Friday, April 30, 2010

എന്താണു് ജീവന്‍?

(തേജസ് പത്രത്തിന്റെ നാലാം പേജില്‍ ഫെബ്രുവരി 25നു് പ്രസിദ്ധീകരിച്ച ലേഖനം.)

പ്രിയോണുകള്‍ക്കു് പരിണാമം ഉണ്ടാകുന്നുണ്ടു് എന്നു് ഈയിടെ കണ്ടെത്തിയതായി ആഗോള ശാസ്ത്രവാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന വേള്‍ഡ് സയന്‍സ് എന്ന വെബ് പ്രസിദ്ധീകരണം പറയുന്നു (http://www.world-science.net/othernews/100101\_prions). ശാസ്ത്രജ്ഞരെ അത്ഭൂതപ്പെടുത്തിയ ഒരു വാര്‍ത്തയാണിതു്. കാരണം പ്രിയോണുകള്‍ വെറും പ്രൊട്ടീന്‍ തന്മാത്രകളാണു്. ജീവനുള്ള ചെടികളും മൃഗങ്ങളുമാണു് പ്രൊട്ടീന്‍ ഉത്പാദിപ്പിക്കുന്നതെങ്കിലും ഈ തന്മാത്രകള്‍ക്കു് ജീവനുണ്ടു് എന്നു വിശ്വസിക്കാന്‍ ആരും തയാറാവാത്തതില്‍ അത്ഭുതമില്ലല്ലൊ. പ്രിയോണുകള്‍ പരിണാമത്തിനു് വിധേയമാകുന്നുണ്ടു് എന്ന കണ്ടുപിടിത്തം അടിസ്ഥാനപരമായ ചില ചോദ്യങ്ങളിലേക്കാണു് നയിക്കുന്നതു്. പ്രിയോണുകള്‍ എന്താണെന്നും അവ പരിണാമത്തിനു് വിധേയമാകുന്നുണ്ടെങ്കില്‍ അതുയര്‍ത്തുന്ന ചോദ്യങ്ങളെന്താണെന്നും നമുക്കു് പരിശോധിക്കാം.

1984ല്‍ ഇംഗ്ലണ്ടിലാണു് ആദ്യമായി പശുക്കളില്‍ ഒരു പ്രത്യേക രോഗം കണ്ടതു്. രോഗം തുടങ്ങുമ്പോള്‍ പശുക്കളുടെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റങ്ങളുണ്ടാകുന്നു. പിന്നീടു് ഒരുമാതിരി ``വട്ടുപിടിച്ചതുപോലെ'' നടക്കുകയും തീറ്റ കുറയ്ക്കുന്നില്ലെങ്കില്‍ പോലും പശു മെലിയാന്‍ തുടങ്ങുകയും ചെയ്യും. ക്രമേണ പശുവിനു് എണീറ്റു് നില്‍ക്കാന്‍ പോലും വയ്യാതായി ചത്തു പോകുകയും ചെയ്യുന്നു. പശുവിറച്ചിയും എല്ലിന്‍ പൊടിയും മറ്റും അരച്ചു് പശുത്തീറ്റയില്‍ ചേര്‍ക്കുന്ന ഒരു പതിവു് ഇംഗ്ലണ്ടില്‍ അക്കാലത്തുണ്ടായിരുന്നു. അവിടെ നന്നായി വളരാത്ത സോയബീനിനു പകരമായിട്ടാണു് ഇവ ചേര്‍ത്തിരുന്നതു്. അങ്ങനത്തെ തീറ്റ കഴിച്ച പശുക്കളിലാണു് ഈ രോഗം കാണുന്നതെന്നു് മനസിലായി. രോഗം വന്ന പശുക്കളുടെ ഇറച്ചി ചേര്‍ത്ത തീറ്റ കഴിച്ച പശുക്കള്‍ക്കാണു് രോഗം പകരുന്നതെന്നു് പിന്നീടു് മനസിലായി. ഈ രോഗം ആദ്യം കണ്ടെത്തിയപ്പോള്‍ അതു് ശാസ്ത്രജ്ഞരെ അത്ഭൂതപ്പെടുത്തുകയും വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു.

