ടിട്ടുണ്ടാവും. ഇതിന്റെയൊക്കെ പിന്നില്‍ എന്തെങ്കിലും സത്യമുണ്ടോ? അതോ ഇതൊക്കെ വെറും തോന്നലാണോ? ഇതിനൊരു ശാസ്ത്രീയ അടിത്തറയുണ്ടു് എന്നുള്ള വിശ്വാസം ഇടയ്ക്കിടയ്ക്കു് പൊന്തിവരാറുണ്ടു്. ഫിസിയൊഗ്നോമി (Physiognomy) എന്ന പേരിലറിയപ്പെടുന്ന ഈ പഠനശാഖ %മേല്പറഞ്ഞ വിശ്വാസം എന്നതുപോലെ ഫിസിയോഗ്നോമിയും പുരാതനമാണു്.
പ്രാചീന ഗ്രീക്ക് ചിന്തകരുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ക്രി.ശേ. 5 മുതല്‍ 15 വരെ നൂറ്റാണ്ടു കാലത്തു് ഇതിന്റെ വിശ്വാസ്യത നഷ്ടമായി. പിന്നീടു് പതിനെട്ടാം ശതകത്തില്‍ സ്വിസ് കവിയും ഫിസിയോഗ്നോമിസ്റ്റുമായ ലവാറ്റര്‍ (Johann Kaspar Lavater (1741–1801) വീണ്ടും പ്രചാരത്തില്‍ കൊണ്ടുവന്നെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ അതു് കപടശാസ്ത്രമായി പുറംതള്ളപ്പെട്ടു. ഇപ്പോഴിതാ അതിനെ അനുകൂലിക്കുന്നു എന്നു കരുതാവുന്ന ഒരു ശാസ്ത്രീയ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നു. സാമൂഹ്യ, പരിണാമ, സാംസ്ക്കാരിക മനശ്ശാസ്ത്ര ജേര്‍ണ്ണല്‍ (Journal of Social, Evolutionary, and Cultural Psychology) മനശ്ശാസ്ത്ര ജേര്‍ണ്ണലില്‍ ഈയിടെ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലെ കണ്ടെത്തലുകള്‍ ഫിസിയോഗ്നോമിയിലുള്ള വിശ്വാസം തിരികെ കൊണ്ടുവരത്തക്കതാണു്.

അമേരിക്കയിലെ കോര്‍ണ്ണല്‍ സര്‍വ്വകലാശാലയിലെ ജെഫ്രി വല്ല (Jeffrey M. Valla), സെസി (Stephen J. Ceci), വെന്‍ഡി വില്യംസ് (Wendy M. Williams) എന്നിവരാണു് പ്രബന്ധം രചിച്ചിരിക്കുന്നതു്. 32 പേരുടെ ചിത്രങ്ങളില്‍നിന്നു് ക്രിമിനല്‍ സ്വഭാവമുള്ളവരെ തിരിച്ചറിയാന്‍ പഠനത്തില്‍ പങ്കെടുത്തവരോടു് അവര്‍ ആവശ്യപ്പെട്ടു. ചിത്രങ്ങളില്‍ 16 എണ്ണം കുറ്റവാളികളുടേതും ബാക്കി സാധാരണ വിദ്യാര്‍ത്ഥികളുടേതും ആയിരുന്നു. മുഖത്തു് പ്രത്യേക പാടുകളോ അടയാളങ്ങളോ താടിമീശയോ ഇല്ലാത്ത വ്യക്തികളുടെ ചിത്രങ്ങളാണു് തിരഞ്ഞെടുത്തതു്. മാത്രമല്ല, ആരുടെയും മുഖത്തു് വിശേഷിച്ചു് ഭാവമൊന്നും ഇല്ലാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. 44 വിദ്യാര്‍ത്ഥികളാണു് പഠനത്തില്‍ പങ്കെടുത്തതു്. ചിത്രങ്ങളില്‍ കാണുന്ന വ്യക്തികളില്‍ ചിലര്‍ ഓരോതരം കുറ്റകൃത്യം ചെയ്തിട്ടുള്ളവരാണെന്നും മറ്റുള്ളവര്‍ കുറ്റവാളികളല്ലെന്നും അവരോടു് പറഞ്ഞിരുന്നു. എന്നാല്‍ അതില്‍ എത്രപേര്‍ കുറ്റവാളികാളാണു് എന്നു് പറഞ്ഞിരുന്നില്ല. കൊലപാതകം, ബലാത്സംഗം, മോഷണം, കള്ളപ്രമാണങ്ങള്‍ നിര്‍മ്മിക്കുക എന്നിവയില്‍ ഏതെങ്കിലും ഒരു കുറ്റകൃത്യം മാത്രമാണു് കുറ്റവാളികളില്‍ ഓരോരുത്തരും ചെയ്തിരുന്നതു്.

