Monday, February 18, 2013

പരസ്യങ്ങളിലെ തട്ടിപ്പുകള്‍

പല ഉല്പന്നങ്ങളുടെയും പരസ്യങ്ങള്‍ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം നിര്‍മ്മിച്ചതല്ലേ എന്നു് സംശയം തോന്നിക്കുന്നതാണു്. അവയില്‍ ചിലവ മാത്രം ഇവിടെ വിവരിക്കട്ടെ. ഇതില്‍നിന്നു് വായനക്കാര്‍ക്കു് മറ്റു പല പരസ്യങ്ങളും സ്വയം തിരിച്ചറിയാനാവും എന്നു് വിശ്വസിക്കുന്നു.

പല്ലുകളെ പൊതിഞ്ഞു് സംരക്ഷിക്കുന്ന ടൂത്ത്പേസ്റ്റ്


കോള്‍ഗേറ്റ് ടുത്ത്പേസ്റ്റിന്റെ ഒരു ടെലിവിഷന്‍ പരസ്യത്തില്‍ കണ്ടതു് കോള്‍ഗേറ്റ് കൊണ്ടു് പല്ലു തേക്കുമ്പോള്‍ പല്ലിനെ ഒരു വെളുത്ത വസ്തു വന്നു് പൊതിയുന്നതായാണു്.  പോടുകളുണ്ടാകുന്നതില്‍ നിന്നു്ഇതു് പല്ലുകളെ സംരക്ഷിക്കും എന്നു് ഒരു ശബ്ദം പറയുന്നുമുണ്ടു് ഡോക്ടറുടെ വേഷമിട്ട ഒരു വ്യക്തിയെ പരസ്യചിത്രത്തില്‍ ആദ്യം മുതലേ കാണിക്കുന്നുണ്ടു്. ആ വ്യക്തിയാണു് പേസ്റ്റിന്റെ ഗുണത്തെപ്പറ്റി പറയുന്നതു് എന്നു് കാണുന്നവര്‍ക്കു് തോന്നും. അതൊരു ഡോക്ടറാണു് പറയുന്നതു് എന്നു് പലരും ധരിച്ചാല്‍ അത്ഭുതപ്പെടാനില്ല. വാസ്തവത്തില്‍ ആ വേഷം കെട്ടാന്‍ നിയോഗിക്കപ്പെട്ട ഏതോ മോഡലാണെന്നു് ചിലര്‍ക്കൊക്കെ അറിയാമെങ്കിലും പലരും തെറ്റിദ്ധരിക്കും എന്നു് വിശ്വസിക്കാവുന്നതാണു്. എന്നുതന്നെയല്ല, അങ്ങനെ തെറ്റിദ്ധരിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെതന്നെയായിരിക്കണം പരസ്യചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതും.

