Saturday, December 12, 2015

ചപ്പുചവറുകള്‍ എന്തു ചെയ്യണം

ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതു് പല പ്രശ്നങ്ങള്‍ക്കും കാരണമാകാം. കരിയിലയും കടലാസും മറ്റുമാണെങ്കില്‍ പുകയും ചാരവും പടരുന്നതുകൂടാതെ വായുവിലേക്കു് കാര്‍ബണ്‍ മോണോക്സൈഡും നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്സൈഡുകളും ശ്വസിക്കാവുന്ന ധൂളിയും പരത്തുന്നു. ഇനി അതിന്റെ കൂട്ടത്തില്‍ പ്ലാസ്റ്റിക്കോ റബ്ബറോ കൂടി ഉണ്ടെങ്കില്‍ വല്ലാത്ത നാറ്റവും ഡയോക്സിന്‍ പോലുള്ള വളരെ ഹാനികരമായ, കാന്‍സര്‍ വരെ ഉണ്ടാക്കാവുന്ന വാതകങ്ങളും ഉണ്ടാകുന്നു. ജൈവവസ്തുക്കളാണെങ്കില്‍ കമ്പോസ്റ്റു ചെയ്യുക, പ്ലാസ്റ്റിക്കും ലോഹവും കൊണ്ടു നിര്‍മ്മിച്ച വസ്തുക്കള്‍ പുനഃചംക്രമണം ചെയ്യുക എന്നതാണു് ചെയ്യേണ്ടതു്. ഗ്രാമങ്ങളില്‍ ജീവിച്ചിരുന്ന കാലങ്ങളില്‍ ചപ്പുചവറുകള്‍ പ്രശ്നമേയല്ലായിരുന്നു. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളായപ്പോഴാണു് ഈ പ്രശ്നങ്ങള്‍ ഗൗരവതരമായതു്. പണ്ടു നാം ജീവിച്ചിരുന്ന അതേ രീതിയില്‍ നഗരങ്ങളിലും ജീവിക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഭയാനകമാകാം. കേരളത്തില്‍ പടര്‍ന്ന ഡെങ്കി, പക്ഷി, എലി, കോഴി പനികള്‍ ഉദാഹരണം. അതുകൊണ്ടു് നമ്മുടെ പരിസരവും നാം ശ്വസിക്കുന്ന വായുവും വൃത്തിയായി സൂക്ഷിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു.
മറ്റുള്ളവര്‍ക്കു് രോഗങ്ങളുണ്ടാക്കും എന്ന പേരില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിട്ടും വഴിയോരങ്ങളിലും പറമ്പുകളിലും എല്ലാത്തരം ചപ്പുചവറും കൂട്ടിയിട്ടു തീയിടുന്നതു് നിരോധിക്കാത്തതു് അത്ഭുതകരമായിരിക്കുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുകവലിയിലൂടെ ഉണ്ടാകുന്ന പുകയും ചാരവും എത്രയോ ചെറുതാണു്! സര്‍ക്കാരുകളും മുനിസിപ്പാലിറ്റികളും ഇതിനൊരു പരിഹാരമുണ്ടാക്കുന്നില്ലെങ്കില്‍ പൊതുജനം തന്നെ മുന്നിട്ടു് ഇറങ്ങേണ്ടിയിരിക്കുന്നു.

ഈ പ്രശ്നത്തിനെ ശാസ്ത്രീയമായി നേരിടാനായി കേരള മുഖ്യമന്ത്രിക്കു് ഞാനൊരു നിവേദനം തയാറാക്കിയിട്ടുണ്ടു്. അതു് താഴെ കൊടുത്തിരിക്കുന്ന കണ്ണിയില്‍ ക്ലിക് ചെയ്താല്‍ കാണാവുന്നതാണു്. അതില്‍ നിങ്ങളുടെ പേരും ചേര്‍ക്കുന്നതിനു് വിരോധമില്ലെങ്കില്‍ ചേര്‍ക്കുമല്ലോ:  https://secure.avaaz.org/en/petition/Chief_Minister_of_Kerala_Stop_burning_waste_in_public/

Wednesday, November 25, 2015

ഭൂമിയുടെ ആവരണം

ഭൂമിയുടെ അന്തരീക്ഷെ, ഭൗമാന്തരീക്ഷത്തിന്റെ ചരിത്രം, വര്‍ഷകാലങ്ങളും കേരളവും, കാലാവസ്ഥാവ്യതിയാനങ്ങളും നമ്മളും, തുടങ്ങി ഭൗമോപരിതലം, വായുമണ്ഡലേ, സൗരയൂഥത്തിലെ ഭൗമേതരഗ്രഹങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു് സമഗ്രവും ആധികാരികവുമായി വിലയിരുത്തുന്ന ശാസ്ത്രപുസ്തകം. വില ക 120.00

VPP ആയി ലഭിക്കാന്‍ താല്പര്യമുള്ളവര്‍ക്കു് sasi.cess@gmail.comലേക്കു് എഴുതാം. ഇന്റര്‍നെറ്റുവഴി വാങ്ങാന്‍ താല്പര്യമുള്ളവര്‍ക്കു് amazon.inല്‍ ലഭ്യമാണു്. ദാ ഇവിടെ: http://www.amazon.in/s/ref=nb_sb_noss?url=search-alias%3Dstripbooks&field-keywords=bhoomiyude+aavaranam&rh=n%3A976389031%2Ck%3Abhoomiyude+aavaranam