(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)
"മനസിന്‍ കണ്ണാടി മുഖമെന്നു പഴമൊഴി'' എന്നു പോകുന്നു പഴയൊരു ചലച്ചിത്രഗാനത്തിലെ ഒരു വരി. എന്നാല്‍ "മനസിനെ മറയ്ക്കുന്നു മുഖമെന്നു പുതുമൊഴി'' എന്നാണതു് തുടരുന്നതു്. ഇവയില്‍ ഏതാണു് ശരി? ഒരു വ്യക്തിയുടെ സ്വഭാവം എങ്ങനെയാണെന്നു് മുഖം കണ്ടാല്‍ മനസിലാകുമോ? ആദ്യം കണ്ടപ്പോള്‍ തന്നെ നമുക്കു് ചിലരെയെങ്കിലും ഇഷ്ടമാകാതിരുന്നിട്ടുണ്ടു്. ചിലരെ പ്രഥമദൃഷ്ടിയില്‍ ഇഷ്ടമായിട്ടുമുണ്ടു്. പിന്നീടുണ്ടായ അനുഭവങ്ങള്‍ ആ ഇഷ്ടമോ ഇഷ്ടക്കേടോ ഉറപ്പിക്കുന്ന വിധത്തിലായ അനുഭവവും നമുക്കുണ്ടായിട്ടുണ്ടു്. ഒരാളുടെ സ്വഭാവം ഒറ്റ നോട്ടത്തില്‍ ശരിയായി വിലയിരുത്താനുള്ള കഴിവു് ചിലരിലെങ്കിലും നമ്മള്‍ കണ്ടിട്ടുണ്ടാവും. ഇതിന്റെയൊക്കെ പിന്നില്‍ എന്തെങ്കിലും സത്യമുണ്ടോ? അതോ ഇതൊക്കെ വെറും തോന്നലാണോ? ഇതിനൊരു ശാസ്ത്രീയ അടിത്തറയുണ്ടു് എന്നുള്ള വിശ്വാസം ഇടയ്ക്കിടയ്ക്കു് പൊന്തിവരാറുണ്ടു്. ഫിസിയൊഗ്നോമി (Physiognomy) എന്ന പേരിലറിയപ്പെടുന്ന ഈ പഠനശാഖ %മേല്പറഞ്ഞ വിശ്വാസം എന്നതുപോലെ ഫിസിയോഗ്നോമിയും പുരാതനമാണു്.
പ്രാചീന ഗ്രീക്ക് ചിന്തകരുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ക്രി.ശേ. 5 മുതല്‍ 15 വരെ നൂറ്റാണ്ടു കാലത്തു് ഇതിന്റെ വിശ്വാസ്യത നഷ്ടമായി. പിന്നീടു് പതിനെട്ടാം ശതകത്തില്‍ സ്വിസ് കവിയും ഫിസിയോഗ്നോമിസ്റ്റുമായ ലവാറ്റര്‍ (Johann Kaspar Lavater (1741–1801) വീണ്ടും പ്രചാരത്തില്‍ കൊണ്ടുവന്നെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ അതു് കപടശാസ്ത്രമായി പുറംതള്ളപ്പെട്ടു. ഇപ്പോഴിതാ അതിനെ അനുകൂലിക്കുന്നു എന്നു കരുതാവുന്ന ഒരു ശാസ്ത്രീയ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നു. സാമൂഹ്യ, പരിണാമ, സാംസ്ക്കാരിക മനശ്ശാസ്ത്ര ജേര്‍ണ്ണല്‍ (Journal of Social, Evolutionary, and Cultural Psychology) മനശ്ശാസ്ത്ര ജേര്‍ണ്ണലില്‍ ഈയിടെ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലെ കണ്ടെത്തലുകള്‍ ഫിസിയോഗ്നോമിയിലുള്ള വിശ്വാസം തിരികെ കൊണ്ടുവരത്തക്കതാണു്.