ഇതു് മൊത്തമായും മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയാണു് എന്നതാണു് സത്യം. കാരണം, പല്ലുകളെ പൊതിഞ്ഞു് സംരക്ഷിക്കാനുള്ള യാതൊരു വസ്തുവും ഒരു ടൂത്ത്പേസ്റ്റിലുമില്ല. സാധാരണയായി ടൂത്ത്പേസ്റ്റിലുള്ള ഘടകങ്ങള്‍ മൂന്നാണു്: 1. ഉരച്ചു് അഴുക്കു് കളയാനുപകരിക്കുന്ന (പാത്രം കഴുകാനായി ചാരം ഉപയോഗിക്കുന്നതുപോലെയുള്ള) ജലത്തിലലിയാത്ത ഒരു പൊടി - ഇതു് അലുമിനിയം ഹൈഡ്രോക്സൈഡ്, കാല്‍സ്യം കാര്‍ബണേറ്റ്, എന്നിവയൊ കട്ടി കുറഞ്ഞ ചിലതരം പാറകളുടെ പൊടിയൊ ആവാം, 2. പല്ലില്‍ പോടുകളുണ്ടാക്കുന്നതും മോണരോഗങ്ങള്‍ വരുന്നതും തടയാനായി ഫ്ലൂറൈഡ് - ഇതു് സോഡിയം ഫ്ലൂറൈഡൊ സ്റ്റാന്നസ് (stannous, അതായതു് വെളുത്തീയത്തിന്റെ) ഫ്ലൂറൈഡൊ ആവാം, 3. അഴുക്കു കളയാനുള്ള പേസ്റ്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കാനായി ഒരു ഡിറ്റര്‍ജന്റ്, ഇതു്  മറ്റു പല ഉല്പന്നങ്ങളിലും ഉപയോഗിക്കുന്ന സോഡിയം ലോറില്‍ സള്‍ഫേറ്റ് (sodium lauryl sulphate, SLS) ആയിരിക്കും പലപ്പോഴും. ഇവ കൂടാതെ കാണാറുള്ള ചില ഘടകങ്ങള്‍ കൂടിയുണ്ടു്. ഒന്നു്, രോഗാണുക്കളെ പ്രതിരോധിക്കാനുള്ള എന്തെങ്കിലും (ട്രൈക്ലോസാന്‍ [Triclosan] അഥവാ സിങ്ക് ക്ലോറൈഡ് [zinc chloride] ആണു് ഇത്തരത്തിലൊന്നു്. ഇതു് ജിഞ്ചിവൈറ്റിസ്, അഥവാ മോണരോഗം, വരുന്നതു് തടയുമത്രെ. ഗുണകരമായ മറ്റൊരു ഘടകം പല്ലിലെ ഇനാമല്‍ (അതായതു് ഏറ്റവും പുറമെയുള്ള വെളുത്ത, കട്ടിയുള്ള ഭാഗം) നഷ്ടപ്പെടുന്നതു് തിരിച്ചു് വളരാന്‍ സഹായിക്കുന്ന കാല്‍സ്യം ഫോസ്ഫേറ്റ് (calcium phosphate) പോലത്തെ എന്തങ്കിലും ഘടകമാണു്. ഉവയെല്ലാം കൂടാതെ മിക്ക പേസ്റ്റിലും ചേര്‍ക്കുന്നതാണു്  രുചി നല്‍കാനായി പെപ്പര്‍മിന്റ്, സ്പിയര്‍മിന്റ് എന്നിവ പോലത്തെ എന്തെങ്കിലും വസ്തുവും പിന്നെ ആകര്‍ഷകമായ നിറം നല്‍കാനുള്ള രാസവസ്തുവും. ഇവയെല്ലാം കൂടാതെ, പേസ്റ്റ് ഉണങ്ങി പൊടിയായിത്തീരാതിരിക്കാനായി ഗ്ലിസറോള്‍, സോര്‍ബിറ്റോള്‍ തുടങ്ങി എന്തെങ്കിലും രാസവസ്തുവും ചേര്‍ക്കാറുണ്ടത്രെ (https://en.wikipedia.org/wiki/Toothpaste നോക്കൂ). ഏതാണ്ടിത്രയൊക്കെത്തന്നെയാണു് മിക്ക ടൂത്ത്പേസ്റ്റിലും അടങ്ങിയിരിക്കുന്നതു്, ബ്രാന്‍ഡുകള്‍ തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ തീര്‍ച്ചയായുംഉണ്ടാകാം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയിരിക്കെ, ഒരു പ്രത്യേക പേസ്റ്റില്‍ പല്ലിനെ പൊതിഞ്ഞു് സംരക്ഷിക്കുന്ന എന്തോ ഒന്നുണ്ടെന്നു് പരസ്യത്തില്‍ സൂചിപ്പിക്കുന്നതു് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനല്ലെ? അല്ല, ഇനി അങ്ങനെയൊരു വസ്തു ഒരു പ്രത്യേക പേസ്റ്റില്‍ ചേര്‍ത്തിട്ടുണ്ടു് എങ്കില്‍, ആ വസ്തുവിന്റെ കണ്ടുപിടിത്തംതന്നെ വലിയൊരു വാര്‍ത്തയാകേണ്ടതായിരുന്നല്ലൊ! കാരണം, പല്ലുവേദനയുംപല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പാശ്ചാത്യ രാജ്യങ്ങളില്‍ വലിയൊരു പ്രശ്നം തന്നെയാണെ! അതല്ല ഈ പ്രത്യേക പേസ്റ്റ് ശരിക്കും ഒരു പ്രതിഭാസം തന്നെയാണെന്നു് നല്ല തെളിവുകള്‍ ലഭിക്കാതെ എനിക്കു് വിശ്വസിക്കാനാവുന്നില്ല, കേട്ടോ. നിങ്ങള്‍ക്കോ?