ചില രോഗങ്ങളുണ്ടാക്കുന്നതു് ബാക്ടീരിയയോ വൈറസോ അല്ല, വെറും പ്രോട്ടീന്‍ തന്മാത്രകളായിരിക്കാം എന്നു് 1960 കളില്‍ ചില ശാസ്ത്രജ്ഞര്‍ സങ്കല്പിച്ചിരുന്നു. അള്‍ട്രാവയലറ്റ് രശ്മികളേറ്റാല്‍ എല്ലാ സെല്ലിലുമുള്ള ഡി.എന്‍. എ. (DNA, Deoxyribo Nucleic Acid) തന്മാത്രകള്‍ക്കു് ക്ഷതമേല്‍ക്കുമെങ്കിലും ചില രോഗങ്ങളുണ്ടാക്കുന്ന രോഗാണുക്കള്‍ നശിക്കുന്നില്ല എന്ന കണ്ടുപിടിത്തം വിശദീകരിക്കാനാണു് ഇങ്ങനെയൊരു സങ്കല്പം ഉണ്ടായതു്. മേല്പറഞ്ഞ, ``പ്രാന്തിപ്പശു രോഗം'' (Mad Cow Disease) എന്നു പേരിട്ട, രോഗം ഒരു പ്രോട്ടീന്‍ തന്മാത്രയാണു് ഉണ്ടാക്കുന്നതു് എന്നു് സാന്‍ ഫ്രാന്‍സിസ്ക്കോയിലെ കാലഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. സ്റ്റാന്‍ലി പ്രൂസിനര്‍ 1982ല്‍ തെളിയിച്ചു. അദ്ദേഹം തന്നെയാണു് ഇത്തരം പ്രോട്ടീന്‍ തന്മാത്രകള്‍ക്കു് പ്രിയോണ്‍ എന്നു പേരിട്ടതും. കണ്ടുപിടിത്തത്തിനു് 1997ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബെല്‍ സമ്മാനം സ്റ്റാന്‍ലിയ്ക്കു് ലഭിക്കുകയും ചെയ്തിരുന്നു.

പ്രാന്തിപ്പശു രോഗത്തെപ്പറ്റി ഒരു വാക്കു്. ബൊവൈന്‍ സ്പോഞ്ചിഫോം എന്‍സെഫാലോപ്പതി \eng(Bovine Spongiform Encephalopathy, BSE) \mal എന്നാണു് പ്രാന്തിപ്പശു രോഗത്തിന്റെ ശാസ്ത്രീയനാമം. ഈ രോഗമുള്ള പശുവിന്റെ ഇറച്ചി കഴിച്ചാല്‍ മനുഷ്യനു് ഇതുപോലത്തെ ഒരു രോഗം ഉണ്ടാകും. അതിനു് വ്യത്യസ്തമായ ക്രൂട്ട്സ്‌ഫെല്‍ഡ്റ്റ് ജേക്കബ് രോഗം (variant Creutzfeldt-Jakob disease) എന്നു പറയുന്നു. (ഇതേ പേരില്‍ അറിയപ്പെട്ടിരുന്ന മറ്റൊരു രോഗമുണ്ടു്. അതില്‍നിന്നു് തിരിച്ചറിയാനാണു് ഇതിനെ വ്യത്യസ്തമായ ക്രൂട്ട്സ്‌ഫെല്‍ഡ്റ്റ് ജേക്കബ് രോഗം എന്നു വിളിക്കുന്നതു്.) പ്രാന്തിപ്പശു രോഗമുള്ള പശുക്കളെയെല്ലാം കൊന്നൊടുക്കി തീയീട്ടാണു് ഈ രോഗം ഇല്ലാതാക്കിയതു്.

