(തേജസ് പത്രത്തിനു വേണ്ടി എഴുതിയ ലേഖനം)
ഭൂമി പോലെയുള്ള ഗ്രഹങ്ങള്‍ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നു് നമ്മില്‍ പലരും ഒരിക്കലെങ്കിലും ആലോചിച്ചിരിക്കും. ഉണ്ടെങ്കില്‍ അവിടെ മനുഷ്യനെപ്പോലുള്ള, ഉയര്‍ന്ന ബൂദ്ധിശക്തിയും സാങ്കേതികവിദ്യയുമുള്ള ജന്തുക്കളുണ്ടോ? ഇത്തരം ചിന്ത തന്നെയാണു് 19-20 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന എച്ച്.ജി. വെല്‍സിനെ ലോകങ്ങളുടെ യുദ്ധം (War of the Worlds) എഴുതാന്‍ പ്രേരിപ്പിച്ചതു്. ചൊവ്വ ഗ്രഹത്തിലാണു് മനുഷ്യനെപ്പോലെയുള്ള ജന്തുക്കളുണ്ടെന്നു് അദ്ദേഹം സങ്കല്പിച്ചതും അവ ഭൂമി പിടിച്ചെടുക്കാന്‍ വരുന്നതായി കഥ എഴുതിയതും. സൌരയൂഥത്തിലെ ഗ്രഹങ്ങളിലൊന്നും വികസിതമായ ജന്തുവര്‍ഗങ്ങളുണ്ടാവാനിടയില്ല എന്നു് നമുക്കിന്നറിയാം. എന്നാല്‍ സൂര്യനല്ലാതെയുള്ള മറ്റു് ഏതെങ്കിലും നക്ഷത്രത്തിനു് ഇത്തരം ഗ്രഹങ്ങളുണ്ടോ, അവയിലേതെങ്കിലും ഒന്നില്‍ ഭൂമിയിലെപ്പോലെയുള്ള ജീവന് നിലനിര്‍ത്താന്‍ സഹായകമായ പരിസ്ഥിതിയുണ്ടോ, തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും നമുക്കറിയില്ല.
ഈ ദിശയിലുള്ള പഠനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടു്. ഈയിടെയാണു് (2010 ഡിസംബര്‍ 6നു്) ഭൂമിയുടെ ഒന്നരയിരട്ടി മാത്രം വ്യാസമുള്ള ഒരു ഗ്രഹം മറ്റൊരു നക്ഷത്രത്തിനുണ്ടു് എന്നു് ഉറപ്പായതു്. സൌരയൂഥത്തിനു പുറമെ ഇത്ര ചെറിയ ഗ്രഹം കണ്ടെത്തുന്നതു് ആദ്യമായാണു്. നക്ഷത്രങ്ങളിലേക്കുള്ള ദൂരമാണു് ഇത്തരം ഗ്രഹങ്ങള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടിനുള്ള ഒരു കാരണം. ഏറ്റവും ശേഷിയുള്ള ദൂരദര്‍ശിനിയിലൂടെ പോലും ഏറ്റവും സമീപത്തുള്ള നക്ഷത്രവും ഒരു ബിന്ദുവായിട്ടേ കാണാനാവൂ --- അത്രയധികം ദൂരത്താണു് നക്ഷത്രങ്ങള്‍. ഏറ്റവും സമീപത്തുള്ള നക്ഷത്രത്തിലേക്കുള്ള ദൂരം തന്നെ ഏതാണ്ടു് 40,00,000 കോടി കിലോമീറ്ററാണു്! അതുകൊണ്ടു് സാധാരണ മാര്‍ഗങ്ങളിലൂടെയൊന്നും നമുക്കു് ഗ്രഹങ്ങളുടെ സാന്നിദ്ധ്യം കണ്ടുപിടിക്കാനാവില്ല. അതിനു് സവിശേഷമായ വിദ്യകള്‍ വേണ്ടിയിരിക്കുന്നു. അത്തരം ചില വിദ്യകള്‍ വശമാക്കിയശേഷമാണു് നമുക്കു് ദൂരെയുള്ള ചില നക്ഷത്രങ്ങള്‍ക്കു് ഗ്രഹങ്ങള്‍ ഉണ്ടെന്നു് മനസിലാക്കാനായതു്.