അമേരിക്കയിലെ കോര്‍ണ്ണല്‍ സര്‍വ്വകലാശാലയിലെ ജെഫ്രി വല്ല (Jeffrey M. Valla), സെസി (Stephen J. Ceci), വെന്‍ഡി വില്യംസ് (Wendy M. Williams) എന്നിവരാണു് പ്രബന്ധം രചിച്ചിരിക്കുന്നതു്. 32 പേരുടെ ചിത്രങ്ങളില്‍നിന്നു് ക്രിമിനല്‍ സ്വഭാവമുള്ളവരെ തിരിച്ചറിയാന്‍ പഠനത്തില്‍ പങ്കെടുത്തവരോടു് അവര്‍ ആവശ്യപ്പെട്ടു. ചിത്രങ്ങളില്‍ 16 എണ്ണം കുറ്റവാളികളുടേതും ബാക്കി സാധാരണ വിദ്യാര്‍ത്ഥികളുടേതും ആയിരുന്നു. മുഖത്തു് പ്രത്യേക പാടുകളോ അടയാളങ്ങളോ താടിമീശയോ ഇല്ലാത്ത വ്യക്തികളുടെ ചിത്രങ്ങളാണു് തിരഞ്ഞെടുത്തതു്. മാത്രമല്ല, ആരുടെയും മുഖത്തു് വിശേഷിച്ചു് ഭാവമൊന്നും ഇല്ലാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. 44 വിദ്യാര്‍ത്ഥികളാണു് പഠനത്തില്‍ പങ്കെടുത്തതു്. ചിത്രങ്ങളില്‍ കാണുന്ന വ്യക്തികളില്‍ ചിലര്‍ ഓരോതരം കുറ്റകൃത്യം ചെയ്തിട്ടുള്ളവരാണെന്നും മറ്റുള്ളവര്‍ കുറ്റവാളികളല്ലെന്നും അവരോടു് പറഞ്ഞിരുന്നു. എന്നാല്‍ അതില്‍ എത്രപേര്‍ കുറ്റവാളികാളാണു് എന്നു് പറഞ്ഞിരുന്നില്ല. കൊലപാതകം, ബലാത്സംഗം, മോഷണം, കള്ളപ്രമാണങ്ങള്‍ നിര്‍മ്മിക്കുക എന്നിവയില്‍ ഏതെങ്കിലും ഒരു കുറ്റകൃത്യം മാത്രമാണു് കുറ്റവാളികളില്‍ ഓരോരുത്തരും ചെയ്തിരുന്നതു്.
ചിത്രങ്ങളിലെ ഓരോ വ്യക്തിയും മേല്പറഞ്ഞ ഓരോ കുറ്റകൃത്യവും ചെയ്തിരിക്കാനുള്ള സാദ്ധ്യത 1 (തീരെ സാദ്ധ്യതയില്ല) മുതല്‍ 9 (വളരെ സാദ്ധ്യതയുണ്ടു്) വരെയുള്ള സ്ക്കേലില്‍ എത്ര വരും എന്നു് ഉഹിക്കുകയാണു് പഠനത്തില്‍ പങ്കെടുത്ത ഓരോ വ്യക്തിയും ചെയ്യേണ്ടിയിരുന്നതു്. അതായതു് ഓരോ ചിത്രത്തിനും നാലു വ്യത്യസ്ത സ്ക്കോറുകള്‍ വീതം നല്‍കേണ്ടിയിരുന്നു -- ഓരോ കുറ്റകൃത്യവും ചെയ്തിരിക്കാനുള്ള സാദ്ധ്യതയ്ക്കുള്ള സ്ക്കോര്‍. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതു് യാതൊരു ക്രമവുമില്ലാതെയായിരുന്നു. വ്യക്തികളെ വിലയിരുത്തുന്നതില്‍ ഒരു വിധത്തിലുള്ള പക്ഷപാതവും ഉണ്ടാകാതിരിക്കാന്‍ ഈ നടപടിക്രമം സഹായിച്ചു എന്നാണു് ഗവേഷകര്‍ കരുതുന്നതു്.