ചിത്രങ്ങളിലെ ഓരോ വ്യക്തിയും മേല്പറഞ്ഞ ഓരോ കുറ്റകൃത്യവും ചെയ്തിരിക്കാനുള്ള സാദ്ധ്യത 1 (തീരെ സാദ്ധ്യതയില്ല) മുതല്‍ 9 (വളരെ സാദ്ധ്യതയുണ്ടു്) വരെയുള്ള സ്ക്കേലില്‍ എത്ര വരും എന്നു് ഉഹിക്കുകയാണു് പഠനത്തില്‍ പങ്കെടുത്ത ഓരോ വ്യക്തിയും ചെയ്യേണ്ടിയിരുന്നതു്. അതായതു് ഓരോ ചിത്രത്തിനും നാലു വ്യത്യസ്ത സ്ക്കോറുകള്‍ വീതം നല്‍കേണ്ടിയിരുന്നു -- ഓരോ കുറ്റകൃത്യവും ചെയ്തിരിക്കാനുള്ള സാദ്ധ്യതയ്ക്കുള്ള സ്ക്കോര്‍. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതു് യാതൊരു ക്രമവുമില്ലാതെയായിരുന്നു. വ്യക്തികളെ വിലയിരുത്തുന്നതില്‍ ഒരു വിധത്തിലുള്ള പക്ഷപാതവും ഉണ്ടാകാതിരിക്കാന്‍ ഈ നടപടിക്രമം സഹായിച്ചു എന്നാണു് ഗവേഷകര്‍ കരുതുന്നതു്.

ഈ പഠനത്തില്‍നിന്നു് ലഭിച്ച വിവരങ്ങള്‍ വിശ്ലേഷണം ചെയ്തപ്പോള്‍ എന്താണു് മനസിലായതു് എന്നു നോക്കാം. ചിത്രങ്ങള്‍ പരിശോധിച്ചു് ഓരോ വ്യക്തിയെയും വിലയിരുത്തിയ 44 പേര്‍ നല്‍കിയ സ്ക്കോറുകളുടെ ശരാശരി നോക്കിയാല്‍ കാണുന്ന ഒരു കാര്യം ഇതാണു്: കുറ്റവാളികളല്ലാത്തവര്‍ക്കു് അവര്‍ നല്‍കിയ സ്ക്കോറുകളേക്കാള്‍ ഉയര്‍ന്നതാണു് കുറ്റവാളികള്‍ക്കു് നല്കിയതു്. അവരുപയോഗിച്ച സ്ക്കേലില്‍ സ്ക്കോര്‍ കൂടുന്നതനുസരിച്ചു് കുറ്റം ചെയ്തിരിക്കാനുള്ള സാദ്ധ്യതയും കൂടുമല്ലോ. പങ്കെടുത്ത എല്ലാവരും ചേര്‍ന്നു് ചിത്രങ്ങളിലുള്ള എല്ലാവര്‍ക്കും നല്‍കിയ സ്ക്കോറുകളുടെ ശരാശരിയേക്കാള്‍ കൂടുതലാണു് അവര്‍ കുറ്റവാളികള്‍ക്കു് മാത്രം നല്‍കിയ സ്ക്കോറുകളുടെ ശരാശരി. എന്നാല്‍ മൊത്തം ശരാശരിയേക്കാള്‍ കുറവാണു് കുറ്റം ചെയ്യാത്തവര്‍ക്കു് മാത്രം നല്‍കിയ സ്ക്കോറുകളുട ശരാശരി. മൊത്തത്തില്‍ പറഞ്ഞാല്‍ കുറ്റം ചെയ്യാത്തവര്‍ക്കു് കുറഞ്ഞ സ്ക്കോറും കുറ്റവാളികള്‍ക്കു് കൂടിയ സ്ക്കോറും ആണു് ലഭിച്ചതു്. പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ മുഖത്തിന്റെ ചിത്രം മാത്രം കണ്ടിട്ടു പോലും അതില്‍നിന്നു് ക്രിമിനല്‍ കുറ്റം ചെയ്തവരെ അവര്‍ക്കു് തിരിച്ചറിയാനായി എന്നാണല്ലോ ഇതു് സൂചിപ്പിക്കുന്നതു്. എങ്കില്‍ നേരിട്ടു് മുഖം കണ്ടാല്‍ അവര്‍ക്കു് കുറേക്കൂടി കൃത്യമായി സ്വഭാവം അനുമാനിക്കാനാകില്ലേ?

