(തേജസ് പത്രത്തിനുവേണ്ടി എഴുതി 2011 ആഗസ്റ്റ് 18നു് അയച്ചതു്)
അമേരിക്കയിലെ കൊളംബിയ, പ്രിന്‍സ്റ്റണ്‍ എന്നീ സര്‍വ്വകലാശാലകളിലെ നാലു് ഗവേഷകരാണു് ഏറ്റവും പുതിയ പഠനം നടത്തിയതു്. എല്‍ നിന്യോ, ലാ നിന എന്നീ പ്രതിഭാസങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു പഠനം. ചിലയിടങ്ങളില്‍ അധികമഴയും മറ്റുചിലയിടങ്ങളില്‍ മഴക്കുറവും സൃഷ്ടിക്കുന്ന, ചില വര്‍ഷങ്ങളില്‍ മാത്രമുണ്ടാകുന്ന പ്രതിഭാസങ്ങളാണു് ഇവ. ശാന്തസമുദ്രത്തിന്റെ കിഴക്കുവശത്തും പടിഞ്ഞാറുവശത്തും ഉള്ള കാലാവസ്ഥ നിശ്ചയിക്കുന്നതില്‍ ഇവ പ്രധാനപങ്കുവഹിക്കുന്നു. എന്നാല്‍ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലെയും കാലാവസ്ഥയെ ഇവ കാര്യമായി സ്വാധീനിക്കുന്നുണ്ടു്. ഉദാഹരണമായി എല്‍ നിന്യോ ഉണ്ടാകുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ മഴ കുറയുന്നു. അതേസമയം ലാ നിന ഉണ്ടാകുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ സാധാരണയില്‍ കൂടുതല്‍ മഴ പെയ്യുന്നു. എല്‍ നിന്യോയുടെയും ലാ നിനയുടെയും സ്വാധീനം കൂടുതലുണ്ടാകുന്നതു് ഉഷ്ണമേഖലാപ്രദേശങ്ങളിലാണു്. ആഫ്രിക്കയുടെയും ദക്ഷിണ അമേരിക്കയുടെയും വലിയ ഭാഗങ്ങള്‍, ഇന്ത്യ, ഇന്തൊനേഷ്യ, ആസ്‌ട്രേലിയയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലെ കാലാവസ്ഥയെ എല്‍ നിന്യോ കാര്യമായി സ്വാധീനിക്കുന്നുണ്ടു്. അതുകൊണ്ടു് അത്തരം പ്രദേശങ്ങളും അല്ലാത്തതും ആയി ലോകരാഷ്ട്രങ്ങളെ വേര്‍തിരിച്ചാണു് അവര്‍ പഠനം നടത്തിയതു്. ഉപരിതലത്തിലെ ശരാശരി അന്തരീക്ഷ താപനിലയാണു് എല്‍ നിന്യോ സ്വാധീനിക്കുന്ന രാജ്യങ്ങളെ തിരിച്ചറിയന്‍ അവര്‍ ഉപയോഗിച്ച വിവരം. ഓരോ വര്‍ഷവും രാജ്യത്തു് സംഘര്‍ഷമുണ്ടാകാനുള്ള സാദ്ധ്യതയാണു് അവര്‍ പഠനത്തിനുപയോഗിച്ച വിവരം. ഇതിനെ അവര്‍ \engmal{ACR (Annual Conflict Risk)} എന്നു വിളിച്ചു. ആഗോള തലത്തിലുണ്ടാകുന്ന പ്രശ്നങ്ങളുടെ സ്വാധീനം ഒഴിവാക്കാനായി എല്‍ നിന്യോ കാര്യമായി ബാധിക്കാത്ത രാഷ്ട്രങ്ങളിലെ \engmal{ACR}ഉം അവര്‍ പഠനവിധേയമാക്കി. എല്‍ നിന്യോ ഉണ്ടാകാത്ത വര്‍ഷങ്ങളിലും ഉണ്ടാകുന്ന വര്‍ഷങ്ങളിലും സംഘര്‍ഷമുണ്ടാകാനുള്ള സാദ്ധ്യത അവര്‍ പ്രത്യേകം പരിശോധിച്ചു. ലോകത്തിലെ ഏറ്റവും പ്രമുഖ ശാസ്ത്രപ്രസിദ്ധീകരണങ്ങളിലൊന്നായ {\textit\mal നേച്ചര്‍} \engmal{(Nature)} എന്ന ഗവേഷണ വാരികയുടെ ആഗസ്റ്റ് 25ലെ ലക്കത്തിലാണു് സോളമണ്‍ സ്യാങ്, കൈല്‍ മെങ്ങ്, മാര്‍ക്ക് കെയ്‌ന്‍ എന്നിവരുടെ പേരില്‍ ലേഖനം പ്രസിദ്ധീകരിച്ചുവന്നതു്.
