പണ്ടുപണ്ടൊരു കാലത്തു് പ്രപഞ്ചമെന്നാല്‍ നമുക്കു് ഭൂമിയായിരുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മറ്റും മനുഷ്യനു് വേണ്ടി ദൈവം സൃഷ്ടിച്ചതാണു് എന്നു് മനുഷ്യരില്‍ ചിലരെങ്കിലും വിശ്വസിച്ചിരുന്നു. പിന്നീടു്, സൌരയൂഥം എന്ന ആശയം ഉത്ഭവിക്കുകയും പതിനേഴാം നൂറ്റാണ്ടില്‍ ഗലീലിയൊ ദൂരദര്‍ശിനി ആകാശത്തേയ്ക്കു് തിരിക്കുകയും ചെയ്തതോടെ അതാണു് യാഥാര്‍ത്ഥ്യം എന്നു് മനുഷ്യര്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ പ്രപഞ്ചമെന്നാല്‍ നമുക്കു് സൌരയൂഥം മുഴുവനുമായി. മറ്റു ഗ്രഹങ്ങളിലും ജീവികളുണ്ടോ, മനുഷ്യരുണ്ടോ എന്നെല്ലാം ഒരുപക്ഷെ അക്കാലത്തുതന്നെ ചിലരൊക്കെ സ്വയം ചോദിച്ചു തുടങ്ങിയിട്ടുണ്ടാകാം. പിന്നീടു്, ആകാശഗംഗ എന്ന നക്ഷത്രസമൂഹം കണ്ടുപിടിച്ചതോടെ സൌരയൂഥംതന്നെ പ്രപഞ്ചത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നു് മനസിലായി. അപ്പോള്‍ മറ്റു നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുണ്ടാകാമെന്നും അവിടെയും ജീവനുണ്ടാകാമെന്നും മനുഷ്യന് ചിന്തിച്ചുതുടങ്ങി. ആകാശഗംഗ പോലത്തെ ഏതാണ്ടു് പതിനായിരം കോടി നക്ഷത്രസമൂഹങ്ങള്‍ പ്രപഞ്ചത്തിലുണ്ടു് എന്നു് നമുക്കിന്നറിയാം. ഓരോ നക്ഷത്രസമൂഹത്തിലും ഏതാണ്ടു് പതിനായിരം കോടി നക്ഷത്രങ്ങള്‍ വീതം ഉണ്ടാകും. അപ്പോള്‍ തീര്‍ച്ചയായും ഏതെങ്കിലും നക്ഷത്രത്തിന്റെ ഏതെങ്കിലും ഒരു ഗ്രഹത്തില്‍ മനുഷ്യനെപ്പോലുള്ള ജീവികളുണ്ടാവില്ലേ? ഒരുപക്ഷെ നമ്മുടേതുപോലത്തെ വികസിതമായ ഒരു സമൂഹവും നമ്മുടേതിനേക്കാള്‍ കൂടുതല്‍ വികസിതമായ സാങ്കേതികവിദ്യപോലും ഉണ്ടായിക്കൂടേ? ഈ സംശയം ന്യായമായും പലരുടെ മനസിലും ഉദിച്ചു. അങ്ങനെയുള്ള വികസിത സമൂഹമുണ്ടെങ്കില്‍ അവരെ നമ്മള് കണ്ടെത്തണ്ടേ? അതിനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. എന്തുകൊണ്ടോ മറ്റു ഗ്രഹങ്ങളില്‍ ജീവനുള്ളതിന്റെ ലക്ഷണം പോലും ഇതുവരെ കാണാനായിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ചില കണ്ടെത്തലുകള്‍ മറ്റു നക്ഷത്രങ്ങള്‍ക്കു് ഗ്രഹങ്ങളും അവയില്‍ ചിലതില്‍ ജീവനുമുണ്ടായിരിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. അവയെന്താണെന്നു പരിശോധിക്കുന്നതിനുമുമ്പു് ഇതുവരെ എന്തെല്ലാം പഠനങ്ങള്‍ നടന്നിട്ടുണ്ടെന്നു നോക്കാം.
