Sunday, July 03, 2011

സുനാമി

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

2004 ഡിസംബറില്‍ ഇന്തൊനേഷ്യയുടെയും ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു ചില രാജ്യങ്ങളുടെയും തീരദേശങ്ങളില്‍ കണ്ട ദുരന്തദൃശ്യങ്ങളുടെ ഓര്‍മ്മ പുതുക്കിക്കൊണ്ടു് ജപ്പാനലെത്തിയ സുനാമിയുടെ തല്‍സമയദൃശ്യങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ എത്തിയതാണല്ലോ. 2004ലേതിനെക്കാള്‍ കുറച്ചു് മരണങ്ങളേ ജപ്പാനില്‍ സംഭവിച്ചുള്ളൂ എങ്കിലും, മഴവെള്ളത്തില്‍ ഒലിച്ചുവരുന്ന ചെറുലതകളും കമ്പുകളും എന്നപോലെ, സമുദ്രത്തില്‍നിന്നു് ഇരച്ചുകയറിയ
ഭീമാകാരമായ സുനാമിത്തിരകളില്‍ കാറുകളും കപ്പലുകളും വിമാനങ്ങളും മറ്റും കൂട്ടമായി ഒഴുകുന്ന കാഴ്ച നമ്മെ നടുക്കി. അനേകം വര്‍ഷങ്ങളിലൊരിക്കല്‍ മാത്രമെ സുനാമിയുടെ ആക്രമണം ഒരേയിടത്തുണ്ടാകൂ എന്നു നമുക്കറിയാം. എങ്കിലും %നാശനഷ്ടങ്ങളുടെ കണക്കും മരിച്ചവരുടെ എണ്ണവും മറ്റും കേള്‍ക്കുമ്പോള്‍
ഇത്തരമൊരു അനുഭവം നമുക്കുമുണ്ടായാലോ എന്ന ഭീതിയും അഥവാ സുനാമി ഉണ്ടായാല്‍ അതില്‍നിന്നു് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെപ്പറ്റി അറിയാനുള്ള ആഗ്രഹവും നമുക്കുണ്ടാകും. അതുകൊണ്ടു് സുനാമി എങ്ങനെ ഉണ്ടാകാം, അതു് പ്രവചിക്കാനാകുമോ, തുടങ്ങിയ ചോദ്യങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.

``തുറമുഖത്തിര'' \eng(harbour wave) \mal എന്നാണു് `സുനാമി' എന്ന ജാപ്പനീസ് വാക്കിന്റെ അര്‍ത്ഥം. പഴയ ഇംഗ്ലീഷ് ഗ്രന്ഥങ്ങളില്‍ ഭൂകമ്പകടല്‍ത്തിര (sea waves) എന്നും പ്രയോഗിച്ചു കാണാം. മുമ്പു് റ്റൈഡല്‍ വേവ് (tidal wave) എന്ന പേരും ഉപയോഗിച്ചിരുന്നു. എന്നാല്‍ സുനാമിയും വേലിയേറ്റവുമായി യാതൊരു ബന്ധവുമില്ലാത്തതുകൊണ്ടു് ഈ പേരു് തെറ്റിദ്ധാരണാജനകമായതിനാല്‍ ഉപയോഗിക്കാറില്ല.

കലിതുള്ളി സുനാമി എത്തുമ്പോള്‍ കരയില്‍ ആദ്യം കാണുന്നതു് സമുദ്രജലം പുറകോട്ടു പോകുന്നതാണു്. അപ്പോള്‍ കടല്‍ത്തീരത്തുള്ളവര്‍ സ്വാഭാവികമായി അത്ഭുതപ്പെടുകയും ജലത്തിനു പിറകെ കടലിലേക്കു് ഇറങ്ങിച്ചെല്ലുകയും ചെയ്യും. അപ്പോഴാണു് ശക്തമായ തിര എത്തുന്നതു്. ഇതറിഞ്ഞുകൊണ്ടു്, കടലിലേക്കിറങ്ങിപ്പോയവരുടെ ശ്രദ്ധ ആകര്‍ഷിച്ചു് അവരെ രക്ഷിക്കാനായി, അവിടെ കൂടിക്കിടന്ന നെല്ലിനു് തീയിട്ട യാമാഗുചി എന്ന ജാപ്പനീസ് അപ്പൂപ്പന്റെ കഥ നമ്മുടെ ചില സ്ക്കൂളുകളില്‍ പഠിക്കാനുണ്ടായിരുന്നു. ആ കഥ പഠിച്ച ഒരു കുട്ടി മുന്നറിയിപ്പു നല്‍കിയതുകൊണ്ടു് 2004ലെ സുനാമിയുടെ സമയത്തു് തമിഴ്‌നാടു് തീരത്തു് ചിലര്‍ രക്ഷപ്പെട്ടതായി വാര്‍ത്ത വന്നിരുന്നതു് ഓര്‍ക്കുന്നു.