സ്വാഭാവികമായും, പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ ഘടനയെപ്പറ്റി രൂപമുണ്ടായിത്തുടങ്ങിയ ശേഷമാണു് മറ്റു നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുണ്ടാകാം എന്നു് പലരും ആലോചിച്ചു തുടങ്ങിയതു്. എന്നാല്‍ ചിലരെങ്കിലും അതിനൊക്കെ മുമ്പേ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നു. ഉദാഹരണമായി, ഭൂമി സൂര്യന്റെ ഒരു ഗ്രഹം മാത്രമാണെന്നു് പറഞ്ഞതിനു് ചുട്ടുകൊല്ലപ്പെട്ട ജിയോര്‍ഡാനോ ബ്രൂണോ എന്ന ഇറ്റാലിയന്‍ ചിന്തകന്‍ പതിനാറാം നൂറ്റാണ്ടില്‍ തന്നെ മറ്റു നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുണ്ടാകാം എന്നു് സങ്കല്പിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ സര് ഐസക് ന്യൂട്ടണും ഇതേ ആശയം തന്റെ പ്രശസ്തമായ പ്രിന്‍സിപ്പിയ മാത്തമാറ്റിക്കയില്‍ ഉന്നയിക്കുന്നുണ്ടു്.
എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിലാണു് ഈ ആശയം കുറേക്കൂടി കാര്യമായി ചര്‍ച്ച ചെയ്തു തുടങ്ങിയതു്. മറ്റൊരു നക്ഷത്രത്തിന്റെ ഗ്രഹം കണ്ടെത്തിയതായുള്ള ആദ്യത്തെ അവകാശവാദം വന്നതു്, രസകരമെന്നു പറയട്ടെ, 1865ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മദ്രാസിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നാണു്. 70 ഓഫിയൂചി (70 Ophiuchi) എന്നു പേരുള്ള ഇരട്ട നക്ഷത്രത്തിന്റെ ഭ്രമണപഥത്തില്‍ ദൃശ്യമായ ചില വ്യതിയാനങ്ങള്‍ അതിനു് ഒരു ഗ്രഹമുണ്ടു് എന്ന സംശയം ജനിപ്പിക്കുന്നു എന്നു് കാപ്റ്റന്‍ ഡബ്ലിയു.എസ്. ജേക്കബാണു് അന്നു് അവകാശപ്പെട്ടതു്. എന്നാല്‍ ഉദ്ദേശിച്ച രീതിയിലുള്ള ഒരു സംവിധാനത്തിനു് സ്ഥിരതയോടെ നിലനില്ക്കാനാവില്ല എന്നു് സൈദ്ധാന്തികമായി സമര്‍ത്ഥിക്കാന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്കു് കഴിഞ്ഞു. അതോടെ ജേക്കബിന്റെ അവകാശവാദം ശാസ്ത്രജ്ഞര്‍ തിരസ്ക്കരിച്ചു. \mal
സൂര്യനല്ലാതെ മറ്റൊരു നക്ഷത്രത്തിനു് ഗ്രഹങ്ങളുണ്ടെന്നു് വ്യക്തമായ തെളിവുകളോടെ ആദ്യമായി കാണിച്ചതു് ബ്രൂസ് കാംബെല്‍ (Bruce Campbell) ജി.എ.എച്. വാക്കര്‍ (G.A.H. Walker) എസ്. യാങ്ങ്, (S. Yang) എന്നീ കനേഡിയന്‍ ജ്യോതിശാസ്ത്രജ്ഞരാണു്. 1988ലാണു് അവരുടെ പ്രഖ്യാപനമുണ്ടായതു്. ഗാമ സിഫീ (Gamma Cephei) എന്ന നക്ഷത്രത്തിന്റെ ചലനത്തിന്റെ വേഗതയില്‍ ദൃശ്യമായ വ്യതിയാനങ്ങളായിരുന്നു അവരുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനം. തെളിവുകള്‍ ഉണ്ടായിട്ടും വളരെ സംശയത്തോടെയാണു് അവര്‍ ഈ പഠനഫലം പ്രഖ്യാപിച്ചതു്. അതിന്റെ യാഥാര്‍ത്ഥ്യത്തെപ്പറ്റി പലര്‍ക്കും സംശയങ്ങളുണ്ടായിരുന്നു. അതിനു് ഒരു കാരണം അന്നുണ്ടായിരുന്ന ഉപകരണങ്ങള്‍ക്കു് കഷ്ടിച്ചു് തിരിച്ചറിയാന്‍ കഴിയുന്ന വ്യതിയാനങ്ങളേ അവര്‍ക്കു് കാണാന്‍ കഴിഞ്ഞുള്ളൂ എന്നതായിരുന്നു. എന്നാല്‍ പിന്നീടു് 2002ല്‍ കൂടുതല്‍ ശേഷിയുള്ള ഉപകരണങ്ങള്‍ ലഭ്യമായപ്പോള്‍ അവര്‍ കണ്ടതു് സത്യം തന്നെയാണു് എന്നു് മനസിലായി.