എല്ലാ ജീവിവര്‍ഗങ്ങളിലും ഒരു തലമുറയില്‍നിന്നു് അടുത്ത തലമുറയിലേക്കു് സ്വഭാവസവിശേഷതകള്‍ പകരുന്നതു് ജീവജാലങ്ങളില്‍ അടങ്ങിയിരിക്കുന്ന കോശങ്ങള്‍ക്കുള്ളിലെ ഡി.എന്‍.എ. തന്മാത്രകളിലൂടെയാണു്. ചെടികളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും കോശങ്ങളിലൊക്കെ ഈ തന്മാത്രകളുണ്ടു്. ബാക്ടീരിയ പോലെയുള്ള ഏകകോശ ജീവികളിലും ഈ തന്മാത്രകളുണ്ടു്. വൈറസുകളിലാണെങ്കില്‍ ഡി.എന്‍.എ. തന്മാത്രകള്‍ മാത്രമെയുള്ളൂ. മറ്റു് ജൈവരൂപങ്ങള്‍ക്കുള്ളതുപോലെ കോശമില്ല. കോശമില്ലാത്ത ഒരു വസ്തുവെങ്ങനെ ജൈവരൂപമാകും എന്നു ചിലര്‍ സംശയിച്ചിരുന്നു. എന്നാല്‍ വൈറസുകള്‍ പ്രത്യുല്പാദിപ്പിക്കുകയും ചിലവ ജൈവകോശങ്ങളെ നശിപ്പിച്ചു് രോഗങ്ങളുണ്ടാക്കുകയും ചെയ്യുന്നതിനാല്‍ അവ ഒരു ജൈവരൂപമാണു് എന്നുതന്നെ എല്ലാവരും അംഗീകരിച്ചു.

എന്നാല്‍ പ്രിയോണാവട്ടെ വെറും പ്രോട്ടീന്‍ തന്മാത്രയാണു്. പ്രോട്ടീന്‍ എന്നതു് എല്ലാ മൃഗങ്ങളുടെയും ശരീരത്തിലുള്ള, അത്യാവശ്യമുള്ള, ഒരു വസ്തുവാണുതാനും. അതെങ്ങനെയാണു് രോഗകാരണമാകുന്നതു്? അതു് മനസിലാക്കാന്‍ പ്രോട്ടീന്‍ തന്മാത്രകളുടെ ഒരു പ്രത്യേകത മനസിലാക്കണം. പ്രോട്ടീന്‍ തന്മാത്രകള്‍ വളരെ വലുതാണു്. വലുപ്പം കാരണമായിരിക്കാം അവ സാധാരണഗതിയില്‍ മടങ്ങിയാണിരിക്കുന്നതു്. ഒരു പ്രത്യേക രീതിയില്‍ മടങ്ങിയിരുന്നാലേ പ്രോട്ടീന്‍ ശരീരത്തില്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കൂ. തന്മാത്ര നിവര്‍ന്നു പോകുകയോ മടക്കം മറ്റൊരു രീതിയിലാകുകയോ ചെയ്താല്‍ ആ തന്മാത്രകൊണ്ടു് ശരീരത്തിനു് പ്രയോജനമില്ലാതാകും. ചില പ്രോട്ടീനുകള്‍ വല്ലാതെ ചൂടാകുകയെ തണുക്കുകയോ ചെയ്യുമ്പോള്‍ നിവര്‍ന്നു പോകും. അങ്ങനെ ആയാല്‍ ആ പ്രോട്ടീന്‍ ശരീരത്തിനു് ഗുണം ചെയ്യില്ല.