രണ്ടായിരത്തിലധികം വര്‍ഷം മുമ്പു് തുസിഡിഡീസ് (Thucydides, 460 BC - 395 BC) എന്ന ഗ്രീക്ക് ചരിത്രകാരനാണു് സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പവും സുനാമിയുമായുള്ള ബന്ധം ആദ്യമായി കണ്ടെത്തിയതു്. എങ്കിലും ഇപ്പോഴും ഈ പ്രതിഭാസത്തെപ്പറ്റി വിശദമായി മനസിലാക്കാനായിട്ടില്ല. സമുദ്രത്തിലെയും അന്തരീക്ഷത്തിലെയും ചില പ്രതിഭാസങ്ങള്‍ സുനാമിക്കു് കാരണമാകാം. ഇവയില്‍ പ്രധാനമാണു് സമുദ്രത്തിനടിത്തട്ടിലുണ്ടാകുന്ന ഭൂകമ്പങ്ങള്‍. 2004ല്‍ ഇന്തൊനേഷ്യയിലും ഇപ്പോള്‍ ജപ്പാനിലും ഉണ്ടായ സുനാമികള്‍ക്കു് കാരണം ഭൂകമ്പങ്ങളായിരുന്നു. എന്നാല്‍ വലിയൊരു മലയിടിച്ചിലോ അഗ്നിപര്‍വ്വതസ്ഫോടനമോ പോലെ സമുദ്രജലത്തില്‍ ഉണ്ടാകുന്ന ശക്തമായ ചലനങ്ങള്‍ സുനാമിയ്ക്കു് കാരണമാകാം. വലിയൊരളവു് ജലം പെട്ടെന്നു് മുകളിലേക്കുയര്‍ത്തുകയോ താഴോട്ടിറക്കുകയോ ചെയ്യുന്ന എന്തു പ്രതിഭാസവും സുനാമിക്കു് കാരണമാകാം. സമുദ്രത്തിനടിത്തട്ടില്‍ ഉണ്ടാകുന്ന വലിയൊരു മലയിടിച്ചിലോ അഗ്നിപര്‍വ്വതസ്ഫോടനമോ സുനാമി ഉണ്ടാക്കാം.
ഉദാഹരണമായി, ജാവ, സുമാത്ര എന്നീ ഇന്തൊനേഷ്യന്‍ ദ്വീപുകള്‍ക്കിടയിലുണ്ടായിരുന്ന ക്രാകറ്റോവ (Krakatoa) എന്ന ദ്വീപിലെ അഗ്നിപര്‍വ്വതം 1883ല്‍ പൊട്ടിത്തെറിച്ചപ്പോള്‍ ആ ദ്വീപുതന്നെ ഇല്ലാതാകുകയും 46 മീറ്റര്‍ ഉയരമുള്ള സുനാമി ഉണ്ടാകുകയും ചെയ്തു എന്നു് രേഖപ്പെടുത്തിയിരിക്കുന്നു. അഗ്നിപര്‍വ്വതത്തില്‍ നിന്നു് പ്രവഹിച്ച അനേകം ഘനകിലോമീറ്റര്‍ ലാവയാവണം ഈ സുനാമിക്കു് കാരണം. %ഇതിന്റെ പ്രഭാവം അങ്ങകലെ ആഫ്രിക്കന്‍ തീരത്തെ കപ്പലുകള്‍ക്കു പോലും അനുഭവപ്പെട്ടുവത്രെ. വലിയ ഒരു ഉല്‍ക്ക കടലില്‍ പതിക്കുന്നതും (അതൊരു അസാധാരണ സംഭവമാണെങ്കിലും) മുമ്പുചെയ്തിരുന്നതുപോലെ സമുദ്രത്തിനടിയില്‍വച്ചു് ന്യൂക്ലിയര്‍ സ്ഫോടനം നടത്തുന്നതും സുനാമി ഉണ്ടാക്കാം.