കുറേക്കൂടി വിശദമായ ഒരു പഠനവും മേല്പറഞ്ഞ പ്രാഥമിക പഠനത്തിനു ശേഷം ഇതേ കൂട്ടര്‍ നടത്തുകയുണ്ടായി. അതിന്റെ ഫലവും ഏതാണ്ടു് ഈ തരത്തില്‍ തന്നെയുള്ളതായിരുന്നു. മുഖത്തില്‍നിന്നു് വ്യക്തിയുടെ സ്വഭാവത്തെപ്പറ്റി ചില ധാരണകള്‍ ഉണ്ടാകാം എന്നതു് പുതിയ ആശയമൊന്നുമല്ല. അങ്ങനെയുണ്ടാകുന്ന ധാരണകള്‍ എത്രമാത്രം ശരിയാവാം എന്നതില്‍ സംശയമുണ്ടാകാം. അതു് അശാസ്ത്രീയമാണു് എന്നു് തോന്നാം. അതു് ശരിയുമാണു്, കാരണം ആ വിശ്വാസത്തിനു് ഇതുവരെ ഒരു ശാസ്ത്രീയ അടിത്തറയുണ്ടായിരുന്നില്ല. എന്നാല്‍ പുരാതന കാലം മുതല്‍ക്കുതന്നെ ഇതില്‍ സത്യമുണ്ടെന്നു് പലരും വിശ്വസിച്ചിരുന്നു. ഉദാഹരണമായി അരിസ്റ്റോട്ടില്‍ പറയുന്നതു് ശ്രദ്ധിക്കൂ: "പ്രകൃതി ശരീരത്തെയും മനസിനെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ടു് എന്നു് സമ്മതിച്ചാല്‍ ശാരീരിക ഘടനയില്‍നിന്നു് സ്വഭാവത്തെപ്പറ്റി മനസിലാക്കാനാവണം.'' ഫിസിയോഗ്നോമി എന്ന (കപട)ശാസ്ത്രശാഖയ്ക്കു് ജന്മം നല്‍കിയതു് ഇത്തരം ചിന്തകളാണു്. പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കു് അപകീര്‍ത്തിപ്പെട്ട ഈ പഠനശാഖയ്ത്തു് പുനര്‍ജന്മം നല്‍കിയതു് ഡാര്‍വിന്റെ അവസാനകൃതിയായ വികാരപ്രകടനം മനുഷ്യനിലും മൃഗങ്ങളിലും (The Expression of the Emotions in Man and Animals, 1872) ഗ്രന്ധമാണത്രെ. മുഖഭാവത്തില്‍നിന്നു് സ്വഭാവം തിരിച്ചറിയാനുള്ള കഴിവു് സാമൂഹിക പരിണാമത്തില്‍ സഹായകമാകും എന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പിന്നീടു് സാമൂഹ്യശാസ്ത്രത്തില്‍ ഡാര്‍വിനിസം കൊണ്ടുവരാനുള്ള ശ്രമങ്ങളാണു് ഈ വഴിയ്ക്കുള്ള ചിന്തകള്‍ അഭികാമ്യമല്ലാതാക്കിയതു്.

ഇപ്പോഴത്തെ പഠനം ഏതാനും വര്‍ഷങ്ങളായി ഈ വിഷയത്തില്‍ വളര്‍ന്നുവരുന്ന താല്പര്യങ്ങളില്‍നിന്നു് ഉരുത്തിരിഞ്ഞതാണു്. ഉദാഹരണമായി 2006ല്‍ {\it \mal സൈക്കളോജിക്കല്‍ സയന്‍സ്} എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ഒരു പഠനം നോക്കൂ. ഒരു വ്യക്തിയെ ആദ്യമായി കണ്ടാല്‍ പത്തിലൊന്നു് സെക്കന്‍ഡിനുള്ളില്‍ ആ വ്യക്തിയുടെ സ്വഭാവം നമ്മള്‍ വിലയിരുത്തിയിരിക്കും എന്നു് അവര്‍ കണ്ടെത്തി. ഇങ്ങനെ, പ്രഥമദൃഷ്ടിയില്‍ പ്രേമമുണ്ടാകുന്നതിനെക്കുറിച്ചും, പറയുന്നതു് സത്യമോ കള്ളമോ എന്നു് മുഖഭാവത്തില്‍നിന്നു് തിരിച്ചറിയുന്നതിനെപ്പറ്റിയും മറ്റും പല പഠനങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നിട്ടുണ്ടു്. അതിന്റെയൊക്കെ തുടര്‍ച്ചയായി വേണം ഈ പുതിയ പഠനത്തെയും കാണാന്‍.