പ്രിയോണുകള്‍ എങ്ങനെയാണു് രോഗമുണ്ടാക്കുന്നതു്? ഒരു കോശത്തില്‍ പ്രിയോണ്‍ കടന്നുകഴിയുമ്പോള്‍ ആ കോശത്തിലുള്ള മറ്റു പ്രോട്ടീന്‍ തന്മാത്രകളെ അതു് നിവരാന്‍ പ്രേരിപ്പിക്കും. അങ്ങനെ കൂടുതല്‍ പ്രോട്ടീന്‍ തന്മാത്രകള്‍ ശരീരത്തില്‍ അവ ചെയ്യേണ്ട കര്‍മ്മം ചെയ്യാതാവും. അങ്ങനെ ശാരീരിക പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചുകൊണ്ടാണു് പ്രിയോണുകള്‍ രോഗമുണ്ടാക്കുന്നതു്. അങ്ങനെ പ്രിയോണുകള്‍ പുനരുല്പാദിപ്പിക്കുന്നില്ലെങ്കിലും എണ്ണത്തില്‍ വര്‍ദ്ധിക്കുന്നുണ്ടു്. ആ അര്‍ത്ഥത്തില്‍ പ്രിയോണുകള്‍ക്കു് ബാക്ടീരിയ, വൈറസ് തുടങ്ങിയ ഏകകോശജീവികളുമായി സാമ്യമുണ്ടു്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു: എല്ലാ ജന്തുക്കളുടെയും ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ഒരു രാസവസ്തുവായി പ്രോട്ടീനിന്റെ തന്മാത്രകളെങ്ങനെയാണു് ഒരു ഏകകോശ ജീവിയെപ്പോലെ പെരുമാറുന്നതു്?

പണ്ടൊരു കാലത്തു് ചെടികള്‍ക്കു് ജീവനില്ല എന്നു് കരുതിയിരുന്നു. ജഗദീശ്ചന്ദ്ര ബോസ് ചെടികള്‍ക്കു് ജീവനുണ്ടെന്നു് തെളിയിച്ചു. വൈറസുകളെ ജീവികളായി കണക്കാക്കാമോ എന്നു് പലര്‍ക്കും സംശയമുണ്ടായിരുന്നു. പൊതിഞ്ഞു വച്ചിരിക്കുന്ന ഡി.എന്‍.എ. (അല്ലെങ്കില്‍ ആര്‍.എന്‍.എ.) തന്മാത്രകളാണു് വൈറസുകള്‍. സ്വഭാവസവിശേഷതകള്‍ ഒരു തലമുറയില്‍നിന്നു് അടുത്ത തലമുറയിലേക്കു് പകരുന്നതു് ഡി.എന്‍.എ. വഴിയാണെന്നു മാത്രമല്ല ഒരു ജന്തുവിന്റെ രൂപവും നിറവും സ്വഭാവവും പോലും നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കു് വഹിക്കുന്നതു് ഡി.എന്‍.എ. ആണു്. എന്നിരുന്നാലും ഒരു കോശം പോലുമില്ലാത്ത വൈറസിനെ എങ്ങനെ ഒരു ജീവിയായി കണക്കാക്കും എന്നു് സംശയമുണ്ടായെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ലല്ലോ. പ്രിയോണുകള്‍ക്കാണെങ്കില്‍ കോശവുമില്ല, ഡി.എന്‍.എ.യുമില്ല! അവയെ എങ്ങനെ ജീവിയായി കണക്കാക്കാനാകും?

