Saturday, May 07, 2011

കാലാവസ്ഥാവ്യതിയാനവും കോസ്‌മിക് രശ്മികളും

(തേജസ് പത്രത്തിനുവേണ്ടി രചിച്ച ലേഖനം)

കാലാവസ്ഥാവ്യതിയാനത്തില്‍ കോസ്‌മിക് രശ്മികള്‍ക്കുള്ള പങ്ക് പഠിക്കേണ്ടതാണു് എന്നു് ഈയിടെ ഡോ. വി. രാമനാഥന്‍ എന്ന പ്രശസ്ത അന്തരീക്ഷശാസ്ത്രജ്ഞന്‍ ഇന്ത്യയില്‍വച്ചു് പ്രഖ്യാപിക്കുകയുണ്ടായി. ഏതാനും ദിവസം മുമ്പാണു് കാലാവസ്ഥാവ്യതിയാനത്തില്‍ കോസ്‌മിക് രശ്മികള്‍ക്കു് സുപ്രധാന പങ്കുണ്ടെന്നു് പ്രശസ്ത ഭൌതികശാസ്ത്രജ്ഞനും മുന്‍ ഐ.എസ്.ആര്‍.ഒ. മേധാവിയുമായ പ്രൊഫ. യു.ആര്‍. റാവു ദില്ലിയില്‍വച്ചു് പ്രഖ്യാപിച്ചതു്. ഇതെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഒരു പ്രബന്ധം ഇന്ത്യയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കറന്‍റ് സയന്‍സ് \eng(Current Science) \mal എന്ന ശാസ്ത്രപ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന്റെ അര്‍ത്ഥം കാലാവസ്ഥാവ്യതിയാനത്തില്‍ മനുഷ്യനു് പങ്കൊന്നുമില്ല എന്നാണോ? ഇനി ആ പ്രശ്നത്തെപ്പറ്റി നമുക്കു് മറക്കാനാകുമോ? ഐക്യരാഷ്ട്രസഭ സ്ഥാപിച്ച കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള അന്തര്‍സര്‍ക്കാര്‍ സമിതി (Intergovernmental Panel on Climate Change, IPCC) പറഞ്ഞതെല്ലാം തെറ്റാണു് എന്നാണോ? നമുക്കിവിടെ ഇക്കാര്യങ്ങളൊന്നു പരിശോധിക്കാം.

ബഹിരാകാശത്തുനിന്നു് ഭൌമാന്തരീക്ഷത്തിലേക്കു് പതിക്കുന്ന കണങ്ങളാണു് കോസ്‌മിക് രശ്മികള്‍ എന്ന പേരില്‍ അറിയപ്പെടുന്നതു്. ഇവ രണ്ടു തരത്തില്‍ പെടുന്നവയാണു്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിക്കുന്ന ഭൂരിഭാഗം കണങ്ങളും സൂര്യനില്‍നിന്നു് ഉത്ഭവിക്കുന്നവയാണു്. താരതമ്യേന ഊര്‍ജ്ജം കുറഞ്ഞ ഇവ സൌര കോസ്മിക രശ്മികള്‍ (Solar Cosmic Rays) എന്ന പേരില്‍ അറിയപ്പെടുന്നു. ഭൌമാന്തരീക്ഷത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗങ്ങളില്‍ ഇവ വായുവിലെ തന്മാത്രകളുമായി കൂട്ടിമുട്ടി അവയെ വൈദ്യുത ചാര്‍ജുള്ള അയണുകളായി മാറ്റുകയും അതിലൂടെ ഊര്‍ജ്ജം നഷ്ടപ്പെടുകയും ചെയ്യുന്നു. ഏതാണ്ടു് 60-65 കി.മീ. ഉയരത്തിനു് താഴെ ഇവ എത്തുന്നില്ല.

രണ്ടാമത്തെ കൂട്ടം കോസ്‌മിക് രശ്മികള്‍ ബഹിരാകാശത്തുനിന്നു്, ഒരുപക്ഷെ ക്ഷീരപഥത്തിന്റെയും പുറത്തുനിന്നു്, വരുന്നവയാണു്. നക്ഷത്രവ്യൂഹ കോസ്മിക് രശ്മികള്‍ (Galactic Cosmic Rays) എന്ന പേരില്‍ അറിയപ്പെടുന്ന ഇവയ്ക്കു് സൌര കോസ്മിക് രശ്മികളെക്കാള്‍ അനേകം മടങ്ങു് ഊര്‍ജ്ജമുണ്ടാകും. ഈ രശ്മികള്‍ ഭൌമാന്തരീക്ഷത്തിന്റെ അടിത്തട്ടില്‍ വരെ എത്തുകയും വായുവിനെ അയണീകരിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഉപരിതലത്തോടു ചേര്‍ന്നു കിടക്കുന്ന അന്തരീക്ഷത്തിന്റെ ഭാഗമായ ഭൂസ്പര്‍ശമണ്ഡലം അഥവാ ട്രോപ്പോസ്‌ഫിയറിലും (Troposphere) അയണീകരണം നടത്താന്‍ നക്ഷത്രവ്യൂഹ കോസ്മിക രശ്മികള്‍ക്കു് കഴിയുന്നു. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന അയണുകള്‍ നീരാവി ഉറഞ്ഞുകൂടി ജലകണങ്ങളാവാനും അങ്ങനെ മേഘങ്ങളുണ്ടാവാനും സഹായിക്കുന്നുണ്ടു് എന്നു് ചിലര്‍ കരുതുന്നു. വായുവിലടങ്ങിയ പലതരം തരികളാണു് നീരാവിയ്ക്കു് ജലകണങ്ങളായി മാറാന്‍ പ്രധാനമായും സഹായിക്കുന്നതു് എന്നാണു് ശാസ്ത്രജ്ഞര്‍ പൊതുവില്‍ വിശ്വസിക്കുന്നതു്. തിരയടിക്കുമ്പോഴും മറ്റും കടലില്‍നിന്നു് ഉയര്‍ന്നുവരുന്ന ഉപ്പുതരികളും ഇക്കൂട്ടത്തില്‍ പെടുന്നു.

കോസ്മിക് രശ്മികളുടെ കാര്യത്തില്‍ ഇനിയൊരു സങ്കീര്‍ണ്ണതയുണ്ടു്. നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളെക്കാള്‍ വളരെയധികം ഊര്‍ജ്ജം കുറഞ്ഞവയാണെങ്കിലും അവയുടെ തീവ്രതയെ നിയന്ത്രിക്കാനുള്ള സവിശേഷ കഴിവു് സൌര കോസ്മിക് രശ്മികള്‍ക്കുണ്ടു്. ഭൂമിയുടെ കാന്തികമണ്ഡലത്തിലെ പ്രക്രിയകളെ കാര്യമായി സ്വാധീനിക്കാന്‍ കഴിയുന്നതുകൊണ്ടാണു് അവയ്ക്കു് ഇതു് സാധ്യമാകുന്നതു്. വൈദ്യുത ചാര്‍ജുള്ള അനേകം കണങ്ങള്‍ ഒരു കാറ്റുപോലെ വന്നു് ഭൂമിയുടെ കാന്തക മണ്ഡലത്തില്‍ പതിക്കുമ്പോള്‍ അതു് കാന്തികമണ്ഡലത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഈ മാറ്റങ്ങളാണു് നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളുടെ തീവ്രത നിയന്ത്രിക്കുന്നതു്. സൌര കോസ്മിക് രശ്മികളുടെ തീവ്രത വര്‍ദ്ധിക്കുമ്പോള്‍ അന്തരീക്ഷത്തിന്റെ താണ തലങ്ങളിലെത്തുന്ന നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളുടെ തീവ്രത കുറയുന്നു. മറിച്ചു് സൌര കോസ്മിക് രശ്മികളുടെ തീവ്രത കുറയുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്ന നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളുടെ തീവ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

കോസ്മിക് രശ്മികളുടെ തീവ്രതയില്‍ ഇങ്ങനെ മാറ്റം വരുമ്പോള്‍ അതു് മേഘങ്ങളുണ്ടാകുന്നതിലും പ്രതിഫലിക്കും എന്നാണു് ചില ശാസ്ത്രജ്ഞര്‍ പറയുന്നതു്. മേഘങ്ങള്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ ഭൂമിയുടെ അടിത്തട്ടിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവു് കുറയുമല്ലോ. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതില്‍ മേഘങ്ങള്‍ക്കും ധ്രുവപ്രദേശങ്ങളിലും ഉയര്‍ന്ന പര്‍വ്വതങ്ങളിലും മറ്റുമുള്ള ഹിമപാളികള്‍ക്കും വളരെയധികം കാര്യക്ഷമതയുണ്ടു്. അതുകൊണ്ടു് മേഘങ്ങളുടെ അളവു് വര്‍ദ്ധിക്കുമ്പോള്‍ ഭൌമോപരിതലത്തിലെത്തുന്ന സൌരോര്‍ജ്ജത്തിന്റെ അളവു് കുറയും. അതു് താപനില കുറയുന്നതിലേക്കു് നയിക്കും. മറിച്ചു് മേഘങ്ങളുടെ അളവു് കുറയുമ്പോള്‍ താപനില കൂടുകയും ചെയ്യും. കഴിഞ്ഞ കുറെ കാലമായി കോസ്മിക് രശ്മികളുടെ തീവ്രത കുറയുന്നതിനാല്‍ മേഘങ്ങളുണ്ടാകുന്നതില്‍ കുറവു വരുന്നുണ്ടെന്നും അതാണു് കാലാവസ്ഥാവ്യതിയാനത്തിലേക്കു് നയിക്കുന്ന ഒരു പ്രധാന ഘടകം എന്നുമാണു് ചില ശാസ്ത്രജ്ഞര്‍ പറയുന്നതു്.