പഠനത്തിന്റെ ഫലം അവര്‍തന്നെ പ്രതീക്ഷിക്കാത്തതായിരുന്നു. എല്‍ നിന്യോ ഉണ്ടാകുന്ന വര്‍ഷങ്ങളില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാദ്ധ്യതയുടെ ഇരട്ടിയായിരുന്നു അതുണ്ടാകാത്ത വര്‍ഷങ്ങളില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാദ്ധ്യത! ഇതു് തികച്ചും അര്‍ത്ഥവത്തായ ഒരു ബന്ധമാണു് സൂചിപ്പിക്കുന്നതു് എന്നു് ഗവേഷകര്‍ പറയുന്നു. ഇത്തരം ബന്ധങ്ങളില്‍ വിശ്വാസമില്ല എന്നു് മുമ്പു് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണു് ഈ പഠനത്തിനു് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ എന്നതു് ശ്രദേധേയമാണു്. ആഫ്രിക്കയിലെ സംഘര്‍ഷങ്ങളും കാലാവസ്ഥയും തമ്മില്‍ ബന്ധമുണ്ടെന്നു് കണ്ടെത്തിയതായി അവകാശപ്പെടുന്ന ഒരു പഠനറിപ്പോര്‍ട്ടു് 2009ല്‍ പ്രസിദ്ധീകരിച്ചിരുന്നു. കാലിഫോര്‍ണിയ, സ്റ്റാന്‍ഫോഡ്, ന്യൂ യോര്‍ക്ക്, ബെര്‍ക്കിലി എന്നീ സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ ഫലം മറ്റൊരു പ്രമുഖശാസ്ത്രപ്രസിദ്ധീകരണമായ പ്രൊസീഡിങ്ങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് \engmal{(Proceedings of the National Academy of Sciences)} എന്ന അമേരിക്കന്‍ ശാസ്ത്രജേര്‍ണ്ണലിലൂടെയാണു് പുറത്തുവന്നതു്. ആഫ്രിക്കയിലെ സംഘര്‍ഷങ്ങള്‍ ദശാബ്ദങ്ങളായി സാമൂഹ്യശാസ്ത്രജ്ഞരുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടു്. യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും അവിടെ ലക്ഷക്കണക്കിനു് മനുഷ്യരുടെ ജീവന്‍ അപഹരിച്ചിട്ടുണ്ടു്. എങ്കിലും അതിനു് കാലാവസ്ഥയുമായി ബന്ധമുണ്ടെന്നതിനു് തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ പുതിയ പഠനത്തില്‍ കണ്ടതു് ശരാശരി താപനില ഒരു ഡിഗ്രി കൂടുമ്പോള്‍ സംഘര്‍ഷങ്ങള്‍ ഇരട്ടിയാകുന്നു എന്നാണു്. 1985 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തിലുണ്ടായ സംഘര്‍ഷങ്ങളാണു് അവര്‍ പഠനവിധേയമാക്കിയതു്. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവസ്ഥാപ്രവചനങ്ങളുടെ സഹായത്തോടെ ഭാവിയിലെ സംഘര്‍ഷങ്ങളെക്കുറിച്ചും അതിലൂടെ എത്ര മരണങ്ങളുണ്ടാകും എന്നും അവര്‍ പ്രവചിക്കാന്‍ ശ്രമിച്ചു. 2030 ആകുമ്പോഴേക്കു് ശരാശരി താപനില ഒരു ഡിഗ്രി അടുപ്പിച്ചു് കൂടും എന്നാണു് മോഡലുകളില്‍നിന്നു് അവര്‍ കണ്ടതു്. അതിന്റെ അടിസ്ഥാനത്തില്‍ സംഘര്‍ഷങ്ങള്‍ 55 ശതമാനത്തോളം വര്‍ദ്ധിക്കുമെന്നും അതിലൂടെ നാലുലക്ഷത്തോളം മരണങ്ങളുണ്ടാകുമെന്നും അവര്‍ പ്രവചിച്ചു.