മേല്പറഞ്ഞ പഠനത്തില്‍നിന്നു് നാം എന്തെല്ലാമാണു് മനസിലാക്കേണ്ടതു്? ഉള്ളറിവു്, ഭൂതോദയം എന്നൊക്കെ മലയാളത്തില്‍ പറയാവുന്ന, ഇംഗ്ലീഷില്‍ \eng intuition \mal എന്നു പറയുന്ന, പ്രതിഭാസത്തില്‍ കുറേയൊക്കെ സത്യമുണ്ടു് എന്നല്ലേ? മിക്ക മൃഗങ്ങളിലും ചില മനഷ്യരിലും വളരെ വികസിത രൂപത്തില്‍ കാണുന്ന ഒരു ശേഷിയാണിതു്. പട്ടികളും പൂച്ചകളുമൊക്കെ ചില സമയത്തു് ചില ഇലകള്‍ കടിച്ചു തിന്നുന്നതു് കാണാറില്ലേ? പ്രത്യേക ശാരീരിക അവസ്ഥകളില്‍ അവര്‍ക്കു് ആവശ്യമായ എന്തോ ഒന്നു് പ്രകൃതിയില്‍നിന്നു് അവര്‍ക്കു് സ്വയം കണ്ടെത്താനാവുന്നു എന്നു വേണം കരുതാന്‍. ഭൂമികുലുക്കം ഉണ്ടാകുന്നതിനുമുമ്പു് പലപ്പോഴും മൃഗങ്ങള്‍ അസാധാരണമായി പെരുമാറാറുണ്ടത്രെ. 2004ല്‍ കേരള തീരത്തു് സുനാമി എത്തുന്നതിനു് കുറേ മുമ്പു് പട്ടികളും കന്നുകാലികളുമടക്കം ഭയന്നു് നിലവിളിക്കുകയും കെട്ടിയിട്ടിരുന്നവ കയര്‍ പൊട്ടിച്ചു് ഓടാന്‍ ശ്രമിക്കുകയും ചെയ്തതായി കേട്ടിരുന്നു. മൃഗങ്ങള്‍ക്കു് മാത്രമല്ല മനുഷ്യര്‍ക്കും ഇത്തരം ശേഷി ഉള്ളതായി തെളിവുണ്ടു്. സുനാമി എത്തിയ സമയത്തു് ആന്‍ഡമാന്‍ ദ്വീപുകളില്‍ ഇന്ത്യന്‍ നാവിക സേനയ്ക്കുള്‍പ്പെടെ നാശനഷ്ടമുണ്ടായെങ്കിലും ഒരു ആദിവാസിയുടെ ജീവന്‍ പോലും നഷ്ടപ്പെട്ടില്ല എന്നു് കേട്ടിരുന്നു. അവരെല്ലാം എന്തോ ഭയന്നു് കുന്നിന്‍മുകളിലേക്കു് പോയിരുന്നുവത്രെ! യുക്തിചിന്തയ്ക്കു് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമാണോ സ്വാഭാവികമായി നമുക്കുണ്ടാകേണ്ട ഇത്തരം കഴിവുകള്‍ ഇല്ലാതാക്കുന്നതു്? ആയിരിക്കാമെന്നു് സൂചനയുണ്ടു്. ബ്രയന്റ് (Rev. A.T. Bryant) എന്ന പാതിരി എഴുതി യൂജെനിക്സ് റവ്യൂ (Eugenics Review) എന്ന പ്രസിദ്ധീകരണത്തിനുവേണ്ടി സെലിഗ്മാന്‍ \eng(C.G. Seligman, M.D.) \mal എന്ന ഭിഷഗ്വരന്‍ പുനര്‍രചിച്ച {\it\mal ദക്ഷിണാഫ്രിക്കന്‍ വംശജരിലെ മാനസിക വികസനം} എന്ന പ്രബന്ധത്തില്‍ പറയുന്നു വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ആഫ്രിക്കന്‍ കുട്ടികള്‍ ഉള്ളറിവിന്റെ കാര്യത്തില്‍ യൂറോപ്യന്‍ കുട്ടികളെക്കാള്‍ വളരെ മുന്നിലാണു് എന്നു്. ആ കഴിവുകള്‍ നശിപ്പിക്കാത്ത ഒരു വിദ്യാഭ്യാസ സംവിധാനം നമുക്കു് നടപ്പിലാക്കാന്‍ കഴിയേണ്ടതല്ലേ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

സുനാമി

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

2004 ഡിസംബറില്‍ ഇന്തൊനേഷ്യയുടെയും ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു ചില രാജ്യങ്ങളുടെയും തീരദേശങ്ങളില്‍ കണ്ട ദുരന്തദൃശ്യങ്ങളുടെ ഓര്‍മ്മ പുതുക്കിക്കൊണ്ടു് ജപ്പാനലെത്തിയ സുനാമിയുടെ തല്‍സമയദൃശ്യങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ എത്തിയതാണല്ലോ. 2004ലേതിനെക്കാള്‍ കുറച്ചു് മരണങ്ങളേ ജപ്പാനില്‍ സംഭവിച്ചുള്ളൂ എങ്കിലും, മഴവെള്ളത്തില്‍ ഒലിച്ചുവരുന്ന ചെറുലതകളും കമ്പുകളും എന്നപോലെ, സമുദ്രത്തില്‍നിന്നു് ഇരച്ചുകയറിയ
ഭീമാകാരമായ സുനാമിത്തിരകളില്‍ കാറുകളും കപ്പലുകളും വിമാനങ്ങളും മറ്റും കൂട്ടമായി ഒഴുകുന്ന കാഴ്ച നമ്മെ നടുക്കി. അനേകം വര്‍ഷങ്ങളിലൊരിക്കല്‍ മാത്രമെ സുനാമിയുടെ ആക്രമണം ഒരേയിടത്തുണ്ടാകൂ എന്നു നമുക്കറിയാം. എങ്കിലും %നാശനഷ്ടങ്ങളുടെ കണക്കും മരിച്ചവരുടെ എണ്ണവും മറ്റും കേള്‍ക്കുമ്പോള്‍
ഇത്തരമൊരു അനുഭവം നമുക്കുമുണ്ടായാലോ എന്ന ഭീതിയും അഥവാ സുനാമി ഉണ്ടായാല്‍ അതില്‍നിന്നു് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെപ്പറ്റി അറിയാനുള്ള ആഗ്രഹവും നമുക്കുണ്ടാകും. അതുകൊണ്ടു് സുനാമി എങ്ങനെ ഉണ്ടാകാം, അതു് പ്രവചിക്കാനാകുമോ, തുടങ്ങിയ ചോദ്യങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.