ഇതു് സങ്കീര്‍ണ്ണമായ ഒരു പ്രശ്നത്തിലേക്കു് വിരല്‍ ചൂണ്ടുന്നു എന്നെനിക്കു് തോന്നുന്നു. പ്രിയോണുകള്‍ ജീവികളല്ല എന്നു് സമ്മതിച്ചാലും മറിച്ചു് അവ ജീവികളാണു് എന്നു് സമ്മതിച്ചാലും പ്രശ്നമുണ്ടു്. പ്രിയോണുകള്‍ ജീവനില്ലാത്ത വസ്തുക്കളാണെങ്കില്‍ വൈറസുകളെയും അതുപോലെതന്നെ കാണണ്ടേ? പ്രിയോണുകള്‍ പ്രോട്ടീന്‍ തന്മാത്രകളാണെങ്കില്‍ വൈറസുകള്‍ ഡി.എന്‍.എ. (അല്ലെങ്കില്‍ ആര്‍.എന്‍.എ.) തന്മാത്രകളല്ലേ? രണ്ടും തന്മാത്രകള്‍. പിന്നെ വൈറസില്‍ എവിടെനിന്നു് ജീവന്‍ വന്നു? വൈറസിനു് അധികമായുള്ളതു് ഒരു ആവരണം മാത്രമാണു്. അതിലാണോ ജീവന്‍ കുടികൊള്ളുന്നതു്? അങ്ങനെയെങ്കില്‍, കോശത്തിനുള്ളില്‍ കടക്കുന്ന വൈറസ് ആവരണം ഉപേക്ഷിച്ച ശേഷം കോശത്തിലെ ഘടകങ്ങളുടെ സഹായത്താല്‍ പുനരുല്പാദനം നടത്തുമ്പോള്‍ വൈറസിനു് ജീവന്‍ നഷ്ടമാകുമോ? മാത്രമല്ല, മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ``ജീവജാല''ങ്ങള്‍ക്കു് ജീവന്‍ എന്നൊന്നുണ്ടോ? അതോ ഇതൊക്കെ നമ്മുടെ തോന്നല്‍ മാത്രമാണോ? ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടാണു് ഈ ചോദ്യത്തിനു്.

മറിച്ചു്, പ്രിയോണുകള്‍ ജീവികളാണു് എന്നു് സങ്കല്പിച്ചാലോ? അങ്ങനെയെങ്കില്‍ സാധാരണ പ്രോട്ടീന്‍ തന്മാത്രകള്‍ക്കു് ജീവനില്ലേ എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. ഇല്ല എങ്കില്‍, പ്രിയോണുകള്‍ക്കു് ഏതു് ഘട്ടത്തിലാണു് ജീവന്‍ ലഭിക്കുന്നതു്? പ്രോട്ടീന്‍ തന്മാത്രയുടെ മടക്കു് നിവരുമ്പോഴോ? മാത്രമല്ല, പ്രോട്ടീന്‍ തന്മാത്രകള്‍ക്കു് ജീവനുണ്ടാകാമെങ്കില്‍ മറ്റു് തന്മാത്രകള്‍ക്കും ജീവനുണ്ടാകില്ല എന്നു് എങ്ങനെ ഉറപ്പിച്ചു് പറയാനാകും? കല്ലിനും മണ്ണിനും പോലും ജീവനില്ല എന്നു് എങ്ങനെ ഉറപ്പിച്ചു് പറയും? ആധുനിക ശാസ്ത്രത്തിന്റെ പുതിയ ചില കണ്ടുപിടിത്തങ്ങള്‍ ഇത്തരത്തിലുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. %ശാസ്ത്രത്തില്‍ ഒരു കുതിപ്പുചാട്ടത്തിനു് സമയമായി എന്നാണു് ഇതു് കാണിക്കുന്നതു് എന്നു് ചിലര്‍ വിശ്വസിക്കുന്നു.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

2 comments:

Neena Sabarish said...

sir it s amazing...thank u 4 this exllnt writeup.

Dileep said...

മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ``ജീവജാല''ങ്ങള്‍ക്കു് ജീവന്‍ എന്നൊന്നുണ്ടോ? അതോ ഇതൊക്കെ നമ്മുടെ തോന്നല്‍ മാത്രമാണോ? ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടാണു് ഈ ചോദ്യത്തിനു്........... thanx sir എല്ലാം ഒരു തോന്നൽ മാത്രമ്മാണോ??????????