കോസ്മിക് രശ്മികളുടെ തീവ്രതയും മേഘങ്ങളുടെ അളവും തമ്മിലുള്ള ഒരു ബന്ധം ആദ്യമായി ചൂണ്ടിക്കാട്ടിയതു് ഡാനിഷ് ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ ഹെന്‍റിക് സ്വെന്‍സ്മാര്‍ക്ക് (Henrik Svensmark), ഫ്രീസ് ക്രിസെന്‍സെന്‍ (Friis Christensen) എന്നീ ഗവേഷകരാണു്. എന്നാല്‍ അതിനു് വളരെ മുമ്പുതന്നെ സൌര കോസ്‌മിക് രശ്മികളും കാലാവസ്ഥയും തമ്മില്‍ ബന്ധമുണ്ടു് എന്നു് പലരും സംശയിച്ചിരുന്നു. ഒരുപക്ഷെ ഇതു് ആദ്യമായി ഉറക്കെ പറഞ്ഞതു് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന സി.റ്റി.ആര്‍. വില്‍സന്‍ ആയിരിക്കാം. സൂര്യകളങ്കങ്ങള്‍ പോലെ സൂര്യനില്‍ നടക്കുന്ന പ്രതിഭാസങ്ങളും ഭൂമിയിലെ കാലാവസ്ഥയുമായി ബന്ധമുണ്ടെന്നു് 1970കളില്‍ ശക്തമായ സംശയമുണ്ടായിരുന്നു. ഇതിനെ അനുകൂലിക്കുന്ന വിധത്തില്‍ പല പഠനഫലങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.

എന്നാല്‍ ഇത്തരമൊരു ബന്ധത്തിനു് വിരുദ്ധമായ തെളിവുകളാണു് മറ്റനേകം പഠനങ്ങള്‍ നല്‍കിയതു്. സൂര്യനില്‍ നടക്കുന്ന പ്രക്രിയകള്‍ ഭൂമിയിലെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കാം എന്നു് വിശദീകരിക്കാന്‍ ശ്രമിക്കുന്ന സിദ്ധാന്തങ്ങളുടെ അഭാവവും കൂടിയായപ്പോള്‍ ഭൂമിയിലെ കാലാവസ്ഥയെ സൂര്യനിലെ പ്രക്രിയകള്‍ സ്വാധീനിക്കുന്നുണ്ടു് എന്ന ആശയത്തിനു് ക്രമേണ പ്രചാരം നഷ്ടപ്പെട്ടു. ഒരര്‍ത്ഥത്തില്‍ ഇതേ ആശയങ്ങള്‍ തന്നെയാണു് ഇപ്പോള്‍ വീണ്ടും വരുന്നതു് എന്നു പറയാം. %രസകരമെന്നു പറയട്ടെ, സൌര പ്രക്രിയകള്‍ കാലാവസ്ഥയെ സ്വാധീനിക്കുന്നതെങ്ങനെയാവാം എന്നു് വിശദീകരിക്കാന്‍ ശ്രമിച്ച, 1970കളില്‍ ജനശ്രദ്ധയാകര്‍ഷിച്ച ഒരു സിദ്ധാന്തം കോസ്‌മിക് രശ്മികളെയും അന്തരീക്ഷത്തിലെ വായുവിന്റെ അയണീകരണത്തെയും തന്നെയാണു് ആശ്രയിച്ചിരുന്നതു്.

സൌരപ്രവര്‍ത്തനം (solar activity) ഏതാണ്ടു് 11 വര്‍ഷത്തെ ആവൃത്തിയില്‍ മാറുന്നുണ്ടു്. സൌരകളങ്കങ്ങളുടെ വിസ്തൃതിയിലും സോളാര്‍ ഫ്ലെയറുകളുടെ എണ്ണത്തിലും തീവ്രതയിലും ഈ മാറ്റം കാണാനാവും. ഈ വ്യതിയാനം സൌരവാതത്തിലും തദ്വാരാ കോസ്മിക് രശ്മികളുടെ തീവ്രതയിലും ദൃശ്യമാകുന്നു. കോസ്മിക് രശ്മികളുടെ തീവ്രതയില്‍ ഏതാണ്ടു് 15% മാറ്റമാണു് കാണുന്നതു്. 11 വര്‍ഷത്തെ ആവൃത്തിയില്‍ കാണുന്ന ഈ വ്യതിയാനം ലോകത്താകമാനം കാണുന്ന മേഘത്തിന്റെ അളവിലും കാണുന്നു എന്നാണു് സ്വെന്‍സ്‌മാര്‍ക്കും മറ്റും പറഞ്ഞതു്. ഇതു് വിശദീകരിക്കാനാണു് അന്തരീക്ഷത്തിലെ അയണീകരണം മേഘങ്ങളുണ്ടാകുന്ന പ്രക്രിയയെ സ്വാധീനിക്കുന്നതിലൂടെ ആഗോളതാപനത്തെയും അങ്ങനെ കാലാവസ്ഥാവ്യതിയാനത്തെയും ബാധിക്കുന്നുണ്ടു് എന്ന സിദ്ധാന്തം അവര്‍ കൊണ്ടുവന്നതു്. ഇതു് സംശയാതീതമായി സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ല എന്ന കാരണത്താലാണു് IPCC ഇക്കാര്യം അവരുടെ റിപ്പോര്‍ട്ടുകളില്‍ കണക്കിലെടുക്കാതിരുന്നതു്.

സ്വെന്‍സ്‌മാര്‍ക്കിന്റെയും മറ്റും സിദ്ധാന്തത്തിനു് വിരുദ്ധമായ തെളിവുകള്‍ പിന്നീടു് ലഭ്യമായിട്ടുണ്ടു്. അതില്‍ പ്രധാനമായ ഒന്നു മാത്രം പറയട്ടെ. കോസ്മിക് രശ്മികളുടെ തീവ്രത 11 വര്‍ഷത്തെ ആവൃത്തിയില്‍ മാറുന്നതുപോലെ അക്ഷാംശമനുസരിച്ചും മാറുന്നുണ്ടു്. ഭൂമധ്യരേഖയ്ക്കു് സമീപം കാണുന്നത്ര തീവ്രത ധ്രുവങ്ങള്‍ക്കു് സമീപം കാണുന്നില്ല. ഭൂമിയുടെ കാന്തികമണ്ഡലം കോസ്മിക് രശ്മികളുടെ സഞ്ചാരത്തെ സ്വാധീനിക്കുന്നതുകൊണ്ടാണു് ഇങ്ങനെ കാണുന്നതു്. ബ്രിട്ടനിലെ രണ്ടു് സര്‍വ്വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ മേഘത്തിന്റെ അളവിലും ഈ മാറ്റം കാണുന്നുണ്ടോ എന്നു് പരിശോധിച്ചു. സ്വെന്‍സ്മാര്‍ക്കിന്റെയും മറ്റും സിദ്ധാന്തം ശരിയാണെങ്കില്‍ മാറ്റം കാണണമല്ലോ. പക്ഷെ അവര്‍ക്കു് അങ്ങനെയൊന്നു് കാണാനായില്ല.