1992ലാണു് അടുത്ത കണ്ടെത്തല്‍ നടന്നതു്. PSR 1257+12 എന്ന പേരിലറിയപ്പെടുന്ന പള്‍സര്‍ \eng(Pulsar) \mal എന്ന തരം നക്ഷത്രത്തിനു് ഗ്രഹങ്ങളുണ്ടെന്നു് പോര്‍ട്ടോ റിക്കോയിലെ അരെസിബൊ റേഡിയോ നിരീക്ഷണകേന്ദ്രത്തില്‍ നിന്നു് പോളിഷ് ഗവേഷകനായ അലെക്സാണ്ടര്‍ വോള്‍സ്ക്കാനും (Aleksander Wolszczan) കനേഡിയന്‍ ഗവേഷകനായ ഡേല്‍ ഫ്രെയ്ലും \eng(Dale Frail) \mal പ്രഖ്യാപിച്ചു. വ്യക്തമായ തെളിവുകളോടെയുള്ള ആദ്യത്തെ കണ്ടുപിടിത്തമായി ഇതാണു് കരുതപ്പെടുന്നതു്. അതിശക്തമായ നക്ഷത്ര വിസ്ഫോടനമായ സൂപ്പര്‍നോവയില്‍ ഉണ്ടാകുന്നതാണു് പള്‍സറുകള്‍. സൂര്യന് പോലെയുള്ള ഒരു സാധാരണ നക്ഷത്രത്തിനു് സമീപമുള്ള ഒരു ഗ്രഹം ആദ്യമായി കണ്ടെത്തിയതു് 1995 ഒക്ടോബര്‍ 6നു് ജനീവ സര്‍വ്വകലാശാലയിലെ മിഷെല്‍ മേയര്‍ (Michel Meyer) എന്ന സ്വീഡിഷ് പ്രോഫസറും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്ന ദിദിയെര്‍ ക്വെലോസും (Didier Queloz) കൂടിയാണു്. 51 പെഗാസി (51 Pegasi) എന്ന നക്ഷത്രത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന ഗ്രഹമാണു് അവര്‍ കണ്ടെത്തിയതു്. ഭൂമിയില്‍ നിന്നു് ഏതാണ്ടു് 51 പ്രകാശവര്‍ഷം അകലത്തില്‍ സ്ഥിതിചെയ്യുന്ന, ഏതാണ്ടു് സൂര്യനെപ്പോലെ തന്നെയുള്ള നക്ഷത്രമാണു് ഇതു്. ഈ നക്ഷത്രത്തിനു് ഗ്രഹമുണ്ടു് എന്നു് സാന്‍ ഫ്രാന്‍സിസക്കോ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ ജെഫ്രി മാഴ്സിയും ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പോള്‍ ബട്ട്ലറും സ്ഥിരീകരിച്ചതോടെ ശാസ്ത്രലോകം അതു് അംഗീകരിച്ചു. ഗ്രഹത്തിനു് 51 Pegasus b എന്നു പേരിട്ടിരിക്കുന്നു.
പിന്നീടു് അനേകം ഗ്രഹങ്ങള്‍ അന്യ നക്ഷത്രങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടു്. സൌരയൂഥേതര ഗ്രഹങ്ങളുടെ വിജ്ഞാനകോശത്തില്‍ ഇന്നു് 506 പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടു്. ഇവയില്‍ പലതും ഭൂമിയെക്കാള്‍ വളരെ വലിയ ഗ്രഹങ്ങളാണു് --- വ്യാഴത്തിന്റെ വലുപ്പമുള്ളവയാണു് പലതും. അതിനുള്ള ഒരു കാരണം, ചെറിയ ഗ്രഹങ്ങള്‍ ഇത്ര ദൂരത്തുനിന്നു് നിരീക്ഷിക്കാനുള്ള പ്രയാസമാണു്. ചില ഗ്രഹങ്ങളുടെ താപനില ഏകദേശമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. മിക്ക ഗ്രഹങ്ങളിലും കണ്ടിട്ടുള്ളതു് നമുക്കറിയാവുന്ന തരത്തിലുള്ള ജീവനു് നിലനില്ക്കാന് കഴിയാത്ത താപനിലയാണു്. ജീവനു് നിലനില്ക്കാന് കഴിയുന്ന താപനില ഉണ്ടായിരിക്കേണ്ട ഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ടു്. പക്ഷെ അവയെല്ലാം വ്യാഴം പോലെ വലിയ ഗ്രഹങ്ങളാണു്. അത്തരം ഗ്രഹങ്ങളില്‍ കൂടുതലും വാതകങ്ങളാണു് കാണുന്നതു്. അവിടെ ഉറച്ച പാറയും മണ്ണുമുള്ള ഉപരിതലം ഉണ്ടെങ്കില്‍തന്നെ അവിടെ ജലമോ കാര്യമായ ജീവജാലങ്ങളോ നിലനില്ക്കാന് ഇടയില്ല. എന്നാല്‍ അവയ്ക്കു് ഉപഗ്രഹങ്ങളുണ്ടെങ്കില്‍ അവിടങ്ങളില്‍ ജീവനു് വളരാനുള്ള സൌകര്യം ഉണ്ടായിരിക്കാം. പക്ഷെ ഇതുവരെ കണ്ടെത്തിയ ഗ്രഹങ്ങള്‍ക്കൊന്നും ഉപഗ്രഹങ്ങളുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. എങ്കിലും, മനുഷ്യനെപ്പോലുള്ള ജീവിവര്‍ഗങ്ങളുള്ള ആകാശഗോളങ്ങള്‍ മറ്റെങ്ങുമില്ല എന്നു് ഇതൊന്നും അര്‍ത്ഥമാക്കുന്നില്ല.