``തുറമുഖത്തിര'' \eng(harbour wave) \mal എന്നാണു് `സുനാമി' എന്ന ജാപ്പനീസ് വാക്കിന്റെ അര്‍ത്ഥം. പഴയ ഇംഗ്ലീഷ് ഗ്രന്ഥങ്ങളില്‍ ഭൂകമ്പകടല്‍ത്തിര (sea waves) എന്നും പ്രയോഗിച്ചു കാണാം. മുമ്പു് റ്റൈഡല്‍ വേവ് (tidal wave) എന്ന പേരും ഉപയോഗിച്ചിരുന്നു. എന്നാല്‍ സുനാമിയും വേലിയേറ്റവുമായി യാതൊരു ബന്ധവുമില്ലാത്തതുകൊണ്ടു് ഈ പേരു് തെറ്റിദ്ധാരണാജനകമായതിനാല്‍ ഉപയോഗിക്കാറില്ല.

കലിതുള്ളി സുനാമി എത്തുമ്പോള്‍ കരയില്‍ ആദ്യം കാണുന്നതു് സമുദ്രജലം പുറകോട്ടു പോകുന്നതാണു്. അപ്പോള്‍ കടല്‍ത്തീരത്തുള്ളവര്‍ സ്വാഭാവികമായി അത്ഭുതപ്പെടുകയും ജലത്തിനു പിറകെ കടലിലേക്കു് ഇറങ്ങിച്ചെല്ലുകയും ചെയ്യും. അപ്പോഴാണു് ശക്തമായ തിര എത്തുന്നതു്. ഇതറിഞ്ഞുകൊണ്ടു്, കടലിലേക്കിറങ്ങിപ്പോയവരുടെ ശ്രദ്ധ ആകര്‍ഷിച്ചു് അവരെ രക്ഷിക്കാനായി, അവിടെ കൂടിക്കിടന്ന നെല്ലിനു് തീയിട്ട യാമാഗുചി എന്ന ജാപ്പനീസ് അപ്പൂപ്പന്റെ കഥ നമ്മുടെ ചില സ്ക്കൂളുകളില്‍ പഠിക്കാനുണ്ടായിരുന്നു. ആ കഥ പഠിച്ച ഒരു കുട്ടി മുന്നറിയിപ്പു നല്‍കിയതുകൊണ്ടു് 2004ലെ സുനാമിയുടെ സമയത്തു് തമിഴ്‌നാടു് തീരത്തു് ചിലര്‍ രക്ഷപ്പെട്ടതായി വാര്‍ത്ത വന്നിരുന്നതു് ഓര്‍ക്കുന്നു.