ഇവിടെ വിശദീകരണമാവശ്യമുള്ള ഒരു കാര്യം എല്ലാത്തരം ഭൂകമ്പങ്ങളും സുനാമിയിലേക്കു് നയിക്കില്ല എന്നതാണു്. ചിലതരം ഭൂകമ്പങ്ങളേ സുനാമിയിലേയ്ക്കു് നയിക്കൂ എന്നു് നമുക്കു് മനസിലായിട്ടുണ്ടു്. ഭൂമിയുടെ ഉപരിതലം പല തളികകളായി (plates) വിഭജിക്കപ്പെട്ടിരിക്കുകയാണല്ലോ. ഭൂമിയുടെ ഉള്ളിലെ പ്രക്രിയകളുടെ ഫലമായി ഈ തളികകള്‍ വളരെ സാവധാനത്തില്‍ ചലിച്ചുകൊണ്ടിരിക്കുകയാണു്. ഈ ചലനത്തിന്റെ ഫലമായാണു് ഭൂചലനങ്ങളും പര്‍വ്വതനിരകളും ഉണ്ടാകുന്നതു്. ഉദാഹരണമായി ഇന്ത്യ സ്ഥിതിചെയ്യുന്ന തളിക ഏഷ്യന്‍ തളികയുമായി കൂട്ടിയിടിച്ചതിന്റെ ഫലമാണു് ഹിമാലയ പര്‍വ്വതം. പ്രതിവര്‍ഷം 19 സെന്റിമീറ്റര്‍ വേഗതയില്‍ ഇന്ത്യന്‍ തളിക ഏതാണ്ടു് വടക്കു ദിശയില്‍ നീങ്ങുന്നതു മൂലമാണു് ഇന്നും ഹിമാലയന്‍ മേഖലകളില്‍ ഇടയ്ക്കിടെ ഭൂചലനം ഉണ്ടാകുന്നതു്. ഇങ്ങനെ ഉപരിതലത്തിനു് സമാന്തരമായി ഉണ്ടാകുന്ന ചലനമല്ല സുനാമിയിലേക്കു് നയിക്കുന്നതു്. ചില സമയത്തു് രണ്ടു തളികകളുടെ അതിര്‍ത്തിയില്‍വച്ചു് ഒരു വശം താഴുകയോ ഉയരുകയോ ചെയ്യാം. ഇത്തരം ഭൂചലനങ്ങളാണു് സുനാമിയിലേക്കു് നയിക്കുന്നതു്. 2004ല്‍ ഇന്തൊനേഷ്യയില്‍ സംഭവിച്ചതു് ഇതാണു്.

മലയിടിച്ചിലുകളും വലിയ സുനാമിയിലേക്കു് നയിക്കാമെന്നു് 1950കളിലാണു് കണ്ടെത്തിയതു്. 1958ല്‍ അലാസ്ക്കയിലെ ലിതുയ ഉള്‍ക്കടലില്‍ (Lituya Bay) ഉണ്ടായ മലയിടിച്ചിലാണു് ഇതുവരെയുള്ള ഏറ്റവും വലിയ തിര രേഖപ്പെടുത്തിയതു്. 524 മീറ്ററായിരുന്നു (ഏതാണ്ടു് 1700 അടി) അതിന്റെ ഉയരം! ഭാഗ്യത്തിനു് അതു് അധികദൂരം സഞ്ചരിച്ചില്ല. അവിടെ മീന്‍ പിടിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍ മാത്രമാണു് മരണമടഞ്ഞതു്.