ഈ പഠനത്തില്‍നിന്നു് ലഭിച്ച വിവരങ്ങള്‍ വിശ്ലേഷണം ചെയ്തപ്പോള്‍ എന്താണു് മനസിലായതു് എന്നു നോക്കാം. ചിത്രങ്ങള്‍ പരിശോധിച്ചു് ഓരോ വ്യക്തിയെയും വിലയിരുത്തിയ 44 പേര്‍ നല്‍കിയ സ്ക്കോറുകളുടെ ശരാശരി നോക്കിയാല്‍ കാണുന്ന ഒരു കാര്യം ഇതാണു്: കുറ്റവാളികളല്ലാത്തവര്‍ക്കു് അവര്‍ നല്‍കിയ സ്ക്കോറുകളേക്കാള്‍ ഉയര്‍ന്നതാണു് കുറ്റവാളികള്‍ക്കു് നല്കിയതു്. അവരുപയോഗിച്ച സ്ക്കേലില്‍ സ്ക്കോര്‍ കൂടുന്നതനുസരിച്ചു് കുറ്റം ചെയ്തിരിക്കാനുള്ള സാദ്ധ്യതയും കൂടുമല്ലോ. പങ്കെടുത്ത എല്ലാവരും ചേര്‍ന്നു് ചിത്രങ്ങളിലുള്ള എല്ലാവര്‍ക്കും നല്‍കിയ സ്ക്കോറുകളുടെ ശരാശരിയേക്കാള്‍ കൂടുതലാണു് അവര്‍ കുറ്റവാളികള്‍ക്കു് മാത്രം നല്‍കിയ സ്ക്കോറുകളുടെ ശരാശരി. എന്നാല്‍ മൊത്തം ശരാശരിയേക്കാള്‍ കുറവാണു് കുറ്റം ചെയ്യാത്തവര്‍ക്കു് മാത്രം നല്‍കിയ സ്ക്കോറുകളുട ശരാശരി. മൊത്തത്തില്‍ പറഞ്ഞാല്‍ കുറ്റം ചെയ്യാത്തവര്‍ക്കു് കുറഞ്ഞ സ്ക്കോറും കുറ്റവാളികള്‍ക്കു് കൂടിയ സ്ക്കോറും ആണു് ലഭിച്ചതു്. പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ മുഖത്തിന്റെ ചിത്രം മാത്രം കണ്ടിട്ടു പോലും അതില്‍നിന്നു് ക്രിമിനല്‍ കുറ്റം ചെയ്തവരെ അവര്‍ക്കു് തിരിച്ചറിയാനായി എന്നാണല്ലോ ഇതു് സൂചിപ്പിക്കുന്നതു്. എങ്കില്‍ നേരിട്ടു് മുഖം കണ്ടാല്‍ അവര്‍ക്കു് കുറേക്കൂടി കൃത്യമായി സ്വഭാവം അനുമാനിക്കാനാകില്ലേ?