ഇനി ഒരു പേസ്റ്റിനെ മാത്രം ലക്ഷ്യമിട്ടു് മനഃപൂര്‍വ്വം എഴുതിയതാണെന്നു് ആരും കരുതണ്ട. കാണികളെ പരസ്യത്തിലുടെ തെറ്റിദ്ധരിപ്പിക്കുക എന്നതു് എല്ലാ കമ്പനിക്കാരും ചെയ്യുന്നതാണെന്നു്കാണാം. ഒരു ഉദാഹരണം മുകളില്‍ പറഞ്ഞെന്നു മാത്രം. മറ്റൊരു ഉദാഹരണം കൂടി പറയട്ടെ. മറ്റൊരു പേസ്റ്റിന്റെ (പെപ്സൊഡെന്റ്) പരസ്യത്തില്‍ പറയുന്നു, ദന്തഡോക്ടറന്മാര്‍ ഒരു കമ്പനിയുമായിച്ചേര്‍ന്നു് സവിശേഷമായ ഒരു പേസ്റ്റുണ്ടാക്കിയിരിക്കുന്നു എന്നു്. അതില്‍ പല്ലിന്റെ മൊത്തം സംരക്ഷണത്തിനുവേണ്ട എല്ലാ കാര്യങ്ങളും ചേര്‍ത്തിട്ടുണ്ടു് എന്നു്. ഏതാണ്ടെല്ലാ പേസ്റ്റിലുമുള്ളതു് എന്തൊക്കെയാണെന്നു് മുകളില്‍ കണ്ടല്ലൊ. ഇതില്‍നിന്നു് വളരെ വ്യത്യസ്തമായ മറ്റെന്തൊക്കെയോ ചേര്‍ത്തു് പുതിയ പേസ്റ്റുണ്ടാക്കുകയും അതു് മറ്റു് സാധാരണ പേസ്റ്റുകളോടൊപ്പം വിപണിയിലിറക്കുകയും ചെയ്തു എന്നു് വിശ്വസിക്കാനാവുന്നില്ല, കേട്ടോ. നമുക്കു് സവിശേഷ പേസ്റ്റുകള്‍ ഇപ്പോഴും മാര്‍ക്കറ്റിലുണ്ടു്. പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള പ്രത്യേക ടൂത്ത്പേസ്റ്റുകള്‍ ഒരു ഉദാഹരണമാണു്. അത്തരം പേസ്റ്റിനെല്ലാം വിലക്കൂടുതലുമാണു്. കാരണം, സാധാരണക്കാര്‍ക്കുപയോഗിച്ചാലും പ്രശ്നമുണ്ടാകാത്ത ഘടകങ്ങള്‍ ഇതിലുപയോഗിക്കാനാവില്ല എന്നതുകൊണ്ടു് മറ്റു് വിലക്കൂടിയ ഘടകങ്ങള്‍ അതില്‍ ഉപയോഗിക്കുന്നുണ്ടാവാം എന്നതുതന്നെ. അങ്ങനെയൊന്നുമല്ലാതെ ഈ ഒരു സാധാരണ പേസ്റ്റില്‍ മാത്രം പല്ലിനെ മൊത്തമായി സംരക്ഷിക്കുന്ന എന്തൊക്കെയൊ ചേര്‍ത്തിരിക്കുന്നു എന്ന അവകാശവാദം വിഡ്ഢിപ്പെട്ടിയായ ടെലിവിഷനു മുന്നിലിരിക്കുന്നവരെ വിദഗ്ദ്ധമായി കളിപ്പിക്കാനല്ലേ എന്നു് ഞാന്‍ സംശയിച്ചാല്‍ അതിനെന്നെ കുറ്റപ്പെടുത്താനാവുമൊ?  ഡോക്ടറുടെ വേഷമിട്ട ഒരാള്‍ വന്നു് ഈ പേസ്റ്റിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തുന്നതു് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാനല്ലേ എന്നു് സംശയം.