ഭൂചലനവും അഗ്നിപര്‍വ്വത സ്ഫോടനവും ഉല്‍ക്കാപതനവും ഒക്കെ ചെയ്യുന്നതു് വലിയൊരു തിരമാലയ്ക്കു് ജന്മം നല്‍കുകയാണു്. അല്പം വിസ്താരമുള്ള ഒരു പാത്രത്തിലെ വെള്ളത്തിലേക്കു് കല്ലിടുമ്പോള്‍ ജലത്തില്‍ തരംഗങ്ങളുണ്ടാകുന്നതുപോലെ തന്നെയാണു് സുനാമിയും തുടങ്ങുന്നതു്. സമുദ്രത്തിന്റെ ആഴമുള്ള പ്രദേശത്തു് ഭൂകമ്പം ഉണ്ടായാല്‍ അവിടത്തെ ജലനിരപ്പു് പെട്ടെന്നു് ഉയരുകയോ താഴുകയോ ചെയ്യുന്ന. അതിന്റെ ഫലമായി ചുറ്റിലുംനിന്നു് അങ്ങോട്ടേയ്ക്കോ അവിടെനിന്നു് മറ്റു ദിക്കുകളിലേയ്ക്കോ ജലം പ്രവഹിക്കുകയും അങ്ങനെ തിരമാല ഉണ്ടാകുകയും ചെയ്യുന്നു.

സുനാമിയുടെ കാര്യത്തിലാവട്ടെ മറ്റൊന്നുകൂടി സംഭവിക്കുന്നു. ആഴക്കടലില്‍ തിരയുടെ നീളം --- അതായതു്, തിരയിലെ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ഒരു ബിന്ദു മുതല്‍ അതുപോലത്തെ അടുത്ത ബിന്ദു വരെയുള്ള ദൂരം,
തരംഗദൈര്‍ഘ്യം --- വളരെ കൂടുതലായിരിക്കും. തിരയുടെ ഉയരം വളരെ കുറവും. കരയോടു് അടുക്കുംതോറും കടലിന്റെ ആഴം കുറയുമല്ലോ. അതിനാല്‍ തിരയുടെ നീളം കുറയുകയും ഉയരം കൂടുകയും ചെയ്യും. ഇങ്ങനെയാണു് ആഴക്കടലില്‍ നൂറുകണക്കിനു് കിലോമീറ്റര്‍ നീളവും ഒരടിയോളം ഉയരവും ഉള്ള തരംഗങ്ങള്‍ കരയോടടുക്കുമ്പോള്‍ വിനാശകാരിയായ പടുകൂറ്റന്‍ സുനാമിയാകുന്നതു്.

രണ്ടു വിധത്തിലാണു് സുനാമി നാശനഷ്ടങ്ങളുണ്ടാക്കുന്നതു്. വമ്പന്‍ തിര ശക്തിയായി കരയിലടിക്കുന്നതുമൂലം ഉണ്ടാകുന്ന നാശമാണു് ആദ്യത്തേതു്. പിന്നീടു് ജലം തിരിച്ചു് പ്രവഹിക്കുമ്പോള്‍ ശക്തമായ ആ ഒഴുക്കില്‍പ്പെട്ടു് പലതും നശിക്കുകയും കടലിലേക്കു് ഒഴുകിപ്പോകുകയും ചെയ്യുന്നു. ആധുനിക കാലങ്ങളില്‍ ഈ കഷ്ടനഷ്ടങ്ങള്‍ക്കുപരി സുനാമി മറ്റു പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. പ്രളയത്തിലും കൊടുങ്കാറ്റിലുമൊക്കെ സംഭവിക്കുന്നതു പോലെ,കെട്ടിടങ്ങളോടൊപ്പം റോഡുകളുടെ ഉപരിതലവും വിമാനത്താവളങ്ങളും വൈദ്യുത, ജല വിതരണ സംവിധാനങ്ങളുമെല്ലാം താറുമാറാകുന്നു. അതുകൊണ്ടു് പലയിടങ്ങളിലും എത്തിച്ചേരുന്നതും %തന്നെ പ്രയാസമാകാം. അതോടൊപ്പം വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും വിതരണ സംവിധാനങ്ങളും തകരാറിലാകാം. ഇതെല്ലാം സുനാമിയില്‍നിന്നു് രക്ഷപ്പെട്ടവര്‍ക്കു് ഭക്ഷണവും ഇന്ധനവും മരുന്നുമൊക്കെ എത്തിക്കുന്നതും ദുഷ്ക്കരമാകും. ഇന്ധനവും വൈദ്യുതിയുമില്ലാതെ ആധുനിക ഉപകരണങ്ങളും മറ്റും പ്രവര്‍ത്തിപ്പിക്കാനാവില്ലല്ലോ. അതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മ്മാണവും വളരെ ബുദ്ധിമുട്ടാവും.