ഗ്രഹങ്ങളുള്ള മറ്റു നക്ഷത്രങ്ങള്‍ കണ്ടെത്തുന്നതു് പ്രപഞ്ചത്തെക്കുറിച്ചും നമ്മുടെ സൌരയൂഥത്തെക്കുറിച്ചും മറ്റുമുള്ള നമ്മുടെ അറിവു് മെച്ചപ്പെടുത്തുന്നതിനു് സഹായകമാകും. ഇപ്പോഴും നമുക്കു് പൂര്‍ണ്ണമായി അറിയാവുന്ന ഏക ഗ്രഹവ്യൂഹം നമ്മുടെ സൌരയൂഥം മാത്രമാണു്. ഇത്തരത്തിലുള്ള മറ്റു് ഗ്രഹവ്യൂഹങ്ങളെപ്പറ്റിയും പഠിക്കാന്‍ കഴിഞ്ഞാല്‍ സൌരയൂഥങ്ങളുടെ ഉത്ഭവത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ നമുക്കു് കഴിയും. മറ്റു ഗ്രഹങ്ങളില്‍ ജീവനുണ്ടോ? ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ നമ്മുടെ പലരുടെയും മനസില്‍ തീര്‍ച്ചയായും ഉണ്ടു്. അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പ്രപഞ്ചത്തെടും ജീവനോടുമുള്ള നമ്മുടെ കാഴ്ചപ്പാടു് തന്നെ മാറ്റി മറിക്കാം. ആ അര്‍ത്ഥത്തില്‍ നമുക്കു് വളരെയധികം താത്പര്യമുള്ള പഠനങ്ങളാണു് ഇവ.
ഇനി മറ്റൊരു ഗ്രഹത്തില്‍ ഉയര്‍ന്ന രൂപത്തിലുള്ള, വികസിതമായ ശാസ്ത്രീയവും സാങ്കേതികവുമായ അറിവുകളുള്ള ജീവിവര്‍ഗങ്ങളുണ്ടോ? ഉണ്ടെങ്കില്‍ അവരുമായി ആശയവിനിമയം നടത്താന്‍ നമുക്കാകുമോ? അങ്ങനെ ആശയവിനിമയം നടത്തുന്നതു് നമുക്കു് ഗുണമാണോ ദോഷമാണോ വരുത്തി വയ്ക്കുക? നമുക്കു് അവരില്‍നിന്നു് പഠിക്കാനാകുമോ? അതോ അവര്‍ നമുക്കുമേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുമോ? അങ്ങനെ നോക്കുമ്പോള്‍ നമ്മള് ഇതിനൊക്കെ പോകുന്നതു് അപകടമാകുമോ? ഇത്തരം ചോദ്യങ്ങള്‍ക്കു് ഉത്തരങ്ങളില്ല. എന്നാല്‍ അതുകൊണ്ടുതന്നെ ഇത്തരം പഠനങ്ങള്‍ നടത്തുന്നതിനെപ്പറ്റി സമൂഹം മൊത്തത്തില്‍ ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ടു്. ഇതൊന്നും ശാസ്ത്രജ്ഞരുടെ മാത്രം തീരുമാനം ആയിക്കൂട. ശാസ്ത്രഗവേഷണം ചില വ്യക്തികളുടെ മാത്രം കാര്യമല്ല. സമൂഹത്തിന്റെ മുഴുവന്‍ കാര്യമാകണം.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
No comments:
Post a Comment