കുട്ടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന പാനീയം

ഇനി മറ്റൊരു പരസ്യത്തിന്റെ കാര്യം നോക്കാം. കോംപ്ലാന്‍ എന്ന, കുട്ടികളെ അതിമാനുഷരാക്കും എന്ന വിശ്വാസത്തോടെ പലരും നല്ല വിലകൊടുത്തു് മേടിച്ചു് കലക്കി കുട്ടികള്‍ക്കു് കൊടുക്കുന്ന വസ്തുവിന്റെ പരസ്യം നിങ്ങളും കണ്ടിരിക്കുമല്ലൊ. കോംപ്ലാന്‍ കുടിച്ചാല്‍  കുട്ടികള്‍ നാലിരട്ടി വേഗത്തില്‍ വളരും എന്നാണു് പരസ്യത്തില്‍ അവകാശപ്പെടുന്നതു്. ഇതെങ്ങനെ സംഭവിക്കും എന്നുകൂടി പരസ്യക്കാര്‍ വിശദമായി പറഞ്ഞുതന്നാല്‍ കൊള്ളാമായിരുന്നു. കാരണം, ഒരു കുട്ടിയുടെ വളര്‍ച്ചയെ ഇത്രയെളുപ്പത്തില്‍ സ്വാധീനിക്കാമെങ്കില്‍ അതിനുള്ള വിദ്യ ലോകത്താകമാനം പ്രശസ്തമായേനെ. ഉയരമുളളവര്‍ക്കു് പല കളികളിലും മുന്‍ഗണനയുണ്ടു്. ബാസ്ക്കറ്റ്ബോളും വോളിബോളും ഉദാഹരണങ്ങള്‍. കുട്ടി എത്ര ഉയരം വയ്ക്കും എന്നതു് കുട്ടിക്കു് മാതാപിതാക്കളുടെ അടുത്തുനിന്നു് കിട്ടിയ ജീനുകളെയാണു് ആശ്രയിച്ചിരിക്കുന്നതു്. എന്നാല്‍ വളരാനാവശ്യമായ പോഷകങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ജീനുകള്‍ കിട്ടിയതുകൊണ്ടു് പ്രയോജനമില്ലതാനും. അങ്ങനെ, ജീനുകളും പോഷകാഹാരങ്ങളും ചേര്‍ന്നാണു് ഒരാളുടെ വളര്‍ച്ച നിശ്ചയിക്കുന്നതു്. ജനിച്ചുകഴിഞ്ഞാല്‍ ചെയ്യാവുന്നതു് ആവശ്യത്തിനുള്ള പോഷകാഹാരങ്ങള്‍ നല്‍കുക മാത്രമാണു്. ഇനി പോഷകാഹാരങ്ങള്‍ കുറെയേറെ നല്‍കിയതുകൊണ്ടു് ഒരു കുട്ടി കുറെയധികം വളരില്ല. ഇനി കോംപ്ലാന്‍ എന്ന പൊടിയില്‍ എന്താണു് ഇത്ര സ്പെഷ്യലായുള്ളതു് എന്നു് അവര്‍ പറയുന്നുമില്ല. അവരുടെ വെബ്സൈറ്റില്‍ നോക്കിയാല്‍ മനസിലാകുന്നതു്, കോംപ്ലാന്‍ എന്നതു് ലഘുവായുള്ള, എന്നാല്‍ പരിപൂര്‍ണ്ണമായ ആഹാരമാണു് എന്നാണു്. അവര്‍ തന്നെ പറയുന്നതു്, നിങ്ങള്‍ക്കു് വിശപ്പില്ലെങ്കില്‍ ആവശ്യത്തിനു് ഭക്ഷണം കഴിക്കാത്തതുകൊണ്ടു് പോഷകക്കുറവുണ്ടാകാം. അതിനു് പരിഹാരമാണു് കോംപ്ലാന്‍ എന്നാണു്. കോംപ്ലാന്‍ (Complan) എന്ന പേരുതന്നെ പൂര്‍ണ്ണമായി പ്ലാന്‍ ചെയ്ത ഭക്ഷണം (COMpletely PLANned) എന്നതില്‍ നിന്നാണത്രെ ഉണ്ടായതു്. അതാണു് സത്യമെങ്കില്‍ അതെങ്ങനെ കുട്ടിയുടെ വളര്‍ച്ച നാലിരട്ടിയാക്കും? കമ്പനി വിശദീകരിക്കേണ്ട കാര്യമാണിതു്.