കുറേക്കൂടി വിശദമായ ഒരു പഠനവും മേല്പറഞ്ഞ പ്രാഥമിക പഠനത്തിനു ശേഷം ഇതേ കൂട്ടര്‍ നടത്തുകയുണ്ടായി. അതിന്റെ ഫലവും ഏതാണ്ടു് ഈ തരത്തില്‍ തന്നെയുള്ളതായിരുന്നു. മുഖത്തില്‍നിന്നു് വ്യക്തിയുടെ സ്വഭാവത്തെപ്പറ്റി ചില ധാരണകള്‍ ഉണ്ടാകാം എന്നതു് പുതിയ ആശയമൊന്നുമല്ല. അങ്ങനെയുണ്ടാകുന്ന ധാരണകള്‍ എത്രമാത്രം ശരിയാവാം എന്നതില്‍ സംശയമുണ്ടാകാം. അതു് അശാസ്ത്രീയമാണു് എന്നു് തോന്നാം. അതു് ശരിയുമാണു്, കാരണം ആ വിശ്വാസത്തിനു് ഇതുവരെ ഒരു ശാസ്ത്രീയ അടിത്തറയുണ്ടായിരുന്നില്ല. എന്നാല്‍ പുരാതന കാലം മുതല്‍ക്കുതന്നെ ഇതില്‍ സത്യമുണ്ടെന്നു് പലരും വിശ്വസിച്ചിരുന്നു. ഉദാഹരണമായി അരിസ്റ്റോട്ടില്‍ പറയുന്നതു് ശ്രദ്ധിക്കൂ: "പ്രകൃതി ശരീരത്തെയും മനസിനെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ടു് എന്നു് സമ്മതിച്ചാല്‍ ശാരീരിക ഘടനയില്‍നിന്നു് സ്വഭാവത്തെപ്പറ്റി മനസിലാക്കാനാവണം.'' ഫിസിയോഗ്നോമി എന്ന (കപട)ശാസ്ത്രശാഖയ്ക്കു് ജന്മം നല്‍കിയതു് ഇത്തരം ചിന്തകളാണു്. പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കു് അപകീര്‍ത്തിപ്പെട്ട ഈ പഠനശാഖയ്ത്തു് പുനര്‍ജന്മം നല്‍കിയതു് ഡാര്‍വിന്റെ അവസാനകൃതിയായ വികാരപ്രകടനം മനുഷ്യനിലും മൃഗങ്ങളിലും (The Expression of the Emotions in Man and Animals, 1872) ഗ്രന്ധമാണത്രെ. മുഖഭാവത്തില്‍നിന്നു് സ്വഭാവം തിരിച്ചറിയാനുള്ള കഴിവു് സാമൂഹിക പരിണാമത്തില്‍ സഹായകമാകും എന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പിന്നീടു് സാമൂഹ്യശാസ്ത്രത്തില്‍ ഡാര്‍വിനിസം കൊണ്ടുവരാനുള്ള ശ്രമങ്ങളാണു് ഈ വഴിയ്ക്കുള്ള ചിന്തകള്‍ അഭികാമ്യമല്ലാതാക്കിയതു്.
ഇപ്പോഴത്തെ പഠനം ഏതാനും വര്‍ഷങ്ങളായി ഈ വിഷയത്തില്‍ വളര്‍ന്നുവരുന്ന താല്പര്യങ്ങളില്‍നിന്നു് ഉരുത്തിരിഞ്ഞതാണു്. ഉദാഹരണമായി 2006ല്‍ {\it \mal സൈക്കളോജിക്കല്‍ സയന്‍സ്} എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ഒരു പഠനം നോക്കൂ. ഒരു വ്യക്തിയെ ആദ്യമായി കണ്ടാല്‍ പത്തിലൊന്നു് സെക്കന്‍ഡിനുള്ളില്‍ ആ വ്യക്തിയുടെ സ്വഭാവം നമ്മള്‍ വിലയിരുത്തിയിരിക്കും എന്നു് അവര്‍ കണ്ടെത്തി. ഇങ്ങനെ, പ്രഥമദൃഷ്ടിയില്‍ പ്രേമമുണ്ടാകുന്നതിനെക്കുറിച്ചും, പറയുന്നതു് സത്യമോ കള്ളമോ എന്നു് മുഖഭാവത്തില്‍നിന്നു് തിരിച്ചറിയുന്നതിനെപ്പറ്റിയും മറ്റും പല പഠനങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നിട്ടുണ്ടു്. അതിന്റെയൊക്കെ തുടര്‍ച്ചയായി വേണം ഈ പുതിയ പഠനത്തെയും കാണാന്‍.
മേല്പറഞ്ഞ പഠനത്തില്‍നിന്നു് നാം എന്തെല്ലാമാണു് മനസിലാക്കേണ്ടതു്? ഉള്ളറിവു്, ഭൂതോദയം എന്നൊക്കെ മലയാളത്തില്‍ പറയാവുന്ന, ഇംഗ്ലീഷില്‍ \eng intuition \mal എന്നു പറയുന്ന, പ്രതിഭാസത്തില്‍ കുറേയൊക്കെ സത്യമുണ്ടു് എന്നല്ലേ? മിക്ക മൃഗങ്ങളിലും ചില മനഷ്യരിലും വളരെ വികസിത രൂപത്തില്‍ കാണുന്ന ഒരു ശേഷിയാണിതു്. പട്ടികളും പൂച്ചകളുമൊക്കെ ചില സമയത്തു് ചില ഇലകള്‍ കടിച്ചു തിന്നുന്നതു് കാണാറില്ലേ? പ്രത്യേക ശാരീരിക അവസ്ഥകളില്‍ അവര്‍ക്കു് ആവശ്യമായ എന്തോ ഒന്നു് പ്രകൃതിയില്‍നിന്നു് അവര്‍ക്കു് സ്വയം കണ്ടെത്താനാവുന്നു എന്നു വേണം കരുതാന്‍. ഭൂമികുലുക്കം ഉണ്ടാകുന്നതിനുമുമ്പു് പലപ്പോഴും മൃഗങ്ങള്‍ അസാധാരണമായി പെരുമാറാറുണ്ടത്രെ. 2004ല്‍ കേരള തീരത്തു് സുനാമി എത്തുന്നതിനു് കുറേ മുമ്പു് പട്ടികളും കന്നുകാലികളുമടക്കം ഭയന്നു് നിലവിളിക്കുകയും കെട്ടിയിട്ടിരുന്നവ കയര്‍ പൊട്ടിച്ചു് ഓടാന്‍ ശ്രമിക്കുകയും ചെയ്തതായി കേട്ടിരുന്നു. മൃഗങ്ങള്‍ക്കു് മാത്രമല്ല മനുഷ്യര്‍ക്കും ഇത്തരം ശേഷി ഉള്ളതായി തെളിവുണ്ടു്. സുനാമി എത്തിയ സമയത്തു് ആന്‍ഡമാന്‍ ദ്വീപുകളില്‍ ഇന്ത്യന്‍ നാവിക സേനയ്ക്കുള്‍പ്പെടെ നാശനഷ്ടമുണ്ടായെങ്കിലും ഒരു ആദിവാസിയുടെ ജീവന്‍ പോലും നഷ്ടപ്പെട്ടില്ല എന്നു് കേട്ടിരുന്നു. അവരെല്ലാം എന്തോ ഭയന്നു് കുന്നിന്‍മുകളിലേക്കു് പോയിരുന്നുവത്രെ! യുക്തിചിന്തയ്ക്കു് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമാണോ സ്വാഭാവികമായി നമുക്കുണ്ടാകേണ്ട ഇത്തരം കഴിവുകള്‍ ഇല്ലാതാക്കുന്നതു്? ആയിരിക്കാമെന്നു് സൂചനയുണ്ടു്. ബ്രയന്റ് (Rev. A.T. Bryant) എന്ന പാതിരി എഴുതി യൂജെനിക്സ് റവ്യൂ (Eugenics Review) എന്ന പ്രസിദ്ധീകരണത്തിനുവേണ്ടി സെലിഗ്മാന്‍ \eng(C.G. Seligman, M.D.) \mal എന്ന ഭിഷഗ്വരന്‍ പുനര്‍രചിച്ച {\it\mal ദക്ഷിണാഫ്രിക്കന്‍ വംശജരിലെ മാനസിക വികസനം} എന്ന പ്രബന്ധത്തില്‍ പറയുന്നു വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ആഫ്രിക്കന്‍ കുട്ടികള്‍ ഉള്ളറിവിന്റെ കാര്യത്തില്‍ യൂറോപ്യന്‍ കുട്ടികളെക്കാള്‍ വളരെ മുന്നിലാണു് എന്നു്. ആ കഴിവുകള്‍ നശിപ്പിക്കാത്ത ഒരു വിദ്യാഭ്യാസ സംവിധാനം നമുക്കു് നടപ്പിലാക്കാന്‍ കഴിയേണ്ടതല്ലേ?
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)