എന്നാല്‍ 2010 സെപ്റ്റംബറില്‍ അതേ പ്രസിദ്ധീകരണത്തില്‍ വന്ന മറ്റൊരു പഠനറിപ്പോര്‍ട്ടില്‍ ആഫ്രിക്കയിലെ സംഘര്‍ഷങ്ങള്‍ക്കു് കാലാവസ്ഥയുമായി യാതൊരു ബന്ധവുമില്ലെന്നും മിക്കപ്പോഴും ദാരിദ്ര്യവും സാമൂഹികപ്രശ്നങ്ങളുമാണു് സംഘര്‍ഷങ്ങള്‍ക്കു് പ്രധാന കാരണമാകുന്നതു് എന്നും സ്ഥാപിക്കുന്നു. സംഘര്‍ഷത്തെയും കാലാവസ്ഥയെയും എങ്ങനെ നിര്‍വചിക്കുന്നു എന്നതു് ഇത്തരം പഠനങ്ങളുടെ ഫലത്തെ കാര്യമായി സ്വാധീനിക്കാം എന്നും അതൊഴിവാക്കണമെങ്കില്‍ പല നിര്‍വചനങ്ങള്‍ ഉപയോഗിച്ചു് നോക്കണമെന്നും ഗവേഷകര്‍ പറഞ്ഞു. ഓസ്ലോയിലെ സമാധാന ഗവേഷണ സ്ഥാപനത്തിന്റെ \engmal{(Peace Research Institute)} ആഭ്യന്തരകലഹങ്ങളെപ്പറ്റി പഠിക്കുന്ന കേന്ദ്രത്തിലാണു് \engmal{(Centre for the Study of Civil War)} ഈ പഠനം നടന്നതു്. എന്നാല്‍ ആദ്യത്തെ പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ക്കു് ഇതിനു് മറുപടി ഉണ്ടായിരുന്നു. തങ്ങളുടെ പഠനത്തെക്കുറിച്ചുള്ള വിമര്‍ശനത്തില്‍ സാമ്പത്തികശാസ്ത്രപരമായി കാര്യമായ പ്രശ്നങ്ങളുണ്ടെന്നു് അവര്‍ ചൂണ്ടിക്കാട്ടി. ആ പ്രശ്നങ്ങള്‍ ഒഴിവാക്കിക്കൊണ്ടു് എന്നാല്‍ വിമര്‍ശകര്‍ മുന്നോട്ടുവച്ച മാര്‍ഗ്ഗങ്ങളുപയോഗിച്ചു് വീണ്ടും പരിശോധിച്ചപ്പോള്‍ കാലാവസ്ഥയും സംഘര്‍ഷവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നതായാണു് കണ്ടതെന്നും അവര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി അവിടെയുണ്ടായ സാമ്പത്തിക പുരോഗതിയും ജനാധിപത്യവല്‍ക്കരണവും മൂലം സംഘര്‍ഷം കുറഞ്ഞിട്ടുണ്ടു് എന്നതു് സത്യമാണെന്നും അവര്‍ സ്ഥിരീകരിക്കുന്നു. മാസച്ച്യുസെറ്റ്സിലെ സാമ്പത്തികശാസ്ത്ര ഗവേഷണത്തിനുള്ള ദേശീയ സംഘടന പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണു് അവര്‍ ഇങ്ങനെ പറയുന്നതു്. സത്യാവസ്ഥ എന്താണെന്നുള്ളതു് മനസിലാക്കാന്‍ ഇനിയും പഠനങ്ങള്‍ ആവശ്യമാണു്.