ആഗോളതാപനത്തില്‍ മനുഷ്യനുള്ള പങ്കും അതു് നിയന്ത്രിക്കേണ്ട ആവശ്യകതയും IPCC ഊന്നിപ്പറയുമ്പോള്‍ അതെല്ലാം വെറുതെയാണെന്നു് പറയുന്നവരുണ്ടു്. തങ്ങളുടെ ബിസിനസ്സിനെ ഇതു് പ്രതികൂലമായി ബാധിക്കില്ലേ എന്ന ഭയത്താല്‍ ഈ നിലപാടെടുക്കുന്നവരുണ്ടാകാം. മറ്റു ചിലര്‍ തങ്ങളുടെ ജീവിതരീതിയെ ബാധിക്കും എന്നു് ഭയക്കുന്നുണ്ടാവാം. എന്നാല്‍ കാലാവസ്ഥാവ്യതിയാനം യഥാര്‍ത്ഥമാണെങ്കില്‍ അതു് ബാധിക്കാന്‍ പോകുന്നതു് ലോകത്തിലെ എല്ലാ ജീവജാലങ്ങളെയുമാണു്. അതുകൊണ്ടു് അതു് യഥാര്‍ത്ഥമാണു് എന്നും മനുഷ്യനു് അതില്‍ കാര്യമായൊരു പങ്കുണ്ടു് എന്നും കരുതിക്കൊണ്ടു് മുന്നോട്ടു പോകുന്നതു തന്നെയാണു് ബുദ്ധി. ഇതിനുള്ള യത്നങ്ങളില്‍നിന്നു് രാഷ്ട്രങ്ങളെയും ജനതകളെയും പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അതിനെ സഹായിക്കുന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണു്.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Friday, May 06, 2011

മനുഷ്യന്‍ ഉത്ഭവിച്ചതു് ആഫ്രിക്കയിലോ ഇസ്രയേലിലോ?

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

മനുഷ്യന്‍ എപ്പോള്‍ ഉണ്ടായി എന്ന ചോദ്യത്തെപ്പറ്റി മുമ്പൊരിക്കല്‍ ഈ പംക്തിയില്‍ എഴുതിയിരുന്നു. എത്യോപ്പിയയിലെ അഫാര്‍ താഴ്‌വരയില്‍ കണ്ടെത്തിയ ആര്‍ഡിപിത്തെക്കസ് രാമിഡസ് എന്ന ഒരു പുതിയ ഫോസിലിനെപ്പറ്റിയാണു് അന്നു് എഴുതിയിരുന്നതു്. ആഫ്രിക്കയിലാണു് ആധുനിക മനുഷ്യന്‍ ഉണ്ടായതു് എന്നായിരുന്നു അടുത്ത കാലം വരെ ശാസ്ത്രജ്ഞര്‍ കരുതിയിരുന്നതു്. എത്യോപ്പിയയില്‍ തന്നെ കണ്ടെത്തിയ ലൂസി എന്നു് ഓമനപ്പേരിട്ട ഫോസില്‍ പ്രതിനിധാനം ചെയ്ത വര്‍ഗമാണു് മനുഷ്യരാശിക്കു് ജന്മം നല്‍കിയതു് എന്നായിരുന്നു മുമ്പുള്ള ധാരണ. ആ ധാരണ തിരുത്തിക്കൊണ്ടാണു് ആര്‍ഡിപിത്തെക്കസ് രാമിഡസ് വന്നതു്. എന്നാല്‍ ഈ വിശ്വാസങ്ങളെല്ലാം തകിടം മറിച്ചുകൊണ്ടു് ഇപ്പോള്‍ ഒരു പുതിയ കണ്ടുപിടിത്തം വന്നിരിക്കുന്നു. ഇസ്രയേലിലെ കെസെം (Qesem) ഗുഹകളില്‍നിന്നു് കണ്ടെത്തിയ നാലു് ലക്ഷം വര്‍ഷം പഴക്കമുള്ള ഏതാനും പല്ലുകളാണു് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നതു്. ഏതാണ്ടു് ആധുനിക മനുഷ്യരുടേതു പോലത്തെയും എന്നാല്‍ ആധുനിക മനുഷ്യന്റെ മുന്‍ഗാമി എന്നു കരുതപ്പെടുന്ന നിയാന്‍ഡര്‍ത്താല്‍ മനുഷ്യന്റെ പല്ലിനോടു് ചില സമാനതകളുള്ളതുമാണു് പുതിയതായി കണ്ടെത്തിയ പല്ലുകള്‍. ഇതു് മനുഷ്യോല്‍പ്പത്തിയിലെ ആദ്യഘട്ടത്തെയാണു് സൂചിപ്പിക്കുന്നതെങ്കില്‍ ഇന്നത്തെ നമ്മുടെ വിശ്വാസങ്ങളെ പിടിച്ചുലയ്ക്കുന്നതായിത്തീരും ഈ കണ്ടുപിടിത്തം.

മനുഷ്യന്റെ ശാഖയിലെ ആദ്യത്തെ വര്‍ഗം എന്നു പറയപ്പെടുന്നതു് ആസ്ട്രേലോപിത്തെക്കസ് എന്നു പേരുള്ള ഒന്നാണു്. ഏതാണ്ടു് 25 ലക്ഷം വര്‍ഷം മുമ്പായിരിക്കണം കല്ലുകൊണ്ടുണ്ടാക്കിയ പണിയായുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതു്. അക്കാലത്തു് ഈ ശാഖയിലെ ജന്തുക്കളുടെ തലച്ചോറു് ചെറുതായിരുന്നു എന്നാണു് ഫോസിലുകള്‍ സൂചിപ്പിക്കുന്നതു്. എന്നാല്‍ അതിന്റെ ഏതാണ്ടു് നാലിരട്ടി വലുപ്പമുണ്ടു് ഇന്നു് മനുഷ്യന്റെ തലച്ചോറിനു്. ഇക്കാലത്തിനിടയ്ക്കുള്ള ഫോസിലുകളില്‍ നിന്നു് കാലം കഴിയുന്നതനുസരിച്ചു് തലച്ചോറിന്റെ വലുപ്പം കൂടി വരുന്നതു് നമുക്കു് കാണാനാകും. തലച്ചോറിന്റെ വലുപ്പം ബുദ്ധിശക്തിയുടെ സൂചനയാണു് എന്നാണു് കരുതപ്പെടുന്നതു്. ജന്തുശാസ്ത്രം നയിക്കുന്ന പരിണാമത്തില്‍ നിന്നു് ബുദ്ധിശക്തി നയിക്കുന്ന പരിണാമത്തിലേക്കുള്ള മാറ്റമാണു് ഇവിടെ കാണുന്നതു് എന്നു പറയാം.

പിന്നീടുള്ള മനുഷ്യന്റെ പരിണാമത്തെപ്പറ്റി രണ്ടു് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ആഫ്രിക്കയിലുണ്ടായിരുന്ന മനുഷ്യരൂപമുള്ള ചെറിയൊരു കൂട്ടത്തില്‍ നിന്നു് പരിണമിച്ചു് ഏതാണ്ടു് രണ്ടു ലക്ഷം വര്‍ഷം മുമ്പു് ലോകത്തിലെ മറ്റു ദിക്കുകളിലേക്കു് കുടിയേറി അവിടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നോ, അതോ ലോകത്തു പലയിടത്തും പ്രത്യേകമായി ഉത്ഭവിക്കുകയായിരുന്നോ എന്നതാണു് ഒരു തര്‍ക്കവിഷയം. ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം മുമ്പു് സിരാവ്യൂഹത്തില്‍ വന്ന, ഫോസിലുകളില്‍ ദൃശ്യമല്ലാത്ത, മാറ്റങ്ങള്‍ കാരണമാവാം ബുദ്ധിപരവും സാംസ്ക്കാരികവും സാങ്കേതികവുമായ ഒരു കുതിച്ചുചാട്ടം മനുഷ്യനില്‍ സംഭവിച്ചതു് എന്നതാണു് മറ്റൊരു തര്‍ക്കവിഷയം. മനുഷ്യരാശിയുടെ ജനിതക വൈവിധ്യം പഠനവിധേയമാക്കിയ Human Genome Projectല്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ആഫ്രിക്കയില്‍ നിന്നു തന്നെയാണു് മനുഷ്യന്‍ ഉത്ഭവിച്ചതു് എന്നു് ഏതാണ്ടു് ഉറപ്പിക്കാന്‍ സഹായകമായി. എന്നാല്‍ ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ മനുഷ്യരാശിയുടെ മാതാവായി ഏത്യോപ്പിയയില്‍ കണ്ടെത്തിയ, ലൂസി എന്ന ഓമനപ്പേരില്‍ വിളിക്കുന്ന, ഒരു ഫോസിലിനെ ചിത്രീകരിക്കാറുണ്ടായിരുന്നു. കുരങ്ങന്മാരുടേതു പോലെ ചെറിയ തലയുള്ള, എന്നാല്‍ മനുഷ്യരെപ്പോലെ രണ്ടുകാലില്‍ നടന്നിരുന്ന, ഈ സ്ത്രീ ഏതാണ്ടു് 32 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു് ജീവിച്ചിരുന്നു \mbox{എന്നു്} കരുതുന്നു. ബുദ്ധി വികസിക്കുന്നതിനു മുമ്പുതന്നെ രണ്ടു കാലില്‍ നടക്കുന്ന ശീലം ആരംഭിച്ചിരുന്നു എന്നു് ലൂസി തെളിയിക്കുന്നു. ലൂസിയെ ശാസ്ത്രീയമായി ആസ്ട്രേലോപിത്തെക്കസ് അഫാറെന്‍സിസ് (Australopithecus afarensis) എന്നാണു് വിളിക്കുന്നതു്.