കോംപ്ലാനിന്റെ സ്വന്തം വെബ് സൈറ്റ് (http://www.complan.com/index.php/what-is-complan/) പറയുന്നതെന്താണെന്നു നോക്കാം. മാര്‍ച്ച് 4, 2013നു് വെബ് സൈറ്റ് നോക്കിയപ്പോള്‍ കിട്ടിയതു് ഇതാണു്: "Whether you’re off your food because you’re recovering from an illness, feeling stressed, or simply not feeling able to face a full meal, Complan could help provide you with essential nutrients." അതായതു്, "നിങ്ങള്‍ അസുഖം കാരണമൊ മാനസിക പിരിമുറുക്കം കാരണമൊ മറ്റെന്തെങ്കിലും കാരണത്താലൊ  സാധാരണ ഭക്ഷണം കഴിക്കാന്‍ വയ്യാതായിരിക്കുകയാണൊ, എങ്കില്‍ ശരീരത്തിനത്യാവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ കോംപ്ലാനിനു് നിങ്ങളെ സഹായിക്കാനാകും." ഇതു് സത്യമാണെങ്കില്‍ പിന്നെ ഈ സാധനം കുട്ടിയുടെ വളര്‍ച്ച എങ്ങിനെ നാലിരട്ടി ആക്കും എന്നു് സത്യമായും എനിക്കു് ഒരു എത്തും പിടിയും കിട്ടുന്നില്ല കേട്ടോ. അഥവാ നിങ്ങള്‍ക്കാര്‍ക്കെങ്കിലും മനസിലായിട്ടുണ്ടെങ്കില്‍ ദയവുചെയ്തു് ഈ ബ്ലോഗില്‍ ഒരു കമന്റായി ഒന്നു് വിശദീകരിച്ചു തരണേ!

ഭക്ഷണപദാര്‍ത്ഥങ്ങളും മറ്റും വിശ്ലേഷണം ചെയ്തു് പഠിക്കാനുള്ള ലബോറട്ടറിയില്‍ (Government Analysts Laboratory) പ്രവര്‍ത്തിയെടുത്തിരുന്ന എന്റെ ഒരു സൂഹൃത്തു പറയുന്നതു്, കോംപ്ലാനില്‍ ഉണ്ടെന്നു് അവരവകാശപ്പെടുന്ന പ്രൊട്ടീനുകള്‍ പാലിലുള്ള പ്രൊട്ടീനുകള്‍ തന്നെയാണത്രെ. എന്നുവച്ചാല്‍  കോംപ്ലാന്‍ എന്ന പേരില്‍ നമുക്കു് വില്‍ക്കുന്ന സാധനത്തില്‍ അധികവും പാല്‍പ്പൊടിയാണു്!

ഇനി അവര്‍ അവകാശപ്പെടുന്നതുപോലെ അതു് കുട്ടികളുടെ വളര്‍ച്ച വേഗത്തിലാക്കുന്നുണ്ടു് എന്നുതന്നെ കരുതാം. നാലിരട്ടിയൊ രണ്ടിരട്ടിയൊ എന്നതു പോകട്ടെ. സാധാരണഗതിയില്‍ കുട്ടി വളരുന്നതിനെക്കാള്‍ കുറെയധികം ഉയരമുണ്ടാവാന്‍ ഇതു് സഹായിക്കും എന്നു തല്ക്കാലം വിചാരിക്കാം. ഇതു് കുട്ടിയുടെ ആരോഗ്യത്തിനു് നല്ലതാണൊ എന്ന കാര്യം കൂടി നമ്മള്‍ ചിന്തിക്കേണ്ടതുണ്ടു്. ഉയരം കൂടുമ്പോള്‍ ഹൃദയം കൂടുതല്‍ ശക്തിയോടെ രക്തം പമ്പു ചെയ്യേണ്ടിയിരിക്കുന്നു. ഇതു് ഹൃദയത്തിനെ കൂടുതല്‍ തളര്‍ത്താനിടയുണ്ടു്. ഭാവിയില്‍ ഹൃദയസംബന്ധിയായ ദീനങ്ങള്‍ വരാനുള്ള സാദ്ധ്യത ഇതു് കൂട്ടും എന്നാണു് മനസിലാക്കിയിരിക്കുന്നതു്.  പരസ്യം കൊടുത്ത കമ്പനി ഇങ്ങനെയൊരു കാര്യത്തെപ്പറ്റി മിണ്ടുന്നതേയില്ല എന്നോര്‍ക്കുക. സ്വാഭാവികം മാത്രം. കാരണം നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിലല്ല അവരുടെ താല്പര്യം. മറിച്ചു് അവരുടെ ലാഭത്തില്‍ മാത്രമാണു്.

ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ വായനക്കാര്‍ ദയവുചെയ്തു് കമന്റുകളായി എഴുതാന്‍ അഭ്യര്‍ത്ഥിക്കുന്നു.

 ഇതാ ഒരു ചെറിയ അപ്ഡേറ്റ്. ഇംഗ്ലിഷിലായതില്‍ ഖേദിക്കുന്നു. തല്ക്കാലം തര്‍ജമ ചെയ്യാനുള്ള സാവകാശമില്ല. വെബ്‌സൈറ്റില്‍നിന്നു് നേരിട്ടു് പകര്‍ത്തിവച്ചതാണെ. ഇതാ:
The makers of the classic British bedtime and energy drinks Horlicks and Complan have been criticised over claims that they can help children pass their exams.

Similar claims in an advertisement on British television, that Horlicks makes children "taller, stronger, sharper," were rejected in a ruling by the UK Advertising Standards Authority.

Campaigners in India said the local commercials exploit the anxiety of parents for their children to do well in examinations – and become celebrated 'class toppers' – with unsubstantiated claims.

According to advertisements on Indian television, children who drink the energy drink Complan twice a day soon become "exam ready." It asks parents if their children "forget things they learn for their exams?" and suggests two cups of Complan "will charge your children's brain and improve their ability to retain what they learn." Horlicks, which in India is fortified with supplements and vitamins, claims it "builds up attention, concentration and makes children stronger by making both the brain and the body ready for exams".

GlaxoSmithKline, the British company which makes Horlicks says its claims are backed by tests carried out at India's National Institute of Nutrition in Hyderabad, which were upheld the college's Scientific Advisory Committee.

Critics however said the tests were carried out on a small sample size and that the claims would not be allowed to be made in developed countries.

(source: http://www.telegraph.co.uk/finance/newsbysector/retailandconsumer/9148401/Horlicks-and-Complan-criticised-in-India-over-claims-they-can-help-children-pass-exams.html)

ഇപ്പോള്‍ കോംപ്ലാന്‍ ഓര്‍മ്മശക്തിയെയും മെച്ചപ്പെടുത്തും എന്നു് പരസ്യം ചെയ്തു തുടങ്ങിയിട്ടുണ്ടല്ലൊ. പരീക്ഷക്കാലം വരുന്നതു് പ്രമാണിച്ചാവണം. ഈ അവകാശവാദത്തിനു് എന്തെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ അവര്‍ നല്‍കിയിരുന്നെങ്കില്‍ നന്നായിരുന്നു. ബ്രിട്ടനില്‍ നിരോധിച്ച പരസ്യം ഇപ്പോള്‍ ഇന്ത്യയില്‍ ഇറക്കി എന്നു മാത്രം. ഇതൊന്നും നിയന്ത്രിക്കാന്‍ ഇവിടെ ആരുമില്ലല്ലൊ. നമ്മെ പമ്പരവിഡ്ഢികളാക്കി അവര്‍ നമ്മുടെ കയ്യിലിരിക്കുന്ന പണവും തട്ടിയെയുത്തുകൊണ്ടു് പോയാലും സര്‍ക്കാര്‍ ഒന്നും ചെയ്യില്ല. എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന സംഘടനകളുമില്ല.

ഓട്ട്സ് തിന്നൂ ഓട്ട്സ്


കുറച്ചുകാലമായി നമ്മുടെ നാട്ടില്‍ പ്രചരിപ്പിച്ചുവരുന്ന ഒരു ഭക്ഷ്യവസ്തുവാണു് ഓട്ട്സ്. ഇതെന്തോ വിശേഷ ഔഷധഗുണമുള്ള വസ്തുവാണെന്നാണു് പ്രചരണം. ഈ സാധനം കഴിച്ചാല്‍ എല്ലാ അസുഖങ്ങളും മാറി ചിരഞ്ജീവിയായിത്തീരും എന്നുള്ള മട്ടിലുള്ള പരസ്യങ്ങള്‍ പോലും കാണാം. ഓട്ട്സ് കച്ചവടം ചെയ്യുന്ന ഓരോ ബ്രാന്റിന്റെയും പരസ്യത്തില്‍ പറയുന്നതു് അവരുടെ ഓട്ട്സ് കഴിച്ചാല്‍ കോളസ്റ്ററോള്‍ ശരീരത്തില്‍ ഇല്ലാതാകും, രക്തസമ്മര്‍ദ്ദം ഇല്ലാതാകും എന്നിങ്ങനെ മനുഷ്യരെ വശീകരിക്കാനുള്ള സവിശേഷ കാര്യങ്ങളാണു്. എന്നാല്‍ ഇതിന്റെ പിന്നിലുള്ള സത്യമെന്താണു്?

