Friday, May 06, 2011

ഭാവി മുന്‍കൂട്ടി കാണാനാവുമൊ?

"ഇന്നലെയോളവുമെന്തെന്നറിഞ്ഞീല, ഇനി നാളെയുമെന്തെന്നറിവീല" എന്നാണു് പൂന്താനം ജ്ഞാനപ്പാനയില്‍ പാടിയതു്. "നാളെ എന്തു സംഭവിക്കും എന്നറിഞ്ഞിരുന്നെങ്കില്‍" എന്നു് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഭാവിയെപ്പറ്റി അറിയാനുള്ള ആകാംക്ഷയല്ലേ നമ്മളെ ജോത്സ്യന്റെയും കൈനോട്ടക്കാരന്റെയും മറ്റും പക്കലേക്കു് കൊണ്ടുചെന്നെത്തിക്കുന്നതു്? ഭാവി അറിയാന്‍ കഴിയുമെന്നു് പറഞ്ഞവരെയെല്ലാം ശാസ്ത്രലോകം തട്ടിപ്പുകാരെന്നാണു് വിശേഷിപ്പിച്ചതു്. ചിലര്‍ അത്തരം അവകാശവാദങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചു. എങ്കിലും ആ അവകാശവാദങ്ങള്‍ക്കു് അനുകൂലമായി ശാസ്ത്രീയമായ തെളിവുകളൊന്നും കിട്ടിയില്ല. തെളിവു കിട്ടി എന്നു തോന്നിയപ്പോഴൊക്കെ ആ പഠനങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ പലര്‍ക്കും കഴിഞ്ഞു. ദുഖകരമായ എന്തെങ്കിലും സംഭവിച്ച ശേഷം "എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു് തോന്നിയിരുന്നു" എന്നു് ചിലപ്പോഴെങ്കിലും പറഞ്ഞുകേള്‍ക്കാറില്ലേ? ഇതെല്ലാം വെറും തോന്നലാണു് എന്നു് ശാസ്ത്രജ്ഞരും യുക്തിവാദികളും പറയാറുണ്ടു്. മറിച്ചു് ഇതൊക്കെ യഥാര്‍ത്ഥമാണു് എന്നു് വാദിക്കുന്നവരുമുണ്ടു്. ഇവിടെ യുക്തിപരമായ ഒരു തീരുമാനത്തിലെത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടു്. അതുകൊണ്ടുതന്നെ അതു് വ്യക്തിപരമായ വിശ്വാസമായി മാത്രം നിലനില്‍ക്കുകയാണു്.

എന്നാല്‍ ഇന്നിപ്പോള്‍ വളരെ ശാസ്ത്രീയമായി നടത്തിയ ഒരു പഠനം ആ ദിശയിലേക്കു് വെളിച്ചം വീശാന്‍ ശ്രമിക്കുന്നു. വിശേഷിച്ചു് കഴിവുകളൊന്നും അവകാശപ്പെടാത്ത സാധാരണ മനുഷ്യര്‍ക്കു് സംഭവിക്കാന്‍ പോകുന്ന കാര്യം മുന്‍കൂട്ടി കാണാനോ നടക്കാനിരിക്കുന്ന കാര്യത്തെ മനസുകൊണ്ടു് സ്വാധീനിക്കാനോ കഴിയും എന്നാണു് ഈ പഠനം സൂചിപ്പിക്കുന്നതു്. അമേരിക്കന്‍ സൈക്കളോജിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന വ്യക്തിത്വത്തിന്റെയും സാമൂഹ്യമനശ്ശാസ്ത്രത്തിന്റെയും ജേര്‍ണലിലാണു് (Journal of Personality and Social Psychology) ഈ റിപ്പോര്‍ട്ടു് പ്രസിദ്ധീകരണത്തിനു് തയാറാകുന്നതു്. അമേരിക്കയിലെ കോര്‍ണല്‍ സര്‍വ്വകലാശാലയിലെ ഡാരില്‍ ബെം (Daryl J. Bem) ആണു് പഠനം നടത്തിയതു്.