രണ്ടായിരത്തിലധികം വര്‍ഷം മുമ്പു് തുസിഡിഡീസ് (Thucydides, 460 BC - 395 BC) എന്ന ഗ്രീക്ക് ചരിത്രകാരനാണു് സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പവും സുനാമിയുമായുള്ള ബന്ധം ആദ്യമായി കണ്ടെത്തിയതു്. എങ്കിലും ഇപ്പോഴും ഈ പ്രതിഭാസത്തെപ്പറ്റി വിശദമായി മനസിലാക്കാനായിട്ടില്ല. സമുദ്രത്തിലെയും അന്തരീക്ഷത്തിലെയും ചില പ്രതിഭാസങ്ങള്‍ സുനാമിക്കു് കാരണമാകാം. ഇവയില്‍ പ്രധാനമാണു് സമുദ്രത്തിനടിത്തട്ടിലുണ്ടാകുന്ന ഭൂകമ്പങ്ങള്‍. 2004ല്‍ ഇന്തൊനേഷ്യയിലും ഇപ്പോള്‍ ജപ്പാനിലും ഉണ്ടായ സുനാമികള്‍ക്കു് കാരണം ഭൂകമ്പങ്ങളായിരുന്നു. എന്നാല്‍ വലിയൊരു മലയിടിച്ചിലോ അഗ്നിപര്‍വ്വതസ്ഫോടനമോ പോലെ സമുദ്രജലത്തില്‍ ഉണ്ടാകുന്ന ശക്തമായ ചലനങ്ങള്‍ സുനാമിയ്ക്കു് കാരണമാകാം. വലിയൊരളവു് ജലം പെട്ടെന്നു് മുകളിലേക്കുയര്‍ത്തുകയോ താഴോട്ടിറക്കുകയോ ചെയ്യുന്ന എന്തു പ്രതിഭാസവും സുനാമിക്കു് കാരണമാകാം. സമുദ്രത്തിനടിത്തട്ടില്‍ ഉണ്ടാകുന്ന വലിയൊരു മലയിടിച്ചിലോ അഗ്നിപര്‍വ്വതസ്ഫോടനമോ സുനാമി ഉണ്ടാക്കാം.
ഉദാഹരണമായി, ജാവ, സുമാത്ര എന്നീ ഇന്തൊനേഷ്യന്‍ ദ്വീപുകള്‍ക്കിടയിലുണ്ടായിരുന്ന ക്രാകറ്റോവ (Krakatoa) എന്ന ദ്വീപിലെ അഗ്നിപര്‍വ്വതം 1883ല്‍ പൊട്ടിത്തെറിച്ചപ്പോള്‍ ആ ദ്വീപുതന്നെ ഇല്ലാതാകുകയും 46 മീറ്റര്‍ ഉയരമുള്ള സുനാമി ഉണ്ടാകുകയും ചെയ്തു എന്നു് രേഖപ്പെടുത്തിയിരിക്കുന്നു. അഗ്നിപര്‍വ്വതത്തില്‍ നിന്നു് പ്രവഹിച്ച അനേകം ഘനകിലോമീറ്റര്‍ ലാവയാവണം ഈ സുനാമിക്കു് കാരണം. %ഇതിന്റെ പ്രഭാവം അങ്ങകലെ ആഫ്രിക്കന്‍ തീരത്തെ കപ്പലുകള്‍ക്കു പോലും അനുഭവപ്പെട്ടുവത്രെ. വലിയ ഒരു ഉല്‍ക്ക കടലില്‍ പതിക്കുന്നതും (അതൊരു അസാധാരണ സംഭവമാണെങ്കിലും) മുമ്പുചെയ്തിരുന്നതുപോലെ സമുദ്രത്തിനടിയില്‍വച്ചു് ന്യൂക്ലിയര്‍ സ്ഫോടനം നടത്തുന്നതും സുനാമി ഉണ്ടാക്കാം.

ഇവിടെ വിശദീകരണമാവശ്യമുള്ള ഒരു കാര്യം എല്ലാത്തരം ഭൂകമ്പങ്ങളും സുനാമിയിലേക്കു് നയിക്കില്ല എന്നതാണു്. ചിലതരം ഭൂകമ്പങ്ങളേ സുനാമിയിലേയ്ക്കു് നയിക്കൂ എന്നു് നമുക്കു് മനസിലായിട്ടുണ്ടു്. ഭൂമിയുടെ ഉപരിതലം പല തളികകളായി (plates) വിഭജിക്കപ്പെട്ടിരിക്കുകയാണല്ലോ. ഭൂമിയുടെ ഉള്ളിലെ പ്രക്രിയകളുടെ ഫലമായി ഈ തളികകള്‍ വളരെ സാവധാനത്തില്‍ ചലിച്ചുകൊണ്ടിരിക്കുകയാണു്. ഈ ചലനത്തിന്റെ ഫലമായാണു് ഭൂചലനങ്ങളും പര്‍വ്വതനിരകളും ഉണ്ടാകുന്നതു്. ഉദാഹരണമായി ഇന്ത്യ സ്ഥിതിചെയ്യുന്ന തളിക ഏഷ്യന്‍ തളികയുമായി കൂട്ടിയിടിച്ചതിന്റെ ഫലമാണു് ഹിമാലയ പര്‍വ്വതം. പ്രതിവര്‍ഷം 19 സെന്റിമീറ്റര്‍ വേഗതയില്‍ ഇന്ത്യന്‍ തളിക ഏതാണ്ടു് വടക്കു ദിശയില്‍ നീങ്ങുന്നതു മൂലമാണു് ഇന്നും ഹിമാലയന്‍ മേഖലകളില്‍ ഇടയ്ക്കിടെ ഭൂചലനം ഉണ്ടാകുന്നതു്. ഇങ്ങനെ ഉപരിതലത്തിനു് സമാന്തരമായി ഉണ്ടാകുന്ന ചലനമല്ല സുനാമിയിലേക്കു് നയിക്കുന്നതു്. ചില സമയത്തു് രണ്ടു തളികകളുടെ അതിര്‍ത്തിയില്‍വച്ചു് ഒരു വശം താഴുകയോ ഉയരുകയോ ചെയ്യാം. ഇത്തരം ഭൂചലനങ്ങളാണു് സുനാമിയിലേക്കു് നയിക്കുന്നതു്. 2004ല്‍ ഇന്തൊനേഷ്യയില്‍ സംഭവിച്ചതു് ഇതാണു്.

മലയിടിച്ചിലുകളും വലിയ സുനാമിയിലേക്കു് നയിക്കാമെന്നു് 1950കളിലാണു് കണ്ടെത്തിയതു്. 1958ല്‍ അലാസ്ക്കയിലെ ലിതുയ ഉള്‍ക്കടലില്‍ (Lituya Bay) ഉണ്ടായ മലയിടിച്ചിലാണു് ഇതുവരെയുള്ള ഏറ്റവും വലിയ തിര രേഖപ്പെടുത്തിയതു്. 524 മീറ്ററായിരുന്നു (ഏതാണ്ടു് 1700 അടി) അതിന്റെ ഉയരം! ഭാഗ്യത്തിനു് അതു് അധികദൂരം സഞ്ചരിച്ചില്ല. അവിടെ മീന്‍ പിടിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍ മാത്രമാണു് മരണമടഞ്ഞതു്.

ഭൂചലനവും അഗ്നിപര്‍വ്വത സ്ഫോടനവും ഉല്‍ക്കാപതനവും ഒക്കെ ചെയ്യുന്നതു് വലിയൊരു തിരമാലയ്ക്കു് ജന്മം നല്‍കുകയാണു്. അല്പം വിസ്താരമുള്ള ഒരു പാത്രത്തിലെ വെള്ളത്തിലേക്കു് കല്ലിടുമ്പോള്‍ ജലത്തില്‍ തരംഗങ്ങളുണ്ടാകുന്നതുപോലെ തന്നെയാണു് സുനാമിയും തുടങ്ങുന്നതു്. സമുദ്രത്തിന്റെ ആഴമുള്ള പ്രദേശത്തു് ഭൂകമ്പം ഉണ്ടായാല്‍ അവിടത്തെ ജലനിരപ്പു് പെട്ടെന്നു് ഉയരുകയോ താഴുകയോ ചെയ്യുന്ന. അതിന്റെ ഫലമായി ചുറ്റിലുംനിന്നു് അങ്ങോട്ടേയ്ക്കോ അവിടെനിന്നു് മറ്റു ദിക്കുകളിലേയ്ക്കോ ജലം പ്രവഹിക്കുകയും അങ്ങനെ തിരമാല ഉണ്ടാകുകയും ചെയ്യുന്നു.

സുനാമിയുടെ കാര്യത്തിലാവട്ടെ മറ്റൊന്നുകൂടി സംഭവിക്കുന്നു. ആഴക്കടലില്‍ തിരയുടെ നീളം --- അതായതു്, തിരയിലെ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ഒരു ബിന്ദു മുതല്‍ അതുപോലത്തെ അടുത്ത ബിന്ദു വരെയുള്ള ദൂരം,
തരംഗദൈര്‍ഘ്യം --- വളരെ കൂടുതലായിരിക്കും. തിരയുടെ ഉയരം വളരെ കുറവും. കരയോടു് അടുക്കുംതോറും കടലിന്റെ ആഴം കുറയുമല്ലോ. അതിനാല്‍ തിരയുടെ നീളം കുറയുകയും ഉയരം കൂടുകയും ചെയ്യും. ഇങ്ങനെയാണു് ആഴക്കടലില്‍ നൂറുകണക്കിനു് കിലോമീറ്റര്‍ നീളവും ഒരടിയോളം ഉയരവും ഉള്ള തരംഗങ്ങള്‍ കരയോടടുക്കുമ്പോള്‍ വിനാശകാരിയായ പടുകൂറ്റന്‍ സുനാമിയാകുന്നതു്.

രണ്ടു വിധത്തിലാണു് സുനാമി നാശനഷ്ടങ്ങളുണ്ടാക്കുന്നതു്. വമ്പന്‍ തിര ശക്തിയായി കരയിലടിക്കുന്നതുമൂലം ഉണ്ടാകുന്ന നാശമാണു് ആദ്യത്തേതു്. പിന്നീടു് ജലം തിരിച്ചു് പ്രവഹിക്കുമ്പോള്‍ ശക്തമായ ആ ഒഴുക്കില്‍പ്പെട്ടു് പലതും നശിക്കുകയും കടലിലേക്കു് ഒഴുകിപ്പോകുകയും ചെയ്യുന്നു. ആധുനിക കാലങ്ങളില്‍ ഈ കഷ്ടനഷ്ടങ്ങള്‍ക്കുപരി സുനാമി മറ്റു പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. പ്രളയത്തിലും കൊടുങ്കാറ്റിലുമൊക്കെ സംഭവിക്കുന്നതു പോലെ,കെട്ടിടങ്ങളോടൊപ്പം റോഡുകളുടെ ഉപരിതലവും വിമാനത്താവളങ്ങളും വൈദ്യുത, ജല വിതരണ സംവിധാനങ്ങളുമെല്ലാം താറുമാറാകുന്നു. അതുകൊണ്ടു് പലയിടങ്ങളിലും എത്തിച്ചേരുന്നതും %തന്നെ പ്രയാസമാകാം. അതോടൊപ്പം വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും വിതരണ സംവിധാനങ്ങളും തകരാറിലാകാം. ഇതെല്ലാം സുനാമിയില്‍നിന്നു് രക്ഷപ്പെട്ടവര്‍ക്കു് ഭക്ഷണവും ഇന്ധനവും മരുന്നുമൊക്കെ എത്തിക്കുന്നതും ദുഷ്ക്കരമാകും. ഇന്ധനവും വൈദ്യുതിയുമില്ലാതെ ആധുനിക ഉപകരണങ്ങളും മറ്റും പ്രവര്‍ത്തിപ്പിക്കാനാവില്ലല്ലോ. അതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മ്മാണവും വളരെ ബുദ്ധിമുട്ടാവും.