സുനാമിയ്ക്കു് കാരണമാകുന്ന ഭൂകമ്പം പോലുള്ള പ്രതിഭാസങ്ങള്‍ പ്രവചിക്കാനാവാത്തതുകൊണ്ടു് സുനാമിയും പ്രവചിക്കാനാവില്ല. എന്നാല്‍ ഭൂകമ്പമുണ്ടായശേഷം സുനാമി ഉണ്ടാകുമോ എന്നതും എവിടെയെല്ലാം ബാധിക്കാം എന്നതും ഏറെക്കുറെ മുന്‍കൂട്ടി കാണാനാകും. പക്ഷെ അപ്പോള്‍ പോലും രക്ഷാനടപടികള്‍ക്കു് സമയമധികം ലഭിക്കണമെന്നില്ല. അതുകൊണ്ടു് ഇത്തരം അത്യാഹിതങ്ങള്‍ നേരിടാനുള്ള ശാസ്ത്രീയമായ തയാറെടുപ്പു് ഉണ്ടായിരിക്കേണ്ടതു് അത്യാവശ്യമാണു്.

ജപ്പാനില്‍ സുനാമിയോടൊപ്പം മറ്റൊരു അത്യാഹിതം കൂടി ഉണ്ടായി -- ന്യൂക്ലിയര്‍ റിയാക്‌ടറുകളിലുണ്ടായ ഗുരുതരമായ പ്രശ്നങ്ങള്‍. ഫുകുഷിമ ദായ്‌ചി എന്ന ആണവനിലയത്തിലെ രണ്ടു റിയാക്ടറുകള്‍ പൊട്ടിത്തെറിച്ചു. റിയാക്‌ടറിലേയ്ക്കു് തണുപ്പിക്കാനുള്ള ജലം കടത്തിവിടുന്ന പമ്പ് റിഷ്ടര്‍ സ്ക്കേലില്‍ 9.2 എത്തിയ ഭൂകമ്പത്തില്‍ പ്രവര്‍ത്തനരഹിതമായതിനാലാണു് പൊട്ടിത്തെറി ഉണ്ടായതു്. തത്ഫലമായി റേഡിയോ വികിരണശേഷിയുള്ള വാതകങ്ങള്‍ പുറത്തുകടന്നു. നിലയത്തിനു് 20 കിലോമീറ്റര്‍ വരെ ദൂരത്തുള്ളവരെല്ലാം ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. തലമുറകളുടെ ആരോഗ്യത്തെ ബാധിക്കുന്ന വികിരണശേഷിയുള്ള ഈ വാതകങ്ങള്‍ ടോക്യോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു് പടര്‍ന്നിട്ടുണ്ടു് എന്നു് ഭയപ്പെടുന്നു. സമുദ്രജലത്തില്‍പ്പോലും അധികവികിരണം ഉണ്ടായിരിക്കുന്നു. ലോകമഹായുദ്ധകാലത്തു് അണുബോംബിന്റെ ഫലമായി ലക്ഷക്കണക്കിനു് മനുഷ്യര്‍ റേഡിയോ വികിരണത്തിന്റെ നരകയാതന അനുഭവിച്ച രാജ്യത്താണു് ഇപ്പോള്‍ ഇതു് സംഭവിച്ചിരിക്കുന്നതു്. പുരോഗതിക്കു വേണ്ടിയുള്ള ഗതികിട്ടാപാച്ചിലില്‍ സര്‍വ്വനാശിയായ ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കേണ്ടതുണ്ടോ എന്നു് നാമെല്ലാം ചിന്തിക്കേണ്ട സമയം കഴിഞ്ഞു. കേരളത്തിനു് സമീപവും ഒരു ആണവോര്‍ജകേന്ദ്രം ഉയര്‍ന്നു വരുന്നതു് നമ്മെ വ്യാകുലപ്പെടുത്തേണ്ടതല്ലേ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

No comments: