Tuesday, June 07, 2011

സൌരയൂഥത്തിനു പുറത്തും ഗ്രഹങ്ങളുണ്ടു്

(തേജസ് പത്രത്തിനു വേണ്ടി എഴുതിയ ലേഖനം)

ഭൂമി പോലെയുള്ള ഗ്രഹങ്ങള്‍ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നു് നമ്മില്‍ പലരും ഒരിക്കലെങ്കിലും ആലോചിച്ചിരിക്കും. ഉണ്ടെങ്കില്‍ അവിടെ മനുഷ്യനെപ്പോലുള്ള, ഉയര്‍ന്ന ബൂദ്ധിശക്തിയും സാങ്കേതികവിദ്യയുമുള്ള ജന്തുക്കളുണ്ടോ? ഇത്തരം ചിന്ത തന്നെയാണു് 19-20 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന എച്ച്.ജി. വെല്‍സിനെ ലോകങ്ങളുടെ യുദ്ധം (War of the Worlds) എഴുതാന്‍ പ്രേരിപ്പിച്ചതു്. ചൊവ്വ ഗ്രഹത്തിലാണു് മനുഷ്യനെപ്പോലെയുള്ള ജന്തുക്കളുണ്ടെന്നു് അദ്ദേഹം സങ്കല്പിച്ചതും അവ ഭൂമി പിടിച്ചെടുക്കാന്‍ വരുന്നതായി കഥ എഴുതിയതും. സൌരയൂഥത്തിലെ ഗ്രഹങ്ങളിലൊന്നും വികസിതമായ ജന്തുവര്‍ഗങ്ങളുണ്ടാവാനിടയില്ല എന്നു് നമുക്കിന്നറിയാം. എന്നാല്‍ സൂര്യനല്ലാതെയുള്ള മറ്റു് ഏതെങ്കിലും നക്ഷത്രത്തിനു് ഇത്തരം ഗ്രഹങ്ങളുണ്ടോ, അവയിലേതെങ്കിലും ഒന്നില്‍ ഭൂമിയിലെപ്പോലെയുള്ള ജീവന്‍ നിലനിര്‍ത്താന്‍ സഹായകമായ പരിസ്ഥിതിയുണ്ടോ, തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും നമുക്കറിയില്ല.

ഈ ദിശയിലുള്ള പഠനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടു്. ഈയിടെയാണു് (2010 ഡിസംബര്‍ 6നു്) ഭൂമിയുടെ ഒന്നരയിരട്ടി മാത്രം വ്യാസമുള്ള ഒരു ഗ്രഹം മറ്റൊരു നക്ഷത്രത്തിനുണ്ടു് എന്നു് ഉറപ്പായതു്. സൌരയൂഥത്തിനു പുറമെ ഇത്ര ചെറിയ ഗ്രഹം കണ്ടെത്തുന്നതു് ആദ്യമായാണു്. നക്ഷത്രങ്ങളിലേക്കുള്ള ദൂരമാണു് ഇത്തരം ഗ്രഹങ്ങള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടിനുള്ള ഒരു കാരണം. ഏറ്റവും ശേഷിയുള്ള ദൂരദര്‍ശിനിയിലൂടെ പോലും ഏറ്റവും സമീപത്തുള്ള നക്ഷത്രവും ഒരു ബിന്ദുവായിട്ടേ കാണാനാവൂ --- അത്രയധികം ദൂരത്താണു് നക്ഷത്രങ്ങള്‍. ഏറ്റവും സമീപത്തുള്ള നക്ഷത്രത്തിലേക്കുള്ള ദൂരം തന്നെ ഏതാണ്ടു് 40,00,000 കോടി കിലോമീറ്ററാണു്! അതുകൊണ്ടു് സാധാരണ മാര്‍ഗങ്ങളിലൂടെയൊന്നും നമുക്കു് ഗ്രഹങ്ങളുടെ സാന്നിദ്ധ്യം കണ്ടുപിടിക്കാനാവില്ല. അതിനു് സവിശേഷമായ വിദ്യകള്‍ വേണ്ടിയിരിക്കുന്നു. അത്തരം ചില വിദ്യകള്‍ വശമാക്കിയശേഷമാണു് നമുക്കു് ദൂരെയുള്ള ചില നക്ഷത്രങ്ങള്‍ക്കു് ഗ്രഹങ്ങള്‍ ഉണ്ടെന്നു് മനസിലാക്കാനായതു്.

സ്വാഭാവികമായും, പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ ഘടനയെപ്പറ്റി രൂപമുണ്ടായിത്തുടങ്ങിയ ശേഷമാണു് മറ്റു നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുണ്ടാകാം എന്നു് പലരും ആലോചിച്ചു തുടങ്ങിയതു്. എന്നാല്‍ ചിലരെങ്കിലും അതിനൊക്കെ മുമ്പേ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നു. ഉദാഹരണമായി, ഭൂമി സൂര്യന്റെ ഒരു ഗ്രഹം മാത്രമാണെന്നു് പറഞ്ഞതിനു് ചുട്ടുകൊല്ലപ്പെട്ട ജിയോര്‍ഡാനോ ബ്രൂണോ എന്ന ഇറ്റാലിയന്‍ ചിന്തകന്‍ പതിനാറാം നൂറ്റാണ്ടില്‍ തന്നെ മറ്റു നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുണ്ടാകാം എന്നു് സങ്കല്പിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ സര്‍ ഐസക് ന്യൂട്ടണും ഇതേ ആശയം തന്റെ പ്രശസ്തമായ പ്രിന്‍സിപ്പിയ മാത്തമാറ്റിക്കയില്‍ ഉന്നയിക്കുന്നുണ്ടു്.

എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിലാണു് ഈ ആശയം കുറേക്കൂടി കാര്യമായി ചര്‍ച്ച ചെയ്തു തുടങ്ങിയതു്. മറ്റൊരു നക്ഷത്രത്തിന്റെ ഗ്രഹം കണ്ടെത്തിയതായുള്ള ആദ്യത്തെ അവകാശവാദം വന്നതു്, രസകരമെന്നു പറയട്ടെ, 1865ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മദ്രാസിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നാണു്. 70 ഓഫിയൂചി (70 Ophiuchi) എന്നു പേരുള്ള ഇരട്ട നക്ഷത്രത്തിന്റെ ഭ്രമണപഥത്തില്‍ ദൃശ്യമായ ചില വ്യതിയാനങ്ങള്‍ അതിനു് ഒരു ഗ്രഹമുണ്ടു് എന്ന സംശയം ജനിപ്പിക്കുന്നു എന്നു് കാപ്റ്റന്‍ ഡബ്ലിയു.എസ്. ജേക്കബാണു് അന്നു് അവകാശപ്പെട്ടതു്. എന്നാല്‍ ഉദ്ദേശിച്ച രീതിയിലുള്ള ഒരു സംവിധാനത്തിനു് സ്ഥിരതയോടെ നിലനില്‍ക്കാനാവില്ല എന്നു് സൈദ്ധാന്തികമായി സമര്‍ത്ഥിക്കാന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്കു് കഴിഞ്ഞു. അതോടെ ജേക്കബിന്റെ അവകാശവാദം ശാസ്ത്രജ്ഞര്‍ തിരസ്ക്കരിച്ചു. \mal

സൂര്യനല്ലാതെ മറ്റൊരു നക്ഷത്രത്തിനു് ഗ്രഹങ്ങളുണ്ടെന്നു് വ്യക്തമായ തെളിവുകളോടെ ആദ്യമായി കാണിച്ചതു് ബ്രൂസ് കാംബെല്‍ (Bruce Campbell) ജി.എ.എച്. വാക്കര്‍ (G.A.H. Walker) എസ്. യാങ്ങ്, (S. Yang) എന്നീ കനേഡിയന്‍ ജ്യോതിശാസ്ത്രജ്ഞരാണു്. 1988ലാണു് അവരുടെ പ്രഖ്യാപനമുണ്ടായതു്. ഗാമ സിഫീ (Gamma Cephei) എന്ന നക്ഷത്രത്തിന്റെ ചലനത്തിന്റെ വേഗതയില്‍ ദൃശ്യമായ വ്യതിയാനങ്ങളായിരുന്നു അവരുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനം. തെളിവുകള്‍ ഉണ്ടായിട്ടും വളരെ സംശയത്തോടെയാണു് അവര്‍ ഈ പഠനഫലം പ്രഖ്യാപിച്ചതു്. അതിന്റെ യാഥാര്‍ത്ഥ്യത്തെപ്പറ്റി പലര്‍ക്കും സംശയങ്ങളുണ്ടായിരുന്നു. അതിനു് ഒരു കാരണം അന്നുണ്ടായിരുന്ന ഉപകരണങ്ങള്‍ക്കു് കഷ്ടിച്ചു് തിരിച്ചറിയാന്‍ കഴിയുന്ന വ്യതിയാനങ്ങളേ അവര്‍ക്കു് കാണാന്‍ കഴിഞ്ഞുള്ളൂ എന്നതായിരുന്നു. എന്നാല്‍ പിന്നീടു് 2002ല്‍ കൂടുതല്‍ ശേഷിയുള്ള ഉപകരണങ്ങള്‍ ലഭ്യമായപ്പോള്‍ അവര്‍ കണ്ടതു് സത്യം തന്നെയാണു് എന്നു് മനസിലായി.

1992ലാണു് അടുത്ത കണ്ടെത്തല്‍ നടന്നതു്. PSR 1257+12 എന്ന പേരിലറിയപ്പെടുന്ന പള്‍സര്‍ \eng(Pulsar) \mal എന്ന തരം നക്ഷത്രത്തിനു് ഗ്രഹങ്ങളുണ്ടെന്നു് പോര്‍ട്ടോ റിക്കോയിലെ അരെസിബൊ റേഡിയോ നിരീക്ഷണകേന്ദ്രത്തില്‍ നിന്നു് പോളിഷ് ഗവേഷകനായ അലെക്സാണ്ടര്‍ വോള്‍സ്ക്കാനും (Aleksander Wolszczan) കനേഡിയന്‍ ഗവേഷകനായ ഡേല്‍ ഫ്രെയ്ലും \eng(Dale Frail) \mal പ്രഖ്യാപിച്ചു. വ്യക്തമായ തെളിവുകളോടെയുള്ള ആദ്യത്തെ കണ്ടുപിടിത്തമായി ഇതാണു് കരുതപ്പെടുന്നതു്. അതിശക്തമായ നക്ഷത്ര വിസ്ഫോടനമായ സൂപ്പര്‍നോവയില്‍ ഉണ്ടാകുന്നതാണു് പള്‍സറുകള്‍. സൂര്യന്‍ പോലെയുള്ള ഒരു സാധാരണ നക്ഷത്രത്തിനു് സമീപമുള്ള ഒരു ഗ്രഹം ആദ്യമായി കണ്ടെത്തിയതു് 1995 ഒക്‌ടോബര്‍ 6നു് ജനീവ സര്‍വ്വകലാശാലയിലെ മിഷെല്‍ മേയര്‍ (Michel Meyer) എന്ന സ്വീഡിഷ് പ്രോഫസറും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്ന ദിദിയെര്‍ ക്വെലോസും (Didier Queloz) കൂടിയാണു്. 51 പെഗാസി (51 Pegasi) എന്ന നക്ഷത്രത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന ഗ്രഹമാണു് അവര്‍ കണ്ടെത്തിയതു്. ഭൂമിയില്‍ നിന്നു് ഏതാണ്ടു് 51 പ്രകാശവര്‍ഷം അകലത്തില്‍ സ്ഥിതിചെയ്യുന്ന, ഏതാണ്ടു് സൂര്യനെപ്പോലെ തന്നെയുള്ള നക്ഷത്രമാണു് ഇതു്. ഈ നക്ഷത്രത്തിനു് ഗ്രഹമുണ്ടു് എന്നു് സാന്‍ ഫ്രാന്‍സിസക്കോ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ ജെഫ്രി മാഴ്സിയും ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പോള്‍ ബട്ട്ലറും സ്ഥിരീകരിച്ചതോടെ ശാസ്ത്രലോകം അതു് അംഗീകരിച്ചു. ഗ്രഹത്തിനു് 51 Pegasus b എന്നു പേരിട്ടിരിക്കുന്നു.

പിന്നീടു് അനേകം ഗ്രഹങ്ങള്‍ അന്യ നക്ഷത്രങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടു്. സൌരയൂഥേതര ഗ്രഹങ്ങളുടെ വിജ്ഞാനകോശത്തില്‍ ഇന്നു് 506 പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടു്. ഇവയില്‍ പലതും ഭൂമിയെക്കാള്‍ വളരെ വലിയ ഗ്രഹങ്ങളാണു് --- വ്യാഴത്തിന്റെ വലുപ്പമുള്ളവയാണു് പലതും. അതിനുള്ള ഒരു കാരണം, ചെറിയ ഗ്രഹങ്ങള്‍ ഇത്ര ദൂരത്തുനിന്നു് നിരീക്ഷിക്കാനുള്ള പ്രയാസമാണു്. ചില ഗ്രഹങ്ങളുടെ താപനില ഏകദേശമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. മിക്ക ഗ്രഹങ്ങളിലും കണ്ടിട്ടുള്ളതു് നമുക്കറിയാവുന്ന തരത്തിലുള്ള ജീവനു് നിലനില്‍ക്കാന്‍ കഴിയാത്ത താപനിലയാണു്. ജീവനു് നിലനില്‍ക്കാന്‍ കഴിയുന്ന താപനില ഉണ്ടായിരിക്കേണ്ട ഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ടു്. പക്ഷെ അവയെല്ലാം വ്യാഴം പോലെ വലിയ ഗ്രഹങ്ങളാണു്. അത്തരം ഗ്രഹങ്ങളില്‍ കൂടുതലും വാതകങ്ങളാണു് കാണുന്നതു്. അവിടെ ഉറച്ച പാറയും മണ്ണുമുള്ള ഉപരിതലം ഉണ്ടെങ്കില്‍തന്നെ അവിടെ ജലമോ കാര്യമായ ജീവജാലങ്ങളോ നിലനില്‍ക്കാന്‍ ഇടയില്ല. എന്നാല്‍ അവയ്ക്കു് ഉപഗ്രഹങ്ങളുണ്ടെങ്കില്‍ അവിടങ്ങളില്‍ ജീവനു് വളരാനുള്ള സൌകര്യം ഉണ്ടായിരിക്കാം. പക്ഷെ ഇതുവരെ കണ്ടെത്തിയ ഗ്രഹങ്ങള്‍ക്കൊന്നും ഉപഗ്രഹങ്ങളുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. എങ്കിലും, മനുഷ്യനെപ്പോലുള്ള ജീവിവര്‍ഗങ്ങളുള്ള ആകാശഗോളങ്ങള്‍ മറ്റെങ്ങുമില്ല എന്നു് ഇതൊന്നും അര്‍ത്ഥമാക്കുന്നില്ല.

ഗ്രഹങ്ങളുള്ള മറ്റു നക്ഷത്രങ്ങള്‍ കണ്ടെത്തുന്നതു് പ്രപഞ്ചത്തെക്കുറിച്ചും നമ്മുടെ സൌരയൂഥത്തെക്കുറിച്ചും മറ്റുമുള്ള നമ്മുടെ അറിവു് മെച്ചപ്പെടുത്തുന്നതിനു് സഹായകമാകും. ഇപ്പോഴും നമുക്കു് പൂര്‍ണ്ണമായി അറിയാവുന്ന ഏക ഗ്രഹവ്യൂഹം നമ്മുടെ സൌരയൂഥം മാത്രമാണു്. ഇത്തരത്തിലുള്ള മറ്റു് ഗ്രഹവ്യൂഹങ്ങളെപ്പറ്റിയും പഠിക്കാന്‍ കഴിഞ്ഞാല്‍ സൌരയൂഥങ്ങളുടെ ഉത്ഭവത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ നമുക്കു് കഴിയും. മറ്റു ഗ്രഹങ്ങളില്‍ ജീവനുണ്ടോ? ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ നമ്മുടെ പലരുടെയും മനസില്‍ തീര്‍ച്ചയായും ഉണ്ടു്. അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പ്രപഞ്ചത്തെടും ജീവനോടുമുള്ള നമ്മുടെ കാഴ്ചപ്പാടു് തന്നെ മാറ്റി മറിക്കാം. ആ അര്‍ത്ഥത്തില്‍ നമുക്കു് വളരെയധികം താത്പര്യമുള്ള പഠനങ്ങളാണു് ഇവ.

ഇനി മറ്റൊരു ഗ്രഹത്തില്‍ ഉയര്‍ന്ന രൂപത്തിലുള്ള, വികസിതമായ ശാസ്ത്രീയവും സാങ്കേതികവുമായ അറിവുകളുള്ള ജീവിവര്‍ഗങ്ങളുണ്ടോ? ഉണ്ടെങ്കില്‍ അവരുമായി ആശയവിനിമയം നടത്താന്‍ നമുക്കാകുമോ? അങ്ങനെ ആശയവിനിമയം നടത്തുന്നതു് നമുക്കു് ഗുണമാണോ ദോഷമാണോ വരുത്തി വയ്ക്കുക? നമുക്കു് അവരില്‍നിന്നു് പഠിക്കാനാകുമോ? അതോ അവര്‍ നമുക്കുമേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുമോ? അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ ഇതിനൊക്കെ പോകുന്നതു് അപകടമാകുമോ? ഇത്തരം ചോദ്യങ്ങള്‍ക്കു് ഉത്തരങ്ങളില്ല. എന്നാല്‍ അതുകൊ​ണ്ടുതന്നെ ഇത്തരം പഠനങ്ങള്‍ നടത്തുന്നതിനെപ്പറ്റി സമൂഹം മൊത്തത്തില്‍ ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ടു്. ഇതൊന്നും ശാസ്ത്രജ്ഞരുടെ മാത്രം തീരുമാനം ആയിക്കൂട. ശാസ്ത്രഗവേഷ​ണം ചില വ്യക്തികളുടെ മാത്രം കാര്യമല്ല. സമൂഹത്തിന്റെ മുഴുവന്‍ കാര്യമാകണം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

ലോകം അവസാനിക്കാന്‍ പോകുകയാണോ?

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

അടുത്ത വര്‍ഷം, അതായതു് 2012ല്‍, ലോകം അവസാനിക്കും എന്നു് ചില വെബ്സൈറ്റുകളിലൂടെയും ഇമെയിലിലൂടെയും മറ്റും പ്രചരിക്കാന്‍ തുടങ്ങിയിട്ടു് കുറച്ചു കാലമായി. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ജീവിച്ചിരുന്ന മായന്‍ (Mayan) സമുഹത്തിന്റെ പഞ്ചാംഗം 2012 വരെയേ ഉണ്ടായിരുന്നുള്ളൂ എന്നും അങ്ങനെ ആയതു് ലോകം ആ വര്‍ഷം അവസാനിക്കും എന്നു് അവര്‍ക്കറിയാമായിരുന്നതു കൊണ്ടാണു് എന്നും ഉള്ളതാണു് ഈ വിശ്വാസത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാദം. ആകാശത്തു് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും മറ്റും സ്ഥാനങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ഒക്കെ വാദങ്ങളായി ഉപയോഗിച്ചിട്ടുണ്ടു്. അക്കൂട്ടത്തില്‍ പുതിയതായി വന്ന ഒന്നാണു് മറ്റൊരു സൂര്യന്‍ പ്രത്യക്ഷമാകാന്‍ പോകുന്നു എന്നതു്. ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചും നക്ഷത്രങ്ങളുടെ ഉത്ഭവം, പരിണാമം തുടങ്ങിയവയെക്കുറിച്ചും തീരെ ഗ്രാഹ്യമില്ലാതിരുന്ന കാലത്തു് സൂര്യനെയോ ചന്ദ്രനെയോ പോലെ തിളങ്ങുന്ന പുതിയൊരു വസ്തു പെട്ടെന്നു് ആകാശത്തു് പ്രത്യക്ഷമായാല്‍ ഏതു മനുഷ്യനും തീര്‍ച്ചയായും ഭയന്നു പോകുമായിരുന്നല്ലോ. വളരെയധികം പേര്‍ക്കു് ജ്യോതിശ്ശാസ്ത്രത്തെപ്പറ്റി ഇപ്പോഴും വലിയ ഗ്രാഹ്യമില്ലെന്നിരിക്കെ അടുത്ത വര്‍ഷം നാം രണ്ടു് സൂര്യന്മാരെ കാണും എന്നൊരു പ്രസ്താവന ഒരു ശാസ്ത്രജ്ഞന്‍ നടത്തിയാല്‍ എന്തോ അപകടം സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയാവാം അതു് എന്നു് പലരും കരുതിപ്പോയെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഇക്കഴിഞ്ഞ ജനുവരി മാസം അവസാനം ആണു് അത്തരമൊരു വാര്‍ത്ത ഇന്റര്‍നെറ്റിലെ ചില പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷമായതു്. ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ ഈ വാര്‍ത്ത എന്തുകൊണ്ടോ സ്ഥലം പിടിച്ചില്ല. വൈകാതെതന്നെ ഇതു് ശരിയല്ല എന്നു് മറ്റു ചില ശാസ്ത്രജ്ഞര്‍ പറഞ്ഞെങ്കിലും അതിനു് ആദ്യവാര്‍ത്തയുടെ അത്രതന്നെ ശ്രദ്ധ ലഭിച്ചില്ല. എന്താണു് ഈ വാര്‍ത്തയുടെ അടിസ്ഥാനം, ലോകം അവസാനിക്കാന്‍ പോകുകയാണോ തുടങ്ങിയ കാര്യങ്ങളെപ്പറ്റി നമുക്കിവിടെ ലളിതമായി പരിശോധിക്കാം.

നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നതു് ഹൈഡ്രജന്‍ വാതകം ഹീലിയമായി മാറുന്ന പ്രക്രിയയിലൂടെ ആണല്ലോ. നക്ഷത്രത്തിന്റെ കാമ്പിലാണു് ഈ പ്രക്രിയ നടക്കുന്നതു്. ഇങ്ങനെ കാമ്പിലുള്ള ഹൈഡ്രജന്റെ അളവു് കുറയുമ്പോള്‍ അതിനു് ചൂടു് ഉത്പാദിപ്പിക്കാന്‍ കഴിയാതാകുന്നു. ഉള്ളില്‍നിന്നു് വരുന്ന ചൂടു് ഇല്ലെങ്കില്‍ നക്ഷത്രം സ്വന്തം ഗുരുത്വാകര്‍ഷണ ബലത്താല്‍ ചുരുങ്ങിപ്പോകും. ഈ ചുരുങ്ങുന്ന പ്രക്രിയ തന്നെ ചൂടു് ഉത്പാദിപ്പിക്കും. ആ ചൂടുകൊണ്ടു് തിളങ്ങുന്ന നക്ഷത്രമാണു് വെള്ളക്കുള്ളന്‍ (white dwarf) എന്ന പേരില്‍ അറിയപ്പെടുന്നതു്. ഒടുവില്‍ ഇനിയും ചുരുങ്ങാനാവാത്ത അവസ്ഥ എത്തുമ്പോള്‍ അതിനു് പ്രകാശം ഉത്പാദിപ്പിക്കാന്‍ കഴിയാതാകുകയും അതു് നമുക്കു് അദൃശ്യമായിത്തീരുകയും ചെയ്യും. നമ്മുടെ സൂര്യനും ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതു് അത്തരമൊരു അന്ത്യമാവണം. (വളരെ ലളിതമായ വിശദീകരണമാണു് മേല്‍പ്പറഞ്ഞതു്. സൂര്യനും അത്തരം നക്ഷത്രങ്ങളും അന്ത്യകാലത്തു് ചെമന്ന ഭീമന്മാരായ ശേഷമായിരിക്കും വെള്ളക്കുള്ളന്മാരാകുന്നതു്.)

എന്നാല്‍ സൂര്യനെക്കാള്‍ ഏതാണ്ടു് ഒന്നരയിരട്ടിയോ അതിലധികമോ പിണ്ഡമുള്ള നക്ഷത്രങ്ങളുടെ വിധി വ്യത്യസ്തമാണു്. അവയുടെ അന്ത്യം ഒരു അതിഭയങ്കര സ്ഫോടനത്തിലൂടെ ന്യൂട്രോണ്‍ നക്ഷത്രമോ തമോഗര്‍ത്തമോ ആയിത്തീരുകയായിരിക്കും. ഇത്തരമൊരു സ്ഫോടനത്തിലൂടെ പുറത്തുവരുന്ന ഊര്‍ജ്ജം സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രം അതിന്റെ ആയുഷ്ക്കാലം മുഴുവനും കൊണ്ടു് വികിരണം ചെയ്യുന്നത്ര ആയിരിക്കും. ആ സമയത്തു് ഒരു നക്ഷത്രസമൂഹത്തെക്കാള്‍ കൂടുതല്‍ പ്രകാശത്തോടെ അതു് ദൃശ്യമാകും. ഒരു നക്ഷത്രസൂഹത്തില്‍ ഏതാണ്ടു് പതിനായിരം കോടി നക്ഷത്രങ്ങളാണുള്ളതു് എന്നോര്‍ക്കുക. അപ്പോള്‍ ഇത്തരമൊരു സ്ഫോടനത്തിന്റെ തീവ്രത എത്രയാണെന്നു് ഊഹിക്കാമല്ലോ. സൂപ്പര്‍നോവ (supernova) എന്ന പേരിലാണു് ഇത്തരം സ്ഫോടനങ്ങള്‍ അറിയപ്പെടുന്നതു്.

മിഥുനം രാശിയിലെ (Orion constellation) തിരുവാതിര (Betelguese) ചെമന്ന അതിഭീമന്‍ (red supergiant) നക്ഷത്രമാണു്. സൂര്യന്റെ ഇരുപതു് ഇരട്ടിയോളം വരും അതിന്റെ പിണ്ഡം. അതിന്റെ വ്യാസമാണെങ്കില്‍ സൂര്യന്റേതിനെക്കാള്‍ ആയിരത്തിലധികം ഇരട്ടിയാണു്! അതു് സൂര്യന്റെ സ്ഥാനത്തായിരുന്നെങ്കില്‍ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും എല്ലാം അതിനുള്ളിലായേനെ! അത്ര വലുതാണു് തിരുവാതിര നക്ഷത്രം. ഈ നക്ഷത്രം അടുത്ത വര്‍ഷം ഒരു സൂപ്പര്‍നോവയായി പൊട്ടിത്തെറിക്കുമെന്നും ആ സമയത്തു് അതിന്റെ തെളിച്ചം സൂര്യന്റെയത്ര ആകുമെന്നും ആസ്ട്രേലിയയിലെ തെക്കന്‍ ക്വീന്‍സ്‌ലന്‍ഡ് സര്‍വ്വകലാശാലയിലെ സീനിയര്‍ ലക്ചറര്‍ ആയ ബ്രാഡ് കാര്‍ട്ടറാണു് പറഞ്ഞതു്. news.com.au എന്ന വെബ് സൈറ്റ് ഈ വിവരം ജനുവരി 21നു് പ്രസിദ്ധീകരിച്ചു. ഇതു് ശരിയല്ല എന്നും തിരുവാതിര നക്ഷത്രം സൂപ്പര്‍നോവയാകുന്നതു് നാളെയോ ഒരു ലക്ഷം വര്‍ഷം കഴിഞ്ഞോ എന്നു വേണമെങ്കിലും ആകാം എന്നും അതു് എന്നായിരിക്കും എന്നു് ആര്‍ക്കും പ്രവചിക്കാനാവില്ല എന്നും മറ്റു് ശാസ്ത്രജ്ഞര്‍ പറഞ്ഞു. കൂടാതെ 640 പ്രകാശവര്‍ഷം ദൂരെയുള്ള തിരുവാതിര സൂപ്പര്‍നോവ ആയാര്‍പ്പോലൂം അതിനു് കഷ്ടിച്ചു് ചന്ദ്രന്റെയത്ര തെളിച്ചമേ ഉണ്ടാവൂ എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിനൊന്നും പല വെബ്സൈറ്റുകളും കാര്യമായ പ്രാധാന്യം നല്‍കിയില്ല.

നമുക്കു് ഇന്നു് അറിയാവുന്നിടത്തോളം തിരുവാതിര പോലുള്ള ഒരു നക്ഷത്രം സൂപ്പര്‍നോവ ആയിത്തീരും എന്ന കാര്യം തീര്‍ച്ചയാണു്. എന്നാല്‍ അതു് എന്നായിരിക്കും സംഭവിക്കുക എന്നു് മുന്‍കൂട്ടി മനസിലാക്കാന്‍ നമുക്കിന്നു് ആവില്ല. എന്നെങ്കിലും ഒരിക്കല്‍ അതിനുള്ള കഴിവും നമ്മള്‍ നേടിയേക്കാം. അതുപോലും ഉറപ്പിച്ചു് പറയാനാവില്ല. ഭാവിയില്‍ എന്തെല്ലാം സംഭവിക്കും എന്നു് മുന്‍കൂട്ടി അറിയാന്‍ എന്നെങ്കിലും നമുക്കാവുമോ? തീര്‍ച്ചയില്ല. ചില കാര്യങ്ങള്‍ സംഭവിക്കും എന്നു് നമുക്കു് ഉറപ്പുണ്ടു്. ഉദാഹരണമായി ജനിച്ചവരെല്ലാം മരിക്കും എന്നു് ഉറപ്പാണു്. എന്നാല്‍ എന്നു് മരണം സംഭവിക്കും എന്നു് പറയാനാവില്ലല്ലോ. അതുപോലെതന്നെ തിരുവാതിര നക്ഷത്രം പൊട്ടിത്തെറിക്കും എന്നു് ഉറപ്പാണു്. അതു് എന്നു് സംഭവിക്കും എന്നറിയില്ല.

അതുപോലെ തന്നെയാണു് ഭൂമിയുടെ കാര്യവും. ഭൂമി ഒരിക്കല്‍ ഇല്ലാതാകും എന്നതു് ഉറപ്പാണു്. ഇന്നു് നമുക്കു് അറിയാവുന്നിടത്തോളം അതു് സംഭവിക്കുക കോടിക്കണക്കിനു് വര്‍ഷങ്ങള്‍ക്കു് ശേഷമായിരിക്കും. സൂര്യന്‍ അതിന്റെ ആയുസ്സിന്റെ അന്ത്യമെത്തുമ്പോള്‍ ഒരു ചെമന്ന ഭീമനായിത്തീരും. അപ്പോള്‍ അതു് ചൊവ്വയുടെ ഭ്രമണപഥം വരെ വളര്‍ന്നു് വലുതായിത്തീരും. അതിനിടയില്‍ ഭൂമി കത്തിച്ചാമ്പലാകുക മാത്രമല്ല ആവിയായി സൂര്യനില്‍ ലയിക്കും. ഭൂമിയിലെ ജീവജാലങ്ങള്‍, അതുവരെ ജീവന്‍ നിലനിന്നാല്‍, അതോടെ അന്ത്യം കാണും. മനുഷ്യരാശി അതുവരെ നിലനില്‍ക്കുമോ? അറിയില്ല. ആര്‍ക്കും പറയാനാവില്ല. നിയന്ത്രണമില്ലാത്ത ആഗോള താപനത്തിലൂടെയോ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനുള്ള അത്യാര്‍ത്തിയുടെ ഫലമായി ഉണ്ടാകാവുന്ന വന്‍ യുദ്ധങ്ങളിലൂടെയോ മനുഷ്യര്‍ തന്നെ ജൈവ മണ്ഡലത്തെ മൊത്തം നശിപ്പിച്ചില്ലെങ്കില്‍ ഒരുപക്ഷെ ജീവന്‍ ഭൂമിയില്‍ നിലനിന്നേക്കാം. എന്നാല്‍ നമുക്കിന്നു് അറിയാവുന്നതോ അറിയാത്തതോ ആയ കാര്യങ്ങള്‍ ഭൂമിയിലെ ജീവനെ കടപുഴക്കി എറിയാം. ഉദാഹരണമായി ഒരു വലിയ വസ്തു ബഹിരാകാശത്തുനിന്നു വന്നു് ഭൂമിയില്‍ ആയത്തോടെ പതിച്ചാല്‍ മതി ഇവിടത്തെ ജീവജാലങ്ങള്‍ മുഴുവനും ഇല്ലാതാവാന്‍. അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ ചെറുതാണെന്നു് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷെ അങ്ങനെ സംഭവിക്കില്ല എന്നു് ആര്‍ക്കും തീര്‍ത്തു പറയാനാവില്ല. സൂര്യന്‍ വികിരണം ചെയ്യുന്ന പ്രകാശത്തിന്റെ അളവു് എന്തെങ്കിലും കാരണത്താല്‍ കുറച്ചു് വര്‍ദ്ധിച്ചാല്‍ ഭൂമിയില്‍ ജീവനു് നിലനില്‍ക്കാന്‍ വയ്യാതാവാം. ഇതിനുള്ള സാദ്ധ്യതയും വളരെ ചെറുതാണെന്നു് ശാസ്ത്രജ്ഞര്‍ പറയും. എങ്കിലും നമുക്കറിയാവുന്ന ലോകം എന്നെങ്കിലും അവസാനിക്കും എന്നതു് ഉറപ്പാണു്.

എന്നാല്‍ ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ലോകം അവസാനിക്കാന്‍ പോകുന്നില്ല എന്നു് മിക്കാവാറും തീര്‍ച്ചയാണു്. അങ്ങനെ സംഭവിക്കാനുള്ള യാതൊരു കാരണവും ഇന്നു് നമുക്കു് കാണാനാവുന്നില്ല. ലോകം അവസാനിക്കാന്‍ പോകുന്നു എന്നു് പറയുന്നവര്‍ അതിനു് ചൂണ്ടിക്കാണിക്കുന്ന ന്യായങ്ങള്‍ ശ്രദ്ധിച്ചു് വിശകലനം ചെയ്താല്‍ നിലനില്ക്കാത്തവയാണു് എന്നു് മനസിലാകും. ഇത്തരം പ്രചരണങ്ങള്‍ ഇതിനു് മുന്‍പും പലതവണ ഉണ്ടായിട്ടുണ്ടു്. ലോകം അവസാനിക്കാന്‍ പോകുന്നു എന്നു് ഏതാണ്ടു് പന്ത്രണ്ടു വര്‍ഷം മുമ്പു് പലരും പറഞ്ഞു. 2000 വര്‍ഷങ്ങള്‍ക്കു് ശേഷം യേശുക്രിസ്തു തിരിച്ചു വരുമെന്നും അതോടെ ലോകത്തിന്റെ അന്ത്യമാകുമെന്നും ഒരു കൂട്ടര്‍ പറഞ്ഞു. അല്ല, അന്തിക്രിസ്തു വരാറായിരിക്കുന്നു എന്നും അതോടെ ലോകം അവസാനിക്കും എന്നും മറ്റു ചിലര്‍ പ്രഖ്യാപിച്ചു. രണ്ടായിരാമാണ്ടോടെ വന്‍ പ്രളയങ്ങളോ മറ്റു് വലിയ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാകുമെന്നും അതോടെ ലോകം അവസാനിക്കും എന്നും മൂനാനാമതൊരു കൂട്ടര്‍ അവകാശപ്പെട്ടു. ലോകം അവസാനിക്കുന്നതിനു മുമ്പു് ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞവര്‍ വരെ ഉണ്ടായിരുന്നു എന്നാണു് ഓര്‍മ്മ. ഇവരില്‍ പലരും ഒരുപക്ഷെ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ തന്നെയായിരിക്കാം വിളിച്ചു പറഞ്ഞതു്. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. ആണ്ടുകളും മറ്റും കണക്കാക്കുന്നതു് മനുഷ്യര്‍ സ്വന്തം ആവശ്യത്തിനു വേണ്ടിയാണെന്നും പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇതിനൊന്നും ഒരു പങ്കുമില്ലെന്നും മനസിലാക്കുമ്പോള്‍ ഇത്തരം പ്രഖ്യാപനങ്ങളുടെ അര്‍ത്ഥശൂന്യത വ്യക്തമാകും. അതുകൊണ്ടു് തത്ക്കാലം ലോകാവസാനം ഭയക്കാതെ കഴിഞ്ഞുകൂടാം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Saturday, May 07, 2011

കാലാവസ്ഥാവ്യതിയാനവും കോസ്‌മിക് രശ്മികളും

(തേജസ് പത്രത്തിനുവേണ്ടി രചിച്ച ലേഖനം)

കാലാവസ്ഥാവ്യതിയാനത്തില്‍ കോസ്‌മിക് രശ്മികള്‍ക്കുള്ള പങ്ക് പഠിക്കേണ്ടതാണു് എന്നു് ഈയിടെ ഡോ. വി. രാമനാഥന്‍ എന്ന പ്രശസ്ത അന്തരീക്ഷശാസ്ത്രജ്ഞന്‍ ഇന്ത്യയില്‍വച്ചു് പ്രഖ്യാപിക്കുകയുണ്ടായി. ഏതാനും ദിവസം മുമ്പാണു് കാലാവസ്ഥാവ്യതിയാനത്തില്‍ കോസ്‌മിക് രശ്മികള്‍ക്കു് സുപ്രധാന പങ്കുണ്ടെന്നു് പ്രശസ്ത ഭൌതികശാസ്ത്രജ്ഞനും മുന്‍ ഐ.എസ്.ആര്‍.ഒ. മേധാവിയുമായ പ്രൊഫ. യു.ആര്‍. റാവു ദില്ലിയില്‍വച്ചു് പ്രഖ്യാപിച്ചതു്. ഇതെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഒരു പ്രബന്ധം ഇന്ത്യയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കറന്‍റ് സയന്‍സ് \eng(Current Science) \mal എന്ന ശാസ്ത്രപ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന്റെ അര്‍ത്ഥം കാലാവസ്ഥാവ്യതിയാനത്തില്‍ മനുഷ്യനു് പങ്കൊന്നുമില്ല എന്നാണോ? ഇനി ആ പ്രശ്നത്തെപ്പറ്റി നമുക്കു് മറക്കാനാകുമോ? ഐക്യരാഷ്ട്രസഭ സ്ഥാപിച്ച കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള അന്തര്‍സര്‍ക്കാര്‍ സമിതി (Intergovernmental Panel on Climate Change, IPCC) പറഞ്ഞതെല്ലാം തെറ്റാണു് എന്നാണോ? നമുക്കിവിടെ ഇക്കാര്യങ്ങളൊന്നു പരിശോധിക്കാം.

ബഹിരാകാശത്തുനിന്നു് ഭൌമാന്തരീക്ഷത്തിലേക്കു് പതിക്കുന്ന കണങ്ങളാണു് കോസ്‌മിക് രശ്മികള്‍ എന്ന പേരില്‍ അറിയപ്പെടുന്നതു്. ഇവ രണ്ടു തരത്തില്‍ പെടുന്നവയാണു്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിക്കുന്ന ഭൂരിഭാഗം കണങ്ങളും സൂര്യനില്‍നിന്നു് ഉത്ഭവിക്കുന്നവയാണു്. താരതമ്യേന ഊര്‍ജ്ജം കുറഞ്ഞ ഇവ സൌര കോസ്മിക രശ്മികള്‍ (Solar Cosmic Rays) എന്ന പേരില്‍ അറിയപ്പെടുന്നു. ഭൌമാന്തരീക്ഷത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗങ്ങളില്‍ ഇവ വായുവിലെ തന്മാത്രകളുമായി കൂട്ടിമുട്ടി അവയെ വൈദ്യുത ചാര്‍ജുള്ള അയണുകളായി മാറ്റുകയും അതിലൂടെ ഊര്‍ജ്ജം നഷ്ടപ്പെടുകയും ചെയ്യുന്നു. ഏതാണ്ടു് 60-65 കി.മീ. ഉയരത്തിനു് താഴെ ഇവ എത്തുന്നില്ല.

രണ്ടാമത്തെ കൂട്ടം കോസ്‌മിക് രശ്മികള്‍ ബഹിരാകാശത്തുനിന്നു്, ഒരുപക്ഷെ ക്ഷീരപഥത്തിന്റെയും പുറത്തുനിന്നു്, വരുന്നവയാണു്. നക്ഷത്രവ്യൂഹ കോസ്മിക് രശ്മികള്‍ (Galactic Cosmic Rays) എന്ന പേരില്‍ അറിയപ്പെടുന്ന ഇവയ്ക്കു് സൌര കോസ്മിക് രശ്മികളെക്കാള്‍ അനേകം മടങ്ങു് ഊര്‍ജ്ജമുണ്ടാകും. ഈ രശ്മികള്‍ ഭൌമാന്തരീക്ഷത്തിന്റെ അടിത്തട്ടില്‍ വരെ എത്തുകയും വായുവിനെ അയണീകരിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഉപരിതലത്തോടു ചേര്‍ന്നു കിടക്കുന്ന അന്തരീക്ഷത്തിന്റെ ഭാഗമായ ഭൂസ്പര്‍ശമണ്ഡലം അഥവാ ട്രോപ്പോസ്‌ഫിയറിലും (Troposphere) അയണീകരണം നടത്താന്‍ നക്ഷത്രവ്യൂഹ കോസ്മിക രശ്മികള്‍ക്കു് കഴിയുന്നു. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന അയണുകള്‍ നീരാവി ഉറഞ്ഞുകൂടി ജലകണങ്ങളാവാനും അങ്ങനെ മേഘങ്ങളുണ്ടാവാനും സഹായിക്കുന്നുണ്ടു് എന്നു് ചിലര്‍ കരുതുന്നു. വായുവിലടങ്ങിയ പലതരം തരികളാണു് നീരാവിയ്ക്കു് ജലകണങ്ങളായി മാറാന്‍ പ്രധാനമായും സഹായിക്കുന്നതു് എന്നാണു് ശാസ്ത്രജ്ഞര്‍ പൊതുവില്‍ വിശ്വസിക്കുന്നതു്. തിരയടിക്കുമ്പോഴും മറ്റും കടലില്‍നിന്നു് ഉയര്‍ന്നുവരുന്ന ഉപ്പുതരികളും ഇക്കൂട്ടത്തില്‍ പെടുന്നു.

കോസ്മിക് രശ്മികളുടെ കാര്യത്തില്‍ ഇനിയൊരു സങ്കീര്‍ണ്ണതയുണ്ടു്. നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളെക്കാള്‍ വളരെയധികം ഊര്‍ജ്ജം കുറഞ്ഞവയാണെങ്കിലും അവയുടെ തീവ്രതയെ നിയന്ത്രിക്കാനുള്ള സവിശേഷ കഴിവു് സൌര കോസ്മിക് രശ്മികള്‍ക്കുണ്ടു്. ഭൂമിയുടെ കാന്തികമണ്ഡലത്തിലെ പ്രക്രിയകളെ കാര്യമായി സ്വാധീനിക്കാന്‍ കഴിയുന്നതുകൊണ്ടാണു് അവയ്ക്കു് ഇതു് സാധ്യമാകുന്നതു്. വൈദ്യുത ചാര്‍ജുള്ള അനേകം കണങ്ങള്‍ ഒരു കാറ്റുപോലെ വന്നു് ഭൂമിയുടെ കാന്തക മണ്ഡലത്തില്‍ പതിക്കുമ്പോള്‍ അതു് കാന്തികമണ്ഡലത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഈ മാറ്റങ്ങളാണു് നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളുടെ തീവ്രത നിയന്ത്രിക്കുന്നതു്. സൌര കോസ്മിക് രശ്മികളുടെ തീവ്രത വര്‍ദ്ധിക്കുമ്പോള്‍ അന്തരീക്ഷത്തിന്റെ താണ തലങ്ങളിലെത്തുന്ന നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളുടെ തീവ്രത കുറയുന്നു. മറിച്ചു് സൌര കോസ്മിക് രശ്മികളുടെ തീവ്രത കുറയുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്ന നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളുടെ തീവ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

കോസ്മിക് രശ്മികളുടെ തീവ്രതയില്‍ ഇങ്ങനെ മാറ്റം വരുമ്പോള്‍ അതു് മേഘങ്ങളുണ്ടാകുന്നതിലും പ്രതിഫലിക്കും എന്നാണു് ചില ശാസ്ത്രജ്ഞര്‍ പറയുന്നതു്. മേഘങ്ങള്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ ഭൂമിയുടെ അടിത്തട്ടിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവു് കുറയുമല്ലോ. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതില്‍ മേഘങ്ങള്‍ക്കും ധ്രുവപ്രദേശങ്ങളിലും ഉയര്‍ന്ന പര്‍വ്വതങ്ങളിലും മറ്റുമുള്ള ഹിമപാളികള്‍ക്കും വളരെയധികം കാര്യക്ഷമതയുണ്ടു്. അതുകൊണ്ടു് മേഘങ്ങളുടെ അളവു് വര്‍ദ്ധിക്കുമ്പോള്‍ ഭൌമോപരിതലത്തിലെത്തുന്ന സൌരോര്‍ജ്ജത്തിന്റെ അളവു് കുറയും. അതു് താപനില കുറയുന്നതിലേക്കു് നയിക്കും. മറിച്ചു് മേഘങ്ങളുടെ അളവു് കുറയുമ്പോള്‍ താപനില കൂടുകയും ചെയ്യും. കഴിഞ്ഞ കുറെ കാലമായി കോസ്മിക് രശ്മികളുടെ തീവ്രത കുറയുന്നതിനാല്‍ മേഘങ്ങളുണ്ടാകുന്നതില്‍ കുറവു വരുന്നുണ്ടെന്നും അതാണു് കാലാവസ്ഥാവ്യതിയാനത്തിലേക്കു് നയിക്കുന്ന ഒരു പ്രധാന ഘടകം എന്നുമാണു് ചില ശാസ്ത്രജ്ഞര്‍ പറയുന്നതു്.

കോസ്മിക് രശ്മികളുടെ തീവ്രതയും മേഘങ്ങളുടെ അളവും തമ്മിലുള്ള ഒരു ബന്ധം ആദ്യമായി ചൂണ്ടിക്കാട്ടിയതു് ഡാനിഷ് ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ ഹെന്‍റിക് സ്വെന്‍സ്മാര്‍ക്ക് (Henrik Svensmark), ഫ്രീസ് ക്രിസെന്‍സെന്‍ (Friis Christensen) എന്നീ ഗവേഷകരാണു്. എന്നാല്‍ അതിനു് വളരെ മുമ്പുതന്നെ സൌര കോസ്‌മിക് രശ്മികളും കാലാവസ്ഥയും തമ്മില്‍ ബന്ധമുണ്ടു് എന്നു് പലരും സംശയിച്ചിരുന്നു. ഒരുപക്ഷെ ഇതു് ആദ്യമായി ഉറക്കെ പറഞ്ഞതു് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന സി.റ്റി.ആര്‍. വില്‍സന്‍ ആയിരിക്കാം. സൂര്യകളങ്കങ്ങള്‍ പോലെ സൂര്യനില്‍ നടക്കുന്ന പ്രതിഭാസങ്ങളും ഭൂമിയിലെ കാലാവസ്ഥയുമായി ബന്ധമുണ്ടെന്നു് 1970കളില്‍ ശക്തമായ സംശയമുണ്ടായിരുന്നു. ഇതിനെ അനുകൂലിക്കുന്ന വിധത്തില്‍ പല പഠനഫലങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.

എന്നാല്‍ ഇത്തരമൊരു ബന്ധത്തിനു് വിരുദ്ധമായ തെളിവുകളാണു് മറ്റനേകം പഠനങ്ങള്‍ നല്‍കിയതു്. സൂര്യനില്‍ നടക്കുന്ന പ്രക്രിയകള്‍ ഭൂമിയിലെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കാം എന്നു് വിശദീകരിക്കാന്‍ ശ്രമിക്കുന്ന സിദ്ധാന്തങ്ങളുടെ അഭാവവും കൂടിയായപ്പോള്‍ ഭൂമിയിലെ കാലാവസ്ഥയെ സൂര്യനിലെ പ്രക്രിയകള്‍ സ്വാധീനിക്കുന്നുണ്ടു് എന്ന ആശയത്തിനു് ക്രമേണ പ്രചാരം നഷ്ടപ്പെട്ടു. ഒരര്‍ത്ഥത്തില്‍ ഇതേ ആശയങ്ങള്‍ തന്നെയാണു് ഇപ്പോള്‍ വീണ്ടും വരുന്നതു് എന്നു പറയാം. %രസകരമെന്നു പറയട്ടെ, സൌര പ്രക്രിയകള്‍ കാലാവസ്ഥയെ സ്വാധീനിക്കുന്നതെങ്ങനെയാവാം എന്നു് വിശദീകരിക്കാന്‍ ശ്രമിച്ച, 1970കളില്‍ ജനശ്രദ്ധയാകര്‍ഷിച്ച ഒരു സിദ്ധാന്തം കോസ്‌മിക് രശ്മികളെയും അന്തരീക്ഷത്തിലെ വായുവിന്റെ അയണീകരണത്തെയും തന്നെയാണു് ആശ്രയിച്ചിരുന്നതു്.

സൌരപ്രവര്‍ത്തനം (solar activity) ഏതാണ്ടു് 11 വര്‍ഷത്തെ ആവൃത്തിയില്‍ മാറുന്നുണ്ടു്. സൌരകളങ്കങ്ങളുടെ വിസ്തൃതിയിലും സോളാര്‍ ഫ്ലെയറുകളുടെ എണ്ണത്തിലും തീവ്രതയിലും ഈ മാറ്റം കാണാനാവും. ഈ വ്യതിയാനം സൌരവാതത്തിലും തദ്വാരാ കോസ്മിക് രശ്മികളുടെ തീവ്രതയിലും ദൃശ്യമാകുന്നു. കോസ്മിക് രശ്മികളുടെ തീവ്രതയില്‍ ഏതാണ്ടു് 15% മാറ്റമാണു് കാണുന്നതു്. 11 വര്‍ഷത്തെ ആവൃത്തിയില്‍ കാണുന്ന ഈ വ്യതിയാനം ലോകത്താകമാനം കാണുന്ന മേഘത്തിന്റെ അളവിലും കാണുന്നു എന്നാണു് സ്വെന്‍സ്‌മാര്‍ക്കും മറ്റും പറഞ്ഞതു്. ഇതു് വിശദീകരിക്കാനാണു് അന്തരീക്ഷത്തിലെ അയണീകരണം മേഘങ്ങളുണ്ടാകുന്ന പ്രക്രിയയെ സ്വാധീനിക്കുന്നതിലൂടെ ആഗോളതാപനത്തെയും അങ്ങനെ കാലാവസ്ഥാവ്യതിയാനത്തെയും ബാധിക്കുന്നുണ്ടു് എന്ന സിദ്ധാന്തം അവര്‍ കൊണ്ടുവന്നതു്. ഇതു് സംശയാതീതമായി സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ല എന്ന കാരണത്താലാണു് IPCC ഇക്കാര്യം അവരുടെ റിപ്പോര്‍ട്ടുകളില്‍ കണക്കിലെടുക്കാതിരുന്നതു്.

സ്വെന്‍സ്‌മാര്‍ക്കിന്റെയും മറ്റും സിദ്ധാന്തത്തിനു് വിരുദ്ധമായ തെളിവുകള്‍ പിന്നീടു് ലഭ്യമായിട്ടുണ്ടു്. അതില്‍ പ്രധാനമായ ഒന്നു മാത്രം പറയട്ടെ. കോസ്മിക് രശ്മികളുടെ തീവ്രത 11 വര്‍ഷത്തെ ആവൃത്തിയില്‍ മാറുന്നതുപോലെ അക്ഷാംശമനുസരിച്ചും മാറുന്നുണ്ടു്. ഭൂമധ്യരേഖയ്ക്കു് സമീപം കാണുന്നത്ര തീവ്രത ധ്രുവങ്ങള്‍ക്കു് സമീപം കാണുന്നില്ല. ഭൂമിയുടെ കാന്തികമണ്ഡലം കോസ്മിക് രശ്മികളുടെ സഞ്ചാരത്തെ സ്വാധീനിക്കുന്നതുകൊണ്ടാണു് ഇങ്ങനെ കാണുന്നതു്. ബ്രിട്ടനിലെ രണ്ടു് സര്‍വ്വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ മേഘത്തിന്റെ അളവിലും ഈ മാറ്റം കാണുന്നുണ്ടോ എന്നു് പരിശോധിച്ചു. സ്വെന്‍സ്മാര്‍ക്കിന്റെയും മറ്റും സിദ്ധാന്തം ശരിയാണെങ്കില്‍ മാറ്റം കാണണമല്ലോ. പക്ഷെ അവര്‍ക്കു് അങ്ങനെയൊന്നു് കാണാനായില്ല.

ആഗോളതാപനത്തില്‍ മനുഷ്യനുള്ള പങ്കും അതു് നിയന്ത്രിക്കേണ്ട ആവശ്യകതയും IPCC ഊന്നിപ്പറയുമ്പോള്‍ അതെല്ലാം വെറുതെയാണെന്നു് പറയുന്നവരുണ്ടു്. തങ്ങളുടെ ബിസിനസ്സിനെ ഇതു് പ്രതികൂലമായി ബാധിക്കില്ലേ എന്ന ഭയത്താല്‍ ഈ നിലപാടെടുക്കുന്നവരുണ്ടാകാം. മറ്റു ചിലര്‍ തങ്ങളുടെ ജീവിതരീതിയെ ബാധിക്കും എന്നു് ഭയക്കുന്നുണ്ടാവാം. എന്നാല്‍ കാലാവസ്ഥാവ്യതിയാനം യഥാര്‍ത്ഥമാണെങ്കില്‍ അതു് ബാധിക്കാന്‍ പോകുന്നതു് ലോകത്തിലെ എല്ലാ ജീവജാലങ്ങളെയുമാണു്. അതുകൊണ്ടു് അതു് യഥാര്‍ത്ഥമാണു് എന്നും മനുഷ്യനു് അതില്‍ കാര്യമായൊരു പങ്കുണ്ടു് എന്നും കരുതിക്കൊണ്ടു് മുന്നോട്ടു പോകുന്നതു തന്നെയാണു് ബുദ്ധി. ഇതിനുള്ള യത്നങ്ങളില്‍നിന്നു് രാഷ്ട്രങ്ങളെയും ജനതകളെയും പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അതിനെ സഹായിക്കുന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണു്.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Friday, May 06, 2011

മനുഷ്യന്‍ ഉത്ഭവിച്ചതു് ആഫ്രിക്കയിലോ ഇസ്രയേലിലോ?

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

മനുഷ്യന്‍ എപ്പോള്‍ ഉണ്ടായി എന്ന ചോദ്യത്തെപ്പറ്റി മുമ്പൊരിക്കല്‍ ഈ പംക്തിയില്‍ എഴുതിയിരുന്നു. എത്യോപ്പിയയിലെ അഫാര്‍ താഴ്‌വരയില്‍ കണ്ടെത്തിയ ആര്‍ഡിപിത്തെക്കസ് രാമിഡസ് എന്ന ഒരു പുതിയ ഫോസിലിനെപ്പറ്റിയാണു് അന്നു് എഴുതിയിരുന്നതു്. ആഫ്രിക്കയിലാണു് ആധുനിക മനുഷ്യന്‍ ഉണ്ടായതു് എന്നായിരുന്നു അടുത്ത കാലം വരെ ശാസ്ത്രജ്ഞര്‍ കരുതിയിരുന്നതു്. എത്യോപ്പിയയില്‍ തന്നെ കണ്ടെത്തിയ ലൂസി എന്നു് ഓമനപ്പേരിട്ട ഫോസില്‍ പ്രതിനിധാനം ചെയ്ത വര്‍ഗമാണു് മനുഷ്യരാശിക്കു് ജന്മം നല്‍കിയതു് എന്നായിരുന്നു മുമ്പുള്ള ധാരണ. ആ ധാരണ തിരുത്തിക്കൊണ്ടാണു് ആര്‍ഡിപിത്തെക്കസ് രാമിഡസ് വന്നതു്. എന്നാല്‍ ഈ വിശ്വാസങ്ങളെല്ലാം തകിടം മറിച്ചുകൊണ്ടു് ഇപ്പോള്‍ ഒരു പുതിയ കണ്ടുപിടിത്തം വന്നിരിക്കുന്നു. ഇസ്രയേലിലെ കെസെം (Qesem) ഗുഹകളില്‍നിന്നു് കണ്ടെത്തിയ നാലു് ലക്ഷം വര്‍ഷം പഴക്കമുള്ള ഏതാനും പല്ലുകളാണു് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നതു്. ഏതാണ്ടു് ആധുനിക മനുഷ്യരുടേതു പോലത്തെയും എന്നാല്‍ ആധുനിക മനുഷ്യന്റെ മുന്‍ഗാമി എന്നു കരുതപ്പെടുന്ന നിയാന്‍ഡര്‍ത്താല്‍ മനുഷ്യന്റെ പല്ലിനോടു് ചില സമാനതകളുള്ളതുമാണു് പുതിയതായി കണ്ടെത്തിയ പല്ലുകള്‍. ഇതു് മനുഷ്യോല്‍പ്പത്തിയിലെ ആദ്യഘട്ടത്തെയാണു് സൂചിപ്പിക്കുന്നതെങ്കില്‍ ഇന്നത്തെ നമ്മുടെ വിശ്വാസങ്ങളെ പിടിച്ചുലയ്ക്കുന്നതായിത്തീരും ഈ കണ്ടുപിടിത്തം.

മനുഷ്യന്റെ ശാഖയിലെ ആദ്യത്തെ വര്‍ഗം എന്നു പറയപ്പെടുന്നതു് ആസ്ട്രേലോപിത്തെക്കസ് എന്നു പേരുള്ള ഒന്നാണു്. ഏതാണ്ടു് 25 ലക്ഷം വര്‍ഷം മുമ്പായിരിക്കണം കല്ലുകൊണ്ടുണ്ടാക്കിയ പണിയായുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതു്. അക്കാലത്തു് ഈ ശാഖയിലെ ജന്തുക്കളുടെ തലച്ചോറു് ചെറുതായിരുന്നു എന്നാണു് ഫോസിലുകള്‍ സൂചിപ്പിക്കുന്നതു്. എന്നാല്‍ അതിന്റെ ഏതാണ്ടു് നാലിരട്ടി വലുപ്പമുണ്ടു് ഇന്നു് മനുഷ്യന്റെ തലച്ചോറിനു്. ഇക്കാലത്തിനിടയ്ക്കുള്ള ഫോസിലുകളില്‍ നിന്നു് കാലം കഴിയുന്നതനുസരിച്ചു് തലച്ചോറിന്റെ വലുപ്പം കൂടി വരുന്നതു് നമുക്കു് കാണാനാകും. തലച്ചോറിന്റെ വലുപ്പം ബുദ്ധിശക്തിയുടെ സൂചനയാണു് എന്നാണു് കരുതപ്പെടുന്നതു്. ജന്തുശാസ്ത്രം നയിക്കുന്ന പരിണാമത്തില്‍ നിന്നു് ബുദ്ധിശക്തി നയിക്കുന്ന പരിണാമത്തിലേക്കുള്ള മാറ്റമാണു് ഇവിടെ കാണുന്നതു് എന്നു പറയാം.

പിന്നീടുള്ള മനുഷ്യന്റെ പരിണാമത്തെപ്പറ്റി രണ്ടു് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ആഫ്രിക്കയിലുണ്ടായിരുന്ന മനുഷ്യരൂപമുള്ള ചെറിയൊരു കൂട്ടത്തില്‍ നിന്നു് പരിണമിച്ചു് ഏതാണ്ടു് രണ്ടു ലക്ഷം വര്‍ഷം മുമ്പു് ലോകത്തിലെ മറ്റു ദിക്കുകളിലേക്കു് കുടിയേറി അവിടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നോ, അതോ ലോകത്തു പലയിടത്തും പ്രത്യേകമായി ഉത്ഭവിക്കുകയായിരുന്നോ എന്നതാണു് ഒരു തര്‍ക്കവിഷയം. ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം മുമ്പു് സിരാവ്യൂഹത്തില്‍ വന്ന, ഫോസിലുകളില്‍ ദൃശ്യമല്ലാത്ത, മാറ്റങ്ങള്‍ കാരണമാവാം ബുദ്ധിപരവും സാംസ്ക്കാരികവും സാങ്കേതികവുമായ ഒരു കുതിച്ചുചാട്ടം മനുഷ്യനില്‍ സംഭവിച്ചതു് എന്നതാണു് മറ്റൊരു തര്‍ക്കവിഷയം. മനുഷ്യരാശിയുടെ ജനിതക വൈവിധ്യം പഠനവിധേയമാക്കിയ Human Genome Projectല്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ആഫ്രിക്കയില്‍ നിന്നു തന്നെയാണു് മനുഷ്യന്‍ ഉത്ഭവിച്ചതു് എന്നു് ഏതാണ്ടു് ഉറപ്പിക്കാന്‍ സഹായകമായി. എന്നാല്‍ ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ മനുഷ്യരാശിയുടെ മാതാവായി ഏത്യോപ്പിയയില്‍ കണ്ടെത്തിയ, ലൂസി എന്ന ഓമനപ്പേരില്‍ വിളിക്കുന്ന, ഒരു ഫോസിലിനെ ചിത്രീകരിക്കാറുണ്ടായിരുന്നു. കുരങ്ങന്മാരുടേതു പോലെ ചെറിയ തലയുള്ള, എന്നാല്‍ മനുഷ്യരെപ്പോലെ രണ്ടുകാലില്‍ നടന്നിരുന്ന, ഈ സ്ത്രീ ഏതാണ്ടു് 32 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു് ജീവിച്ചിരുന്നു \mbox{എന്നു്} കരുതുന്നു. ബുദ്ധി വികസിക്കുന്നതിനു മുമ്പുതന്നെ രണ്ടു കാലില്‍ നടക്കുന്ന ശീലം ആരംഭിച്ചിരുന്നു എന്നു് ലൂസി തെളിയിക്കുന്നു. ലൂസിയെ ശാസ്ത്രീയമായി ആസ്ട്രേലോപിത്തെക്കസ് അഫാറെന്‍സിസ് (Australopithecus afarensis) എന്നാണു് വിളിക്കുന്നതു്.

വളരെക്കാലത്തേക്കു് ലൂസിയെ മനുഷ്യരാശിയുടെ മുതുമുത്തശ്ശിയായി കരുതിയിരുന്നു. ഒരുപക്ഷെ ഇത്രയും പഴക്കമുള്ള, എന്നാല്‍ ഇത്ര ഭംഗിയായി സംരക്ഷിക്കപ്പെട്ട മറ്റൊരു ഫോസില്‍ കണ്ടെത്തിയിരുന്നില്ല എന്നതായിരിക്കാം ലൂസിയോടുണ്ടായിരുന്ന സ്നേഹത്തിനു പിന്നിലുള്ള ഒരു കാരണം. 1974 നവംബര്‍ 24നായിരുന്നു ഈ സുപ്രധാനമായ കണ്ടുപിടിത്തം നടന്നതു്. എന്നാല്‍ ഇരുപതു് വര്‍ഷം കഴിഞ്ഞപ്പോള്‍ ലൂസിയെ സ്ഥാനഭ്രഷ്ടയാക്കുന്ന മറ്റൊരു കണ്ടുപിടിത്തമുണ്ടായി.

ഒക്ടോബര്‍ 2009ലാണു് പുതിയ കണ്ടെത്തലിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായതെങ്കിലും 1994ലാണു് കണ്ടുപിടിത്തം നടന്നതായി അവര്‍ അവകാശപ്പെടുന്നതു്. എത്യോപ്പിയയിലെ അഫാര്‍ താഴ്ച (Afar depression) എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ആര്‍ഡിപിത്തെക്കസ് രാമിഡസ് (Ardipithecus ramidus) എന്നു പേരിട്ടിരിക്കുന്ന ജന്തുവിന്റെ ഫോസിലാണു് ലൂസിയെ സ്ഥാനഭ്രഷ്ടയാക്കിയിരിക്കുന്നതു്. രണ്ടു കാലില്‍ നടക്കുകയും കുരങ്ങന്റെയും മനുഷ്യന്റെയും ശാരീരിക സ്വഭാവങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ആര്‍ഡിപിത്തെക്കസ് ഏതാണ്ടു് 44 ലക്ഷം വര്‍ഷം മുമ്പായിരിക്കണം ജീവിച്ചിരുന്നതു്. ആര്‍ഡി എന്നു പേരിട്ടിരിക്കുന്ന ഈ വ്യക്തിക്ക് ഏതാണ്ടു് 120 സെന്റിമീറ്റര്‍ ഉയരവും 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നിരിക്കണം എന്നു കണക്കാക്കുന്നു. ആര്‍ഡിയുടെ അസ്ഥിപഞ്ചരത്തിന്റെ ഭാഗങ്ങള്‍ കൂടാതെ ആര്‍ഡിപിത്തെക്കസ് വര്‍ഗത്തിലെതന്നെ മറ്റു ചില വ്യക്തികളുടെ ഏതാനും എല്ലുകളുടെ ഫോസിലുകളും ലഭിച്ചിട്ടുണ്ടു്. ബര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിയെടുക്കുന്ന ടിം വൈറ്റ് എന്ന നരവംശശാസ്ത്രജ്ഞന്‍ നയിച്ച സംഘമാണു് ആദ്യത്തെ ആര്‍ഡിപിത്തെക്കസ് രാമിഡസ് ഫോസില്‍ കണ്ടെത്തിയതു്.

ആര്‍ഡിപിത്തെക്കസും അല്ല ആധുനിക മനുഷ്യന്റെ മുതുമുത്തശ്ശി എന്നാണു് ഇസ്രയേലിലെ പുതിയ കണ്ടുപിടിത്തം സൂചിപ്പിക്കുന്നതു്. ഇസ്രയേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിനു് 12 കി.മീ. കിഴക്കുമാറിയാണു് ഇപ്പോഴത്തെ കണ്ടുപിടിത്തം നടന്ന കെസെം ഗുഹകള്‍. നാലു ലക്ഷം മുതല്‍ രണ്ടു ലക്ഷം വര്‍ഷം മുമ്പു വരെ ആദിമനുഷ്യര്‍ ജീവിച്ചിരുന്ന സ്ഥലമാണതു്. മനുഷ്യന്‍ പതിവായി തീ ഉപയോഗിച്ചിരുന്നതിനുള്ള ഏറ്റവും പഴയ സൂചനകളിലൊന്നു് ഇവിടെയുണ്ടു്. പുതിയ കണ്ടുപിടിത്തത്തോടെ ആ സ്ഥലത്തിനു് മനുഷ്യോല്പത്തി ഗവേഷണരംഗത്തു് വലിയ പ്രാധാന്യമാണു് വന്നിരിക്കുന്നതു്. ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ അവി ഗോഫര്‍ (Avi Go­pher) റാന്‍ ബര്‍ക്കായ് ()Ran Barkai) എന്നിവരാണു് കണ്ടുപിടിത്തം നടത്തിയതു്. എട്ടു് പല്ലുകളുടെ ഫോസിലാണു് അവര്‍ക്കു് ലഭിച്ചതു്. ഈ പല്ലുകള്‍ ആധുനിക മനുഷ്യന്റെ പല്ലുകളോടു് വളരെയധികം സാമ്യമുള്ളവയാണു് എന്നു് ഗവേഷകര്‍ പറഞ്ഞു. ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം പഴക്കമുള്ള ഇത്തരം പല്ലുകള്‍ ഇസ്രയേലിലെ മറ്റു ചിലയിടങ്ങളില്‍നിന്നും ലഭിച്ചിട്ടുണ്ടത്രെ.

കൂടുതല്‍ പഠനങ്ങള്‍ ഈ കണ്ടെത്തലിനെ ശരിവയ്ക്കുന്നതുവരെ നമുക്കിതു് യഥാര്‍ത്ഥമാണെന്നു് ഉറപ്പിക്കാനാവില്ല. ഈ കണ്ടുപിടിത്തം ശരിയാണെങ്കില്‍ ഒരുപക്ഷെ മനുഷ്യോല്‍പ്പത്തിയെക്കുറിച്ചു് നമുക്കുള്ള പല ധാരണകളും തിരുത്തേണ്ടി വരാം. ശാസ്ത്രം പുരോഗമിക്കുന്നതു് പലപ്പോഴും ഇത്തരം വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണെന്നു് ശാസ്ത്ര ചരിത്രകാരനും ചിന്തകനുമായ തോമസ് കൂണ്‍ (Thomas Kuhn) ചൂണ്ടിക്കാട്ടുന്നു. ഉദാഹരണമായി, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും സൃഷ്ടിച്ച വിപ്ലവമാണു് തുടര്‍ന്നുള്ള കാലങ്ങളിലെ പഠനങ്ങള്‍ക്കു് വഴിതെളിച്ചതു്.

ആദ്യം സൂചിപ്പിച്ച ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: "ഇതോടെ മനുഷ്യന്റെ ഉത്ഭവത്തിന്റെ വഴി വ്യക്തമായി എന്നു കരുതാനാവില്ല. എന്നെങ്കിലും പൂര്‍ണ്ണമായി മനസിലാകുമോ? പറയാനാവില്ല. കാലം കഴിയുംതോറും പുതിയ അറിവുകള്‍ ലഭിക്കാം. നമ്മുടെ ധാരണകള്‍ തിരുത്തിക്കുറിക്കേണ്ടി വരാം." ഇപ്പറഞ്ഞതു് ഇപ്പോള്‍, മാസങ്ങള്‍ക്കുള്ളില്‍, സാര്‍ത്ഥകമായിരിക്കുന്നു. പുതിയ കണ്ടെത്തലുകള്‍ ഇനിയുമുണ്ടാകാം. നമ്മുടെ ധാരണകള്‍ ഇനിയും മാറും. അങ്ങനെയാണു് ശാസ്ത്രം പുരോഗമിക്കുന്നതു്.

ജീവന്റെയോ മനുഷ്യന്റെയോ ഉത്ഭവത്തെപ്പറ്റി എന്നെങ്കിലും എല്ലാം അറിയാനാവുമോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഒരു യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍ ഭൌതികശാസ്ത്രം തീര്‍ന്നു, നമുക്കു് പ്രഞ്ചം മുഴുവനും മനസിലായിക്കഴിഞ്ഞു എന്നെല്ലാം പ്രഖ്യാപിക്കുകയും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൌതികശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടു് രണ്ടു പുതിയ സിദ്ധാന്തങ്ങള്‍ (ക്വാണ്ടം ബലതന്ത്രവും ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തവും) അവതരിക്കുകയും ചെയ്തതു് വലിയൊരു തമാശയായി കാണാം. എന്നാല്‍ അതൊരു തമാശ മാത്രമല്ല. മനുഷ്യനു് ശാസ്ത്രത്തിലൂടെ ഒരുപാടു് കാര്യങ്ങള്‍ നന്നായി മനസിലാക്കാനായിട്ടുണ്ടു് എന്ന വിശ്വാസം പലപ്പോഴും വഴിതെറ്റിക്കുന്നതാണു്. നമുക്കു് സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണ്ണമായിരിക്കാം നമ്മുടെ പ്രപഞ്ചവും മനുഷ്യ ശരീരവും മനുഷ്യ സമൂഹവും. ഇതെല്ലാം ഒരു ദിവസം പൂര്‍ണ്ണമായി മനസിലാക്കാനാവും എന്നു കരുതുന്നതു് ഭോഷ്ക്കല്ലേ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

ഭാവി മുന്‍കൂട്ടി കാണാനാവുമൊ?

"ഇന്നലെയോളവുമെന്തെന്നറിഞ്ഞീല, ഇനി നാളെയുമെന്തെന്നറിവീല" എന്നാണു് പൂന്താനം ജ്ഞാനപ്പാനയില്‍ പാടിയതു്. "നാളെ എന്തു സംഭവിക്കും എന്നറിഞ്ഞിരുന്നെങ്കില്‍" എന്നു് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഭാവിയെപ്പറ്റി അറിയാനുള്ള ആകാംക്ഷയല്ലേ നമ്മളെ ജോത്സ്യന്റെയും കൈനോട്ടക്കാരന്റെയും മറ്റും പക്കലേക്കു് കൊണ്ടുചെന്നെത്തിക്കുന്നതു്? ഭാവി അറിയാന്‍ കഴിയുമെന്നു് പറഞ്ഞവരെയെല്ലാം ശാസ്ത്രലോകം തട്ടിപ്പുകാരെന്നാണു് വിശേഷിപ്പിച്ചതു്. ചിലര്‍ അത്തരം അവകാശവാദങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചു. എങ്കിലും ആ അവകാശവാദങ്ങള്‍ക്കു് അനുകൂലമായി ശാസ്ത്രീയമായ തെളിവുകളൊന്നും കിട്ടിയില്ല. തെളിവു കിട്ടി എന്നു തോന്നിയപ്പോഴൊക്കെ ആ പഠനങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ പലര്‍ക്കും കഴിഞ്ഞു. ദുഖകരമായ എന്തെങ്കിലും സംഭവിച്ച ശേഷം "എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു് തോന്നിയിരുന്നു" എന്നു് ചിലപ്പോഴെങ്കിലും പറഞ്ഞുകേള്‍ക്കാറില്ലേ? ഇതെല്ലാം വെറും തോന്നലാണു് എന്നു് ശാസ്ത്രജ്ഞരും യുക്തിവാദികളും പറയാറുണ്ടു്. മറിച്ചു് ഇതൊക്കെ യഥാര്‍ത്ഥമാണു് എന്നു് വാദിക്കുന്നവരുമുണ്ടു്. ഇവിടെ യുക്തിപരമായ ഒരു തീരുമാനത്തിലെത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടു്. അതുകൊണ്ടുതന്നെ അതു് വ്യക്തിപരമായ വിശ്വാസമായി മാത്രം നിലനില്‍ക്കുകയാണു്.

എന്നാല്‍ ഇന്നിപ്പോള്‍ വളരെ ശാസ്ത്രീയമായി നടത്തിയ ഒരു പഠനം ആ ദിശയിലേക്കു് വെളിച്ചം വീശാന്‍ ശ്രമിക്കുന്നു. വിശേഷിച്ചു് കഴിവുകളൊന്നും അവകാശപ്പെടാത്ത സാധാരണ മനുഷ്യര്‍ക്കു് സംഭവിക്കാന്‍ പോകുന്ന കാര്യം മുന്‍കൂട്ടി കാണാനോ നടക്കാനിരിക്കുന്ന കാര്യത്തെ മനസുകൊണ്ടു് സ്വാധീനിക്കാനോ കഴിയും എന്നാണു് ഈ പഠനം സൂചിപ്പിക്കുന്നതു്. അമേരിക്കന്‍ സൈക്കളോജിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന വ്യക്തിത്വത്തിന്റെയും സാമൂഹ്യമനശ്ശാസ്ത്രത്തിന്റെയും ജേര്‍ണലിലാണു് (Journal of Personality and Social Psychology) ഈ റിപ്പോര്‍ട്ടു് പ്രസിദ്ധീകരണത്തിനു് തയാറാകുന്നതു്. അമേരിക്കയിലെ കോര്‍ണല്‍ സര്‍വ്വകലാശാലയിലെ ഡാരില്‍ ബെം (Daryl J. Bem) ആണു് പഠനം നടത്തിയതു്.

പാരസൈക്കോളജി \eng(Parapsychology) \mal എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പഠനശാഖയാണു് നടക്കാനിരിക്കുന്നതു് മുന്‍കൂട്ടി കാണുക, ക്ലോക്കിന്റെ ആടുന്ന പെന്‍ഡുലം അതില്‍ സ്പര്‍ശിക്കാതെ നിര്‍ത്തുക തുടങ്ങിയ ശേഷികളെപ്പറ്റി പഠനങ്ങള്‍ നടത്തിവന്നതു്. അത്തരം ശേഷികളുണ്ടെന്നു് അവകാശപ്പെടുന്ന ചിലരിലാണു് പ്രധാനമായും പഠനങ്ങള്‍ നടത്തിയിരുന്നതു്. പ്രധാന ശാസ്ത്രശാഖകളില്‍ പ്രവൃത്തി എടുക്കുന്നവര്‍ ഇത്തരം അവകാശവാദങ്ങള്‍ പുച്ഛിച്ചു് തള്ളുകയായിരുന്നു ചെയ്തിരുന്നതു്. ഇത്തരം ശേഷികള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ ചില സൂത്രങ്ങള്‍ ഉപയോഗിച്ചാണു് ഇതു് ചെയ്യുന്നതു് എന്ന വിശ്വാസം ഗവേഷകരുടെ ഇടയിലുണ്ടു്. അതിനാല്‍ അത്തരം "ശേഷി"കള്‍ പ്രദര്‍ശിപ്പിക്കുന്ന ജാലവിദ്യക്കാരുടെ സഹായത്തോടെയാണു് പലപ്പോഴും പഠനങ്ങള്‍ നടത്തിയതു്. അവയിലൊന്നും ശേഷികള്‍ ഉണ്ടെന്നു് അവകാശപ്പെട്ടവര്‍ക്കു് അവ പ്രദര്‍ശിപ്പിക്കാനായില്ല. ഇങ്ങനെ പരാജിതരായവരില്‍ ഒരുപക്ഷെ ഏറ്റവും പ്രശസ്തന്‍ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന യൂറി ജെല്ലര്‍ എന്ന വിരമിച്ച ഇസ്രയേലി പട്ടാള ഉദ്യോഗസ്ഥനായീരിക്കാം. പരീക്ഷണസ്ഥലത്തു് അനുകൂലമായ മാനസിക പരിസ്ഥിതി ഇല്ലാത്തതാണു് ഇത്തരം പരീക്ഷണങ്ങളില്‍ തങ്ങള്‍ പരാജയപ്പെടുന്നതിനു് കാരണം എന്നാണു് ഇന്ദ്രിയാതീതമായ കഴിവുകളുണ്ടെന്നു് അവകാശപ്പെടുന്നവരും അവരെ അനുകൂലിക്കുന്നവരും വാദിക്കുന്നതു്.

ദൂരെയുള്ള ഒരാളിന്റെ മനസിലുള്ള അറിവു് പ്രകടമായ ആശയവിനിമയ മാര്‍ഗ്ഗങ്ങളുടെ സഹായമില്ലാതെ നേടിയെടുക്കുക (ടെലിപ്പതി, telepathy), ദൂരെയിരിക്കുന്ന ഒരു വസ്തുവിനെയോ സംഭവത്തെയോ കുറിച്ചു് അറിയുക (ക്ലെയര്‍വോയന്‍സ് , clairvoyance), ചിന്തയുടെ മാത്രം സഹായത്തോടെ ഒരു വസ്തുവിനെയോ ഒരു പ്രക്രിയയെയോ സ്വാധീനിക്കുക (സൈക്കോകിനെസിസ് psychokinesis), സംഭവിക്കാനിരിക്കുന്നതു് മുന്‍കൂട്ടി അറിയുക (പ്രികൊഗ്നിഷന്‍ precognition), എന്നിവ പലരും അവകാശപ്പെട്ടിരുന്ന ഇന്ദ്രിയാതീതമായ കഴിവുകളാണു്. ഇവയില്‍ ഒടുവിലത്തെ ശേഷിയാണു് മേല്പറഞ്ഞ പരീക്ഷണത്തില്‍ പഠനവിധേയമാക്കിയതു്.

കുറെ ചിത്രങ്ങള്‍ കാണിക്കുകയും ഇനി വരാന്‍ പോകുന്നതു് ഏതുതരം ചിത്രമാണു് എന്നു് ഊഹിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരുന്നു പരീക്ഷണം. എന്നാല്‍ അത്ര ലളിതമായിട്ടല്ല പരീക്ഷണം ഒരുക്കിയതു്. പരീക്ഷണത്തിനു് തയാറായിവന്ന ഓരോരുത്തരും ഒരു കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ മുന്നിലിരിക്കുന്നു. സ്ക്രീനില്‍ രണ്ടു സ്റ്റേജുകള്‍ കാണാം. രണ്ടും കര്‍ട്ടനുകള്‍ കൊണ്ടു് മൂടിയിരിക്കുന്നു. അവയില്‍ ഒരു സ്റ്റേജ് തിരഞ്ഞെടുക്കണം. അതില്‍ ഒരു ചിത്രം തെളിയുകയോ തെളിയാതിരിക്കുകയോ ചെയ്യാം. ചിത്രം ഏതു് സ്റ്റേജില്‍ വരണമെന്നും എന്തു് ചിത്രമാണു് വരേണ്ടതെന്നും തീരുമാനിക്കുന്നതു് കമ്പ്യൂട്ടറാണു്. ചിത്രം വരികയാണെങ്കില്‍ അതു് ഒരു സാധാരണ ചിത്രമാകാം -- വിശേഷിച്ചു് പ്രത്യേകത ഒന്നുമില്ലാത്തതു്. അല്ലെങ്കില്‍ പരീക്ഷണവിധേയനായ വ്യക്തിയ്ക്കു് കാണാന്‍ താല്പര്യമുള്ള, ഉത്തേജനം നല്‍കുന്ന ചിത്രമാകാം. ഇതിനായി തിരഞ്ഞെടുത്തതു് ലൈംഗികമായ രംഗങ്ങളാണു്. അത്തരം ചിത്രങ്ങള്‍ കാണുന്നതില്‍ വിരോധമില്ല എന്നു് പറഞ്ഞവരെ മാത്രമാണു് പരീക്ഷണത്തില്‍ പങ്കെടുപ്പിച്ചതു്. സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്നു പരീക്ഷണവിധേയരായതു്. ഏതു് സ്റ്റേജിലാണോ ചിത്രം വരുക അതില്‍ ക്ലിക്കു് ചെയ്യുകയാണു് ഓരോ വ്യക്തിയും ചെയ്യേണ്ടതു്. 50 സ്ത്രീകളും 50 പുരുഷന്മാരുമാണു് പരീക്ഷണത്തില്‍ പങ്കെടുത്തതു്.

രണ്ടു സ്റ്റേജുകള്‍ സ്ക്രീനില്‍ കാണുന്നതിനാല്‍ അതില്‍ ഒരെണ്ണം തിരഞ്ഞെടുക്കുന്നതു് തെറ്റോ ശരിയോ ആകാം. ശരിയാകാനുള്ള സാദ്ധ്യത സ്വാഭാവികമായും 50 ശതമാനമാണു്. പരീക്ഷണഫലം പരിശോധിച്ചപ്പോള്‍ ഗവേഷകര്‍ കണ്ടതു് രസകരമായ കാര്യമാണു്. സാധാരണ ചിത്രങ്ങള്‍ ഏതു് സ്റ്റേജിലാണു് വരുന്നതു് എന്നു് എല്ലാവരും പ്രവചിച്ചതു് ഏതാണു് ഒരുപോലെയാണു് -- 50 ശതമാനത്തോളം ശരിയായി. എന്നാല്‍ ഉത്തേജനം നല്‍കുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ 50 ശതമാനത്തെക്കാള്‍ അല്പം കൂടുതല്‍ ശരിയായിരുന്നു. അതായതു് അത്തരം ചിത്രങ്ങള്‍ ഏതു് സ്റ്റേജിലാണു് വരാന്‍ പോകുന്നതു് എന്നു് മുന്‍കൂട്ടി കാണാന്‍ അവര്‍ക്കു് കൂടുതല്‍ തവണ സാദ്ധ്യമായി. ലഭിച്ച വിവരങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തപ്പോള്‍ ഈ വ്യത്യാസം ചെറുതെങ്കിലും വളരെ അര്‍ത്ഥവത്താണു് എന്നാണു് ഗവേഷകര്‍ മനസിലാക്കിയതു്. ഇവിടെ ഒരു പ്രത്യേകത ഉള്ളതു് ഓരോ വ്യക്തിയും സ്റ്റേജ് തിരഞ്ഞെടുത്തതിനു് ശേഷമാണു് പ്രദര്‍ശിപ്പിക്കേണ്ട ചിത്രം കമ്പ്യൂട്ടര്‍ തിരഞ്ഞെടുത്തതു് എന്നുള്ളതാണു്. അതായതു് സംഭവിക്കാന്‍ പോകുന്നതു് പരീക്ഷണവിധേയനായ വ്യക്തി പ്രവചിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഏതു് ചിത്രമാണു് പ്രദര്‍ശിപ്പിക്കേണ്ടതു് എന്നതും ഏതു് സ്റ്റേജിലാണു് കാണിക്കേണ്ടതു് എന്നതും തിരഞ്ഞെടുക്കാന്‍ കമ്പ്യൂട്ടറില്‍ പ്രത്യേക പ്രോഗ്രാം തയാറാക്കിയിരുന്നു. തികച്ചും ക്രമരഹിതമായി ചിത്രങ്ങള്‍ വരത്തക്ക വിധമാണു് അതു് ചെയ്തിരുന്നതു്. എന്നുതന്നെയല്ല ഏറ്റവും കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കു് അനുസൃതമായി തന്നെയാണു് അതു് ചെയ്തിരുന്നതു്. പഠനഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഉപയോഗിച്ച സങ്കേതങ്ങളും ഏറ്റവും കര്‍ശനമായവയായിരുന്നു. ഈവക കാരണങ്ങളാല്‍ ഈ പഠനത്തില്‍ കാര്യമായ പോരായ്മകള്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പഠനം നടത്തിയതു് മനശ്ശാസ്ത്രത്തില്‍‌ കാര്യമായ സംഭാവനകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണു് എന്നുള്ളതു് പഠനത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടു്. എങ്കിലും പഠനം സൂചിപ്പിക്കുന്ന കാര്യം, അതായതു് നടക്കാനിരിക്കുന്നതു് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞേക്കും എന്നതു്, അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ആയിട്ടില്ല. ഇത്തരം പഠനങ്ങള്‍ ഇനിയും നടക്കുകയും ആ പഠനങ്ങളുടെ ഫലങ്ങള്‍ ഈ കണ്ടെത്തലിനു് അനുകൂലമായി വരുകയും ചെയ്താല്‍ മാത്രമെ ശാസ്ത്രലോകം ഇക്കാര്യം അംഗീകരിച്ചു തുടങ്ങൂ.

മനുഷ്യനു് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അനേകം കാര്യങ്ങള്‍ പ്രപഞ്ചത്തിലുണ്ടാകാം. നമ്മുടെ സാധാരണ ജീവിതത്തില്‍ തീരെ കാണാത്ത പലതും ഉണ്ടാകാം. എന്നാല്‍ വല്ലപ്പോഴും ഒരിക്കല്‍ തീരെ പരിചിതമല്ലാത്ത അനുഭവം നമുക്കു് ഉണ്ടായി എന്നും വരാം. അസാധാരണമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ അസാധാരണമായ തെളിവുകള്‍ വേണം എന്നു് ശാസ്ത്രലോകം പറയുന്നതു് ശരിതന്നെയാണു്. എന്നാല്‍ നമുക്കു് ഇന്നറിയാവുന്ന ശാസ്ത്രത്തിനു് അതീതമായി ഒന്നുമില്ല എന്നു് മുന്‍കൂട്ടി ഉറപ്പിക്കുന്നതു് ശരിയല്ല. ഇന്നത്തെ ശാസ്ത്രത്തിനു് അപ്പുറം ഒന്നുമില്ല എന്നു് തീരുമാനിക്കുന്നതു് ശാസ്ത്രപുരോഗതിക്കുതന്നെ വിരുദ്ധമാണല്ലോ. എന്നാല്‍ ശാസ്ത്രഗവേഷകര്‍ തന്നെ ചിലപ്പോള്‍ അത്തരത്തില്‍ സംസാരിക്കുന്നതു് കേള്‍ക്കാം. ശാസ്ത്രീയമായ കാഴ്ചപ്പാടല്ല അതു് എന്നു് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ പഠനങ്ങള്‍ മുകളില്‍ വിശദീകരിച്ച കണ്ടെത്തല്‍ ശരിവയ്ക്കുകയാണെങ്കില്‍ അതു് മനശ്ശാസ്ത്രത്തില്‍ മാത്രമല്ല നമ്മുടെ ജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ക്കു് കാരണമാകും എന്നതിനു് സംശയമില്ല.

ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

കാലാവസ്ഥയെ നിയന്ത്രിക്കാം

(തേജസ് പത്രത്തിനു വേണ്ടി എഴുകിയ ലേഖനം)

ചൈനയിലെ ഗ്യാന്‍ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിസിന്റെ ഉത്ഘാടന ചടങ്ങിനെയും സമാപന ചടങ്ങിനെയും മഴ ഉപദ്രവിക്കാതിരിക്കാനായി വിമാനങ്ങളും റോക്കറ്റുകളും തയാറാക്കി നിര്‍ത്തിയിരിക്കുന്നു. മഴ വരുന്ന വിവരം മുന്‍കൂട്ടി അറിയാനായി റഡാറുകള്‍ സജീകരിച്ചിരിക്കുന്നു. കേട്ടാല്‍ യുദ്ധത്തിനു് തയാറെടുക്കുന്ന പ്രതീതി. മേഘങ്ങളെ തുരത്തിയോടിക്കാനാണു് വിമാനങ്ങളും റോക്കറ്റുകളും എന്നാണു് ചില മാധ്യമങ്ങള്‍ പറയുന്നതു്. 2008ലെ ബെയ്ജിങ്ങ് ഒളിംപിക്സ് സമയത്തും ചൈന ഇത്തരം ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. എന്താണു് സംഭവിക്കുന്നതു്? ശത്രുവിമാനങ്ങളെ തുരത്തി ഓടിക്കുന്നതുപോലെ മേഘങ്ങളെയും ഓടിക്കാനാകുമോ? ഇതിന്റെ പിന്നിലുള്ള ശാസ്ത്രമെന്താണെന്നു് നമുക്കു് പരിശോധിക്കാം.

മേഘങ്ങളും മഴയും ഉണ്ടാകുന്നതെങ്ങിനെയാണെന്നു് മനസിലാക്കിയാലേ മേഘങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും മഴ ഇല്ലാതാക്കുകയും മറ്റും ചെയ്യുന്നതെങ്ങിനെ എന്നു് വ്യക്തമാകൂ. ഭൂമിയുടെ ഉപരിതലത്തോടു് ഏറ്റവും ചേര്‍ന്നുകിടക്കുന്ന അന്തരീക്ഷത്തിന്റെ ഭൂസ്പര്‍ശമണ്ഡലം, അഥവാ ട്രോപോസ്ഫിയര്‍, എന്ന പാളിയിലാണു് കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങള്‍ നടക്കുന്നതു്. അന്തരീക്ഷത്തില്‍ മുകളിലേക്കു് പോകംതോറും ചൂടു് കുറഞ്ഞുവരുമെന്നു് അറിയാമല്ലോ. അതുകൊണ്ടാണല്ലോ മൂന്നാറും വയനാടും ഊട്ടിയും പോലെയുള്ള സ്ഥലങ്ങളില്‍ എല്ലാക്കാലത്തും തണുപ്പുള്ളതു്. ഭൂമിയുടെ ഉപരിതലം സൂര്യപ്രകാശമേറ്റു് ചൂടാകുമ്പോള്‍ അതിനോടു് ചേര്‍ന്നുകിടക്കുന്ന വായുവും ചൂടാകുന്നു. ചൂടാകുന്ന വായു മുകളിലേക്കുയരുമല്ലോ. പക്ഷെ മുകളിലേക്കുയരുമ്പോള്‍ അതു് തണുക്കും. ഈ വായുവില്‍ ധാരാളം ഈര്‍പ്പം (നീരാവി) ഉണ്ടെങ്കില്‍ വായു തണുക്കുമ്പോള്‍ നീരാവി ജലകണങ്ങളായി മാറിത്തുടങ്ങും. പക്ഷെ ജലകണങ്ങള്‍ ഉണ്ടായിത്തുടങ്ങാന്‍ ചെറിയ തരികളുടെ സാന്നിദ്ധ്യം ആവശ്യമാണു്. ചിലതരം പൊടികളും കടലില്‍നിന്നുയരുന്ന ഉപ്പുതരികളും ഒക്കെ ഇതിനു് ഉതകുന്നവയാണു്. ഇത്തരം തരികള്‍ സാധാരണഗതിയില്‍ അന്തരീക്ഷത്തില്‍ ഉണ്ടായിരിക്കും. ഇവയില്‍ നീരാവി തണുത്തുറഞ്ഞാണു് മേഘങ്ങളുണ്ടാകുന്നതു്.

മേഘങ്ങളെല്ലാം മഴ തരില്ലല്ലോ. ചില മേഘങ്ങളില്‍നിന്നു മാത്രമെ മഴ പെയ്യൂ. മേഘത്തിലെ ജലകണങ്ങള്‍ വളരെ ചെറുതാണു്. അവ അപ്പൂപ്പന്‍താടികളെപ്പോലെ കാറ്റില്‍ പറന്നുനടക്കുകയേയുള്ളൂ. അവ കൂടിച്ചേര്‍ന്നോ നീരാവി വലിച്ചെടുത്തോ വളര്‍ന്നു് വലുതാകുമ്പോള്‍ വായുവില്‍ തങ്ങി നില്‍ക്കാനാവാതെ താഴോട്ടു് നീങ്ങാന്‍ തുടങ്ങും. താഴോട്ടു് നീങ്ങുമ്പോള്‍ മറ്റു ചെറിയ തുള്ളികളുമായി കൂടിച്ചേര്‍ന്നു് വലുതാകാന്‍ സാദ്ധ്യതയുണ്ടു്. മറിച്ചു്, വായുവില്‍ ഈര്‍പ്പം കുറവാണെങ്കില്‍ വറ്റിപ്പോകാനും ഇടയുണ്ടു്. എന്തു് സംഭവിക്കുന്നു എന്നുള്ളതു് സാഹചര്യത്തെ ആശ്രയിച്ചിരിക്കും. സാഹചര്യം അനുയാജ്യമാണെങ്കില്‍ തുള്ളികള്‍ വളരുകയും മഴയായി താഴെ എത്തുകയും ചെയ്യും.

മഴയുണ്ടാകുന്നതിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ടു്. വായുവില്‍ ആവശ്യത്തിനു് ഈര്‍പ്പമുണ്ടായിരിക്കണം. എങ്കിലേ ധാരാളം മഴത്തുള്ളികളുണ്ടാകൂ. ജലത്തിനു് ഘനീഭവിച്ചുതുടങ്ങാനായി അനുയോജ്യമായ തരികളുണ്ടാകണം. ഇവ രണ്ടു തരത്തിലുള്ളവയാകാം. ചില തരം തരികള്‍ നീരാവി ഘരരൂപത്തില്‍, അതായതു് ഐസ്, ആയി തീരാന്‍ സഹായിക്കുന്നു. അതു സംഭവിക്കാന്‍ താപനില പൂജ്യം ഡിഗ്രിയില്‍ താഴെ ആയിരിക്കണം. പല മേഘങ്ങളും ഒരു ഉയരത്തിനപ്പുറത്തു് പൂജ്യം ഡിഗ്രിയില്‍ താഴെ ആയിരിക്കും. എന്നാല്‍ അങ്ങനെ അല്ലാത്ത മേഘങ്ങളുമുണ്ടു്. അത്തരം മേഘങ്ങളുണ്ടാകുന്നതു് നീരാവി തണുത്തു് ജലകണങ്ങളാകാന്‍ സഹായിക്കുന്ന തരികള്‍ ഉള്ളപ്പോഴാണു്. രണ്ടായാലും തരികളുടെ എണ്ണം തീരെ കുറവാണെങ്കില്‍ ആവശ്യത്തിനു് മഴത്തുള്ളികളുണ്ടാവാതിരിക്കുകയും വായുവിലെ ഈര്‍പ്പത്തില്‍ കുറെ ഭാഗം മഴയായി തീരാതിരിക്കുകയും ചെയ്യാം. "അധികമായാല്‍ അമൃതും വിഷം" എന്നപോലെ തരികള്‍ കൂടുതലായാലും പ്രശ്നമാകും. അപ്പോള്‍ ഉള്ള ഈര്‍പ്പം അനേകം തുള്ളികളായി തീരുകയും ഒരു തുള്ളിയും വേണ്ടത്ര വലുപ്പം വയ്ക്കാതിരിക്കുകയുമാവാം.

ഇവിടെയാണു് നമുക്കു് മേഘങ്ങളെ മാറ്റിയെടുക്കാനുള്ള അവസരം ലഭിക്കുന്നതു്. ആവശ്യത്തിനു് തരികളില്ലാത്തതിനാല്‍ മഴയുണ്ടാകാത്ത മേഘങ്ങള്‍ക്കു് തരികള്‍ കൊടുക്കാം. ഇതിനു് സാധാരണയായി ഉപയോഗിക്കുന്നതു് ഉപ്പോ സില്‍വര്‍ അയഡൈഡ് എന്ന രാസവസ്തുവോ ആണു്. വളരെ നേര്‍ത്ത പൊടിയായിട്ടാണു് ഇതു് മേഘത്തില്‍ വിതറുന്നതു്. നീരാവി ധാരാളമുള്ള മേഘത്തില്‍ പൂജ്യം ഡിഗ്രിയില്‍ താഴെ താപനിലയുള്ള ഭാഗത്തു് വേണം ഇതു് വിതറാന്‍. ഈ വസ്തുക്കളുടെ ക്രിസ്റ്റല്‍ ഘടന ഐസിന്റേതിനോടു് സാമ്യമുള്ളതായതുകൊണ്ടു് നീരാവി ഇതില്‍ എളുപ്പത്തില്‍ ഉറഞ്ഞുകൂടി ഐസായിത്തീരുന്നു. വിമാനത്തില്‍ കൊണ്ടുപോയി മേഘത്തിന്റെ അനുയോജ്യമായ ഭാഗത്തു് വിതറുകയാണു് പിന്‍തുടര്‍ന്നുവന്ന രീതി. എന്നാല്‍ റോക്കറ്റുപയോഗിച്ചു് രാസവസ്തുക്കള്‍ മേഘത്തില്‍ വിതറാനുള്ള വിദ്യ ചൈനയില്‍ വികസിപ്പിച്ചെടുത്ത ശേഷം പലയിടങ്ങളിലും അങ്ങനെയും ചെയ്യുന്നുണ്ടു്.

ഖരരൂപത്തിലുള്ള കാര്‍ബണ്‍ ഡയോക്സൈഡാണു് ഉപയോഗിക്കപ്പെടുന്ന മറ്റൊരു വസ്തു. പൂജ്യത്തെക്കാള്‍ ഏതാണ്ടു് 80 ഡിഗ്രി താഴെയാണു് ഇതിന്റെ താപനില. അതുകൊണ്ടു് തണുപ്പിച്ചുവയ്ക്കാന്‍ പ്രത്യേകം സംവിധാനങ്ങളുള്ള വിമാനത്തില്‍ വേണം ഇതു് കൊണ്ടുപോയി വിതറാന്‍. ഇതു് വീഴുന്ന ഭാഗം പെട്ടെന്നു് വളരെയധികം തണുക്കുന്നതുകൊണ്ടു് അവിടെ നീരാവി നേരെ ഐസ് കണങ്ങളായി രൂപാന്തരപ്പെടുന്നു. ഇതൊക്കെ ചെയ്താലും കൂടുതല്‍ മഴ ലഭിന്നുണ്ടോ, മഴ എത്രമാത്രം വര്‍ദ്ധിക്കുന്നുണ്ടു് എന്നൊക്കെ കൃത്യമായി മനസിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇനി ചൈനയില്‍ ചെയ്യുന്നതും മുമ്പൊരിക്കല്‍ റഷ്യയില്‍ ലോകനേതാക്കളുടെ ഒരു സമ്മേളനത്തിനുവേണ്ടി ഒരുക്കിവച്ചതും പോലെ മഴക്കാര്‍ ഇല്ലാതാക്കുകയാണു് വേണ്ടതെങ്കില്‍ എഴുപ്പമാണു്. മഴക്കാര്‍ പെയ്യണമെങ്കില്‍ മേഘത്തിലെ ജലകണങ്ങളില്‍ കുറെയെണ്ണം വലുതാവണം എന്നു പറഞ്ഞല്ലോ. അതുണ്ടാവാതിരിക്കണമെങ്കില്‍ ഉള്ള നീരാവി അനേകം തുള്ളികളായി തീര്‍ന്നാല്‍ മതി. അപ്പോള്‍ വലുപ്പമുള്ള തുള്ളികള്‍ ഉണ്ടാവില്ല. തുള്ളികളുടെ എണ്ണം വര്‍ദ്ധിക്കണമെങ്കില്‍ നീരാവി ഉറഞ്ഞുകൂടാന്‍ സഹായിക്കുന്ന തരികളുടെ എണ്ണവും കൂടണം. അതിനായി നമ്മള്‍ മേഘത്തില്‍ ധാരാളം തരികള്‍ വിതറുന്നു. അപ്പോള്‍ മേഘത്തിലുള്ള നീരാവി അനേകം തരികളിലായി ഉറഞ്ഞുകൂടുകയും ഒരു തുള്ളിയും വലുതാകാതിരിക്കുകയും ചെയ്യും. വളരെ ചെറിയ തുള്ളികള്‍ക്ക് അധികസമയം അങ്ങനെ നിലനില്‍ക്കാനാവില്ല. അവ എളുപ്പത്തില്‍ വറ്റിപ്പോകും. അതായതു് മേഘം തന്നെ ഇല്ലാതാകും. ഇതാണു് മഴ ഇല്ലാതാക്കുന്ന വിദ്യ.

പൊതുവായി പറഞ്ഞാല്‍ മഴ പെയ്യിക്കുന്നതിനേക്കാള്‍ ഉറപ്പോടെ മഴ ഇല്ലാതാക്കം എന്നു പറയാം. കാരണം മഴ പെയ്യണമെങ്കില്‍ വളരെ കൃത്യമായ സാഹചര്യങ്ങള്‍ ഉണ്ടാവണം. എന്നാല്‍ പെയ്യാനിടയുള്ള മേഘത്തെ ഇല്ലാതാക്കണമെങ്കില്‍ ആ സാഹചര്യം ഒഴിവാക്കിയാല്‍ മതി. അതു് താരതമ്യേന എളുപ്പമാകുമല്ലോ.

കേരളത്തിലും മറ്റുചില സംസ്ഥാനങ്ങളിലും മഴ വേണ്ടത്ര ലഭിക്കാത്ത സമയങ്ങളില്‍ കൃത്രിമമായി മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടു്. അവ എത്രമാത്രം ഫലപ്രദമായിട്ടുണ്ടു് എന്നു് നിശ്ചയമില്ല. ചില സ്വകാര്യ കമ്പനികള്‍ അമേരിക്കന്‍ കമ്പനികളുമായി ചേര്‍ന്നാണു് ഈ പരിപാടികള്‍ നടത്തുന്നതു് എന്നാണു് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതു്. ഇവ എത്രമാത്രം ഫലപ്രദമാകുന്നുണ്ടു് എന്നു് മനസിലാക്കാനുള്ള ശാസ്ത്രീയ വൈദഗ്ദ്ധ്യം നമുക്കുണ്ടായിട്ടില്ല -- വൈദഗ്ദ്ധ്യം നേടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും.

എന്നാല്‍ കേരളത്തിലും മറ്റുചിലയിടങ്ങളിലും സാധാരണയില്‍ കവിഞ്ഞ മഴ ഉണ്ടാകുകയും തത്ഫലമായി വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യുക പതിവായിട്ടുണ്ടു്. അതുകൊണ്ടു് മഴ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍, അവ കൂടുതല്‍ ഫലപ്രദമാണെന്നുള്ള നിലയ്ക്കു്, തുടങ്ങാവുന്നതാണു്. എന്തുകൊണ്ടോ ആ വഴിക്കു് ആരും ചിന്തിച്ചിട്ടില്ല എന്നു തോന്നുന്നു.

ദിനാവസ്ഥയില്‍ (weather) മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ മറ്റെന്തു മാറ്റങ്ങളുണ്ടാക്കുന്നുണ്ടു് എന്നു നമുക്കു് അറിയില്ല. ഉദാഹരണമായി, ഒരു ഭാഗത്തു് കൂടുതല്‍ മഴ പെയ്യിച്ചാല്‍ മറ്റൊരു ഭാഗത്തു് മഴ കുറയുമോ? മറിച്ചു് ഒരു ഭാഗത്തു് മഴ ഇല്ലാതാക്കിയാല്‍ മറ്റൊരു ഭാഗത്തു് മഴ അധികമാകുമോ? അതോ മറ്റെന്തെങ്കിലും മാറ്റം കാലാവസ്ഥയിലുണ്ടാകുമോ? ഇതൊന്നും മനസിലാക്കാതെ നമ്മള്‍ അന്തരീക്ഷത്തിലെ പ്രക്രിയകളില്‍ ഇടപെടുന്നതു് ശരിയാണോ? നമ്മള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ വരുത്തിവയ്ക്കുകയാവുമോ ചെയ്യുക?

വരള്‍ച്ചയായാലും വെള്ളപ്പൊക്കമായാലും ഇന്നത്തെ പല പ്രശ്നങ്ങള്‍ക്കും ഉത്തരവാദികള്‍ നമ്മള്‍തന്നെയാണു്. ആ പ്രശ്നങ്ങള്‍ക്കു് പരിഹാരം കാണാന്‍ നമുക്കു് മറ്റു മാര്‍ഗങ്ങളുണ്ടു്താനും. ആ നിലയ്ക്കു് പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുന്നതല്ലേ നല്ലതു്?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Tuesday, April 12, 2011

Some thoughts on ICT and Education

These are just some thoughts that came to my mind on reading the new draft policy on ICT and Education of the Government of India.

1. Our education system attempts to provide the same kind of education throughout the country through institutions such as the CBSE and ICSE, while, in the states, every child studies the same material irrespective of his/her immediate society. Thus, a tribal child studies the same things as the urban child and a fisherman's child. While this is certainly desirable to a certain extent, the child acquires few skills needed to live in its surroundings and can get easily alienated from its immediate society. In fact, the curricula is biased towards the needs of the urban child, thus even alienating the rural child from the school curriculum. This is an issue that has occasionally been discussed by our education experts. To an extent, it has been rather difficult to tailor the curriculum to suit the needs of the children in different parts of the country.

Now ICT provides a means of providing appropriate curricula to children in each corner of the country. While there has to be a common curriculum for the entire country, a part can be common just to each state and another part can be customised for each part of the state. For example, while there can be a common curriculum in, say, English, Science and Mathematics for the whole country, the local language varies from state to state, history should have a certain amount of local content (say, 20%), and there can be some material of local relevance in each region (say, 5% overall) apart from history that may be decided in consultation with local people. With ICT, it is possible to plan, create and deliver such diverse curricula and evaluate the students on their achievements too without much difficulty. The national policy should have such goals as its ultimate targets.

2. Any education system is naturally aimed at the average student. As a result, students who have much lower learning abilities and those who are exceptionally brilliant suffer. Students who find it difficult to cope with the curriculum are often helped by providing separate, and sometimes personalised, tuitions. But exceptionally bright students often suffer boredom, eventually lose interest in studies and perform badly in their examinations. This is particularly sad because society loses its brightest brains. Perhaps, this is one of the reasons for India not producing as many outstanding scholars and innovators as it should have considering the high number of scientists and researchers it is producing.

Here again, ICT can provide a way out by offering students opportunities to explore the subjects beyond what their curricula demand, thus satisfying the needs of the exceptionally bright children. By providing a way for them to satisfy their curiosity and explore avenues for knowledge beyond their text books, their minds are kept busy and free of ennui, and they feel a sense of achievement that could drive them to achieve more. With the help of ICT, all this can be done and even the evaluation process can be personalised, providing a "flat" playing ground for all students and making them most useful for society.

3. Another area where ICT should be roped in is in helping children with learning and physical disabilities. Conditions like Dyslexia and Autism are supposed to affect 5 to 10 percent of children in any population. As a nation, we have not been paying much attention to the needs of such children. ICT can be of help in the education of such children. Interestingly, there are people in India who have been working to develop this technology for the education of people with such disabilities. A large fraction of our people, including school teachers, is still unaware of such conditions and tend to punish the children for not performing well. This is a tragedy. They are individuals who can contribute much to society, as much or more than other "normal" individuals. It is time for the Government of India, and the governments in the states, to start paying attention to such issues, educating teachers and parents about learning disabilities and educating them on how to handle such children.

Similarly, ICT can help children with physical disabilities (including blindness and malformed or absence of hands) to lead a more normal life and learn like other students. Again, pieces of Free Software such as Orca (screen reader) are extremely useful not only because they are available free of cost but also they allow us to customise them for the number of different languages and dialects in the country. The proprietary equivalents are not only extremely expensive but also do not allow customisation for our languages. It is time that the Ministry for Human Resource Development looked into these matters and adopted a policy that will be of relevance to them.

Tuesday, December 28, 2010

വേരറ്റുപോകുന്ന സസ്യങ്ങള്‍

(തേജസ് പത്രത്തില്‍ ഒക്ടോബര്‍ 2010 ല്‍ പ്രസിദ്ധീകരിച്ച ലേഖനം.)

ലോകത്തെ സസ്യങ്ങളില്‍ ഇരുപതു് ശതമാനത്തിലധികം വംശനാശം നേരിടുന്നു എന്നു് ഒരു പഠനം വ്യക്തമാക്കിയിരിക്കുന്നു. ലണ്ടനിലെ ക്യൂ (Kew) എന്ന സ്ഥലത്തുള്ള റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ നേതൃത്വം നല്‍കിയ ഈ പഠനത്തില്‍ ലണ്ടനിലെ നാച്ചുറല്‍ ഹിസറ്ററി മ്യൂസിയവും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും (International Union for the Conservation of Nature, IUCN) പങ്കെടുത്തിരുന്നു.

പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പല ജന്തുക്കളും സസ്യങ്ങളും വംശനാശത്തിനു് വിധേയമായിട്ടുണ്ടു്. പരിണാമത്തിന്റെ ഫലമായി സ്വാഭാവികമായി ഉണ്ടായതും ചിലപ്പോഴൊക്കെ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളുടെ ഫലമായി ഉണ്ടായതുമാണു് ഈ വംശനാശം. ഭൂമിയില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്ന സസ്യങ്ങളും ജന്തുക്കളും ചേര്‍ത്തുവച്ചാല്‍ അതിന്റെ ഏതാണ്ടു് 99 ശതമാനവും ഇല്ലാതായിട്ടുണ്ടു് എന്നു് കണക്കാക്കപ്പെടുന്നു. ഇങ്ങനെ വംശനാശം നേരിട്ട മൃഗങ്ങളില്‍ ഒരുപക്ഷെ ഏറ്റവും പ്രസിദ്ധം ദിനോസാറുകളായിരിക്കും. എന്നാല്‍ തീര്‍ച്ചയായും അവ മാത്രമല്ല. പല ജന്തുവര്‍ഗങ്ങളും സസ്യങ്ങളും ഇതുപോലെ വേരറ്റു പോയിട്ടുണ്ടു്. ഉദാഹരണമായി, മനുഷ്യന്‍ ഉത്ഭവിക്കുന്നതിനു് മുമ്പു് ഉണ്ടായിരുന്ന, മനുഷ്യനെപ്പോലെയുള്ള നിയാന്‍ഡര്‍ത്താല്‍ മനുഷ്യന്‍ (Neanderthal Man) എന്ന പേരിലറിയപ്പെടുന്ന ഹോമോ നിയാന്‍ഡര്‍ത്താലെന്‍സിസ് (Homo neanderthalensis) ഇങ്ങനെ വംശനാശം വന്നുപോയ ജന്തുവര്‍ഗമാണു്. മനുഷ്യനുമായി മത്സരിച്ചു് നിലനില്‍ക്കാനാവാതെയായിരിക്കണം ആ ജീവിവര്‍ഗം നശിച്ചുപോയതു്.

മേല്പറഞ്ഞ വംശനാശം പക്ഷെ വളരെ സാവധാനത്തിലാണു് നടന്നതു്. എന്നാല്‍ അപൂര്‍വ്വമായി അനേകം ജീവിവര്‍ഗങ്ങളുടെ വംശനാശം ചെറിയ കാലയളവില്‍ നടന്നതായി തെളിവുണ്ടു്. ഏതാണ്ടു് ആറര കോടി വര്‍ഷം മുമ്പു് ദിനോസാറുകള്‍ ഇല്ലാതെയായതു് ഇത്തരമൊരു സംഭവമായിരുന്നു. അന്നു് നിലവിലുണ്ടായിരുന്ന ജൈവരൂപങ്ങളില്‍ അമ്പതു് ശതമാനത്തോളം ഇല്ലാതെയായി എന്നു് ഗവേഷകര്‍ വിശ്വസിക്കുന്നു. ഏതാണ്ടു് ഇരുപത്തഞ്ചു് കോടി വര്‍ഷം മുമ്പു് (ഭൂഖണ്ഡങ്ങളെല്ലാം ഒന്നിച്ചു ചേര്‍ന്നു് കിടന്നിരുന്ന കാലത്തു്) ഉണ്ടായ സംഭവമാവണം ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ജീവിവര്‍ഗങ്ങളുടെ നാശത്തിനു് കാരണമായതു്. അന്നു് കടലിലെ ഏതാണ്ടു് 90 ശതമാനവും കരയിലെ ഏതാണ്ടു് 70 ശതമാനവും ജീവികള്‍ വേരറ്റു പോയി എന്നു് കരുതപ്പെടുന്നു. ഒരു ഉല്‍ക്കയോ വാല്‍നക്ഷത്രമോ ഭൂമിയുമായി കൂട്ടിയിടിച്ചതിന്റെ ഫലമായിരിക്കാം ഇതു്.

ഒരു ജീവിവര്‍ഗത്തില്‍ ഏതാനും വ്യക്തികള്‍ മാത്രം അവശേഷിക്കുമ്പോള്‍ ആ വര്‍ഗത്തിനു് പുനരുല്പാദനത്തിലൂടെ നിലനില്‍ക്കാന്‍ സാധ്യമല്ലാത്ത സ്ഥിതി എത്താം. അപ്പോള്‍ത്തന്നെ അതിന്റെ വംശനാശം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ആ വര്‍ഗത്തിലെ അവസാനത്തെ വ്യക്തിയുടെ മരണത്തോടെ മാത്രമാണു് വംശനാശം സംഭവിച്ചതായി കണക്കാക്കുന്നതു്. ഇങ്ങനെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച ചില ജന്തുക്കളെ പിന്നീടു് കണ്ടെത്തിയിട്ടുണ്ടു്. ഒരു വസ്തു കണ്ടിട്ടില്ല എന്നതുകൊണ്ടു് അങ്ങനെയൊന്നില്ല എന്നു കണക്കാക്കാനാവില്ലല്ലോ. എന്നാല്‍ പിന്നീടു് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ജൈവരൂപങ്ങളും നിരവധിയാണു്. ഇന്നത്തെ അറിവിന്റെ അടിസ്ഥാനത്തിലേ നമുക്കു് സംസാരിക്കാനാകൂ.

ഇടയ്ക്കൊക്കെ ഹ്രസ്വകാലംകൊണ്ടു് നിരവധി ചെടികളും മൃഗങ്ങളും വംശനാശം നേരിട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ വംശനാശം വളരെ സാവധാനത്തിലാണു് മുമ്പൊക്കെ സംഭവിച്ചിരുതു് എന്നു് കാണാം. എന്നാല്‍ മനുഷ്യന്‍ ഉത്ഭവിച്ചതിനു ശേഷമുള്ള കാര്യം അങ്ങനെയല്ല -- വിശേഷിച്ചു് സാങ്കേതികമായു സാമ്പത്തികമായും ഉയര്‍ന്നു തുടങ്ങിയതിനു് ശേഷം. ഏതാണ്ടു് പതിനാറാം നൂറ്റാണ്ടു മുതല്‍ മൃഗങ്ങളുടെയും സസ്യങ്ങളുടെയും വംശനാശം വളരെ വേഗത്തില്‍ സംഭവിച്ചുതുടങ്ങി എന്നാണു് സൂചന. പലപ്പോഴും മനുഷ്യന്റെ അത്യാര്‍ത്തി തന്നെയായിരുന്നു അതിനു് കാരണം. മൌറീഷ്യസില്‍ കണ്ടുവന്നിരുന്ന ഡോഡൊ എന്ന മൃഗം ഇതിനു് നല്ല ഉദാഹരണമാണു്. കണ്ടാല്‍ ഏതാണ്ടു് കോഴിയെപ്പോലെയിരിക്കുന്ന, പറക്കാനാവാത്ത, മൃഗമായിരുന്നു ഡോഡൊ. അതിനെ ഭക്ഷിക്കുന്ന മൃഗങ്ങളില്ലാത്ത പരിസ്ഥിതിയില്‍ ജീവിക്കുന്നതിനാല്‍ മനുഷ്യരെ കണ്ടാല്‍ പേടിച്ചോടാത്ത, താത്പര്യത്തോടെ അടുത്തു വരുന്ന പ്രകൃതമായിരുന്നു അതിന്റേതു്. പറക്കാനുള്ള ശേഷി ഇല്ലാതിരുന്നതിനാല്‍ അതിനു് പെട്ടെന്നു് രക്ഷപ്പെടാനും ആവില്ലായിരുന്നു. ഈ പ്രത്യേകതകള്‍ മുതലെടുത്തു് മനുഷ്യര്‍ ഡോഡൊയെ ധാരാളം കൊന്നു് തിന്നു. അതിന്റെ ഇറച്ചിയ്ക്കു് വലിയ രുചിയില്ല എന്നാണു് രേഖകള്‍ സൂചിപ്പിക്കുന്നതെങ്കിലും മനുഷ്യന്‍ അതിനെ ജീവിക്കാന്‍ അനുവദിച്ചില്ല. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭകാലത്തെപ്പഴോ ആയിരിക്കണം അവസാനത്തെ ഒരു ഡോഡൊയെ വധിച്ചതു് എന്നു് കരുതപ്പെടുന്നു. ചരിത്രരേഖയുള്ള ആദ്യത്തെ വംശനാശം എന്ന നിലയ്ക്കു് ഡോഡൊ പ്രശസ്തമായി. അങ്ങനെയാണു് "ഡോഡൊയെപ്പോലെ ചത്ത" (Dead as a Dodo), "ഡോഡൊയുടെ വഴിയേ പോകുക" (to go the way of the Dodo) തുടങ്ങിയ പ്രയോഗങ്ങള്‍ നിലവില്‍ വന്നതു്. വംശനാശത്തിന്റെ ചിഹ്നമായിരിക്കുകയാണു് ഇന്നു് ഡോഡൊ. %http://en.wikipedia.org/wiki/Dodo#Extinction

ചരിത്രാതീത കാലത്തു് നൂറു വര്‍ഷംകൊണ്ടു് ആയിരം സ്പീഷീസില്‍ ഒന്നില്‍ താഴെ മാത്രമാണു് വംശനാശം നേരിട്ടിരുന്നതു് എന്നു് കണക്കുകള്‍ കാണിക്കുന്നു. %http://maps.grida.no/go/graphic/species-extinction-rates
അതിന്റെ നൂറിരട്ടിയാണു് ഇപ്പോഴത്തെ നിരക്കു് -- ഒരു നൂറ്റാണ്ടുകൊണ്ടു് ആയിരത്തില്‍ നൂറു് സ്പീഷീസ്. ഇവയില്‍ പ്രധാനമായിട്ടുള്ളതു് മൃഗങ്ങളാണു്. വിശേഷിച്ചു് ഉഭയജീവികള്‍. പക്ഷികളുടെയും സസ്തനജീവികളുടെയും വംശനാശം അത്രതന്നെയില്ല. എന്നാല്‍ സസ്തനജീവികളുടെ വംശനാശത്തിന്റെ കണക്കുകള്‍ ഒരുപക്ഷെ വളരെ കൃത്യമായിരിക്കില്ല എന്നു് സൂചനകളുണ്ടു്. വംശനാശം സംഭവിച്ചു എന്നു് കരുതിയിരുന്ന ചില ജന്തുക്കളെ പിന്നീടു് കണ്ടെത്തിയതായി വല്ലപ്പോഴും വാര്‍ത്ത വരാറുമുണ്ടു്. ഒരുപക്ഷെ വംശനാശത്തിന്റെ എല്ലാ കണക്കുകളിലും ഈയൊരു ചെറിയ സംശയമുണ്ടാകാം. എങ്കിലും വലിയതോതില്‍ ജീവജാലങ്ങള്‍ ഇല്ലാതാകുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. സസ്യങ്ങളുടെ വംശനാശം താരതമ്യേന കുറവാണു് എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ആ വിശ്വാസത്തെ മാറ്റിമറിച്ചതാണു് ഇപ്പോഴത്തെ കണ്ടുപിടിത്തം.

ക്യൂ ഗാര്‍ഡന്‍സ് \eng(Kew Gardens) \mal എന്നറിയപ്പെടുന്ന ക്യൂവിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡനാണു് പഠനത്തിനു് നേതൃത്വം നല്‍കിയതു്. ലോകത്തിലുണ്ടെന്നു് കരുതപ്പെടുന്ന 3,80,000 തരം സസ്യങ്ങളുടെ വംശനാശത്തെക്കുറിച്ചുള്ള ഏറ്റവും വിശദമായ പഠനമാണു് ഇതു് എന്നാണു് ക്യൂ ഗാര്‍ഡന്‍സിന്റെ ഡയറക്‌ടര്‍ സ്റ്റീഫന്‍ ഹോപ്പര്‍ \eng(Stephen Hopper) \mal പറഞ്ഞതു്. ``ഞങ്ങള്‍ക്കുണ്ടായിരുന്ന സംശയം ഉറപ്പിക്കുന്നതാണു് ഈ കണ്ടുപിടിത്തം'' എന്നദ്ദേഹം പറഞ്ഞു. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ചെടികളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുകയും അങ്ങനെ അനേകം സസ്യങ്ങള്‍ വംശനാശം നേരിടുകയും ചെയ്യുന്നുണ്ടെന്നു് പലര്‍ക്കും സംശയമുണ്ടായിരുന്നു. മൃഗങ്ങളുടെ അത്ര തന്നെ സസ്യങ്ങളും വംശനാശം നേരിടുന്നുണ്ടു് എന്നു് ഈ പഠനം സൂചിപ്പിക്കുന്നു. വംശനാശം നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കാനായുള്ള ഐക്യരാഷ്ട്രസഭയുടെ ബയോഡൈവേഴ്സിറ്റി കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 18 മുതല്‍ 29 വരെയുള്ള തീയതികളില്‍ ജപ്പാനിലെ നഗോയയില്‍ സമ്മേളിക്കാനിരിക്കെയാണു് ഈ കണ്ടെത്തല്‍ ഉണ്ടായതു് എന്നതു് പ്രസക്തമാണു്.

സസ്യങ്ങളുടെയും മൃഗങ്ങളുടെയും കാര്യത്തില്‍ വളരെ സമ്പന്നമായ ഒരു പ്രദേശമാണു് നമ്മുടെ പശ്ചിമഘട്ടം. ലോകത്തിലെ തന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള പത്തു് പ്രദേശങ്ങളില്‍ ഒന്നാണിതു്. ഇവിടെ ഏതാണ്ടു് 5,000 തരം പൂച്ചെടികളും 508 തരം പക്ഷികളും 139 ഇനം സസ്തനജീവികളും 179 തരത്തില്‍പ്പെട്ട ഉഭയജീവികളും ഉണ്ടെന്നാണു് കണക്കാക്കപ്പെടുന്നതു്. നമ്മളിതുവരെ കണ്ടെത്തിയിട്ടില്ലാത്ത സസ്യങ്ങളും മറ്റും ഉണ്ടായിരിക്കാമെന്നതുകൊണ്ടു് മേല്പറഞ്ഞതു് ഏറ്റവും കുറഞ്ഞ കണക്കാവാനേ തരമുള്ളൂ. എന്നാല്‍ ഇവയില്‍ തന്നെ 325 എണ്ണം വംശനാശത്തിന്റെ ഭീഷണിയിലാണു് എന്നറിയുന്നതു് സന്തോഷമുണ്ടാക്കുന്ന കാര്യമല്ല.

എല്ലാത്തരം ജീവനും അടിസ്ഥാനം സസ്യങ്ങളാണു്. വായു, ജലം, സൂര്യപ്രകാശം തുടങ്ങിയവയില്‍നിന്നു് ഭക്ഷണം നിര്‍മ്മിക്കാന്‍ കഴിയുന്നതു് സസ്യങ്ങള്‍ക്കു് മാത്രമാണു്. മറ്റെല്ലാ ജൈവരൂപങ്ങളും നിലനില്‍ക്കുന്നതുതന്നെ സസ്യങ്ങളുടെ സഹായത്തോടെയാണു്. മറിച്ചു് പല സസ്യങ്ങളും പരാഗണത്തിനും മറ്റുമായി ചില പക്ഷിമൃഗാദികളെ ആശ്രയിക്കുന്നുമുണ്ടു്. മാത്രമല്ല, എല്ലാ ജൈവരൂപങ്ങളും നേരിട്ടോ അല്ലാതെയോ മറ്റു ജൈവരൂപങ്ങളെ ആശ്രയിച്ചാണു് നിലനില്‍ക്കുന്നതു്. മനുഷ്യന്റെ കാര്യത്തിലാണെങ്കില്‍ ഭക്ഷണത്തിനു് മാത്രമല്ല മരുന്നുകള്‍ക്കും തടിയ്ക്കും വിറകിനും എല്ലാം സസ്യങ്ങള്‍ ആവശ്യമാണു്. ഇപ്പോള്‍ തന്നെ ആയുര്‍വേദ ഔഷധങ്ങള്‍ തയാറാക്കാന്‍ വേണ്ട പല സസ്യങ്ങളും ലഭിക്കാന്‍ ബുദ്ധിമുട്ടാണു്. തത്‌ഫലമായി ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനും ബുദ്ധിമുട്ടാണു്. ഇതെല്ലാംകൊണ്ടു് എല്ലാ തരം സസ്യങ്ങളും നിലനില്‍ക്കേണ്ടതു് മനുഷ്യനു് അത്യാവശ്യമാണു്.

നമ്മള്‍ വികസനത്തിനുവേണ്ടി പരക്കംപായുമ്പോള്‍ മറന്നുപോകുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണു് നമ്മുടെ ആവാസവ്യവസ്ഥയുടെ ആരോഗ്യം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

പരസ്പരം സഹായിക്കുന്ന ബാക്‌ടീരിയ

((തേജസ് എന്ന പത്രത്തില്‍ സെപ്റ്റംബര്‍ 2010ല്‍ പ്രസിദ്ധീകരിച്ച ലേഖനം)

ആന്റിബയോട്ടിക് മരുന്നുകളെ ചെറുത്തു നില്‍ക്കുന്ന രോഗാണുക്കള്‍ ഇടയ്ക്കിടയ്ക്കു് ചര്‍ച്ചാവിഷയമാകാറുണ്ടല്ലോ. പല മരുന്നുകളെയും ചെറുത്തു നില്‍ക്കാന്‍ ശേഷിയുള്ള `സൂപ്പര്‍ ബഗ്ഗു'കളും ഇപ്പോള്‍ നമ്മെ ഭീഷണിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണു് മരുന്നുകളെ ചെറുക്കാന്‍ കഴിവുള്ള ബാക്ടീരിയകള്‍ ആ കഴിവില്ലാത്ത തങ്ങളുടെ സഹോദരങ്ങളെ സഹായിക്കുന്നുണ്ടു് എന്നു് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നതു്. അമേരിക്കയില്‍ മേരിലാന്‍ഡിലെ ചെവി ചേസ് എന്ന സ്ഥലത്തുള്ള ഹവാര്‍ഡ് ഹ്യൂസ് (Harvard Hughes) മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണു് ഈ അത്ഭുതകരമായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നതു്. സെപ്റ്റംബര്‍ 2ലെ നേച്ചര്‍ \eng(Nature) \mal എന്ന പേരെടുത്ത ശാസ്ത്രവാരികയിലാണു് ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടു് വന്നിരിക്കുന്നതു്. എന്തൊക്കയായിരിക്കാം ഇതു് സൂചിപ്പിക്കുന്നതു്? നമുക്കൊരു വിശകലനം നടത്താം.

മരുന്നുകളെ ചെറുത്തുനില്‍ക്കുന്ന രോഗാണുക്കളെപ്പറ്റി നമ്മുടെയിടയില്‍ വേണ്ടത്ര ധാരണയുണ്ടെന്നു തോന്നുന്നില്ല. ഒരു തരത്തില്‍പ്പെട്ട രോഗാണുക്കള്‍ക്കു് ഒരു മരുന്നിനെ ചെറുത്തുനില്‍ക്കാനുള്ള ശേഷി ഉണ്ടാകുമ്പോള്‍ ആ മരുന്നു് ആ പ്രത്യേകതരം രോഗാണുവിനെതിരെ ഫലപ്രദമല്ലാതാകുകയാണു്. പിന്നീടു് അതുണ്ടാക്കുന്ന രോഗം മറ്റൊരു മരുന്നുകൊണ്ടു് മാത്രമെ ചികിത്സിക്കാനാകൂ. ഇങ്ങനെ നമുക്കിന്നറിയാവുന്ന പല മരുന്നുകളും ഉപയോഗശൂന്യമായിട്ടുണ്ടു്. തുടര്‍ച്ചയായി പുതിയ മരുന്നുകള്‍ കണ്ടെത്തേണ്ട സാഹചര്യമാണു് ഇപ്പോഴുള്ളതു്. ഒരര്‍ത്ഥത്തില്‍ ഇതു് പരിണാമത്തിന്റെ ഉദാഹരണമാണു്. A എന്ന മരുന്നു കഴിക്കുന്ന രോഗിയുടെ ശരീരത്തിലുള്ള രോഗാണുക്കളില്‍ മിക്കതിനെയും മരുന്നു് നശിപ്പിച്ചിട്ടുണ്ടാകാം. രോഗം ഭേദമായിട്ടുമുണ്ടാവാം. എന്നാല്‍ ഏതാനും ചില രോഗാണുക്കള്‍, അവയുടെ ജെനറ്റിക് സവിശേഷത കാരണം, മരുന്നിനു് നശിപ്പിക്കാനാവാതെ അവശേഷിക്കാനൊരു ചെറിയ സാദ്ധ്യതയുണ്ടു്. അത്തരം രോഗാണുക്കള്‍ക്കു് വളരാനുള്ള സാഹചര്യം ലഭിച്ചാല്‍ അവയെ നശിപ്പിക്കാന്‍ A എന്ന മരുന്നിനു് ആവില്ല. അപ്പോള്‍ B എന്ന മറ്റൊരു മരുന്നു് വേണ്ടിവരുന്നു. പരിണാമം സംഭവിക്കുന്നതു് ഇതേ രീതിയിലാണു്. സാഹചര്യത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ സമൂഹത്തിലെ ചില വ്യക്തികള്‍ക്കു് അവിടെ ജീവിക്കാനുള്ള ശേഷിയുണ്ടാകും, ചിലര്‍ക്കു് അതുണ്ടാവില്ല. ആദ്യത്തെ കൂട്ടരുടെ സന്തതി പരമ്പര തഴച്ചുവളരും, മറ്റുള്ളവരുടേതു് നശിക്കും. ഇങ്ങനെ പല മാറ്റങ്ങളുണ്ടാകുമ്പോള്‍ അതൊരു പുതിയ ജന്തുവര്‍ഗമായി പരിണമിക്കാം.

രോഗാണുക്കള്‍ക്കു് മരുന്നിനെ ചെറുത്തുനില്‍ക്കാനുള്ള ശേഷി ഉണ്ടാക്കുന്നതില്‍ മനുഷ്യര്‍തന്നെ ഒരു പങ്കു് വഹിച്ചിട്ടുണ്ടു്. ഏതെങ്കിലുമൊരു ആന്റിബയോട്ടിക് കഴിച്ചു തുടങ്ങിയാല്‍ രക്തത്തിലുള്ള അതിന്റെ അളവു് കുറച്ചു ദിവസത്തേക്കു് ഒരു നിശ്ചിത നിലയില്‍ കുറയാതിരിക്കേണ്ടതു് ആവശ്യമാണു്. എങ്കിലേ രോഗാണുക്കള്‍ പൂര്‍ണ്ണമായി നശിക്കുകയുള്ളൂ. ഡോക്ടര്‍ പറഞ്ഞ അത്രയും ദിവസം കൃത്യമായി മരുന്നു് കഴിച്ചില്ലെങ്കില്‍ രോഗാണുക്കള്‍ ശരീരത്തില്‍ അവശേഷിക്കാനുള്ള സാദ്ധ്യത ഏറെയാണു്. അങ്ങനെ അവശേഷിക്കുന്നവ ആ മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി നേടിയിരിക്കാനും സാദ്ധ്യതയുണ്ടു്. അതുകൊണ്ടു് അഞ്ചു ദിവസം കഴിക്കണം എന്നു് ഡോക്ടര്‍ പറഞ്ഞാല്‍ രോഗം ഭേദമായതായി നമുക്കു് തോന്നിയാലും അത്രയും ദിവസംതന്നെ കഴിക്കേണ്ടതുണ്ടു്. ഇതു് പലപ്പോഴും പല രോഗികളും ചെയ്യാറില്ല. മരുന്നു് ഏശാത്ത രോഗാണുക്കള്‍ ഉണ്ടാകുന്ന ഒരു മാര്‍ഗം ഇതാണത്രെ.

പാശ്ചാത്യ രാജ്യങ്ങളില്‍ കന്നുകാലികള്‍ക്കു് രോഗചികിത്സയ്ക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്കാറുണ്ടത്രെ. ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ കാലിത്തീറ്റയിലൂടെയാണു് ഇങ്ങനെ ചെയ്യുന്നതു്. കന്നുകാലികളുടെ വളര്‍ച്ച മെച്ചപ്പെടുത്താനായിട്ടാണു് ഇതുപയോഗിക്കുന്നതത്രെ. ഇത്തരം ആന്റിബയോട്ടിക്കുകളെ ചെറുത്തുനില്‍ക്കാന്‍ ശേഷിയുള്ള രോഗാണുക്കളുണ്ടാകാന്‍ ഇതും കാരണമാകുന്നുണ്ടു്. ഈ പ്രശ്നമുള്ളതുകൊണ്ടു് രോഗശുശ്രൂഷയ്ക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു് നിരോധിക്കുന്ന കാര്യം ചില രാജ്യങ്ങള്‍ പരിഗണിക്കുന്നുണ്ടു്. ചുരുക്കിപ്പറഞ്ഞാല്‍ ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗമാണു് ഒരു കണക്കിനു് മരുന്നുകളെ ചെറുക്കാന്‍ ശേഷിയുള്ള രോഗാണുക്കളെയും സൂപ്പര്‍ ബഗ്ഗുകളെയും മറ്റും സൃഷ്ടിച്ചതു്. ഇതിനു് ഡോക്ടര്‍മാരും രോഗികളും മരുന്നു കമ്പനികളും എല്ലാം ഉത്തരവാദികളാണു്.

ഈ സാഹചര്യത്തിലാണു് ഹാര്‍വഡ് ഹ്യൂസില്‍നിന്നുള്ള പുതിയ കണ്ടെത്തല്‍. അതെന്താണെന്നു് പരിശോധിക്കാം. ഓരോ ബാക്ടീരിയയും പ്രത്യേകമായിട്ടാണു് മരുന്നിനോടു് പ്രതികരിക്കുന്നതു് എന്നാണു് ഇതുവരെ ധരിച്ചിരുന്നതു്. അതായതു് മരുന്നിനെ ചെറുത്തുനില്ക്കാനുള്ള ശേഷി ഓരോ ബാക്ടീരിയയുമാണു് കൈവരിക്കുന്നതു് എന്നു്. പുതിയ കണ്ടുപിടിത്തം ആ ധാരണ മാറ്റി. മരുന്നിന്റെ സാന്നിദ്ധ്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ ചില പ്രത്യേകതരം പ്രൊട്ടീന്‍ തന്മാത്രകള്‍ ഉത്‌പാദിപ്പിക്കുകയും അവയെ പരിസരത്തിലേക്കു് വിസര്‍ജിക്കുകയും ചെയ്യുന്നു എന്നവര്‍ കണ്ടു. ഈ തന്മാത്രകള്‍ മറ്റു ബാക്ടീരിയകളെ മരുന്നില്‍നിന്നു് രക്ഷപ്പെടാന്‍ സഹായിക്കുന്നു എന്നവര്‍ പറയുന്നു. അങ്ങനെ മരുന്നിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ തങ്ങളുടെ സഹോദരങ്ങളെയും മരുന്നിന്റെ ആക്രമണത്തില്‍നിന്നു് രക്ഷിക്കുന്നുണ്ടത്രെ. ഇ കൊളൈ \eng(escherichia coli) \mal എന്ന ബാക്ടീരിയകളിലാണു് അവര്‍ പരീക്ഷണം നടത്തിയതു്.

ഈ അനുഭവത്തില്‍നിന്നു് എന്തെല്ലാം പാഠങ്ങളാണു് നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതു്? ആദ്യമായിട്ടു് എന്തുകൊണ്ടാണു് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മരുന്നുകള്‍ക്കു് ഇത്തരം പ്രശ്നങ്ങളുള്ളതു് എന്ന ചോദ്യമുയരുന്നു. അതിനുള്ള ഒരു ഉത്തരം അതിന്റെ കച്ചവടവല്‍ക്കരണമല്ലേ? മറ്റുല്പന്നങ്ങള്‍ വാങ്ങാന്‍ പരസ്യങ്ങള്‍ വഴി പ്രോത്സാഹിപ്പിക്കുന്നതിനോടു് താരതമ്യം ചെയ്യാവുന്ന തരത്തിലാണു് മരുന്നുകളും കച്ചവടം ചെയ്യുന്നതു്. ഒരു മരുന്നു് കൂടുതല്‍ കുറിച്ചു കൊടുക്കുന്നതിനു് ഡോക്ടറന്മാര്‍ക്കു് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നു. അതുകൊണ്ടു് പല ഡോക്ടറന്മാരും ആവശ്യത്തിനും അനാവശ്യത്തിനും രോഗികളെക്കൊണ്ടു് മരുന്നുകള്‍ വാങ്ങിപ്പിക്കുന്നു. അറിവില്ലായ്മകൊണ്ടും ഡോക്ടറന്മാര്‍ ശരിയായ രീതിയില്‍ വിശദീകരിച്ചു കൊടുക്കാത്തതുകൊണ്ടും ഒക്കെ കുറേ രോഗികള്‍ ആന്റിബയോട്ടിക്കുകള്‍ വേണ്ടത്ര നേരം കഴിക്കുന്നില്ല.

ഇതു് ഒരുവശത്തു് സംഭവിക്കുമ്പോള്‍ മറ്റൊരുവശത്തു് ചിലര്‍ ആന്റിബയോട്ടിക്കുകള്‍ ചേര്‍ന്ന കാലിത്തീറ്റ പടച്ചുവിടുന്നു. അവ കന്നുകാലികള്‍ വേഗത്തില്‍ വളരാനായി പലരും ഉപയോഗിക്കുന്നു. ഇതെല്ലാം മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുണ്ടാകാനായി വഴിതെളിക്കുന്നു. ചികിത്സയും മരുന്നുല്പാദനവും കന്നുകാലിവളര്‍ത്തലും എല്ലാം പരമാവധി ലാഭം കൊയ്യാന്‍വേണ്ടി ചെയ്യുന്നതിന്റെ, രോഗിയെയും കന്നുകാലികളെയും അതിനുള്ള മാര്‍ഗം മാത്രമായി കാണുന്നതിന്റെ, ഫലമല്ലേയിതു്? പണത്തിനു് ജീവിതത്തില്‍ വളരെ പ്രമുഖമായ ഒരു സ്ഥാനം കൈവന്നതിന്റെ ഫലമായല്ലേ ഇതെല്ലാം ഉണ്ടായതു്?

ഭാരതീയ ചികിത്സാ സമ്പ്രദായത്തില്‍ ചില നിഷ്ഠകള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ടു്. വൈദ്യശാസ്ത്രം പഠിക്കുന്നവര്‍ ഒരിക്കലും ആ അറിവു് സ്വന്തം ഗുണത്തിനായി ഉപയോഗിക്കരുതു് എന്നുള്ളതായിരുന്നു അവയില്‍ ഒന്നു് എന്നു് പറഞ്ഞു കേട്ടിട്ടുണ്ടു്. വൈദ്യശാസ്ത്രം ഒരു സേവനമായി കാണണം എന്നായിരുന്നു അതിന്റെ ഉദ്ദേശ്യം. ഇന്നും മിക്ക പാരമ്പര്യ വൈദ്യന്മാരും രോഗിയെ പരിശോധിക്കുന്നതിനോ ചികിത്സ തീരുമാനിക്കുന്നതിനോ പണം വാങ്ങാറില്ല. മരുന്നിന്റെ വില മാത്രമാണു് അവര്‍ ആവശ്യപ്പെടുന്നതു്. രോഗികളില്‍ ചിലര്‍ വൈദ്യനും പ്രതിഫലം നല്‍കാറുണ്ടു്. അതു് രോഗിയുടെ ഇഷ്ടം. പല ആദിവാസി സമൂഹങ്ങളിലും ഇത്തരം ചിട്ടകള്‍ ഇന്നും വളരെ കര്‍ശനമായി പാലിക്കുന്നുണ്ടു്. അതുകൊണ്ടുതന്നെ സ്വന്തം ഗുണത്തിനായി അറിവു് ഉപയോഗിക്കും എന്നു് സംശയിക്കുന്നവരെ അവര്‍ വൈദ്യശാസ്ത്രം പഠിപ്പിക്കാറില്ല. എന്നാല്‍ ഇക്കാലത്തു് പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നായിരിക്കുന്നു ആധുനിക വൈദ്യശാസ്ത്രം. അതുകൊണ്ടുതന്നെയല്ലേ മെഡിസിന്‍ പഠിക്കാനുള്ള പരക്കം പാച്ചില്‍?

ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ കാര്യം പറയുമ്പോള്‍ മറ്റൊരു കാര്യം മനസില്‍ വരുന്നു. ആയിരക്കണക്കിനു് വര്‍ഷം മുമ്പു് ഉപയോഗിച്ചിരുന്ന ഔഷധങ്ങള്‍ തന്നെയാണു് ഇന്നും ആയുര്‍വേദത്തില്‍ കുറിച്ചു കൊടുക്കുന്നതു്. ഇക്കാലമത്രയും കഴിഞ്ഞിട്ടും ഈ മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഉണ്ടാകാത്തതെന്തേ? പെനിസിലിന്‍ എന്ന `ദിവ്യൌഷധം' കണ്ടുപിടിച്ചിട്ടു് നൂറുവര്‍ഷം തികഞ്ഞിട്ടില്ല. എന്നിട്ടും അതു് ചില രോഗാണുക്കളുടെ കാര്യത്തിലെങ്കിലും പ്രയോജനമില്ലാതായിട്ടുണ്ടു്. അതിനുശേഷം കണ്ടുപിടിച്ച പല മരുന്നുകളെയും ചെറുക്കുന്ന രോഗാണുക്കള്‍ ഉണ്ടായിക്കഴിഞ്ഞു. പുതിയ മരുന്നുകള്‍ കണ്ടുപിടിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ മരുന്നുകള്‍ ഫലപ്രദമല്ലാതായി തീരുന്നുണ്ടെന്നു് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. എന്താണിങ്ങനെ സംഭവിക്കുന്നതു്? ആയുര്‍വേദത്തിന്റെ (മറ്റു പല പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളുടെയും) അടിസ്ഥാന തത്വങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റേതിനേക്കാള്‍ മെച്ചപ്പെട്ടവയായതുകൊണ്ടാണോ? ഇതു് ശ്രദ്ധയോടെ, മുന്‍വിധികളില്ലാതെ, പഠിക്കേണ്ടിയിരിക്കുന്നു. മാറേണ്ടി വരുന്നതു് ആധുനിക വൈദ്യശാസ്ത്രം തന്നെയാവില്ല എന്നു് പറയാനാവുമോ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Wednesday, November 10, 2010

സുദര്‍ശനു് ഡിറാക് മെഡല്‍

(തേജസ് പത്രത്തില്‍ ആഗസ്റ്റ് 2010ല്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഐ.സി.ടി.പിയുടെ ഇക്കൊല്ലത്തെ ഡിറാക് മെഡല്‍ ലഭിച്ച രണ്ടുപേരില്‍ ഒരാള്‍ ഇ.സി.ജി. സുദര്‍ശന്‍ എന്ന എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശനാണു്. (നിക്കൊളാ കാബിബൊ (Nicola Cabibbo) എന്ന ഇറ്റാലിയന്‍ ഭൌതികശാസ്ത്രജ്ഞനാണു് രണ്ടാമന്‍. അദ്ദേഹം ഇക്കഴിഞ്ഞ ആഗസ്റ്റ് 16നു് നിര്യാതനായി.) ഏറ്റവും പ്രഗത്ഭരായ ഭാരതീയ ശാസ്ത്രജ്ഞരില്‍ ഒരാളായി ശാസ്ത്രലോകം അംഗീകരിച്ച വ്യക്തിയാണു് ഡോ. സുദര്‍ശന്‍. "ഇന്ത്യയില്‍ നിന്നുള്ള എല്ലാക്കാലത്തെയും ഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞരിലൊരാളാണു് പ്രൊഫ. സുദര്‍ശന്‍. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭാരതീയ ശാസ്ത്രജ്\രായ രാമാനുജന്‍, രാമന്‍, ബോസ്, ചന്ദ്രശേഖര്‍ എന്നിവരോടൊപ്പമാണു് അദ്ദേഹം." എന്നാണു് സുദര്‍ശന്റെ എഴുപത്തഞ്ചാമതു് പിറന്നാളിനു് അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലയിരുത്തിക്കൊണ്ടു് ലൂയി ബോയ (Luis Boya) പറഞ്ഞതു്. ഭൌതികശാസ്ത്രത്തിനുള്ള നൊബെല്‍ സമ്മാനത്തിനു് പണ്ടേ അംഗീകരിക്കപ്പെടുകയും എന്നാല്‍ രണ്ടു തവണ നൊബെല്‍ സമ്മാന കമ്മിറ്റി അവഗണിക്കുകയും ചെയ്ത സുദര്‍ശനു് ഇതു് വൈകി വന്ന അംഗീകാരമാണു്. അതിപ്രഗത്ഭനായ ഭൌതികശാസ്ത്രജ്ഞനായിരുന്ന പി.എ.എം. ഡിരാക്കിന്റെ ജന്മദിനമായ ആഗസ്റ്റ് 8നാണു് എല്ലാ വര്‍ഷവും ഈ സമ്മാനം നല്‍കുന്നതു്.

റവന്യു സൂപ്പര്‍വൈസറായിരുന്ന ഇ.ഐ. ചാണ്ടിയുടെയും സ്ക്കൂള്‍ അദ്ധ്യാപികയായിരുന്ന അച്ചാമ്മയുടെയും മകനായി കോട്ടയത്തടുത്തു് പള്ളത്തു് 1931 സെപ്റ്റംബര്‍ 16നു് ജനിച്ച ജോര്‍ജ്, കോട്ടയം സി.എം.എസ്. കോളജിലും പിന്നീടു് മദ്രാസ് ക്രിസ്ത്യന്‍ കോളജിലുമാണു് പഠിച്ചതു്. 1952ല്‍ മദിരാശി സര്‍വ്വകലാശാലയില്‍നിന്നു് ബിരുദാനന്തര ബിരുദം നേടിയശേഷം ജോര്‍ജ് മുംബൈയിലെ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസെര്‍ച്ചില്‍ കുറച്ചുകാലം പ്രവൃത്തിയെടുത്തു. ഹോമി ഭാഭാ ഡയറക്ടറായിരുന്ന അക്കാലത്തു് ഹരീഷ്ചന്ദ്ര, ഡിറാക്, ടൊമൊനാഗ തുടങ്ങിയ പല പ്രശസ്ത ശാസ്ത്രജ്ഞരും അവിടെ സന്ദര്‍ശകരായിരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന, അപ്പോഴേ പ്രശസ്തനായിരുന്ന, റോബര്‍ട്ട മാര്‍ഷക് (Robert Marshak) എന്ന സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞന്‍, ജോര്‍ജിന്റെ കഴിവുകള്‍ കണ്ടു് തന്റെ കൂടെ പണിയെടുക്കാന്‍ ക്ഷണിച്ചു. അങ്ങനെ 1955ല്‍ ജോര്‍ജ് റോച്ചസ്റ്റര്‍ സര്‍വ്വകലാശാലയിലേയ്ക്കു് പോയി. 1958ല്‍ അവിടെനിന്നു് ഡോക്ടറേറ്റ് എടുത്ത ശേഷം ഹാര്‍വഡ് സര്‍വ്വകലാശാലയില്‍ ജൂലിയന്‍ ഷ്വിംഗര്‍ (Julian Schwinger) എന്ന പ്രഗത്ഭനായ ഭൌതികശാസ്ത്രജ്ഞനോടൊപ്പം പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനു് കൂടി.

ഭൌതികശാസ്ത്രത്തിന്റെ പല മേഖലകളില്‍ കാര്യമായ സംഭാവന നല്‍കാന്‍ ജോര്‍ജ് സുദര്‍ശനു് കഴിഞ്ഞിട്ടുണ്ടു്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണു് പ്രാഥമിക കണങ്ങള്‍ ലഘുബലത്തിലൂടെ (weak force) പ്രതിപ്രവര്‍ത്തിക്കുന്നതു് വിശദീകരിക്കാന്‍ ശ്രമിച്ച V-A സിദ്ധാന്തം. (നാലു് പ്രാഥമിക ബലങ്ങളില്‍പ്പെട്ട ഒന്നാണു് ലഘുബലം. പരമാണുകേന്ദ്രത്തില്‍ ചേര്‍ന്നു് നില്‍ക്കുന്ന പ്രോട്ടോണുകളും ന്യൂട്രോണുകളും ചില സമയത്തു് വേര്‍പെട്ടു പോകാന്‍ കാരണമാകുന്ന ബലമാണിതു്. ദൃഢബലം (strong force), വിദ്യുത്കാന്ത ബലം, ഗുരുത്വാകര്‍ഷണ ബലം എന്നിവയാണു് മറ്റു മൂന്നു ബലങ്ങള്‍.) മാര്‍ഷക്കും ഫെയ്ന്‍മാനും ജെല്‍മാനും ചേര്‍ന്നു് വളര്‍ത്തിയെടുത്തതു്. 1979ല്‍ അബ്ദുസ് സലാം, സ്റ്റീവന്‍ വീന്‍ബര്‍ഗ്, ഷെല്‍ഡണ്‍ ഗ്ലാഷൊ എന്നിവര്‍ക്കു് നൊബെല്‍ സമ്മാനം നേടിക്കൊടുത്ത വിദ്യുത്കാന്ത-ലഘുബല (electro-weak theory) സിദ്ധാന്തത്തിനു് ഇതു് വഴിമാറി കൊടുത്തു.

ഒരുപക്ഷെ ജോര്‍ജ് സുദര്‍ശന്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നതു് പ്രകാശത്തെക്കാള്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടാക്യോണ്‍ (tachyon) എന്ന കണങ്ങളുടെ പേരിലായിരിക്കും. ഐന്‍സ്റ്റൈന്റെ വിശേഷ ആപേക്ഷികതാ സിദ്ധാന്തമനുസരിച്ചു് പദാര്‍ത്ഥത്തിനു് ഒരിക്കലും പ്രകാശത്തിന്റെ വേഗത കൈവരിക്കാനാവില്ല. കാരണം വേഗത കൂടുന്നതനുസരിച്ചു് അതിന്റെ പണ്ഡം വര്‍ദ്ധിക്കുകയും പ്രകാശത്തിന്റെ വേഗത എത്തുമ്പോള്‍ പണ്ഡം അപരിമേയമാകുകയും ചെയ്യുമെന്നാണു് സിദ്ധാന്തം കാണിക്കുന്നതു്. അക്കാരണത്താല്‍ ഐന്‍സ്റ്റൈന്റെ സിദ്ധാന്തം തെറ്റാണെന്നു് തെളിയിച്ചു എന്നുള്ള ഖ്യാതി പലയിടത്തും അദ്ദേഹത്തിനു് ലഭിച്ചു. എന്നാല്‍ ജോര്‍ജിന്റെ സിദ്ധാന്തം ഉപരിപ്ലവമായി മനസിലാക്കിയതിന്റെ ഫലമായിരുന്നു അതു്. ഒരിക്കലും പ്രകാശത്തിന്റെ വേഗത പ്രാപിക്കാനാവാത്ത കണങ്ങളുള്ളതുപോലെ എല്ലായ്പ്പോഴും പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന കണങ്ങളും ഉണ്ടാവാമെന്നാണു് ജോര്‍ജ് സൈദ്ധാന്തീകരിച്ചതു്. ഇത്തരം കണങ്ങള്‍ ഉണ്ടെന്നോ ഇല്ലെന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മുംബൈയിലെ റ്റി.ഐ.എഫ്.ആര്‍., ന്യൂ യോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വ്വകലാശാല, സിറാക്യൂസ് സര്‍വ്വകലാശാല, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പഠിപ്പിച്ചിട്ടുള്ള ജോര്‍ജ് സുദര്‍ശന്‍ 1969 മുതല്‍ ടെക്സാസ് സര്‍വ്വകലാശാലയില്‍ ഭൌതികശാസ്ത്രത്തില്‍ പ്രൊഫസറാണു്. കൂടാതെ, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ സീനിയര്‍ പ്രൊഫസറുമാണു്. 1980കളില്‍ അഞ്ചു വര്‍ഷക്കാലം സുദര്‍ശന്‍ മദിരാശിയിലെ മാത്‌സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. അദ്ദേഹത്തിന്റെ പത്നി ഭൌതികശാസ്ത്രജഞയായ ഭാമതിയാണു്. സുദര്‍ശനു് മൂന്നു് ആണ്‍മക്കളാണു് ഉള്ളതു്.

ഇതിനിടയ്ക്കെപ്പഴോ ഹിന്ദുമതത്തില്‍ താല്പര്യം തോന്നി ജോര്‍ജ് ഹിന്ദുവാകാന്‍ തീരുമാനിച്ചു. അങ്ങനെയാണു് എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് ഇ.സി.ജി. സുദര്‍ശനായതു്. വര്‍ഷങ്ങളായി അമേരിക്കയിലാണു് സുദര്‍ശന്‍ കഴിഞ്ഞുകൂടുന്നതെങ്കിലും ഭാരതീയ സംസ്ക്കാരത്തിലോ മലയാള ഭാഷയിലോ ഉള്ള താല്പര്യം അദ്ദേഹത്തെ മലയാള ഗ്രന്ഥങ്ങള്‍ ധാരാളം വായിക്കാന്‍ പ്രേരിപ്പിച്ചു. 1970കളുടെ അന്ത്യത്തില്‍ ബാംഗ്ലൂരീല്‍ ഒരു മലയാളി സമാജം സുദര്‍ശനെ പ്രസംഗിക്കാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം അദ്ധ്യാത്മ രാമായണവുമായി വന്നതു് പ്രാചീന ഭാരതീയ ഉള്‍ക്കാഴ്ചകളും ആധുനിക ശാസ്ത്രവുമായി ബന്ധപ്പെടുത്തി സംസാരിച്ചതും ഓര്‍മ്മയില്‍ വരുന്നു.

സുദര്‍ശനു് അനേകം ബഹുമതികള്‍ ലഭിച്ചിട്ടുണ്ടു്. 1970ല്‍ സി.വി. രാമന്‍ പുരസ്ക്കാരം, 1976ല്‍ പത്മഭൂഷണ്‍, 1977ല്‍ ബോസ് മെഡല്‍, 2006ല്‍ മൂന്നാം ലോക അക്കാദമിയുടെ (Third World Academy of Sciences) പുരസ്ക്കാരം, 2007ല്‍ പത്മവിഭൂഷണ്‍ തുടങ്ങിയവയാണു് അദ്ദേഹത്തിനു ലഭിച്ച പ്രധാന ബഹുമതികള്‍. നൊബെല്‍ സമ്മാനം, ഫീല്‍ഡ്സ് മെഡല്‍, വുള്‍ഫ് ഫൌണ്ടേഷന്‍ സമ്മാനം എന്നിവ ലഭിച്ചിട്ടില്ലാത്തവര്‍ക്കു് മാത്രം നല്‍കുന്ന പുരസ്ക്കാരമാണു് ഇപ്പോള്‍ സുദര്‍ശനു് ലഭിച്ചിരിക്കുന്ന ഐ.സി.ടി.പി.യുടെ (International Centre for Theoretical Physics) ഡിറാക് മെഡല്‍. ``വളരെ വൈകി വന്ന അംഗീകാരം" എന്നാണു് ഇതു് നല്‍കിക്കൊണ്ടു് ഐ.സി.ടി.പി.യുടെ ഡയറക്ടര്‍ ഫെര്‍ണാണ്ടൊ ക്വിവെഡൊ പറഞ്ഞതു്.

ആറു തവണയാണു് സുദര്‍ശന്റെ പേരു് നൊബെല്‍ സമ്മാനത്തിനായി നിര്‍ദേശിക്കപ്പെട്ടതു്. 1979ലും വീണ്ടും 2005ലും നൊബെല്‍ സമ്മാനത്തിനു് പരിഗണിക്കപ്പെട്ട സുദര്‍ശനു് രണ്ടു തവണയും അതു് നിഷേധിക്കപ്പെടുകയായിരുന്നു. എന്നുതന്നെയല്ല, 2005ല്‍ നൊബെല്‍ സമ്മാനം ലഭിച്ച രണ്ടു പേരില്‍ ഒരാളായ ആര്‍.ജെ. ഗ്ലോബെറിനു് (R.J. Glauber) സമ്മാനം നല്‍കാനുള്ള കാരണമായി ജേതാവിനെ തിരഞ്ഞെടുത്ത കമ്മിറ്റി എടുത്തു കാട്ടിയ അദ്ദേഹത്തിന്റെ സംഭാവന വാസ്തവത്തില്‍ സുദര്‍ശന്റേതാണു് എന്നു് പ്രസിദ്ധീകരണങ്ങള്‍ സൂചിപ്പിക്കുന്നു. സ്വീഡിഷ് അക്കാദമിയ്ക്കു് സുദര്‍ശന്‍ എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു, ``കമ്മിറ്റിയിലെ അംഗങ്ങള്‍ ശുഷ്ക്കാന്തിയോടെയും ശ്രദ്ധയോടെയും തങ്ങളുടെ കര്‍മ്മം ചെയ്യും എന്നായിരുന്നു എന്റെ വിശ്വാസം. അതുകൊണ്ടു് ഈ വര്‍ഷത്തെ സമ്മാനത്തില്‍ ഞാന്‍ വാസ്തവത്തില്‍ അത്ഭുതവാനും നിരാശനുമാണു്. ശാസ്ത്രേതര പരഗണനകള്‍ ഈ തീരുമാനത്തിനു് കാരണമായിട്ടുണ്ടെങ്കില്‍ അതു് എനിക്കും മറ്റു പലര്‍ക്കും വേദനാജനകമായിരിക്കും. ... ഗ്ലോബെറിനുള്ളതു മാത്രം ഗ്ലോബെറിനു് നല്‍കുക."

നൊബെല്‍ സമ്മാനങ്ങള്‍ തീരുമാനിക്കുന്നതില്‍ പല പരിഗണനകള്‍ കടന്നു വരുന്നില്ലേ എന്നു് പലപ്പോഴും തോന്നുന്നതാണു്. മഹാത്മ ഗാന്ധിയ്ക്കു് ലഭിക്കാത്ത സമാധാനത്തിനുള്ള സമ്മാനത്തിനു് എന്താണു് വില? ദസ്തയവ്സ്ക്കിയ്ക്കു് ലഭിക്കാത്ത സാഹിത്യത്തിനുള്ള സമ്മാനത്തിനെപ്പറ്റി എന്തു പറയാന്‍. നൊബെല്‍ സമ്മാനം ലഭിച്ചില്ല എന്നതുകൊണ്ടു് ഗാന്ധിജിക്കോ ദസ്തയവ്സ്ക്കിക്കോ യാതൊരു കുറവും ഉണ്ടായിട്ടില്ല. അവര്‍ക്കു് നല്കാതിരുന്നതുകൊണ്ടു് നൊബെല്‍ സമ്മാനത്തിന്റെ വിലയാണു് ഇടിഞ്ഞതു്. ഹെന്‍റി കിസിഞ്ചര്‍‌ക്കും ഒബാമയ്ക്കും നല്‍കിയ സമാധാനത്തിനുള്ള നൊബെല്‍ സമ്മാനം അതുകൊണ്ടുതന്നെ കറ പുരണ്ടതാകുന്നു. ഒരര്‍ത്ഥത്തില്‍ ഇത്തരമൊരു പുരസ്ക്കാരം ലഭിക്കാതിരിക്കുന്നതു തന്നെയാണു് ഉത്തമം. അതുകൊണ്ടുതന്നെ നൊബെല്‍ സമ്മാനം ലഭിക്കാത്തതില്‍ ദു:ഖിക്കേണ്ടതില്ല.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Sunday, September 26, 2010

മനുഷ്യന്‍ പ്രപഞ്ചത്തില്‍ ഒറ്റയ്ക്കാണോ?

പണ്ടുപണ്ടൊരു കാലത്തു് പ്രപഞ്ചമെന്നാല്‍ നമുക്കു് ഭൂമിയായിരുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മറ്റും മനുഷ്യനു് വേണ്ടി ദൈവം സൃഷ്ടിച്ചതാണു് എന്നു് മനുഷ്യരില്‍ ചിലരെങ്കിലും വിശ്വസിച്ചിരുന്നു. പിന്നീടു്, സൌരയൂഥം എന്ന ആശയം ഉത്ഭവിക്കുകയും പതിനേഴാം നൂറ്റാണ്ടില്‍ ഗലീലിയൊ ദൂരദര്‍ശിനി ആകാശത്തേയ്ക്കു് തിരിക്കുകയും ചെയ്തതോടെ അതാണു് യാഥാര്‍ത്ഥ്യം എന്നു് മനുഷ്യര്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ പ്രപഞ്ചമെന്നാല്‍ നമുക്കു് സൌരയൂഥം മുഴുവനുമായി. മറ്റു ഗ്രഹങ്ങളിലും ജീവികളുണ്ടോ, മനുഷ്യരുണ്ടോ എന്നെല്ലാം ഒരുപക്ഷെ അക്കാലത്തുതന്നെ ചിലരൊക്കെ സ്വയം ചോദിച്ചു തുടങ്ങിയിട്ടുണ്ടാകാം. പിന്നീടു്, ആകാശഗംഗ എന്ന നക്ഷത്രസമൂഹം കണ്ടുപിടിച്ചതോടെ സൌരയൂഥംതന്നെ പ്രപഞ്ചത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നു് മനസിലായി. അപ്പോള്‍ മറ്റു നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുണ്ടാകാമെന്നും അവിടെയും ജീവനുണ്ടാകാമെന്നും മനുഷ്യന്‍ ചിന്തിച്ചുതുടങ്ങി. ആകാശഗംഗ പോലത്തെ ഏതാണ്ടു് പതിനായിരം കോടി നക്ഷത്രസമൂഹങ്ങള്‍ പ്രപഞ്ചത്തിലുണ്ടു് എന്നു് നമുക്കിന്നറിയാം. ഓരോ നക്ഷത്രസമൂഹത്തിലും ഏതാണ്ടു് പതിനായിരം കോടി നക്ഷത്രങ്ങള്‍ വീതം ഉണ്ടാകും. അപ്പോള്‍ തീര്‍ച്ചയായും ഏതെങ്കിലും നക്ഷത്രത്തിന്റെ ഏതെങ്കിലും ഒരു ഗ്രഹത്തില്‍ മനുഷ്യനെപ്പോലുള്ള ജീവികളുണ്ടാവില്ലേ? ഒരുപക്ഷെ നമ്മുടേതുപോലത്തെ വികസിതമായ ഒരു സമൂഹവും നമ്മുടേതിനേക്കാള്‍ കൂടുതല്‍ വികസിതമായ സാങ്കേതികവിദ്യപോലും ഉണ്ടായിക്കൂടേ? ഈ സംശയം ന്യായമായും പലരുടെ മനസിലും ഉദിച്ചു. അങ്ങനെയുള്ള വികസിത സമൂഹമുണ്ടെങ്കില്‍ അവരെ നമ്മള്‍ കണ്ടെത്തണ്ടേ? അതിനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. എന്തുകൊണ്ടോ മറ്റു ഗ്രഹങ്ങളില്‍ ജീവനുള്ളതിന്റെ ലക്ഷണം പോലും ഇതുവരെ കാണാനായിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ചില കണ്ടെത്തലുകള്‍ മറ്റു നക്ഷത്രങ്ങള്‍ക്കു് ഗ്രഹങ്ങളും അവയില്‍ ചിലതില്‍ ജീവനുമുണ്ടായിരിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. അവയെന്താണെന്നു പരിശോധിക്കുന്നതിനുമുമ്പു് ഇതുവരെ എന്തെല്ലാം പഠനങ്ങള്‍ നടന്നിട്ടുണ്ടെന്നു നോക്കാം.

ലോകത്തിന്റെ എല്ലാ ഭാഗത്തുള്ള സമൂഹങ്ങളിലും -- ഗ്രീസിലും ഭാരതത്തിലുമെല്ലാം -- പ്രപഞ്ചത്തിലെ മറ്റിടങ്ങളില്‍ ജീവനുണ്ടായിരിക്കാനുള്ള സാദ്ധ്യതയെപ്പറ്റി പ്രാചീനകാലത്തുതന്നെ ചിന്തിച്ചിരുന്നതായി സൂചനകളുണ്ടു്. ചിലരെങ്കിലും മറ്റനേകം ഗ്രഹങ്ങളില്‍ ജീവനുണ്ടു് എന്നുതന്നെയാണു് കരുതിയിരുന്നതു്. ദൈവത്തിന്റെ സാന്നിദ്ധ്യം എല്ലാ ഗ്രഹങ്ങളിലും ഉണ്ടായിരിക്കണമെന്നും അതുകൊണ്ടു് അവിടങ്ങളില്‍ ജീവനുണ്ടായിരിക്കണം എന്നുമായിരുന്നു വാദഗതി. ആധുനിക യുഗത്തില്‍ അന്യഗ്രഹങ്ങളില്‍ നിന്നു് ഭൂമിയിലേക്കു വരികയോ ഭൂമിയുമായി ബന്ധപ്പെടുകയോ ചെയ്യുന്ന വികസിത സാങ്കേതികവിദ്യയുള്ള അന്യഗ്രഹനിവാസികളെക്കുറിച്ചു് കഥകള്‍ ഉണ്ടായിട്ടുണ്ടു്. അവയില്‍ ഏറ്റവും പ്രശസ്തമായതു് ഒരുപക്ഷെ 1898ല്‍ പ്രസിദ്ധീകരിച്ച എച്. ജി. വെല്‍സിന്റെ ലോകങ്ങളുടെ യുദ്ധം (War of the Worlds) ആയിരിക്കാം. ഫ്രെഡ് ഹോയ്‌ലും ജോണ്‍ എലിയട്ടും ചേര്‍ന്നു് രചിച്ചു് 1961ല്‍ പ്രസിദ്ധീകരിച്ച എ ഫോര്‍ ആന്‍ഡ്രോമെഡ (A for Andromeda)എന്ന നോവലില്‍ പ്രപഞ്ചത്തില്‍ എവിടെയോനിന്നു് ലഭിച്ച സന്ദേശമാണു് കഥയുടെ തുടക്കം. ഇതില്‍ അന്യഗ്രഹവാസികള്‍ പ്രത്യക്ഷപ്പെടുന്നില്ല. ഈ നോവല്‍ ഉത്ഭവിച്ചതു് ഒരുപക്ഷെ അതിനു് രണ്ടുവര്‍ഷം മുമ്പു് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലായിരിക്കാം.

പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ഗ്രഹത്തിലെ മികച്ച സാങ്കേതികവിദ്യയുള്ള ജീവികള്‍ അവരുടെ സാന്നിദ്ധ്യം അറിയിക്കാനായി റേഡിയോ സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ടെങ്കില്‍ അവ ഏതു് തരംഗദൈര്‍ഘ്യങ്ങളിലായിരിക്കാം എന്നും അവയെങ്ങനെ കണ്ടെത്താം എന്നും മറ്റും 1959ല്‍ നേച്ചര്‍ എന്ന പ്രശസ്ത ശാസ്ത്രവാരികയില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഒരുപക്ഷെ ഈ പ്രബന്ധത്തിന്റെയും കൂടി പ്രചോദനത്തിലായിരിക്കാം അടുത്ത വര്‍ഷം അമേരിക്കയിലെ കോര്‍ണ്ണല്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. ഫ്രാങ്ക് ഡ്രേക് എന്ന ശാസ്ത്രജ്ഞന്‍ ആദ്യമായി ഒരു പരീക്ഷണം നടത്തി. ആകാശത്തുനിന്നു് വരുന്ന മൈക്രോവേവ് തരംഗങ്ങളില്‍നിന്നു് അറിയപ്പെടുന്നവയെല്ലാം നീക്കിക്കഴിഞ്ഞാല്‍ അവശേഷിക്കുന്നതില്‍ ഒരു സന്ദേശത്തിന്റെ സ്വഭാവമുള്ള എന്തെങ്കിലും സിഗ്നലുകളുണ്ടോ എന്നു നോക്കുന്നതായിരുന്നു ആ പരീക്ഷണം. സെടി (SETI, Search for Extra Terrestrial Intelligence) അഥവാ ഭൌമേതര ബുദ്ധിയ്ക്കുവേണ്ടിയുള്ള തിരച്ചില്‍ എന്ന പേരില്‍ വര്‍ഷങ്ങളായി നടത്തിയ പരീക്ഷണത്തിന്റെ തുടക്കം ഇവിടെയായിരുന്നു എന്നു പറയാം.

സൂര്യനെപ്പോലെയുള്ള വസ്തുക്കള്‍ തന്നെയാണു് നക്ഷത്രങ്ങള്‍ എന്ന തിരിച്ചറിവു് ഉണ്ടായ കാലം മുതല്‍തന്നെ അവയില്‍ ചിലതിനു ചുറ്റിലും ഗ്രഹങ്ങളുണ്ടാവാം എന്നുള്ള ആശയം ഉണ്ടായിത്തുടങ്ങിയിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ജിയോര്‍ഡാനെ ബ്രൂണൊ തന്നെ ഈ ആശയത്തെക്കുറിച്ചു് പറഞ്ഞിട്ടുണ്ടു്. പിന്നീടു് ഐസക് ന്യൂട്ടണും അതിനെ അനുകൂലിച്ചു. എന്നാല്‍ മറ്റൊരു നക്ഷത്രത്തിനെ പ്രദക്ഷിണം വയ്ക്കുന്ന ഗ്രഹത്തെ മനുഷ്യനു് കാട്ടിത്തരാനുള്ള സാങ്കേതികവിദ്യ അക്കാലത്തുണ്ടായിരുന്നില്ല. ഏറ്റവും ശക്തികൂടിയ ദൂരദര്‍ശിനിയില്‍ക്കൂടി പോലും ഒരു നക്ഷത്രത്തെ ഒരു ബിന്ദുവായി മാത്രമെ കാണാനാകുമായിരുന്നുള്ളൂ.

എങ്കിലും ഏതാണ്ടു് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ക്കുതന്നെ മറ്റു നക്ഷത്രങ്ങളില്‍ ഗ്രഹങ്ങളെ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. ആദ്യത്തെ അത്തരം റിപ്പോര്‍ട്ടു് മദ്രാസില്‍ നിന്നുള്ള ഒന്നു് ആണെന്നു തോന്നുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാപ്റ്റന്‍ ജേക്കബാണു് മദ്രാസ് നിരീക്ഷകേന്ദ്രത്തില്‍നിന്നു് 70 ഒഫിയുചി (70 Ophiuchi) എന്ന നക്ഷത്രത്തിന്റെ ചലനങ്ങള്‍ അതിനു് ഗ്രഹമുണ്ടെന്നു് സൂചിപ്പിക്കുന്നു എന്നു് 1855ല്‍ റിപ്പോര്‍ട്ടു ചെയ്തതു്. 1988ല്‍ കനേഡിയന്‍ ജ്യോതിശ്ശാസ്ത്രജ്ഞരായ കാമ്പെല്‍ (Bruce Campbell), വോക്കര്‍ (G.A.H. Walker) യാങ്ങ് (S. Yang) എന്നിവര്‍ ഗാമ സിഫീഡ് എന്ന നക്ഷത്രത്തിന്റെ ചലനം അതിനെ ഒരു ഗ്രഹം പ്രദക്ഷിണം വയ്ക്കുന്നതായി സൂചിപ്പിക്കുന്നു എന്നു് പ്രഖ്യാപിച്ചു. അവരുപയോഗിച്ച നിരീക്ഷണോപകരണത്തിന്റെ കഴിവിന്റെ പരിധിയ്ക്കടുത്തു് വരുന്നതായിരുന്നു അവര്‍ കണ്ട വ്യതിയാനങ്ങള്‍ എന്നതുകൊണ്ടു് അക്കാലത്തു് വളരെ സംശയത്തോടെ യായിരുന്നു ശാസ്ത്രലോകം ഈ പ്രഖ്യാപനത്തെ സ്വീകരിച്ചതു് എങ്കിലും പിന്നീടുണ്ടായ നിരീക്ഷണങ്ങളുടെ ഫലമായി 2002ല്‍ ഗ്രഹത്തിന്റെ കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. ഇതു് വളരെ വലിയ ഗ്രഹമാണെന്നു് പിന്നീടു് മനസിലായി. എന്നാല്‍ കൂടുതല്‍ ശക്തമായ സാങ്കേതികവിദ്യ വികസിപ്പിച്ചതോടെ കുറേക്കൂടി ചെറിയ ഗ്രഹങ്ങളും കണ്ടെത്താനായിട്ടുണ്ടു്.

ഇപ്പോള്‍ പ്രപഞ്ചത്തിലാകെ നാനൂറു് ഗ്രഹങ്ങള്‍ കണ്ടെത്തിയതായി കണക്കാക്കപ്പെടുന്നു. എങ്കിലും ഇവയില്‍ ജീവനുണ്ടാകാനുള്ള സാദ്ധ്യതയെപ്പറ്റി നമുക്കറിയില്ല. നമുക്കു് പരിചിതമായ രൂപത്തിലുള്ള ജീവനുണ്ടാകണമെങ്കില്‍ അതിനു് ജലമുണ്ടായേ തീരൂ. അതുകൊണ്ടു് ജലത്തിന്റെ സാന്നിദ്ധ്യത്തെപ്പറ്റി അന്വേഷിക്കുകയാണു് ഒരു വഴി. ഇംഗ്ലണ്ടിലെ ലൈസെസ്റ്റര്‍ സര്‍വ്വകലാശാലയിലെ ജേ ഫരിഹി (Jay Far­ihi) നടത്തിയ പഠനത്തില്‍ പല വെള്ളക്കുള്ളന്‍ (white dwarf) നക്ഷത്രങ്ങളിലും ഭാരം കൂടിയ മൂലകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഈയിടെ പ്രഖ്യാപിച്ചു. സ്ക്കോട്ട്ലന്‍ഡിലെ ഗ്ലാസ്‌ഗൊവില്‍ നടന്ന റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ ദേശീയ സമ്മേളനത്തില്‍ വച്ചാണു് ഏപ്രില്‍ 13നു് ഇതുസംബന്ധിച്ച പ്രബന്ധം അദ്ദേഹം അവതരിപ്പിച്ചതു്. വെള്ളക്കുള്ളനില്‍ ഭാരം കൂടിയ മൂലകങ്ങള്‍ ഉണ്ടാവണമെങ്കില്‍ ആ നക്ഷത്രത്തിനു് ഗ്രഹങ്ങള്‍ ഉണ്ടായിരുന്നിരിക്കണം എന്നാണു് നമ്മള്‍ മനസിലാക്കിയിട്ടുള്ളതു്. നക്ഷത്രത്തില്‍ ജലത്തിന്റെ അംശവും ഉണ്ടായിരിക്കാം എന്നതിനു് സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സൂര്യന്‍ പോലെയുള്ള നക്ഷത്രങ്ങള്‍ വെള്ളക്കുള്ളന്മാരായി തീരും എന്നാണു് നമ്മള്‍ മനസിലാക്കിയിരിക്കുന്നതു്. അതായതു് നമ്മുടെ ക്ഷീരപഥത്തിലെ 90\% നക്ഷത്രങ്ങളും വെള്ളക്കുള്ളന്മാരായിത്തീരും. അങ്ങനെയെങ്കില്‍ ക്ഷീരപഥത്തില്‍ അനേകം ഗ്രഹങ്ങളുണ്ടായിരിക്കണം. ഒരുപക്ഷെ അവയില്‍ പലതിലും ജലമുണ്ടായിരിക്കാനും സാദ്ധ്യതയുണ്ടു്. ജലമുള്ള ഗ്രഹങ്ങളില്‍ ജീവനുത്ഭവിക്കാനുള്ള സാദ്ധ്യത വളരെ വലുതാണു്.

ഇനി ജലത്തിനു പകരം മറ്റെന്തെങ്കിലും ദ്രാവകമായിക്കൂടെ? ആവാം. അത്തരമൊന്നാണു് മീഥേന്‍. പക്ഷെ ജലത്തില്‍ അലിയുന്നത്ര പദാര്‍ത്ഥങ്ങള്‍ മീഥേനില്‍ അലിയില്ല. അതുകൊണ്ടു് നമുക്കു് പരിചിതമായത്ര വിവിധമായ ജൈവരാസവസ്തുക്കള്‍ മീഥേന്‍ അധിഷ്ഠിതമായ ജീവനില്‍ ഉണ്ടാകാനാവില്ല. എങ്കിലും ലളിതമായ ജൈവരൂപങ്ങള്‍ ദ്രവമീഥേന്‍ നിലനില്‍ക്കുന്ന ഗ്രഹങ്ങളിലും ഉണ്ടാവാനിടയുണ്ടു്. ശനിയുടെ ഉപഗ്രഹമായ റ്റൈറ്റാനില്‍ അത്തരം ജീവനുണ്ടാവാനുള്ള സാദ്ധ്യതയുണ്ടത്രെ. അവിടെ ദ്രവരൂപത്തിലുള്ള മീഥേന്‍ നിലനില്‍ക്കുന്നുണ്ടെന്നു് കരുതപ്പെടുന്നു.

ഇനി മറ്റെവിടെയെങ്കിലും മനുഷ്യരുടെയത്രയൊ അതിലധികമൊ സാങ്കേതികമായി വികസിച്ച സംസ്ക്കാരമുണ്ടെങ്കിലോ? ഭൂമിയില്‍ ജീവനുണ്ടെന്നറിഞ്ഞാല്‍ ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു് പറഞ്ഞ നോവലുകളിലെപ്പോലെ അവര്‍ നമ്മെ ആക്രമിച്ചു കീഴടക്കാന്‍ ശ്രമിക്കുമോ? ഭൂമിയിലെ ചില രാജ്യങ്ങളെപ്പോലെയാണു് അവര്‍ എങ്കില്‍ അതു് സംഭവിക്കില്ല എന്നു പറയാനാവില്ല. നമുക്കു് ചെറുത്തുനില്‍ക്കാനാകാത്ത ആയുധങ്ങള്‍ അവരുടെ പക്കല്‍ ഉണ്ടായെന്നും വരാം. എന്നാല്‍ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ പ്രകാശത്തിനു് പോലും ഇവിടെയെത്താന്‍ നാലു വര്‍ഷത്തിലധികം വേണമെന്നോര്‍ക്കുമ്പോള്‍ ഇത്രയധികം ദൂരം താണ്ടി ഇവിടെയെത്തി നമ്മോടു് യുദ്ധം ചെയ്യാന്‍ ആരും തയാറായേക്കില്ല എന്നു വേണം കരുതാന്‍.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
(തേജസ് പത്രത്തില്‍ ജൂലൈ 2010ല്‍ പ്രസിദ്ധീകരിച്ച ലേഖനം)

Wednesday, July 07, 2010

How Airtel Tricked me into Paying More

I have been using a pre-paid Airtel mobile connection for several years now and I have not had any problems. In 2010 April beginning, I received a phone call while I was in my office offering a new post-paid scheme. Though I was somewhat busy with some work, I listened to the person (unfortunately, as it turned out) and found that the plan was attractive. So I accepted her offer to send an executive immediately. She had asked me right at the beginning how much I spend on mobile phone each month and I told her that I spend around 200 to 250 rupees a month. The offer she made was for a post-paid connection that would cost me Rs. 225 per month which had certain free calls and the rates for excess calls were rather low. I asked her about roaming and she gave me a vague answer that, I thought, meant that roaming was nothing special. I thought this scheme sounds good and that is why I decided to accept it. I was also told that I could go back to my pre-paid plan whenever I wanted.

In a couple of weeks, I had to go to Delhi and then abroad. And I found that my phone was off air once I left India. Apparently, I am supposed to have known that this would happen with pre-paid connections. I returned home only to see a bill that indicated an amount that I have never paid in my life for telephone. I soon shot off a letter to customer care and I got a prompt automated response that said thank you and that I would be getting a proper response within 24 hours. Instead of a response to my email, what I got was a phone call asking for payment. I explained the problem and expressed my desire to go back to my pre-paid plan. Such conversation was repeated three times, until I got a call from Chennai. Meanwhile I kept writing emails also.

Finally, I got to speak to an official in Chennai who told me that I could pay my bills at either of three offices in the town and pay Rs. 100 to get back my pre-paid connection. By being enticed into a connection that results in a far higher monthly bill, I lost more than a thousand bucks. And the only response the company official could give for this was "sorry". On top of it all, now I am told to keep from making calls for one day in order to move back to my old pre-paid connection.

Airtel customers, beware of such calls. Just tell them that you are not interested in listening to their offers. Otherwise, closely examine the offer and get them to explain every small aspect of the scheme before you decide to accept the offer. The company is probably putting pressure on their officers to get people to migrate from pre-paid to post-paid, and we customers have to pay for it. And Airtel may not be the only service provider that does this kind of thing.

Sunday, June 20, 2010

A Reality Show That Shouldn't

I recently witnessed one of these so-called "Reality Shows" on television. I should confess I am not a regular viewer of television programmes. In fact, I normally see TV programmes only when they are "forced" on me because I happen to be in a house where the set happens to be switched on. And this was no exception. But this time it was one of those unreal shows in Hindi. And I almost wanted to give the guy who made the programme such a blow that he would never think of making such a programme again. Well, that needs a bit of explanation, I guess.

I saw bits of the song that the contestants had apparently sung after which each one was told to wait to learn what their fate was going to be. Then I saw all of them seated in a row. The anchor then gave each of them a small white board and a pen. Then each person was asked to write on the board, horror of horrors, who they would like to see out of the contest that day!

I thought this was the height of absurdity. I already do not like these programmes because they appear to be competitions among singers but they do not really test the musical abilities of the individuals. First of all, they need viewers to vote for their favourite participants and the winner is based on the number of votes (s)he receives. The participants are asked to beg viewers to vote for them, which, I feel, is humiliating. This leads, I am told, to participants paying people to vote for them, and, apparently, even hiring people to sit and send messages! Since the whole idea is to make huge profits, and the rewards offered also are out of the world, such manipulations automatically become part of the scheme.

Moreover, it is not enough that the participant sings, he needs to "perform"! That is, they need to appear in a dress that suits the song and kind of dance around the stage while they sing. I am totally unable to understand this. Which of the great musicians of this part of the world would have been able to do such things? Kumar Gandharva? Thyagaraja Bhagawathar? Omkarnath Thakur? Semmangudi? Or even Mohaamed Rafi? Yesudas? Latha Mangeshkar? None of the great singers I know of Only in movies do we see people singing and dancing. And they used to do that in reality only in the initial days of the "talkie". Why, even those judges who sit and make comments would fail miserably if they tried to do that. That kind of performance has been a part only of rock concerts, where we see Michael Jackson (or someone else) jump around with a microphone or threaten to break the microphone stand. Such "performance" has never been a part of the music in this part of the world. So obviously, that has come from the West. Here, the emphasis has been on the purity of the note (Sruthi), bhava or emotion and things like that. Music has always been primarily an audio performance. I don't understand why such alien ideas that cannot go with our music should be brought into these "unreal" shows.

But to ask the participants to name the persons they would wish to see gone is the height of indecency. We have plenty of other reasons to differentiate people - religion, caste, language, region, colour, whatever one could think of. And now why do these guys want to create animosity among singers from different places? Next, I guess, they would be asking people, "which of your friends would you like to see dead today?" This is outright ridiculous! These are shows that shouldn't be shown or shot.

Thursday, May 13, 2010

Cayambe, Ecuador

From Asuncion, I went to Quito, Ecuador, with my friend Juan Carlos. You can read about this in my blog Free as in Freedom. We reached Quito on 5th May and were there till 10th. But in-between we were invited to visit Cayambe, where Rafael Bonifaz's father is the Governor (they call him Mayor). We went on 8th to Caambe and returned to Quito the next day. But this was perhaps the most memorable part of my visit to Latin America.

On 8th morning, Charles Escobar, with whom we were staying, went out on a visit with his family, and told us that Quiliro would be coming to pick us up. Quiliro turned up in a taxi at about 8 am and we went to the office of an association of electronics engineers where two or three people were waiting for us. Rafael Bonifaz soon joined us. We were discussing largely Free Software and how it was adopted in India. As we talked, Juan spoke about the encounter in the office of intellectual property and said how he wanted them to disappear. I disagreed and explained how the IP regime came about to help society and why it is still important in some respects. I gave the example of the Aranmula Kannadi and explained how the know-how could have come into the public domain if it could have been patented. This led to an argument which, I thought later, could have been avoided. I should, perhaps, have been more in control of what I spoke. I felt that Juan was demanding virtually impossible things and that would reduce the possibility of someone sympathetic to our cause listening to us. Happily, Juan does not seem to have taken offence at my verbal assault. We then left with Rafael to his native place in the mountains of Cayambe.

Rafael selected a long route that went through the mountains so that we could see some beautiful sights. And were they beautiful! I got to see some of the most beautiful landscapes I have ever seen! And we stopped on a couple of occasions just to take photographs. I am yet to see the photos (they are still in Juan's camera) but I wonder whether they have really been able to capture the beauty of the place. Finally we turned off the road (the Pan American Highway) into an old place that has apparently been turned into a kind of hotel with food and accommodation. Rafael's father was waiting for us and we sat down on one of the benches that were arranged on the verandah inside. My answer to his first question "What would you like to have?" reflects the beauty of the place. I said, "Nothing. This place alone is good enough". Yes, the courtyard was paved with smooth stones and the whole place looked like a beautiful picture! And the weather was cool. making it a very pleasant experience. Rafael's father started with a brief history of the place. Apparently, it had once belonged to his great grandmother. She was disinherited because she married a Peruvian guy. But she could buy it back because of some circumstances that forced the family to sell the land. There stands a very old church that was the first building to be built there some four hundred years ago.

We were soon joined by the Director of school education and a technologist and they wanted me to describe how Kerala migrated to Free Software (FS) and why it happened in Kerala. I virtually repeated my presentation at the Free Software Asuncion conference and answered the questions about "why Kerala" as well as I could. Along with Rafael, we then discussed strategies to migrate the schools to Free Software. My strategy was to influence the natives, who were apparently a n important part of the population, But it turned out that teachers were already asking for training in FS because they had got some computers with FS. The only thing that apparently had to be done was to provide training to them and show them a few applications that can be used for teaching and learning.

By this time it was night fall and getting rather cold. Rafael lit the fireplace, and this was my first experience sitting in front of a fireplace. We were shown our room, which was wonderful with wooden floor and very old wooden furniture. All of us had dinner together and Juan took several photographs. There were apparently several other people staying in the place who all came for food around the same time. Rafael then showed us the place from where we could connect to the Internet. I preferred to use a desktop computer there while Juan went to collect his laptop. We sat there for a long time. By the time we decided to go to our room, which was not late by any standards, the whole place was in darkness and we had to depend on Juan's mobile to give us some light (mine was already out of charge). In the room we were discussing for a long time about Western music before we went to sleep.

The next morning, we got up and quickly got ready because Rafael had told us that we would go to his brother-in-law's pet project, the equator monument. But he (brother-in-law, Cristobal Cobo Arizaga) appeared while we were having breakfast and explained to us why the present method of drawing maps with the North on top is unscientific. He said that the North star is actually temporary and would change over a few thousand years. In the map with North on top, the map divides countries into top and bottom countries. He said that the only direction that was permanent was the East, where the Sun always rises. Therefore, he said, maps should be drawn with the East at the top, and that would give equal importance to all countries to the North and South of the equator. He explained how the ancient people of the region had identified the exact position of the equator and built a monument there, which is not largely destroyed. He said that they needed to observe the heavens to calculate the time when the seeds have to be sown and the yield has to be harvested.

I had a different take on the last part. I felt that humans were perhaps driven by curiosity always, as we are today. My feeling is that people intuitively knew when cultivation should be done, when rains would come and things like that. We see this happening even today in regions where modern education has not corrupted the minds of people, and in animals who hibernate or migrate. They don't have any need to observe the heavens and do calculations to determine when to hibernate or when to start moving to another part of the world, often very far away. I believe that the ancient people also had this intuitive knowledge. Modern humans tend to think only in terms of logical analysis whereas there seems to be a lot of evidence to show that human beings depended on their intuition for many things in life. But Cristobal didn't seem to understand what I was trying to say or to agree with me.

We then went to the monment which they had built exactly on the equator and the view from there was simply fantastic. At one point of time, the clouds were arranged in such a manner that the hills in the background looked like a picture. Again Juan took photographs but I wonder whether they have succeeded in absorbing even half of the beauty. And I am sure this is not because of the photography skills of Juan. I think one needs to really be there to fully enjoy the beauty of the place. Juan purchased a DVD-CD set for $20 from there, the money going for the maintenance of the site. The DVD contains a video explaining all the ideas, but the commentary is in Spanish though it has subtitles in English. This makes it difficult to see the video because one has to concentrate on the subtitles. I thought it would be good to dub it in English.

From there we returned straight to Charles' place. Quiliro had invited us to go to see the pyramids, but we decided not to because we wanted to take some time off and catch up with our email and things like that. So we returned to Charles' house and Rafael went back quickly because he had a family meeting to attend. Thus ended a wonderful part of the trip to Ecuador. I hope to put some photographs here as soon as Juan uploads them to the Hipatia gallery.