ലോകത്തിന്റെ എല്ലാ ഭാഗത്തുള്ള സമൂഹങ്ങളിലും -- ഗ്രീസിലും ഭാരതത്തിലുമെല്ലാം -- പ്രപഞ്ചത്തിലെ മറ്റിടങ്ങളില്‍ ജീവനുണ്ടായിരിക്കാനുള്ള സാദ്ധ്യതയെപ്പറ്റി പ്രാചീനകാലത്തുതന്നെ ചിന്തിച്ചിരുന്നതായി സൂചനകളുണ്ടു്. ചിലരെങ്കിലും മറ്റനേകം ഗ്രഹങ്ങളില്‍ ജീവനുണ്ടു് എന്നുതന്നെയാണു് കരുതിയിരുന്നതു്. ദൈവത്തിന്റെ സാന്നിദ്ധ്യം എല്ലാ ഗ്രഹങ്ങളിലും ഉണ്ടായിരിക്കണമെന്നും അതുകൊണ്ടു് അവിടങ്ങളില്‍ ജീവനുണ്ടായിരിക്കണം എന്നുമായിരുന്നു വാദഗതി. ആധുനിക യുഗത്തില്‍ അന്യഗ്രഹങ്ങളില്‍ നിന്നു് ഭൂമിയിലേക്കു വരികയോ ഭൂമിയുമായി ബന്ധപ്പെടുകയോ ചെയ്യുന്ന വികസിത സാങ്കേതികവിദ്യയുള്ള അന്യഗ്രഹനിവാസികളെക്കുറിച്ചു് കഥകള്‍ ഉണ്ടായിട്ടുണ്ടു്. അവയില്‍ ഏറ്റവും പ്രശസ്തമായതു് ഒരുപക്ഷെ 1898ല്‍ പ്രസിദ്ധീകരിച്ച എച്. ജി. വെല്‍സിന്റെ ലോകങ്ങളുടെ യുദ്ധം (War of the Worlds) ആയിരിക്കാം. ഫ്രെഡ് ഹോയ്ലും ജോണ്‍ എലിയട്ടും ചേര്‍ന്നു് രചിച്ചു് 1961ല്‍ പ്രസിദ്ധീകരിച്ച എ ഫോര്‍ ആന്‍ഡ്രോമെഡ (A for Andromeda)എന്ന നോവലില്‍ പ്രപഞ്ചത്തില്‍ എവിടെയോനിന്നു് ലഭിച്ച സന്ദേശമാണു് കഥയുടെ തുടക്കം. ഇതില്‍ അന്യഗ്രഹവാസികള്‍ പ്രത്യക്ഷപ്പെടുന്നില്ല. ഈ നോവല്‍ ഉത്ഭവിച്ചതു് ഒരുപക്ഷെ അതിനു് രണ്ടുവര്‍ഷം മുമ്പു് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലായിരിക്കാം.
പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ഗ്രഹത്തിലെ മികച്ച സാങ്കേതികവിദ്യയുള്ള ജീവികള്‍ അവരുടെ സാന്നിദ്ധ്യം അറിയിക്കാനായി റേഡിയോ സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ടെങ്കില്‍ അവ ഏതു് തരംഗദൈര്‍ഘ്യങ്ങളിലായിരിക്കാം എന്നും അവയെങ്ങനെ കണ്ടെത്താം എന്നും മറ്റും 1959ല്‍ നേച്ചര്‍ എന്ന പ്രശസ്ത ശാസ്ത്രവാരികയില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഒരുപക്ഷെ ഈ പ്രബന്ധത്തിന്റെയും കൂടി പ്രചോദനത്തിലായിരിക്കാം അടുത്ത വര്‍ഷം അമേരിക്കയിലെ കോര്‍ണ്ണല്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. ഫ്രാങ്ക് ഡ്രേക് എന്ന ശാസ്ത്രജ്ഞന് ആദ്യമായി ഒരു പരീക്ഷണം നടത്തി. ആകാശത്തുനിന്നു് വരുന്ന മൈക്രോവേവ് തരംഗങ്ങളില്‍നിന്നു് അറിയപ്പെടുന്നവയെല്ലാം നീക്കിക്കഴിഞ്ഞാല്‍ അവശേഷിക്കുന്നതില്‍ ഒരു സന്ദേശത്തിന്റെ സ്വഭാവമുള്ള എന്തെങ്കിലും സിഗ്നലുകളുണ്ടോ എന്നു നോക്കുന്നതായിരുന്നു ആ പരീക്ഷണം. സെടി (SETI, Search for Extra Terrestrial Intelligence) അഥവാ ഭൌമേതര ബുദ്ധിയ്ക്കുവേണ്ടിയുള്ള തിരച്ചില്‍ എന്ന പേരില്‍ വര്‍ഷങ്ങളായി നടത്തിയ പരീക്ഷണത്തിന്റെ തുടക്കം ഇവിടെയായിരുന്നു എന്നു പറയാം.
സൂര്യനെപ്പോലെയുള്ള വസ്തുക്കള്‍ തന്നെയാണു് നക്ഷത്രങ്ങള്‍ എന്ന തിരിച്ചറിവു് ഉണ്ടായ കാലം മുതല്‍തന്നെ അവയില്‍ ചിലതിനു ചുറ്റിലും ഗ്രഹങ്ങളുണ്ടാവാം എന്നുള്ള ആശയം ഉണ്ടായിത്തുടങ്ങിയിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ജിയോര്‍ഡാനെ ബ്രൂണൊ തന്നെ ഈ ആശയത്തെക്കുറിച്ചു് പറഞ്ഞിട്ടുണ്ടു്. പിന്നീടു് ഐസക് ന്യൂട്ടണും അതിനെ അനുകൂലിച്ചു. എന്നാല്‍ മറ്റൊരു നക്ഷത്രത്തിനെ പ്രദക്ഷിണം വയ്ക്കുന്ന ഗ്രഹത്തെ മനുഷ്യനു് കാട്ടിത്തരാനുള്ള സാങ്കേതികവിദ്യ അക്കാലത്തുണ്ടായിരുന്നില്ല. ഏറ്റവും ശക്തികൂടിയ ദൂരദര്ശിനിയില്ക്കൂടി പോലും ഒരു നക്ഷത്രത്തെ ഒരു ബിന്ദുവായി മാത്രമെ കാണാനാകുമായിരുന്നുള്ളൂ.
എങ്കിലും ഏതാണ്ടു് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്ക്കുതന്നെ മറ്റു നക്ഷത്രങ്ങളില്‍ ഗ്രഹങ്ങളെ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. ആദ്യത്തെ അത്തരം റിപ്പോര്‍ട്ടു് മദ്രാസില്‍ നിന്നുള്ള ഒന്നു് ആണെന്നു തോന്നുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാപ്റ്റന്‍ ജേക്കബാണു് മദ്രാസ് നിരീക്ഷകേന്ദ്രത്തില്‍നിന്നു് 70 ഒഫിയുചി (70 Ophiuchi) എന്ന നക്ഷത്രത്തിന്റെ ചലനങ്ങള്‍ അതിനു് ഗ്രഹമുണ്ടെന്നു് സൂചിപ്പിക്കുന്നു എന്നു് 1855ല്‍ റിപ്പോര്‍ട്ടു ചെയ്തതു്. 