വളരെക്കാലത്തേക്കു് ലൂസിയെ മനുഷ്യരാശിയുടെ മുതുമുത്തശ്ശിയായി കരുതിയിരുന്നു. ഒരുപക്ഷെ ഇത്രയും പഴക്കമുള്ള, എന്നാല്‍ ഇത്ര ഭംഗിയായി സംരക്ഷിക്കപ്പെട്ട മറ്റൊരു ഫോസില്‍ കണ്ടെത്തിയിരുന്നില്ല എന്നതായിരിക്കാം ലൂസിയോടുണ്ടായിരുന്ന സ്നേഹത്തിനു പിന്നിലുള്ള ഒരു കാരണം. 1974 നവംബര്‍ 24നായിരുന്നു ഈ സുപ്രധാനമായ കണ്ടുപിടിത്തം നടന്നതു്. എന്നാല്‍ ഇരുപതു് വര്‍ഷം കഴിഞ്ഞപ്പോള്‍ ലൂസിയെ സ്ഥാനഭ്രഷ്ടയാക്കുന്ന മറ്റൊരു കണ്ടുപിടിത്തമുണ്ടായി.

ഒക്ടോബര്‍ 2009ലാണു് പുതിയ കണ്ടെത്തലിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായതെങ്കിലും 1994ലാണു് കണ്ടുപിടിത്തം നടന്നതായി അവര്‍ അവകാശപ്പെടുന്നതു്. എത്യോപ്പിയയിലെ അഫാര്‍ താഴ്ച (Afar depression) എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ആര്‍ഡിപിത്തെക്കസ് രാമിഡസ് (Ardipithecus ramidus) എന്നു പേരിട്ടിരിക്കുന്ന ജന്തുവിന്റെ ഫോസിലാണു് ലൂസിയെ സ്ഥാനഭ്രഷ്ടയാക്കിയിരിക്കുന്നതു്. രണ്ടു കാലില്‍ നടക്കുകയും കുരങ്ങന്റെയും മനുഷ്യന്റെയും ശാരീരിക സ്വഭാവങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ആര്‍ഡിപിത്തെക്കസ് ഏതാണ്ടു് 44 ലക്ഷം വര്‍ഷം മുമ്പായിരിക്കണം ജീവിച്ചിരുന്നതു്. ആര്‍ഡി എന്നു പേരിട്ടിരിക്കുന്ന ഈ വ്യക്തിക്ക് ഏതാണ്ടു് 120 സെന്റിമീറ്റര്‍ ഉയരവും 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നിരിക്കണം എന്നു കണക്കാക്കുന്നു. ആര്‍ഡിയുടെ അസ്ഥിപഞ്ചരത്തിന്റെ ഭാഗങ്ങള്‍ കൂടാതെ ആര്‍ഡിപിത്തെക്കസ് വര്‍ഗത്തിലെതന്നെ മറ്റു ചില വ്യക്തികളുടെ ഏതാനും എല്ലുകളുടെ ഫോസിലുകളും ലഭിച്ചിട്ടുണ്ടു്. ബര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിയെടുക്കുന്ന ടിം വൈറ്റ് എന്ന നരവംശശാസ്ത്രജ്ഞന്‍ നയിച്ച സംഘമാണു് ആദ്യത്തെ ആര്‍ഡിപിത്തെക്കസ് രാമിഡസ് ഫോസില്‍ കണ്ടെത്തിയതു്.

ആര്‍ഡിപിത്തെക്കസും അല്ല ആധുനിക മനുഷ്യന്റെ മുതുമുത്തശ്ശി എന്നാണു് ഇസ്രയേലിലെ പുതിയ കണ്ടുപിടിത്തം സൂചിപ്പിക്കുന്നതു്. ഇസ്രയേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിനു് 12 കി.മീ. കിഴക്കുമാറിയാണു് ഇപ്പോഴത്തെ കണ്ടുപിടിത്തം നടന്ന കെസെം ഗുഹകള്‍. നാലു ലക്ഷം മുതല്‍ രണ്ടു ലക്ഷം വര്‍ഷം മുമ്പു വരെ ആദിമനുഷ്യര്‍ ജീവിച്ചിരുന്ന സ്ഥലമാണതു്. മനുഷ്യന്‍ പതിവായി തീ ഉപയോഗിച്ചിരുന്നതിനുള്ള ഏറ്റവും പഴയ സൂചനകളിലൊന്നു് ഇവിടെയുണ്ടു്. പുതിയ കണ്ടുപിടിത്തത്തോടെ ആ സ്ഥലത്തിനു് മനുഷ്യോല്പത്തി ഗവേഷണരംഗത്തു് വലിയ പ്രാധാന്യമാണു് വന്നിരിക്കുന്നതു്. ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ അവി ഗോഫര്‍ (Avi Go­pher) റാന്‍ ബര്‍ക്കായ് ()Ran Barkai) എന്നിവരാണു് കണ്ടുപിടിത്തം നടത്തിയതു്. എട്ടു് പല്ലുകളുടെ ഫോസിലാണു് അവര്‍ക്കു് ലഭിച്ചതു്. ഈ പല്ലുകള്‍ ആധുനിക മനുഷ്യന്റെ പല്ലുകളോടു് വളരെയധികം സാമ്യമുള്ളവയാണു് എന്നു് ഗവേഷകര്‍ പറഞ്ഞു. ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം പഴക്കമുള്ള ഇത്തരം പല്ലുകള്‍ ഇസ്രയേലിലെ മറ്റു ചിലയിടങ്ങളില്‍നിന്നും ലഭിച്ചിട്ടുണ്ടത്രെ.

കൂടുതല്‍ പഠനങ്ങള്‍ ഈ കണ്ടെത്തലിനെ ശരിവയ്ക്കുന്നതുവരെ നമുക്കിതു് യഥാര്‍ത്ഥമാണെന്നു് ഉറപ്പിക്കാനാവില്ല. ഈ കണ്ടുപിടിത്തം ശരിയാണെങ്കില്‍ ഒരുപക്ഷെ മനുഷ്യോല്‍പ്പത്തിയെക്കുറിച്ചു് നമുക്കുള്ള പല ധാരണകളും തിരുത്തേണ്ടി വരാം. ശാസ്ത്രം പുരോഗമിക്കുന്നതു് പലപ്പോഴും ഇത്തരം വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണെന്നു് ശാസ്ത്ര ചരിത്രകാരനും ചിന്തകനുമായ തോമസ് കൂണ്‍ (Thomas Kuhn) ചൂണ്ടിക്കാട്ടുന്നു. ഉദാഹരണമായി, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും സൃഷ്ടിച്ച വിപ്ലവമാണു് തുടര്‍ന്നുള്ള കാലങ്ങളിലെ പഠനങ്ങള്‍ക്കു് വഴിതെളിച്ചതു്.

ആദ്യം സൂചിപ്പിച്ച ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: "ഇതോടെ മനുഷ്യന്റെ ഉത്ഭവത്തിന്റെ വഴി വ്യക്തമായി എന്നു കരുതാനാവില്ല. എന്നെങ്കിലും പൂര്‍ണ്ണമായി മനസിലാകുമോ? പറയാനാവില്ല. കാലം കഴിയുംതോറും പുതിയ അറിവുകള്‍ ലഭിക്കാം. നമ്മുടെ ധാരണകള്‍ തിരുത്തിക്കുറിക്കേണ്ടി വരാം." ഇപ്പറഞ്ഞതു് ഇപ്പോള്‍, മാസങ്ങള്‍ക്കുള്ളില്‍, സാര്‍ത്ഥകമായിരിക്കുന്നു. പുതിയ കണ്ടെത്തലുകള്‍ ഇനിയുമുണ്ടാകാം. നമ്മുടെ ധാരണകള്‍ ഇനിയും മാറും. അങ്ങനെയാണു് ശാസ്ത്രം പുരോഗമിക്കുന്നതു്.

ജീവന്റെയോ മനുഷ്യന്റെയോ ഉത്ഭവത്തെപ്പറ്റി എന്നെങ്കിലും എല്ലാം അറിയാനാവുമോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഒരു യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍ ഭൌതികശാസ്ത്രം തീര്‍ന്നു, നമുക്കു് പ്രഞ്ചം മുഴുവനും മനസിലായിക്കഴിഞ്ഞു എന്നെല്ലാം പ്രഖ്യാപിക്കുകയും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൌതികശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടു് രണ്ടു പുതിയ സിദ്ധാന്തങ്ങള്‍ (ക്വാണ്ടം ബലതന്ത്രവും ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തവും) അവതരിക്കുകയും ചെയ്തതു് വലിയൊരു തമാശയായി കാണാം. എന്നാല്‍ അതൊരു തമാശ മാത്രമല്ല. മനുഷ്യനു് ശാസ്ത്രത്തിലൂടെ ഒരുപാടു് കാര്യങ്ങള്‍ നന്നായി മനസിലാക്കാനായിട്ടുണ്ടു് എന്ന വിശ്വാസം പലപ്പോഴും വഴിതെറ്റിക്കുന്നതാണു്. നമുക്കു് സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണ്ണമായിരിക്കാം നമ്മുടെ പ്രപഞ്ചവും മനുഷ്യ ശരീരവും മനുഷ്യ സമൂഹവും. ഇതെല്ലാം ഒരു ദിവസം പൂര്‍ണ്ണമായി മനസിലാക്കാനാവും എന്നു കരുതുന്നതു് ഭോഷ്ക്കല്ലേ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

ഭാവി മുന്‍കൂട്ടി കാണാനാവുമൊ?