സുനാമിയ്ക്കു് കാരണമാകുന്ന ഭൂകമ്പം പോലുള്ള പ്രതിഭാസങ്ങള്‍ പ്രവചിക്കാനാവാത്തതുകൊണ്ടു് സുനാമിയും പ്രവചിക്കാനാവില്ല. എന്നാല്‍ ഭൂകമ്പമുണ്ടായശേഷം സുനാമി ഉണ്ടാകുമോ എന്നതും എവിടെയെല്ലാം ബാധിക്കാം എന്നതും ഏറെക്കുറെ മുന്‍കൂട്ടി കാണാനാകും. പക്ഷെ അപ്പോള്‍ പോലും രക്ഷാനടപടികള്‍ക്കു് സമയമധികം ലഭിക്കണമെന്നില്ല. അതുകൊണ്ടു് ഇത്തരം അത്യാഹിതങ്ങള്‍ നേരിടാനുള്ള ശാസ്ത്രീയമായ തയാറെടുപ്പു് ഉണ്ടായിരിക്കേണ്ടതു് അത്യാവശ്യമാണു്.

ജപ്പാനില്‍ സുനാമിയോടൊപ്പം മറ്റൊരു അത്യാഹിതം കൂടി ഉണ്ടായി -- ന്യൂക്ലിയര്‍ റിയാക്‌ടറുകളിലുണ്ടായ ഗുരുതരമായ പ്രശ്നങ്ങള്‍. ഫുകുഷിമ ദായ്‌ചി എന്ന ആണവനിലയത്തിലെ രണ്ടു റിയാക്ടറുകള്‍ പൊട്ടിത്തെറിച്ചു. റിയാക്‌ടറിലേയ്ക്കു് തണുപ്പിക്കാനുള്ള ജലം കടത്തിവിടുന്ന പമ്പ് റിഷ്ടര്‍ സ്ക്കേലില്‍ 9.2 എത്തിയ ഭൂകമ്പത്തില്‍ പ്രവര്‍ത്തനരഹിതമായതിനാലാണു് പൊട്ടിത്തെറി ഉണ്ടായതു്. തത്ഫലമായി റേഡിയോ വികിരണശേഷിയുള്ള വാതകങ്ങള്‍ പുറത്തുകടന്നു. നിലയത്തിനു് 20 കിലോമീറ്റര്‍ വരെ ദൂരത്തുള്ളവരെല്ലാം ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. തലമുറകളുടെ ആരോഗ്യത്തെ ബാധിക്കുന്ന വികിരണശേഷിയുള്ള ഈ വാതകങ്ങള്‍ ടോക്യോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു് പടര്‍ന്നിട്ടുണ്ടു് എന്നു് ഭയപ്പെടുന്നു. സമുദ്രജലത്തില്‍പ്പോലും അധികവികിരണം ഉണ്ടായിരിക്കുന്നു. ലോകമഹായുദ്ധകാലത്തു് അണുബോംബിന്റെ ഫലമായി ലക്ഷക്കണക്കിനു് മനുഷ്യര്‍ റേഡിയോ വികിരണത്തിന്റെ നരകയാതന അനുഭവിച്ച രാജ്യത്താണു് ഇപ്പോള്‍ ഇതു് സംഭവിച്ചിരിക്കുന്നതു്. പുരോഗതിക്കു വേണ്ടിയുള്ള ഗതികിട്ടാപാച്ചിലില്‍ സര്‍വ്വനാശിയായ ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കേണ്ടതുണ്ടോ എന്നു് നാമെല്ലാം ചിന്തിക്കേണ്ട സമയം കഴിഞ്ഞു. കേരളത്തിനു് സമീപവും ഒരു ആണവോര്‍ജകേന്ദ്രം ഉയര്‍ന്നു വരുന്നതു് നമ്മെ വ്യാകുലപ്പെടുത്തേണ്ടതല്ലേ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)