പാരസൈക്കോളജി \eng(Parapsychology) \mal എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പഠനശാഖയാണു് നടക്കാനിരിക്കുന്നതു് മുന്‍കൂട്ടി കാണുക, ക്ലോക്കിന്റെ ആടുന്ന പെന്‍ഡുലം അതില്‍ സ്പര്‍ശിക്കാതെ നിര്‍ത്തുക തുടങ്ങിയ ശേഷികളെപ്പറ്റി പഠനങ്ങള്‍ നടത്തിവന്നതു്. അത്തരം ശേഷികളുണ്ടെന്നു് അവകാശപ്പെടുന്ന ചിലരിലാണു് പ്രധാനമായും പഠനങ്ങള്‍ നടത്തിയിരുന്നതു്. പ്രധാന ശാസ്ത്രശാഖകളില്‍ പ്രവൃത്തി എടുക്കുന്നവര്‍ ഇത്തരം അവകാശവാദങ്ങള്‍ പുച്ഛിച്ചു് തള്ളുകയായിരുന്നു ചെയ്തിരുന്നതു്. ഇത്തരം ശേഷികള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ ചില സൂത്രങ്ങള്‍ ഉപയോഗിച്ചാണു് ഇതു് ചെയ്യുന്നതു് എന്ന വിശ്വാസം ഗവേഷകരുടെ ഇടയിലുണ്ടു്. അതിനാല്‍ അത്തരം "ശേഷി"കള്‍ പ്രദര്‍ശിപ്പിക്കുന്ന ജാലവിദ്യക്കാരുടെ സഹായത്തോടെയാണു് പലപ്പോഴും പഠനങ്ങള്‍ നടത്തിയതു്. അവയിലൊന്നും ശേഷികള്‍ ഉണ്ടെന്നു് അവകാശപ്പെട്ടവര്‍ക്കു് അവ പ്രദര്‍ശിപ്പിക്കാനായില്ല. ഇങ്ങനെ പരാജിതരായവരില്‍ ഒരുപക്ഷെ ഏറ്റവും പ്രശസ്തന്‍ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന യൂറി ജെല്ലര്‍ എന്ന വിരമിച്ച ഇസ്രയേലി പട്ടാള ഉദ്യോഗസ്ഥനായീരിക്കാം. പരീക്ഷണസ്ഥലത്തു് അനുകൂലമായ മാനസിക പരിസ്ഥിതി ഇല്ലാത്തതാണു് ഇത്തരം പരീക്ഷണങ്ങളില്‍ തങ്ങള്‍ പരാജയപ്പെടുന്നതിനു് കാരണം എന്നാണു് ഇന്ദ്രിയാതീതമായ കഴിവുകളുണ്ടെന്നു് അവകാശപ്പെടുന്നവരും അവരെ അനുകൂലിക്കുന്നവരും വാദിക്കുന്നതു്.

ദൂരെയുള്ള ഒരാളിന്റെ മനസിലുള്ള അറിവു് പ്രകടമായ ആശയവിനിമയ മാര്‍ഗ്ഗങ്ങളുടെ സഹായമില്ലാതെ നേടിയെടുക്കുക (ടെലിപ്പതി, telepathy), ദൂരെയിരിക്കുന്ന ഒരു വസ്തുവിനെയോ സംഭവത്തെയോ കുറിച്ചു് അറിയുക (ക്ലെയര്‍വോയന്‍സ് , clairvoyance), ചിന്തയുടെ മാത്രം സഹായത്തോടെ ഒരു വസ്തുവിനെയോ ഒരു പ്രക്രിയയെയോ സ്വാധീനിക്കുക (സൈക്കോകിനെസിസ് psychokinesis), സംഭവിക്കാനിരിക്കുന്നതു് മുന്‍കൂട്ടി അറിയുക (പ്രികൊഗ്നിഷന്‍ precognition), എന്നിവ പലരും അവകാശപ്പെട്ടിരുന്ന ഇന്ദ്രിയാതീതമായ കഴിവുകളാണു്. ഇവയില്‍ ഒടുവിലത്തെ ശേഷിയാണു് മേല്പറഞ്ഞ പരീക്ഷണത്തില്‍ പഠനവിധേയമാക്കിയതു്.

കുറെ ചിത്രങ്ങള്‍ കാണിക്കുകയും ഇനി വരാന്‍ പോകുന്നതു് ഏതുതരം ചിത്രമാണു് എന്നു് ഊഹിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരുന്നു പരീക്ഷണം. എന്നാല്‍ അത്ര ലളിതമായിട്ടല്ല പരീക്ഷണം ഒരുക്കിയതു്. പരീക്ഷണത്തിനു് തയാറായിവന്ന ഓരോരുത്തരും ഒരു കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ മുന്നിലിരിക്കുന്നു. സ്ക്രീനില്‍ രണ്ടു സ്റ്റേജുകള്‍ കാണാം. രണ്ടും കര്‍ട്ടനുകള്‍ കൊണ്ടു് മൂടിയിരിക്കുന്നു. അവയില്‍ ഒരു സ്റ്റേജ് തിരഞ്ഞെടുക്കണം. അതില്‍ ഒരു ചിത്രം തെളിയുകയോ തെളിയാതിരിക്കുകയോ ചെയ്യാം. ചിത്രം ഏതു് സ്റ്റേജില്‍ വരണമെന്നും എന്തു് ചിത്രമാണു് വരേണ്ടതെന്നും തീരുമാനിക്കുന്നതു് കമ്പ്യൂട്ടറാണു്. ചിത്രം വരികയാണെങ്കില്‍ അതു് ഒരു സാധാരണ ചിത്രമാകാം -- വിശേഷിച്ചു് പ്രത്യേകത ഒന്നുമില്ലാത്തതു്. അല്ലെങ്കില്‍ പരീക്ഷണവിധേയനായ വ്യക്തിയ്ക്കു് കാണാന്‍ താല്പര്യമുള്ള, ഉത്തേജനം നല്‍കുന്ന ചിത്രമാകാം. ഇതിനായി തിരഞ്ഞെടുത്തതു് ലൈംഗികമായ രംഗങ്ങളാണു്. അത്തരം ചിത്രങ്ങള്‍ കാണുന്നതില്‍ വിരോധമില്ല എന്നു് പറഞ്ഞവരെ മാത്രമാണു് പരീക്ഷണത്തില്‍ പങ്കെടുപ്പിച്ചതു്. സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്നു പരീക്ഷണവിധേയരായതു്. ഏതു് സ്റ്റേജിലാണോ ചിത്രം വരുക അതില്‍ ക്ലിക്കു് ചെയ്യുകയാണു് ഓരോ വ്യക്തിയും ചെയ്യേണ്ടതു്. 50 സ്ത്രീകളും 50 പുരുഷന്മാരുമാണു് പരീക്ഷണത്തില്‍ പങ്കെടുത്തതു്.

രണ്ടു സ്റ്റേജുകള്‍ സ്ക്രീനില്‍ കാണുന്നതിനാല്‍ അതില്‍ ഒരെണ്ണം തിരഞ്ഞെടുക്കുന്നതു് തെറ്റോ ശരിയോ ആകാം. ശരിയാകാനുള്ള സാദ്ധ്യത സ്വാഭാവികമായും 50 ശതമാനമാണു്. പരീക്ഷണഫലം പരിശോധിച്ചപ്പോള്‍ ഗവേഷകര്‍ കണ്ടതു് രസകരമായ കാര്യമാണു്. സാധാരണ ചിത്രങ്ങള്‍ ഏതു് സ്റ്റേജിലാണു് വരുന്നതു് എന്നു് എല്ലാവരും പ്രവചിച്ചതു് ഏതാണു് ഒരുപോലെയാണു് -- 50 ശതമാനത്തോളം ശരിയായി. എന്നാല്‍ ഉത്തേജനം നല്‍കുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ 50 ശതമാനത്തെക്കാള്‍ അല്പം കൂടുതല്‍ ശരിയായിരുന്നു. അതായതു് അത്തരം ചിത്രങ്ങള്‍ ഏതു് സ്റ്റേജിലാണു് വരാന്‍ പോകുന്നതു് എന്നു് മുന്‍കൂട്ടി കാണാന്‍ അവര്‍ക്കു് കൂടുതല്‍ തവണ സാദ്ധ്യമായി. ലഭിച്ച വിവരങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തപ്പോള്‍ ഈ വ്യത്യാസം ചെറുതെങ്കിലും വളരെ അര്‍ത്ഥവത്താണു് എന്നാണു് ഗവേഷകര്‍ മനസിലാക്കിയതു്. ഇവിടെ ഒരു പ്രത്യേകത ഉള്ളതു് ഓരോ വ്യക്തിയും സ്റ്റേജ് തിരഞ്ഞെടുത്തതിനു് ശേഷമാണു് പ്രദര്‍ശിപ്പിക്കേണ്ട ചിത്രം കമ്പ്യൂട്ടര്‍ തിരഞ്ഞെടുത്തതു് എന്നുള്ളതാണു്. അതായതു് സംഭവിക്കാന്‍ പോകുന്നതു് പരീക്ഷണവിധേയനായ വ്യക്തി പ്രവചിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഏതു് ചിത്രമാണു് പ്രദര്‍ശിപ്പിക്കേണ്ടതു് എന്നതും ഏതു് സ്റ്റേജിലാണു് കാണിക്കേണ്ടതു് എന്നതും തിരഞ്ഞെടുക്കാന്‍ കമ്പ്യൂട്ടറില്‍ പ്രത്യേക പ്രോഗ്രാം തയാറാക്കിയിരുന്നു. തികച്ചും ക്രമരഹിതമായി ചിത്രങ്ങള്‍ വരത്തക്ക വിധമാണു് അതു് ചെയ്തിരുന്നതു്. എന്നുതന്നെയല്ല ഏറ്റവും കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കു് അനുസൃതമായി തന്നെയാണു് അതു് ചെയ്തിരുന്നതു്. പഠനഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഉപയോഗിച്ച സങ്കേതങ്ങളും ഏറ്റവും കര്‍ശനമായവയായിരുന്നു. ഈവക കാരണങ്ങളാല്‍ ഈ പഠനത്തില്‍ കാര്യമായ പോരായ്മകള്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പഠനം നടത്തിയതു് മനശ്ശാസ്ത്രത്തില്‍‌ കാര്യമായ സംഭാവനകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണു് എന്നുള്ളതു് പഠനത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടു്. എങ്കിലും പഠനം സൂചിപ്പിക്കുന്ന കാര്യം, അതായതു് നടക്കാനിരിക്കുന്നതു് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞേക്കും എന്നതു്, അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ആയിട്ടില്ല. ഇത്തരം പഠനങ്ങള്‍ ഇനിയും നടക്കുകയും ആ പഠനങ്ങളുടെ ഫലങ്ങള്‍ ഈ കണ്ടെത്തലിനു് അനുകൂലമായി വരുകയും ചെയ്താല്‍ മാത്രമെ ശാസ്ത്രലോകം ഇക്കാര്യം അംഗീകരിച്ചു തുടങ്ങൂ.