"ഇന്നലെയോളവുമെന്തെന്നറിഞ്ഞീല, ഇനി നാളെയുമെന്തെന്നറിവീല" എന്നാണു് പൂന്താനം ജ്ഞാനപ്പാനയില്‍ പാടിയതു്. "നാളെ എന്തു സംഭവിക്കും എന്നറിഞ്ഞിരുന്നെങ്കില്‍" എന്നു് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഭാവിയെപ്പറ്റി അറിയാനുള്ള ആകാംക്ഷയല്ലേ നമ്മളെ ജോത്സ്യന്റെയും കൈനോട്ടക്കാരന്റെയും മറ്റും പക്കലേക്കു് കൊണ്ടുചെന്നെത്തിക്കുന്നതു്? ഭാവി അറിയാന്‍ കഴിയുമെന്നു് പറഞ്ഞവരെയെല്ലാം ശാസ്ത്രലോകം തട്ടിപ്പുകാരെന്നാണു് വിശേഷിപ്പിച്ചതു്. ചിലര്‍ അത്തരം അവകാശവാദങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചു. എങ്കിലും ആ അവകാശവാദങ്ങള്‍ക്കു് അനുകൂലമായി ശാസ്ത്രീയമായ തെളിവുകളൊന്നും കിട്ടിയില്ല. തെളിവു കിട്ടി എന്നു തോന്നിയപ്പോഴൊക്കെ ആ പഠനങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ പലര്‍ക്കും കഴിഞ്ഞു. ദുഖകരമായ എന്തെങ്കിലും സംഭവിച്ച ശേഷം "എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു് തോന്നിയിരുന്നു" എന്നു് ചിലപ്പോഴെങ്കിലും പറഞ്ഞുകേള്‍ക്കാറില്ലേ? ഇതെല്ലാം വെറും തോന്നലാണു് എന്നു് ശാസ്ത്രജ്ഞരും യുക്തിവാദികളും പറയാറുണ്ടു്. മറിച്ചു് ഇതൊക്കെ യഥാര്‍ത്ഥമാണു് എന്നു് വാദിക്കുന്നവരുമുണ്ടു്. ഇവിടെ യുക്തിപരമായ ഒരു തീരുമാനത്തിലെത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടു്. അതുകൊണ്ടുതന്നെ അതു് വ്യക്തിപരമായ വിശ്വാസമായി മാത്രം നിലനില്‍ക്കുകയാണു്.

എന്നാല്‍ ഇന്നിപ്പോള്‍ വളരെ ശാസ്ത്രീയമായി നടത്തിയ ഒരു പഠനം ആ ദിശയിലേക്കു് വെളിച്ചം വീശാന്‍ ശ്രമിക്കുന്നു. വിശേഷിച്ചു് കഴിവുകളൊന്നും അവകാശപ്പെടാത്ത സാധാരണ മനുഷ്യര്‍ക്കു് സംഭവിക്കാന്‍ പോകുന്ന കാര്യം മുന്‍കൂട്ടി കാണാനോ നടക്കാനിരിക്കുന്ന കാര്യത്തെ മനസുകൊണ്ടു് സ്വാധീനിക്കാനോ കഴിയും എന്നാണു് ഈ പഠനം സൂചിപ്പിക്കുന്നതു്. അമേരിക്കന്‍ സൈക്കളോജിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന വ്യക്തിത്വത്തിന്റെയും സാമൂഹ്യമനശ്ശാസ്ത്രത്തിന്റെയും ജേര്‍ണലിലാണു് (Journal of Personality and Social Psychology) ഈ റിപ്പോര്‍ട്ടു് പ്രസിദ്ധീകരണത്തിനു് തയാറാകുന്നതു്. അമേരിക്കയിലെ കോര്‍ണല്‍ സര്‍വ്വകലാശാലയിലെ ഡാരില്‍ ബെം (Daryl J. Bem) ആണു് പഠനം നടത്തിയതു്.

പാരസൈക്കോളജി \eng(Parapsychology) \mal എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പഠനശാഖയാണു് നടക്കാനിരിക്കുന്നതു് മുന്‍കൂട്ടി കാണുക, ക്ലോക്കിന്റെ ആടുന്ന പെന്‍ഡുലം അതില്‍ സ്പര്‍ശിക്കാതെ നിര്‍ത്തുക തുടങ്ങിയ ശേഷികളെപ്പറ്റി പഠനങ്ങള്‍ നടത്തിവന്നതു്. അത്തരം ശേഷികളുണ്ടെന്നു് അവകാശപ്പെടുന്ന ചിലരിലാണു് പ്രധാനമായും പഠനങ്ങള്‍ നടത്തിയിരുന്നതു്. പ്രധാന ശാസ്ത്രശാഖകളില്‍ പ്രവൃത്തി എടുക്കുന്നവര്‍ ഇത്തരം അവകാശവാദങ്ങള്‍ പുച്ഛിച്ചു് തള്ളുകയായിരുന്നു ചെയ്തിരുന്നതു്. ഇത്തരം ശേഷികള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ ചില സൂത്രങ്ങള്‍ ഉപയോഗിച്ചാണു് ഇതു് ചെയ്യുന്നതു് എന്ന വിശ്വാസം ഗവേഷകരുടെ ഇടയിലുണ്ടു്. അതിനാല്‍ അത്തരം "ശേഷി"കള്‍ പ്രദര്‍ശിപ്പിക്കുന്ന ജാലവിദ്യക്കാരുടെ സഹായത്തോടെയാണു് പലപ്പോഴും പഠനങ്ങള്‍ നടത്തിയതു്. അവയിലൊന്നും ശേഷികള്‍ ഉണ്ടെന്നു് അവകാശപ്പെട്ടവര്‍ക്കു് അവ പ്രദര്‍ശിപ്പിക്കാനായില്ല. ഇങ്ങനെ പരാജിതരായവരില്‍ ഒരുപക്ഷെ ഏറ്റവും പ്രശസ്തന്‍ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന യൂറി ജെല്ലര്‍ എന്ന വിരമിച്ച ഇസ്രയേലി പട്ടാള ഉദ്യോഗസ്ഥനായീരിക്കാം. പരീക്ഷണസ്ഥലത്തു് അനുകൂലമായ മാനസിക പരിസ്ഥിതി ഇല്ലാത്തതാണു് ഇത്തരം പരീക്ഷണങ്ങളില്‍ തങ്ങള്‍ പരാജയപ്പെടുന്നതിനു് കാരണം എന്നാണു് ഇന്ദ്രിയാതീതമായ കഴിവുകളുണ്ടെന്നു് അവകാശപ്പെടുന്നവരും അവരെ അനുകൂലിക്കുന്നവരും വാദിക്കുന്നതു്.

ദൂരെയുള്ള ഒരാളിന്റെ മനസിലുള്ള അറിവു് പ്രകടമായ ആശയവിനിമയ മാര്‍ഗ്ഗങ്ങളുടെ സഹായമില്ലാതെ നേടിയെടുക്കുക (ടെലിപ്പതി, telepathy), ദൂരെയിരിക്കുന്ന ഒരു വസ്തുവിനെയോ സംഭവത്തെയോ കുറിച്ചു് അറിയുക (ക്ലെയര്‍വോയന്‍സ് , clairvoyance), ചിന്തയുടെ മാത്രം സഹായത്തോടെ ഒരു വസ്തുവിനെയോ ഒരു പ്രക്രിയയെയോ സ്വാധീനിക്കുക (സൈക്കോകിനെസിസ് psychokinesis), സംഭവിക്കാനിരിക്കുന്നതു് മുന്‍കൂട്ടി അറിയുക (പ്രികൊഗ്നിഷന്‍ precognition), എന്നിവ പലരും അവകാശപ്പെട്ടിരുന്ന ഇന്ദ്രിയാതീതമായ കഴിവുകളാണു്. ഇവയില്‍ ഒടുവിലത്തെ ശേഷിയാണു് മേല്പറഞ്ഞ പരീക്ഷണത്തില്‍ പഠനവിധേയമാക്കിയതു്.