അരിയും ഗോതമ്പും പോലെതന്നെയുള്ള മറ്റൊരു ധാന്യമാണു് ഓട്ട്സ്. മിതശീതോഷ്ണ കാലാവസ്ഥയിലാണു് അതു് നന്നായി വളരുക എന്നതുകൊണ്ടു് നമുക്കു് തീരെ പരിചിതമല്ലാത്ത വസ്തുവാണതു്. അതുകൊണ്ടുതന്നെ നമ്മെ കഥകള്‍ പറഞ്ഞു് കബളിപ്പിക്കാനും എളുപ്പമാണു്. വാസ്തവത്തില്‍ അരിയിലും ഗോതമ്പിലും എല്ലാമുള്ള ഗുണങ്ങള്‍ തന്നെയാണു് ഓട്ട്സിലുമുള്ളതു്. പിന്നെ എന്തുകൊണ്ടാണു് അതിത്ര വിശേഷമായി പറയപ്പെടുന്നതു്? അതു് മനസിലാകുന്നതിനു് പാശ്ചാത്യരുടെ ഭക്ഷണരീതി പരിശോധിക്കണം.

ദിവംഗതനായ ഡോ. സി.ആര്‍. സോമന്‍ പറഞ്ഞു കേട്ടിട്ടുണ്ടു്, അദ്ദേഹം മെഡിസിനു് പഠിച്ചിരുന്ന കാലത്തു് അവരെ പഠിപ്പിച്ചിരുന്നതു്, ശുദ്ധീകരിച്ച ഭക്ഷണങ്ങള്‍ മാത്രമെ കഴിക്കാവൂ എന്നായിരുന്നു എന്നു്. അതായതു്, ഗോതമ്പിലെ തവിടുള്‍പ്പെടുന്ന അറുപതു് ശതമാനത്തോളം കളഞ്ഞിട്ടു് അവശേഷിക്കുന്ന നാല്പതു് ശതമാനമായിരുന്നു ഭക്ഷ്യയോഗ്യമെന്നു് കരുതിയിരുന്നതു്. അങ്ങനെയാണു് ഗോതമ്പും പഞ്ചസാരയും എല്ലാം ശുദ്ധീകരിച്ചു് ഉയോഗിച്ചു തുടങ്ങിയതു്.

പണ്ടൊരുകാലത്തു് രണ്ടാം ലോകയുദ്ധം കഴിഞ്ഞു് ഭക്ഷ്യക്ഷാമം നേരിടുന്ന കാലത്തു് അമേരിക്കയില്‍നിന്നു് ശുദ്ധീകരിച്ച ഗോതമ്പുമാവു് ലോകത്തിന്റെ പലഭാഗത്തും എത്തിയിരുന്നു. അക്കൂട്ടത്തില്‍ ഇന്ത്യയിലും. നാമിന്നു് മൈദ എന്നു വിളിക്കുന്ന അതേ സാധനം. അതിനു് "അമേരിക്കന്‍ മാവു്" എന്ന ഓമനപ്പേരാണു് അക്കാലത്തു് ഇട്ടിരുന്നതു്. അതില്‍ കുറെ ഭാഗം റൊട്ടി (bread) ഉണ്ടാക്കാനായി ബേക്കറികളിലേക്കു് പോയിരുന്നു എന്നു തോന്നുന്നു. എന്നാല്‍ വലിയൊരു ഭാഗം പോയതു് പശയുണ്ടാക്കാനായിരുന്നു. വെള്ളത്തിലിട്ടു് തിളപ്പിച്ചു് കുറുക്കിയാല്‍ നല്ല പശയായി. അല്പം തുരിശും (copper sulphate) കൂടി ചേര്‍ത്താല്‍ കൃമികളും ശല്യം ചെയ്യില്ല. ഈ മാവു് ഫലപ്രദമായ പശയാകുന്നതു് അതില്‍ മുഴുവനും സ്റ്റാര്‍ച്ച് ആയതുകൊണ്ടാണു്. അതായതു് ഗോതമ്പിലെ ഗുണമുള്ള തവിടും നാരുകളും എല്ലാം നീക്കിയശേഷം വെറും കാര്‍ബോഹൈഡ്രേറ്റ് മാത്രം അവശേഷിപ്പിച്ചതാണു് മൈദ എന്ന സാധനം. അതിനു് കഞ്ഞിവെള്ളത്തിന്റെ ഗുണം പോലുമില്ല എന്നു പറയാം.