എന്തായാലും ദാരിദ്ര്യവും വരള്‍ച്ച, അത്യുഷ്ണം, അതിശൈത്യം തുടങ്ങിയ പ്രശ്നങ്ങളും സംഘര്‍ഷങ്ങളിലേക്കു് നയിക്കും എന്നതു് വ്യക്തമാണു്. എന്നാല്‍, മുകളില്‍ പറഞ്ഞതുപോലെ, സാമ്പത്തിക വളര്‍ച്ചയും ഭക്ഷ്യസുരക്ഷയും മറ്റും സംഘര്‍ഷങ്ങള്‍ കുറയ്ക്കും എന്നു് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടു്. നമ്മള്‍ കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്ന ഈ സാഹചര്യത്തില്‍ ഇക്കാര്യങ്ങളും മനസില്‍ വയ്ക്കേണ്ടതുണ്ടു്. ഒരു വശത്തു് കാലാവസ്ഥാവ്യതിയാനത്തിനു് കടിഞ്ഞാണിടാനുള്ള ശ്രമങ്ങളും സമുദ്രനിരപ്പുയരുക, കാര്‍ഷികവിളകളുടെ ഉല്പാദനം കുറയുക, രോഗങ്ങളുടെ വിതരണം മാറുക തുടങ്ങിയ അതിന്റെ പാര്‍ശ്വഫലങ്ങളെ നേരിടാനുള്ള തയാറെടുപ്പും നടത്തുമ്പോഴും സാമ്പത്തിക വളര്‍ച്ച മന്ദീഭവിക്കാതെ നിലനിര്‍ത്തുക ആവശ്യമാണു് എന്നാണു് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നതു്. ഇതു് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതു് വ്യക്തമാണല്ലോ. കാലാവസ്ഥാവ്യതിയാനത്തിനു് കടിഞ്ഞാണിടണമെങ്കില്‍ പെട്രോളിയത്തിന്റെ ഉപഭോഗം കുറച്ചേ പറ്റൂ. അതുപോലെ വനനശീകരണം തികച്ചും ഇല്ലാതാക്കി വനവല്‍ക്കരണം ശക്തമായ രീതിയില്‍ തുടങ്ങേണ്ടിയിരിക്കുന്നു. ഇവ രണ്ടും സാമ്പത്തിക പുരോഗതിയെ പ്രതികൂലമായി ബാധിക്കാനാണു് സാദ്ധ്യത.
തീര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോളിയമാണു് സാമ്പത്തിക പുരോഗതിയെ പിന്നോട്ടുവലിക്കാന്‍ സാദ്ധ്യതയുള്ള മറ്റൊരു ഘടകം. പെട്രോളിയത്തിന്റെ ഉപഭോഗം കുറയുന്നതു് ആഗോളതാപനത്തിന്റെ തീവ്രത കുറയ്ക്കുമെങ്കിലും അതു് ഇന്നത്തെ രീതിയിലുള്ള സാമ്പത്തിക പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്യും. ഇതെല്ലാം സൂചിപ്പിക്കുന്നതു് രണ്ടു കാര്യങ്ങളാണു്. ഒന്നു്, നമ്മള്‍ കാലാവസ്ഥാവ്യതിയാനത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ ആത്മാര്‍ത്ഥമായി തുടങ്ങിയേ തീരൂ എന്നതാണു്. മറ്റൊന്നു് ഇന്നത്തെ രീതിയിലുള്ള വികസനത്തിനു് പകരം കുറേക്കൂടി പ്രകൃതിയുമായി ഇണങ്ങി പോകുന്ന, നിലനില്‍ക്കുന്ന തരത്തിലുള്ള ഒരു വികസന പരിപ്രേക്ഷ്യം അന്വേഷിച്ചു കണ്ടെത്തണം എന്നതാണു്. അതിനു് ഏറ്റവും യോഗ്യതയുള്ള രാജ്യം ഇന്ത്യയാണെന്നു പറയാം. ലോകത്തിലെ ജനങ്ങള്‍ക്കുവേണ്ടി ആ കര്‍മ്മം ഇന്ത്യയ്ക്കു് ഏറ്റെടുത്തുകൂടെ?
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു)
No comments:
Post a Comment