കുറെ ചിത്രങ്ങള്‍ കാണിക്കുകയും ഇനി വരാന്‍ പോകുന്നതു് ഏതുതരം ചിത്രമാണു് എന്നു് ഊഹിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരുന്നു പരീക്ഷണം. എന്നാല്‍ അത്ര ലളിതമായിട്ടല്ല പരീക്ഷണം ഒരുക്കിയതു്. പരീക്ഷണത്തിനു് തയാറായിവന്ന ഓരോരുത്തരും ഒരു കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ മുന്നിലിരിക്കുന്നു. സ്ക്രീനില്‍ രണ്ടു സ്റ്റേജുകള്‍ കാണാം. രണ്ടും കര്‍ട്ടനുകള്‍ കൊണ്ടു് മൂടിയിരിക്കുന്നു. അവയില്‍ ഒരു സ്റ്റേജ് തിരഞ്ഞെടുക്കണം. അതില്‍ ഒരു ചിത്രം തെളിയുകയോ തെളിയാതിരിക്കുകയോ ചെയ്യാം. ചിത്രം ഏതു് സ്റ്റേജില്‍ വരണമെന്നും എന്തു് ചിത്രമാണു് വരേണ്ടതെന്നും തീരുമാനിക്കുന്നതു് കമ്പ്യൂട്ടറാണു്. ചിത്രം വരികയാണെങ്കില്‍ അതു് ഒരു സാധാരണ ചിത്രമാകാം -- വിശേഷിച്ചു് പ്രത്യേകത ഒന്നുമില്ലാത്തതു്. അല്ലെങ്കില്‍ പരീക്ഷണവിധേയനായ വ്യക്തിയ്ക്കു് കാണാന്‍ താല്പര്യമുള്ള, ഉത്തേജനം നല്‍കുന്ന ചിത്രമാകാം. ഇതിനായി തിരഞ്ഞെടുത്തതു് ലൈംഗികമായ രംഗങ്ങളാണു്. അത്തരം ചിത്രങ്ങള്‍ കാണുന്നതില്‍ വിരോധമില്ല എന്നു് പറഞ്ഞവരെ മാത്രമാണു് പരീക്ഷണത്തില്‍ പങ്കെടുപ്പിച്ചതു്. സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്നു പരീക്ഷണവിധേയരായതു്. ഏതു് സ്റ്റേജിലാണോ ചിത്രം വരുക അതില്‍ ക്ലിക്കു് ചെയ്യുകയാണു് ഓരോ വ്യക്തിയും ചെയ്യേണ്ടതു്. 50 സ്ത്രീകളും 50 പുരുഷന്മാരുമാണു് പരീക്ഷണത്തില്‍ പങ്കെടുത്തതു്.

രണ്ടു സ്റ്റേജുകള്‍ സ്ക്രീനില്‍ കാണുന്നതിനാല്‍ അതില്‍ ഒരെണ്ണം തിരഞ്ഞെടുക്കുന്നതു് തെറ്റോ ശരിയോ ആകാം. ശരിയാകാനുള്ള സാദ്ധ്യത സ്വാഭാവികമായും 50 ശതമാനമാണു്. പരീക്ഷണഫലം പരിശോധിച്ചപ്പോള്‍ ഗവേഷകര്‍ കണ്ടതു് രസകരമായ കാര്യമാണു്. സാധാരണ ചിത്രങ്ങള്‍ ഏതു് സ്റ്റേജിലാണു് വരുന്നതു് എന്നു് എല്ലാവരും പ്രവചിച്ചതു് ഏതാണു് ഒരുപോലെയാണു് -- 50 ശതമാനത്തോളം ശരിയായി. എന്നാല്‍ ഉത്തേജനം നല്‍കുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ 50 ശതമാനത്തെക്കാള്‍ അല്പം കൂടുതല്‍ ശരിയായിരുന്നു. അതായതു് അത്തരം ചിത്രങ്ങള്‍ ഏതു് സ്റ്റേജിലാണു് വരാന്‍ പോകുന്നതു് എന്നു് മുന്‍കൂട്ടി കാണാന്‍ അവര്‍ക്കു് കൂടുതല്‍ തവണ സാദ്ധ്യമായി. ലഭിച്ച വിവരങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തപ്പോള്‍ ഈ വ്യത്യാസം ചെറുതെങ്കിലും വളരെ അര്‍ത്ഥവത്താണു് എന്നാണു് ഗവേഷകര്‍ മനസിലാക്കിയതു്. ഇവിടെ ഒരു പ്രത്യേകത ഉള്ളതു് ഓരോ വ്യക്തിയും സ്റ്റേജ് തിരഞ്ഞെടുത്തതിനു് ശേഷമാണു് പ്രദര്‍ശിപ്പിക്കേണ്ട ചിത്രം കമ്പ്യൂട്ടര്‍ തിരഞ്ഞെടുത്തതു് എന്നുള്ളതാണു്. അതായതു് സംഭവിക്കാന്‍ പോകുന്നതു് പരീക്ഷണവിധേയനായ വ്യക്തി പ്രവചിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഏതു് ചിത്രമാണു് പ്രദര്‍ശിപ്പിക്കേണ്ടതു് എന്നതും ഏതു് സ്റ്റേജിലാണു് കാണിക്കേണ്ടതു് എന്നതും തിരഞ്ഞെടുക്കാന്‍ കമ്പ്യൂട്ടറില്‍ പ്രത്യേക പ്രോഗ്രാം തയാറാക്കിയിരുന്നു. തികച്ചും ക്രമരഹിതമായി ചിത്രങ്ങള്‍ വരത്തക്ക വിധമാണു് അതു് ചെയ്തിരുന്നതു്. എന്നുതന്നെയല്ല ഏറ്റവും കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കു് അനുസൃതമായി തന്നെയാണു് അതു് ചെയ്തിരുന്നതു്. പഠനഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഉപയോഗിച്ച സങ്കേതങ്ങളും ഏറ്റവും കര്‍ശനമായവയായിരുന്നു. ഈവക കാരണങ്ങളാല്‍ ഈ പഠനത്തില്‍ കാര്യമായ പോരായ്മകള്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പഠനം നടത്തിയതു് മനശ്ശാസ്ത്രത്തില്‍‌ കാര്യമായ സംഭാവനകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണു് എന്നുള്ളതു് പഠനത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടു്. എങ്കിലും പഠനം സൂചിപ്പിക്കുന്ന കാര്യം, അതായതു് നടക്കാനിരിക്കുന്നതു് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞേക്കും എന്നതു്, അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ആയിട്ടില്ല. ഇത്തരം പഠനങ്ങള്‍ ഇനിയും നടക്കുകയും ആ പഠനങ്ങളുടെ ഫലങ്ങള്‍ ഈ കണ്ടെത്തലിനു് അനുകൂലമായി വരുകയും ചെയ്താല്‍ മാത്രമെ ശാസ്ത്രലോകം ഇക്കാര്യം അംഗീകരിച്ചു തുടങ്ങൂ.

മനുഷ്യനു് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അനേകം കാര്യങ്ങള്‍ പ്രപഞ്ചത്തിലുണ്ടാകാം. നമ്മുടെ സാധാരണ ജീവിതത്തില്‍ തീരെ കാണാത്ത പലതും ഉണ്ടാകാം. എന്നാല്‍ വല്ലപ്പോഴും ഒരിക്കല്‍ തീരെ പരിചിതമല്ലാത്ത അനുഭവം നമുക്കു് ഉണ്ടായി എന്നും വരാം. അസാധാരണമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ അസാധാരണമായ തെളിവുകള്‍ വേണം എന്നു് ശാസ്ത്രലോകം പറയുന്നതു് ശരിതന്നെയാണു്. എന്നാല്‍ നമുക്കു് ഇന്നറിയാവുന്ന ശാസ്ത്രത്തിനു് അതീതമായി ഒന്നുമില്ല എന്നു് മുന്‍കൂട്ടി ഉറപ്പിക്കുന്നതു് ശരിയല്ല. ഇന്നത്തെ ശാസ്ത്രത്തിനു് അപ്പുറം ഒന്നുമില്ല എന്നു് തീരുമാനിക്കുന്നതു് ശാസ്ത്രപുരോഗതിക്കുതന്നെ വിരുദ്ധമാണല്ലോ. എന്നാല്‍ ശാസ്ത്രഗവേഷകര്‍ തന്നെ ചിലപ്പോള്‍ അത്തരത്തില്‍ സംസാരിക്കുന്നതു് കേള്‍ക്കാം. ശാസ്ത്രീയമായ കാഴ്ചപ്പാടല്ല അതു് എന്നു് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ പഠനങ്ങള്‍ മുകളില്‍ വിശദീകരിച്ച കണ്ടെത്തല്‍ ശരിവയ്ക്കുകയാണെങ്കില്‍ അതു് മനശ്ശാസ്ത്രത്തില്‍ മാത്രമല്ല നമ്മുടെ ജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ക്കു് കാരണമാകും എന്നതിനു് സംശയമില്ല.

ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

കാലാവസ്ഥയെ നിയന്ത്രിക്കാം

(തേജസ് പത്രത്തിനു വേണ്ടി എഴുകിയ ലേഖനം)

ചൈനയിലെ ഗ്യാന്‍ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിസിന്റെ ഉത്ഘാടന ചടങ്ങിനെയും സമാപന ചടങ്ങിനെയും മഴ ഉപദ്രവിക്കാതിരിക്കാനായി വിമാനങ്ങളും റോക്കറ്റുകളും തയാറാക്കി നിര്‍ത്തിയിരിക്കുന്നു. മഴ വരുന്ന വിവരം മുന്‍കൂട്ടി അറിയാനായി റഡാറുകള്‍ സജീകരിച്ചിരിക്കുന്നു. കേട്ടാല്‍ യുദ്ധത്തിനു് തയാറെടുക്കുന്ന പ്രതീതി. മേഘങ്ങളെ തുരത്തിയോടിക്കാനാണു് വിമാനങ്ങളും റോക്കറ്റുകളും എന്നാണു് ചില മാധ്യമങ്ങള്‍ പറയുന്നതു്. 2008ലെ ബെയ്ജിങ്ങ് ഒളിംപിക്സ് സമയത്തും ചൈന ഇത്തരം ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. എന്താണു് സംഭവിക്കുന്നതു്? ശത്രുവിമാനങ്ങളെ തുരത്തി ഓടിക്കുന്നതുപോലെ മേഘങ്ങളെയും ഓടിക്കാനാകുമോ? ഇതിന്റെ പിന്നിലുള്ള ശാസ്ത്രമെന്താണെന്നു് നമുക്കു് പരിശോധിക്കാം.

മേഘങ്ങളും മഴയും ഉണ്ടാകുന്നതെങ്ങിനെയാണെന്നു് മനസിലാക്കിയാലേ മേഘങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും മഴ ഇല്ലാതാക്കുകയും മറ്റും ചെയ്യുന്നതെങ്ങിനെ എന്നു് വ്യക്തമാകൂ. ഭൂമിയുടെ ഉപരിതലത്തോടു് ഏറ്റവും ചേര്‍ന്നുകിടക്കുന്ന അന്തരീക്ഷത്തിന്റെ ഭൂസ്പര്‍ശമണ്ഡലം, അഥവാ ട്രോപോസ്ഫിയര്‍, എന്ന പാളിയിലാണു് കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങള്‍ നടക്കുന്നതു്. അന്തരീക്ഷത്തില്‍ മുകളിലേക്കു് പോകംതോറും ചൂടു് കുറഞ്ഞുവരുമെന്നു് അറിയാമല്ലോ. അതുകൊണ്ടാണല്ലോ മൂന്നാറും വയനാടും ഊട്ടിയും പോലെയുള്ള സ്ഥലങ്ങളില്‍ എല്ലാക്കാലത്തും തണുപ്പുള്ളതു്. ഭൂമിയുടെ ഉപരിതലം സൂര്യപ്രകാശമേറ്റു് ചൂടാകുമ്പോള്‍ അതിനോടു് ചേര്‍ന്നുകിടക്കുന്ന വായുവും ചൂടാകുന്നു. ചൂടാകുന്ന വായു മുകളിലേക്കുയരുമല്ലോ. പക്ഷെ മുകളിലേക്കുയരുമ്പോള്‍ അതു് തണുക്കും. ഈ വായുവില്‍ ധാരാളം ഈര്‍പ്പം (നീരാവി) ഉണ്ടെങ്കില്‍ വായു തണുക്കുമ്പോള്‍ നീരാവി ജലകണങ്ങളായി മാറിത്തുടങ്ങും. പക്ഷെ ജലകണങ്ങള്‍ ഉണ്ടായിത്തുടങ്ങാന്‍ ചെറിയ തരികളുടെ സാന്നിദ്ധ്യം ആവശ്യമാണു്. ചിലതരം പൊടികളും കടലില്‍നിന്നുയരുന്ന ഉപ്പുതരികളും ഒക്കെ ഇതിനു് ഉതകുന്നവയാണു്. ഇത്തരം തരികള്‍ സാധാരണഗതിയില്‍ അന്തരീക്ഷത്തില്‍ ഉണ്ടായിരിക്കും. ഇവയില്‍ നീരാവി തണുത്തുറഞ്ഞാണു് മേഘങ്ങളുണ്ടാകുന്നതു്.

മേഘങ്ങളെല്ലാം മഴ തരില്ലല്ലോ. ചില മേഘങ്ങളില്‍നിന്നു മാത്രമെ മഴ പെയ്യൂ. മേഘത്തിലെ ജലകണങ്ങള്‍ വളരെ ചെറുതാണു്. അവ അപ്പൂപ്പന്‍താടികളെപ്പോലെ കാറ്റില്‍ പറന്നുനടക്കുകയേയുള്ളൂ. അവ കൂടിച്ചേര്‍ന്നോ നീരാവി വലിച്ചെടുത്തോ വളര്‍ന്നു് വലുതാകുമ്പോള്‍ വായുവില്‍ തങ്ങി നില്‍ക്കാനാവാതെ താഴോട്ടു് നീങ്ങാന്‍ തുടങ്ങും. താഴോട്ടു് നീങ്ങുമ്പോള്‍ മറ്റു ചെറിയ തുള്ളികളുമായി കൂടിച്ചേര്‍ന്നു് വലുതാകാന്‍ സാദ്ധ്യതയുണ്ടു്. മറിച്ചു്, വായുവില്‍ ഈര്‍പ്പം കുറവാണെങ്കില്‍ വറ്റിപ്പോകാനും ഇടയുണ്ടു്. എന്തു് സംഭവിക്കുന്നു എന്നുള്ളതു് സാഹചര്യത്തെ ആശ്രയിച്ചിരിക്കും. സാഹചര്യം അനുയാജ്യമാണെങ്കില്‍ തുള്ളികള്‍ വളരുകയും മഴയായി താഴെ എത്തുകയും ചെയ്യും.

മഴയുണ്ടാകുന്നതിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ടു്. വായുവില്‍ ആവശ്യത്തിനു് ഈര്‍പ്പമുണ്ടായിരിക്കണം. എങ്കിലേ ധാരാളം മഴത്തുള്ളികളുണ്ടാകൂ. ജലത്തിനു് ഘനീഭവിച്ചുതുടങ്ങാനായി അനുയോജ്യമായ തരികളുണ്ടാകണം. ഇവ രണ്ടു തരത്തിലുള്ളവയാകാം. ചില തരം തരികള്‍ നീരാവി ഘരരൂപത്തില്‍, അതായതു് ഐസ്, ആയി തീരാന്‍ സഹായിക്കുന്നു. അതു സംഭവിക്കാന്‍ താപനില പൂജ്യം ഡിഗ്രിയില്‍ താഴെ ആയിരിക്കണം. പല മേഘങ്ങളും ഒരു ഉയരത്തിനപ്പുറത്തു് പൂജ്യം ഡിഗ്രിയില്‍ താഴെ ആയിരിക്കും. എന്നാല്‍ അങ്ങനെ അല്ലാത്ത മേഘങ്ങളുമുണ്ടു്. അത്തരം മേഘങ്ങളുണ്ടാകുന്നതു് നീരാവി തണുത്തു് ജലകണങ്ങളാകാന്‍ സഹായിക്കുന്ന തരികള്‍ ഉള്ളപ്പോഴാണു്. രണ്ടായാലും തരികളുടെ എണ്ണം തീരെ കുറവാണെങ്കില്‍ ആവശ്യത്തിനു് മഴത്തുള്ളികളുണ്ടാവാതിരിക്കുകയും വായുവിലെ ഈര്‍പ്പത്തില്‍ കുറെ ഭാഗം മഴയായി തീരാതിരിക്കുകയും ചെയ്യാം. "അധികമായാല്‍ അമൃതും വിഷം" എന്നപോലെ തരികള്‍ കൂടുതലായാലും പ്രശ്നമാകും. അപ്പോള്‍ ഉള്ള ഈര്‍പ്പം അനേകം തുള്ളികളായി തീരുകയും ഒരു തുള്ളിയും വേണ്ടത്ര വലുപ്പം വയ്ക്കാതിരിക്കുകയുമാവാം.

ഇവിടെയാണു് നമുക്കു് മേഘങ്ങളെ മാറ്റിയെടുക്കാനുള്ള അവസരം ലഭിക്കുന്നതു്. ആവശ്യത്തിനു് തരികളില്ലാത്തതിനാല്‍ മഴയുണ്ടാകാത്ത മേഘങ്ങള്‍ക്കു് തരികള്‍ കൊടുക്കാം. ഇതിനു് സാധാരണയായി ഉപയോഗിക്കുന്നതു് ഉപ്പോ സില്‍വര്‍ അയഡൈഡ് എന്ന രാസവസ്തുവോ ആണു്. വളരെ നേര്‍ത്ത പൊടിയായിട്ടാണു് ഇതു് മേഘത്തില്‍ വിതറുന്നതു്. നീരാവി ധാരാളമുള്ള മേഘത്തില്‍ പൂജ്യം ഡിഗ്രിയില്‍ താഴെ താപനിലയുള്ള ഭാഗത്തു് വേണം ഇതു് വിതറാന്‍. ഈ വസ്തുക്കളുടെ ക്രിസ്റ്റല്‍ ഘടന ഐസിന്റേതിനോടു് സാമ്യമുള്ളതായതുകൊണ്ടു് നീരാവി ഇതില്‍ എളുപ്പത്തില്‍ ഉറഞ്ഞുകൂടി ഐസായിത്തീരുന്നു. വിമാനത്തില്‍ കൊണ്ടുപോയി മേഘത്തിന്റെ അനുയോജ്യമായ ഭാഗത്തു് വിതറുകയാണു് പിന്‍തുടര്‍ന്നുവന്ന രീതി. എന്നാല്‍ റോക്കറ്റുപയോഗിച്ചു് രാസവസ്തുക്കള്‍ മേഘത്തില്‍ വിതറാനുള്ള വിദ്യ ചൈനയില്‍ വികസിപ്പിച്ചെടുത്ത ശേഷം പലയിടങ്ങളിലും അങ്ങനെയും ചെയ്യുന്നുണ്ടു്.

ഖരരൂപത്തിലുള്ള കാര്‍ബണ്‍ ഡയോക്സൈഡാണു് ഉപയോഗിക്കപ്പെടുന്ന മറ്റൊരു വസ്തു. പൂജ്യത്തെക്കാള്‍ ഏതാണ്ടു് 80 ഡിഗ്രി താഴെയാണു് ഇതിന്റെ താപനില. അതുകൊണ്ടു് തണുപ്പിച്ചുവയ്ക്കാന്‍ പ്രത്യേകം സംവിധാനങ്ങളുള്ള വിമാനത്തില്‍ വേണം ഇതു് കൊണ്ടുപോയി വിതറാന്‍. ഇതു് വീഴുന്ന ഭാഗം പെട്ടെന്നു് വളരെയധികം തണുക്കുന്നതുകൊണ്ടു് അവിടെ നീരാവി നേരെ ഐസ് കണങ്ങളായി രൂപാന്തരപ്പെടുന്നു. ഇതൊക്കെ ചെയ്താലും കൂടുതല്‍ മഴ ലഭിന്നുണ്ടോ, മഴ എത്രമാത്രം വര്‍ദ്ധിക്കുന്നുണ്ടു് എന്നൊക്കെ കൃത്യമായി മനസിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇനി ചൈനയില്‍ ചെയ്യുന്നതും മുമ്പൊരിക്കല്‍ റഷ്യയില്‍ ലോകനേതാക്കളുടെ ഒരു സമ്മേളനത്തിനുവേണ്ടി ഒരുക്കിവച്ചതും പോലെ മഴക്കാര്‍ ഇല്ലാതാക്കുകയാണു് വേണ്ടതെങ്കില്‍ എഴുപ്പമാണു്. മഴക്കാര്‍ പെയ്യണമെങ്കില്‍ മേഘത്തിലെ ജലകണങ്ങളില്‍ കുറെയെണ്ണം വലുതാവണം എന്നു പറഞ്ഞല്ലോ. അതുണ്ടാവാതിരിക്കണമെങ്കില്‍ ഉള്ള നീരാവി അനേകം തുള്ളികളായി തീര്‍ന്നാല്‍ മതി. അപ്പോള്‍ വലുപ്പമുള്ള തുള്ളികള്‍ ഉണ്ടാവില്ല. തുള്ളികളുടെ എണ്ണം വര്‍ദ്ധിക്കണമെങ്കില്‍ നീരാവി ഉറഞ്ഞുകൂടാന്‍ സഹായിക്കുന്ന തരികളുടെ എണ്ണവും കൂടണം. അതിനായി നമ്മള്‍ മേഘത്തില്‍ ധാരാളം തരികള്‍ വിതറുന്നു. അപ്പോള്‍ മേഘത്തിലുള്ള നീരാവി അനേകം തരികളിലായി ഉറഞ്ഞുകൂടുകയും ഒരു തുള്ളിയും വലുതാകാതിരിക്കുകയും ചെയ്യും. വളരെ ചെറിയ തുള്ളികള്‍ക്ക് അധികസമയം അങ്ങനെ നിലനില്‍ക്കാനാവില്ല. അവ എളുപ്പത്തില്‍ വറ്റിപ്പോകും. അതായതു് മേഘം തന്നെ ഇല്ലാതാകും. ഇതാണു് മഴ ഇല്ലാതാക്കുന്ന വിദ്യ.

പൊതുവായി പറഞ്ഞാല്‍ മഴ പെയ്യിക്കുന്നതിനേക്കാള്‍ ഉറപ്പോടെ മഴ ഇല്ലാതാക്കം എന്നു പറയാം. കാരണം മഴ പെയ്യണമെങ്കില്‍ വളരെ കൃത്യമായ സാഹചര്യങ്ങള്‍ ഉണ്ടാവണം. എന്നാല്‍ പെയ്യാനിടയുള്ള മേഘത്തെ ഇല്ലാതാക്കണമെങ്കില്‍ ആ സാഹചര്യം ഒഴിവാക്കിയാല്‍ മതി. അതു് താരതമ്യേന എളുപ്പമാകുമല്ലോ.

കേരളത്തിലും മറ്റുചില സംസ്ഥാനങ്ങളിലും മഴ വേണ്ടത്ര ലഭിക്കാത്ത സമയങ്ങളില്‍ കൃത്രിമമായി മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടു്. അവ എത്രമാത്രം ഫലപ്രദമായിട്ടുണ്ടു് എന്നു് നിശ്ചയമില്ല. ചില സ്വകാര്യ കമ്പനികള്‍ അമേരിക്കന്‍ കമ്പനികളുമായി ചേര്‍ന്നാണു് ഈ പരിപാടികള്‍ നടത്തുന്നതു് എന്നാണു് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതു്. ഇവ എത്രമാത്രം ഫലപ്രദമാകുന്നുണ്ടു് എന്നു് മനസിലാക്കാനുള്ള ശാസ്ത്രീയ വൈദഗ്ദ്ധ്യം നമുക്കുണ്ടായിട്ടില്ല -- വൈദഗ്ദ്ധ്യം നേടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും.

എന്നാല്‍ കേരളത്തിലും മറ്റുചിലയിടങ്ങളിലും സാധാരണയില്‍ കവിഞ്ഞ മഴ ഉണ്ടാകുകയും തത്ഫലമായി വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യുക പതിവായിട്ടുണ്ടു്. അതുകൊണ്ടു് മഴ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍, അവ കൂടുതല്‍ ഫലപ്രദമാണെന്നുള്ള നിലയ്ക്കു്, തുടങ്ങാവുന്നതാണു്. എന്തുകൊണ്ടോ ആ വഴിക്കു് ആരും ചിന്തിച്ചിട്ടില്ല എന്നു തോന്നുന്നു.

ദിനാവസ്ഥയില്‍ (weather) മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ മറ്റെന്തു മാറ്റങ്ങളുണ്ടാക്കുന്നുണ്ടു് എന്നു നമുക്കു് അറിയില്ല. ഉദാഹരണമായി, ഒരു ഭാഗത്തു് കൂടുതല്‍ മഴ പെയ്യിച്ചാല്‍ മറ്റൊരു ഭാഗത്തു് മഴ കുറയുമോ? മറിച്ചു് ഒരു ഭാഗത്തു് മഴ ഇല്ലാതാക്കിയാല്‍ മറ്റൊരു ഭാഗത്തു് മഴ അധികമാകുമോ? അതോ മറ്റെന്തെങ്കിലും മാറ്റം കാലാവസ്ഥയിലുണ്ടാകുമോ? ഇതൊന്നും മനസിലാക്കാതെ നമ്മള്‍ അന്തരീക്ഷത്തിലെ പ്രക്രിയകളില്‍ ഇടപെടുന്നതു് ശരിയാണോ? നമ്മള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ വരുത്തിവയ്ക്കുകയാവുമോ ചെയ്യുക?

വരള്‍ച്ചയായാലും വെള്ളപ്പൊക്കമായാലും ഇന്നത്തെ പല പ്രശ്നങ്ങള്‍ക്കും ഉത്തരവാദികള്‍ നമ്മള്‍തന്നെയാണു്. ആ പ്രശ്നങ്ങള്‍ക്കു് പരിഹാരം കാണാന്‍ നമുക്കു് മറ്റു മാര്‍ഗങ്ങളുണ്ടു്താനും. ആ നിലയ്ക്കു് പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുന്നതല്ലേ നല്ലതു്?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)