മനുഷ്യനു് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അനേകം കാര്യങ്ങള്‍ പ്രപഞ്ചത്തിലുണ്ടാകാം. നമ്മുടെ സാധാരണ ജീവിതത്തില്‍ തീരെ കാണാത്ത പലതും ഉണ്ടാകാം. എന്നാല്‍ വല്ലപ്പോഴും ഒരിക്കല്‍ തീരെ പരിചിതമല്ലാത്ത അനുഭവം നമുക്കു് ഉണ്ടായി എന്നും വരാം. അസാധാരണമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ അസാധാരണമായ തെളിവുകള്‍ വേണം എന്നു് ശാസ്ത്രലോകം പറയുന്നതു് ശരിതന്നെയാണു്. എന്നാല്‍ നമുക്കു് ഇന്നറിയാവുന്ന ശാസ്ത്രത്തിനു് അതീതമായി ഒന്നുമില്ല എന്നു് മുന്‍കൂട്ടി ഉറപ്പിക്കുന്നതു് ശരിയല്ല. ഇന്നത്തെ ശാസ്ത്രത്തിനു് അപ്പുറം ഒന്നുമില്ല എന്നു് തീരുമാനിക്കുന്നതു് ശാസ്ത്രപുരോഗതിക്കുതന്നെ വിരുദ്ധമാണല്ലോ. എന്നാല്‍ ശാസ്ത്രഗവേഷകര്‍ തന്നെ ചിലപ്പോള്‍ അത്തരത്തില്‍ സംസാരിക്കുന്നതു് കേള്‍ക്കാം. ശാസ്ത്രീയമായ കാഴ്ചപ്പാടല്ല അതു് എന്നു് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ പഠനങ്ങള്‍ മുകളില്‍ വിശദീകരിച്ച കണ്ടെത്തല്‍ ശരിവയ്ക്കുകയാണെങ്കില്‍ അതു് മനശ്ശാസ്ത്രത്തില്‍ മാത്രമല്ല നമ്മുടെ ജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ക്കു് കാരണമാകും എന്നതിനു് സംശയമില്ല.

ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

2 comments:

Balachandran C said...

http://psycnet.apa.org/journals/psp/100/3/426/

i do not remember where exactly i read it, but there was a detailed analysis of the statistical errors bem had made, and how the significance goes away on their correction.

Sasi said...

Thank you, Balachandran. Yes, statistics is a particularly tricky thing. Perhaps I should have been more careful writing about such a sensational report.