1988ല്‍ കനേഡിയന്‍ ജ്യോതിശ്ശാസ്ത്രജ്ഞരായ കാമ്പെല്‍ (Bruce Campbell), വോക്കര്‍ (G.A.H. Walker) യാങ്ങ് (S. Yang) എന്നിവര്‍ ഗാമ സിഫീഡ് എന്ന നക്ഷത്രത്തിന്റെ ചലനം അതിനെ ഒരു ഗ്രഹം പ്രദക്ഷിണം വയ്ക്കുന്നതായി സൂചിപ്പിക്കുന്നു എന്നു് പ്രഖ്യാപിച്ചു. അവരുപയോഗിച്ച നിരീക്ഷണോപകരണത്തിന്റെ കഴിവിന്റെ പരിധിയ്ക്കടുത്തു് വരുന്നതായിരുന്നു അവര്‍ കണ്ട വ്യതിയാനങ്ങള്‍ എന്നതുകൊണ്ടു് അക്കാലത്തു് വളരെ സംശയത്തോടെ യായിരുന്നു ശാസ്ത്രലോകം ഈ പ്രഖ്യാപനത്തെ സ്വീകരിച്ചതു് എങ്കിലും പിന്നീടുണ്ടായ നിരീക്ഷണങ്ങളുടെ ഫലമായി 2002ല്‍ ഗ്രഹത്തിന്റെ കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. ഇതു് വളരെ വലിയ ഗ്രഹമാണെന്നു് പിന്നീടു് മനസിലായി. എന്നാല്‍ കൂടുതല്‍ ശക്തമായ സാങ്കേതികവിദ്യ വികസിപ്പിച്ചതോടെ കുറേക്കൂടി ചെറിയ ഗ്രഹങ്ങളും കണ്ടെത്താനായിട്ടുണ്ടു്.
ഇപ്പോള്‍ പ്രപഞ്ചത്തിലാകെ നാനൂറു് ഗ്രഹങ്ങള്‍ കണ്ടെത്തിയതായി കണക്കാക്കപ്പെടുന്നു. എങ്കിലും ഇവയില്‍ ജീവനുണ്ടാകാനുള്ള സാദ്ധ്യതയെപ്പറ്റി നമുക്കറിയില്ല. നമുക്കു് പരിചിതമായ രൂപത്തിലുള്ള ജീവനുണ്ടാകണമെങ്കില്‍ അതിനു് ജലമുണ്ടായേ തീരൂ. അതുകൊണ്ടു് ജലത്തിന്റെ സാന്നിദ്ധ്യത്തെപ്പറ്റി അന്വേഷിക്കുകയാണു് ഒരു വഴി. ഇംഗ്ലണ്ടിലെ ലൈസെസ്റ്റര്‍ സര്‍വ്വകലാശാലയിലെ ജേ ഫരിഹി (Jay Farihi) നടത്തിയ പഠനത്തില്‍ പല വെള്ളക്കുള്ളന് (white dwarf) നക്ഷത്രങ്ങളിലും ഭാരം കൂടിയ മൂലകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഈയിടെ പ്രഖ്യാപിച്ചു. സ്ക്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗൊവില്‍ നടന്ന റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ ദേശീയ സമ്മേളനത്തില്‍ വച്ചാണു് ഏപ്രില്‍ 13നു് ഇതുസംബന്ധിച്ച പ്രബന്ധം അദ്ദേഹം അവതരിപ്പിച്ചതു്. വെള്ളക്കുള്ളനില്‍ ഭാരം കൂടിയ മൂലകങ്ങള്‍ ഉണ്ടാവണമെങ്കില്‍ ആ നക്ഷത്രത്തിനു് ഗ്രഹങ്ങള്‍ ഉണ്ടായിരുന്നിരിക്കണം എന്നാണു് നമ്മള് മനസിലാക്കിയിട്ടുള്ളതു്. നക്ഷത്രത്തില്‍ ജലത്തിന്റെ അംശവും ഉണ്ടായിരിക്കാം എന്നതിനു് സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സൂര്യന് പോലെയുള്ള നക്ഷത്രങ്ങള്‍ വെള്ളക്കുള്ളന്മാരായി തീരും എന്നാണു് നമ്മള് മനസിലാക്കിയിരിക്കുന്നതു്. അതായതു് നമ്മുടെ ക്ഷീരപഥത്തിലെ 90\% നക്ഷത്രങ്ങളും വെള്ളക്കുള്ളന്മാരായിത്തീരും. അങ്ങനെയെങ്കില്‍ ക്ഷീരപഥത്തില്‍ അനേകം ഗ്രഹങ്ങളുണ്ടായിരിക്കണം. ഒരുപക്ഷെ അവയില്‍ പലതിലും ജലമുണ്ടായിരിക്കാനും സാദ്ധ്യതയുണ്ടു്. ജലമുള്ള ഗ്രഹങ്ങളില്‍ ജീവനുത്ഭവിക്കാനുള്ള സാദ്ധ്യത വളരെ വലുതാണു്.
ഇനി ജലത്തിനു പകരം മറ്റെന്തെങ്കിലും ദ്രാവകമായിക്കൂടെ? ആവാം. അത്തരമൊന്നാണു് മീഥേന്‍. പക്ഷെ ജലത്തില്‍ അലിയുന്നത്ര പദാര്‍ത്ഥങ്ങള്‍ മീഥേനില്‍ അലിയില്ല. അതുകൊണ്ടു് നമുക്കു് പരിചിതമായത്ര വിവിധമായ ജൈവരാസവസ്തുക്കള്‍ മീഥേന്‍ അധിഷ്ഠിതമായ ജീവനില്‍ ഉണ്ടാകാനാവില്ല. എങ്കിലും ലളിതമായ ജൈവരൂപങ്ങള്‍ ദ്രവമീഥേന്‍ നിലനില്‍ക്കുന്ന ഗ്രഹങ്ങളിലും ഉണ്ടാവാനിടയുണ്ടു്. ശനിയുടെ ഉപഗ്രഹമായ റ്റൈറ്റാനില്‍ അത്തരം ജീവനുണ്ടാവാനുള്ള സാദ്ധ്യതയുണ്ടത്രെ. അവിടെ ദ്രവരൂപത്തിലുള്ള മീഥേന്‍ നിലനില്‍ക്കുന്നുണ്ടെന്നു് കരുതപ്പെടുന്നു.
ഇനി മറ്റെവിടെയെങ്കിലും മനുഷ്യരുടെയത്രയൊ അതിലധികമൊ സാങ്കേതികമായി വികസിച്ച സംസ്ക്കാരമുണ്ടെങ്കിലോ? ഭൂമിയില്‍ ജീവനുണ്ടെന്നറിഞ്ഞാല്‍ ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു് പറഞ്ഞ നോവലുകളിലെപ്പോലെ അവര്‍ നമ്മെ ആക്രമിച്ചു കീഴടക്കാന്‍ ശ്രമിക്കുമോ? ഭൂമിയിലെ ചില രാജ്യങ്ങളെപ്പോലെയാണു് അവര്‍ എങ്കില്‍ അതു് സംഭവിക്കില്ല എന്നു പറയാനാവില്ല. നമുക്കു് ചെറുത്തുനില്‍ക്കാനാകാത്ത ആയുധങ്ങള്‍ അവരുടെ പക്കല്‍ ഉണ്ടായെന്നും വരാം. എന്നാല്‍ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ പ്രകാശത്തിനു് പോലും ഇവിടെയെത്താന്‍ നാലു വര്‍ഷത്തിലധികം വേണമെന്നോര്‍ക്കുമ്പോള്‍ ഇത്രയധികം ദൂരം താണ്ടി ഇവിടെയെത്തി നമ്മോടു് യുദ്ധം ചെയ്യാന്‍ ആരും തയാറായേക്കില്ല എന്നു വേണം കരുതാന്‍.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
(തേജസ് പത്രത്തില്‍ ജൂലൈ 2010ല്‍ പ്രസിദ്ധീകരിച്ച ലേഖനം)