ഇങ്ങനെ ശുദ്ധീകരിച്ചു് ഗുണേങ്ങലൊന്നുമില്ലാതാക്കിയ ഭക്ഷണസാധനങ്ങള്‍ പാശ്ചാത്യരാജ്യങ്ങളില്‍ പരക്കെ ഉപയോഗത്തിലായി. അതുപോലെതന്നെ, ദീര്‍ഘകാലം സൂക്ഷിക്കത്തക്ക രീതിയില്‍  പ്രിസര്‍വ്വേറ്റീവുകളും ചേര്‍ത്തു് ടിന്നുകളിലാക്കിയ പച്ചക്കറികളും ഫലങ്ങളും (fruits) സൌകര്യം പ്രമാണിച്ചു് പ്രചുര പ്രചാരം നേടി. ഇതൊന്നും ആരോഗ്യത്തിനു് നന്നല്ല എന്നു് മനസിലാക്കിത്തുടങ്ങിയതു് അവിടങ്ങളില്‍ ഹൃദ്രോഗങ്ങളും അര്‍ബൂദവും മറ്റും പ്രചരിച്ചു വന്നപ്പോഴാണു്. അതിന്റെ ഫലമായാണു് വ്യാവസായിക പ്രക്രിയകള്‍ക്കു് വിധേയമാകാത്ത സ്വാഭാവിക ഭക്ഷണങ്ങളും ധാരാളം നാരുകളും കഴിക്കേണ്ടതാണു് എന്ന തിരിച്ചറിയല്‍. ആ സാഹചര്യത്തിലാണു് ഓട്ട്സ് അവിടങ്ങളില്‍ സുപ്രധാനമാകുന്നതു്. കാരണം അവര്‍ പ്രകൃത്യായുള്ള ഓട്ട്സും അതിന്റെ തവിടും മറ്റും കൂടുകളിലും ടിന്നുകളിലും മറ്റുമാക്കി കച്ചവടം ചെയ്യാന്‍ തുടങ്ങി. സ്വാഭാവികമായും അതിലടങ്ങിയ നാരുകളും മറ്റും ശരീരത്തിനു് ഗുണം ചെയ്യുന്നു. ശരീരത്തില്‍ അധികമായുള്ള കോളസ്റ്ററോളിനെ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

നമ്മുടെ ഭക്ഷണരീതിയില്‍ രാഷ്ട്രാന്തരീയ കമ്പനികള്‍ കഠിനമായി ശ്രമിച്ചിട്ടും കാര്യമായ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്നതു് സന്തോഷകരമായ കാര്യമാണു്. ഇന്നും നമ്മളില്‍ മിക്കവരും കഴിക്കുന്നതു് പരമ്പരാഗതമായ ഇഡ്ഡലിയും ദോശയും പുട്ടും ഒക്കെത്തന്നെയാണല്ലൊ. നാമുപയോഗിക്കുന്ന പുഴുക്കലരിയിലാണെങ്കില്‍ കുറെയൊക്കെ തവിടുണ്ടുതാനും. അതുകൊണ്ടുതന്നെ തവിടു് കളഞ്ഞ പച്ചരിയെക്കാള്‍ ആരോഗ്യകരമാണു് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ധാന്യം. കൂടാതെ ചീര, തുടങ്ങിയ ഇലവര്‍ഗങ്ങളും പച്ചക്കറികളും ധാരാളമായി ഉപയോഗിച്ചാല്‍ നമുക്കാവശ്യമായ നാരുകള്‍ ലഭിക്കുകയും ചെയ്യുന്നു. ഇതെല്ലാം കൊണ്ടു് എന്തോ ദിവ്യവസ്തുവാണെന്നു് ധരിച്ചു് ഓട്ട്സ് വാങ്ങിക്കഴിക്കുന്നതു് അതു് വില്‍ക്കുന്ന കമ്പനിയ്ക്കു മാത്രമെ ഗുണം ചെയ്യൂ. ഹോര്‍ലിക്സ് ഓട്ട്സിന്റെയും മറ്റും പരസ്യം കണ്ടു് നമ്മളാരും പണം വെറുതെ കളയേണ്ടതില്ല. ധാരാളം നാരുകള്‍ കിട്ടാനായി ധാരാളം ഇലവര്‍ഗങ്ങളും മറ്റും കഴിക്കുയും കുറെയൊക്കെ പച്ചയ്ക്കുതന്നെ (സാലഡ്, ചള്ളാസ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന രീതിയില്‍) കഴിക്കുകയും ചെയ്താല്‍ മതിയാകും.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇതു് ഇതേപടിയൊ മാറ്റങ്ങളോടെയൊ ഏതു് മാദ്ധ്യമത്തിലും പുനഃപ്രസിദ്ധീകരിക്കുന്നതിനു് പ്രത്യേകം അനുവാദം തേടേണ്ടതില്ല)

No comments: