Sunday, July 03, 2011

ഭാഷകളുടെ ഉത്ഭവം

(തേജസ് പത്രത്തിനുവേണ്ടി എഴുതിയതു്)

ഭാഷ, അതു് സംസാരഭാഷയായാലും എഴുത്തുഭാഷയായാലും, നമ്മള്‍ സ്വാഭാവികമായി കരുതുന്ന ഒന്നാണു്. ശൈശവത്തില്‍ തന്നെ, ഒരുപക്ഷെ പരിസരങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങുന്ന പ്രായം മുതല്‍ക്കേ, മറ്റുള്ളവര്‍ സംസാരിക്കുന്നതു കേട്ടു് നമ്മള്‍ ഭാഷ പഠിച്ചു തുടങ്ങുന്നുണ്ടാവണം. മറ്റു മൃഗങ്ങളും പരസ്പരം ആശയവിനിമയത്തിനു് അവരുടേതായ ശബ്ദങ്ങളും അംഗവിക്ഷേപങ്ങളും ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനൊന്നും മനുഷ്യരുടെ ഭാഷയ്ക്കൊപ്പം ആശയവിനിമയശേഷി ഉള്ളതായി അറിവില്ല. ആ നിലയ്ക്കു് മനുഷ്യനു് മാത്രം ഇത്ര സങ്കീര്‍ണ്ണമായ ഭാഷ എങ്ങനെയുണ്ടായി, എപ്പോഴുണ്ടായി എന്നതു് പ്രസക്തമായ ചോദ്യമാകുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു പഠനഫലം സൂചിപ്പിക്കുന്നതു് ആഫ്രിക്കയിലായിരിക്കണം ആദ്യത്തെ മനുഷ്യഭാഷ ഉണ്ടായതു് എന്നാണു്. മനുഷ്യരാശി ജന്മമെടുത്തതു് ആഫ്രിക്കയിലാണു് എന്നാണല്ലോ മനുഷ്യജീനുകളുടെ പഠനത്തില്‍നിന്നുള്ള നിഗമനം. ആ നിലയ്ക്കു് മനുഷ്യഭാഷയും ഉത്ഭവിച്ചതു് ആഫ്രിക്കയിലായിരിക്കും എന്ന കണ്ടെത്തല്‍ അത്ഭുതാവഹമല്ലെങ്കിലും രസകരമാണു്. ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡ് സര്‍വ്വകലാശാലയിലെ ക്വെന്‍റിന്‍ ആറ്റ്‌കിന്‍സണ്‍ (Quentin Atkinson) എന്ന ജൈവശാസ്ത്രജ്ഞന്‍ ലോകത്തിലെ അഞ്ഞൂറിലധികം ഭാഷകളുടെ ഘടന പഠിച്ചതില്‍ നിന്നാണു് ഈ അനുമാനത്തിലെത്തിയതു്. അദ്ദേഹത്തിന്റെ നിഗമനം ശരിയെങ്കില്‍ ഭാഷാപഠനത്തിലെ ഏറ്റവും വലിയ കാല്‍വയ്പുകളില്‍ ഒന്നാവാമിതു്. ഏപ്രില്‍ 14ലെ സയന്‍സ്}(Science) എന്ന പ്രമുഖ ശാസ്ത്ര ജേര്‍ണ്ണലിലാണു് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നതു്.

മനുഷ്യഭാഷയുടെ ഉത്ഭവത്തെപ്പറ്റി പല തരത്തിലുള്ള സിദ്ധാന്തങ്ങളുണ്ടു്. ഏതാണ്ടു് 25 ലക്ഷം വര്‍ഷം മുമ്പു് ഹോമോ ഹാബിലിസ് (Homo habilis), ഹോമോ സാപിയന്‍ (Homo sapien) എന്നീ ജനുസ്സുകള്‍ പരിണമിച്ചുണ്ടാകുന്നതിനു മുമ്പു് ഉണ്ടായിരുന്ന ജീവിവര്‍ഗങ്ങള്‍ ആശയവിനിമയത്തിനു് ഉപയോഗിച്ചിരുന്ന ശബ്ദങ്ങളും ആംഗ്യങ്ങളുമാണു് പിന്നീടു് മനുഷ്യരുടെ സംസാരഭാഷ ആയി മാറിയതു് എന്നാണു് വലിയ വിഭാഗം ഭാഷാശാസ്ത്രജ്ഞരും വിശ്വസിക്കുന്നതു്. എന്നാല്‍ അങ്ങനെയല്ല, സംസാരഭാഷ മനുഷ്യന്‍ താരതമ്യേന കുറച്ചു് കാലം കൊണ്ടു് നേടിയെടുത്ത സവിശേഷ കഴിവാണു് എന്നാണു് മറ്റുചിലര്‍ വിശ്വസിക്കുന്നതു്. ഇവരില്‍ പ്രമുഖനാണു് ലോകപ്രശസ്തനായ നോം ചോംസ്ക്കി (Noam Chomsky). നമ്മുടെ ഭാഷ മറ്റു ജീവികള്‍ ഉപയോഗിക്കുന്ന ശബ്ദങ്ങളോ ആംഗ്യങ്ങളോ ആയി താരതമ്യപ്പെടുത്തുമ്പോള്‍ വളരെയധികം സങ്കീര്‍ണ്ണമാണെന്നും അതുകൊണ്ടു് മനുഷ്യഭാഷ അവയില്‍നിന്നു് ഉണ്ടായതാണെന്നു് കരുതാനാവില്ല എന്നുമാണു് ഇക്കൂട്ടര്‍ പറയുന്നതു്. ഹോമോ ഹാബിലിസ്സിനു മുമ്പുണ്ടായിരുന്ന ആസ്‌ട്രേലോപിത്തെക്കസ് എന്ന ജീവിവര്‍ഗത്തിനു് ഭാഷ ഇല്ലായിരുന്നു എന്നുതന്നെയാണു് ശാസ്ത്രജ്ഞരെല്ലാം കരുതുന്നതു്. ഹോമോ ഹാബിലിസ് മുതല്‍ക്കു തന്നെ ഭാഷയുടെ ആദിരൂപം ഉണ്ടായിത്തുടങ്ങി എന്നു ചിലര്‍ കരുതുന്നു. ഏതാണ്ടു് 18 ലക്ഷം വര്‍ഷം മുമ്പു് ഹോമോ ഇറെക്‌ടസിന്റെ കാലം മുതല്‍ക്കോ അതിനു ശേഷമോ ആയിരിക്കണം ഭാഷയുടെ ആദിരൂപമുണ്ടായതു് എന്നാണു് മറ്റു ചിലര്‍ കരുതുന്നതു്. നമ്മുടെ ഇന്നത്തെ ഭാഷകളുമായി സങ്കീര്‍ണ്ണതയില്‍ താരതമ്യം ചെയ്യാവുന്ന ഭാഷ ആദ്യമായി ഉണ്ടായതു് ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം മുമ്പു്, അതായതു് ഹോമോ സാപിയന്‍ സാപിയന്‍ \eng(Homo sapien sapien) \mal എന്ന പേരില്‍ അറിയപ്പെടുന്ന ആധുനിക മനുഷ്യന്‍ ഉത്ഭവിച്ചതിനു ശേഷം, മാത്രമായിരിക്കണം എന്നു് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടു്.

ഭാഷയുണ്ടായതു് ചരിത്രാതീതമായ കാലത്തായതുകൊണ്ടു് (ഭാഷയില്ലാതെ ചരിത്രം രേഖപ്പെടുത്താനാവില്ലല്ലോ!) നമുക്കു് ഭാഷയുടെ ഉത്ഭവത്തെപ്പറ്റി അറിവുതരുന്ന ഒന്നും അവശേഷിച്ചിട്ടില്ല, ഇന്നു് ഭാഷയുടെ ഉത്ഭവത്തോടു് താരതമ്യം ചെയ്യാവുന്ന ഒരു കാര്യവും നടക്കുന്നതായി നമുക്കു് അറിവുമില്ല. അതുകൊണ്ടു് ഭാഷയുടെ ഉത്ഭവത്തെപ്പറ്റി പഠിക്കുന്നതു് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണു്. ഈ സാഹചര്യത്തിലാണു് ആറ്റ്കിന്‍സണിന്റെ പഠനം പ്രാധാന്യമര്‍ഹിക്കുന്നതു്.

ഭാഷ മനുഷ്യരില്‍ തനതായി ഉള്ളതാണോ അതോ സാമൂഹ്യജീവി എന്ന നിലയ്ക്കു് വളര്‍ന്നു വരുന്നതിന്റെ ഭാഗമായി അഭ്യസിക്കുന്നതാണോ എന്നതാണു് മറ്റൊരു ചോദ്യം. സ്റ്റീവന്‍ പിങ്കര്‍ (Steven Pinker) തുടങ്ങിയ ചിലര്‍ പറയുന്നതു് നമ്മുടെ ഇന്ദ്രിയങ്ങളെപ്പോലെ തന്നെ മനുഷ്യരിലുണ്ടാകുന്ന ഒന്നാണു് ഭാഷ എന്നാണു്. എന്നാല്‍ മൈക്കല്‍ ടോമസെല്ലൊ (Michael Tomasello) തുടങ്ങിയ മറ്റു ചിലര്‍ വിസ്വസിക്കുന്നതു് ആംഗ്യത്തിലൂടെയും സംസാരത്തിലൂടെയുമുള്ള പ്രിമേറ്റുകളുടെ ആശയവിനിമയത്തില്‍നിന്നു് വികസിച്ചു വന്നതാണു് എന്നാണു്. ഇവിടെ ആശയവിനിമയവും ഭാഷയും തമ്മില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ടു്. ആശയങ്ങള്‍ മനസില്‍ രൂപീകരിക്കാനും ആംഗ്യങ്ങളോ ശബ്ദമോ മറ്റോ ഉപയോഗിച്ചു് ആ ആശയങ്ങള്‍ മറ്റുള്ളവരിലേക്കു് പകരാനുമുള്ള കഴിവാണു് ആശയവിനിമയ ശേഷി. ഭാഷ എന്നു പറയുമ്പോള്‍ അതിനു് ഘടനയും വ്യാകരണവും മറ്റും ഉണ്ടാകണമല്ലോ. ഭാഷ ഉപയോഗിക്കാതെ ആശയവിനിമയം നടത്തുന്നതു് നമുക്കെല്ലാവര്‍ക്കും പരിചിതമാണു്. രണ്ടു പേര്‍ പരസ്പരം കേള്‍ക്കാന്‍ പറ്റാത്ത ദൂരത്തായിരിക്കുമ്പോഴോ രണ്ടു പേര്‍ക്കും ഒരേ ഭാഷ അറിയാന്‍ വയ്യാത്തപ്പോഴോ ആംഗ്യങ്ങള്‍ കൊണ്ടു് നമ്മള്‍ ആശയവിനിമയം നടത്താറുണ്ടല്ലോ. ഇതിനു് ഭാഷ എന്നു പറയാനാവില്ല. എന്നാല്‍ ബധിരര്‍ക്കു വേണ്ടി വികസിപ്പിച്ചിട്ടുള്ള ആംഗ്യഭാഷകള്‍ക്കു് ഭാഷയുടെ സ്വഭാവങ്ങളുണ്ടു്. സംസാരം എന്നു പറയുന്നതു് മറ്റൊന്നാണു്. ശബ്ദത്തിലൂടെയുള്ള ഈ ആശയവിനിമയത്തിനു് ഭാഷയുണ്ടാവാം. പല മൃഗങ്ങളും ചുരുക്കം ചില ശബ്ദങ്ങളുടെ സഹായത്തോടെ ആശയവിനിമയം നടത്താറുണ്ടു്. ഭാഷയില്ലാത്ത ഇത്തരം ആശയവിനിമയത്തിനു് വളരെ പരിമിതമായ സാദ്ധ്യതകളേയുള്ളൂ.

ഇനി ആറ്റ്‌കിന്‍സണിന്റെ പഠനം പരിശോധിക്കാം. സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്ന ഏതു ഭാഷയിലും ശബ്ദങ്ങള്‍ ഉണ്ടല്ലോ. ഒരു വാക്കില്‍ ഒന്നോ അതിലധികമോ ശബ്ദങ്ങളുണ്ടാവാം. ഇംഗ്ലീഷില്‍ ഫോണീം (phoneme) എന്നു പറയുന്നതു് ഏതാണ്ടു് ഇതേ അര്‍ത്ഥത്തിലാണു്. അഞ്ഞൂറിലധികം ഭാഷകളിലെ ഫൊണീമുകള്‍ പഠിച്ചതില്‍ നിന്നാണു് ആറ്റ്കിന്‍സണ്‍ തന്റെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നതു്. ഒരു വലിയ സമൂഹത്തില്‍ വികസിച്ചുവരുന്ന ഭാഷയില്‍ ഉള്ള ശബ്ദങ്ങളെല്ലാം അതില്‍നിന്നു് വേറിട്ടു ദൂരെ പോയി വസിക്കുന്ന ഒരു ചെറിയ കൂട്ടം ആള്‍ക്കാരുടെ ഭാഷയില്‍ ഉണ്ടാവില്ല എന്നതാണു് ഈ പഠനത്തിനു് ഉപയോഗിച്ചിരിക്കുന്ന ഒരു ആശയം. അതു് ശരി വയ്ക്കുമാറു് ചെറിയ സമൂഹങ്ങളിലെ ഭാഷകളില്‍ കുറച്ചു ശബ്ദങ്ങളും വലിയ സമൂഹങ്ങളില്‍ കൂടുതല്‍ ശബ്ദങ്ങളും ഉണ്ടെന്നു് അവര്‍ കണ്ടു. ജീനുകളുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കുന്നുണ്ടു് എന്നതു് അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണു്. അതായതു് ഒരു വലിയ സമൂഹത്തിലെ ജീനുകളില്‍ കാണുന്നത്ര വൈവിദ്ധ്യം ചെറിയ സമൂഹങ്ങളില്‍ കാണില്ല. ഈ ആശയത്തിന്റെ അടിസ്ഥാനത്തിലാണല്ലോ മനുഷ്യജീനുകളുടെ പഠനത്തില്‍നിന്നു് മനുഷ്യന്‍ ആഫ്രിക്കയിലാണു് ഉത്ഭവിച്ചതു് എന്ന നിഗമനത്തിലെത്തിയതു്. ആഫ്രിക്കയില്‍നിന്നുള്ള ദൂരം കൂടുന്നതനുസരിച്ചു് ജീനുകളിലെ വൈവിദ്ധ്യം കുറഞ്ഞു വരുന്നു എന്നാണു് ഗവേഷകര്‍ കണ്ടതു്. ഏതാണ്ടു് അതേ തരത്തിലുള്ളതായിരുന്നു ആറ്റ്‌കിന്‍സണ്‍ നടത്തിയ പഠനവും.

ആഫ്രിക്കന്‍ ഭാഷകളിലാണു് അവര്‍ ഏറ്റവുമധികം ശബ്ദങ്ങള്‍ കണ്ടതു് --- 141. ജര്‍മ്മന്‍ ഭാഷയില്‍ അതു് 41ഉം മാന്‍ഡറിന്‍ ചൈനീസില്‍ 32ഉം ഹവായ് ദ്വീപുകളില്‍ 13ഉം ആയി ചുരുങ്ങുന്നു. ദക്ഷിണ അമേരിക്കയിലാണു് അവര്‍ ഏറ്റവും കുറച്ചു് ഫൊണീമുകള്‍ കണ്ടതു് --- 11. ഫൊണീമുകളിലെ വൈവിദ്ധ്യത്തിന്റെ 30\% ഭാഗം ആഫ്രിക്കയില്‍ നിന്നുള്ള ദൂരത്തിന്റെ ഫലമാണെന്നാണു് അവരുടെ കണക്കുകള്‍ കാണിക്കുന്നതു്. ജീനുകളിലെ വൈവിദ്ധ്യത്തില്‍ കണ്ടതുപോലെ തന്നെയുള്ള മാറ്റമാണു് ഫൊണീമുകളിലും കാണുന്നതു് എന്നു് ആറ്റ്കിന്‍സണ്‍ പറഞ്ഞു. ലോകത്തില്‍ ഇന്നുള്ള ആറായിരത്തോളം ഭാഷകളും ഏതാണ്ടു് 50,000ത്തിലധികം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന ഒരു ഭാഷയില്‍ നിന്നാണു് ഉത്ഭവിച്ചതു് എന്നാണു് അദ്ദേഹത്തിന്റെ പഠനം സൂചിപ്പിക്കുന്നതു്. മനുഷ്യരാശി മുഴുവനും തന്നെ ലക്ഷക്കണക്കിനു് വര്‍ഷം മുമ്പു് ജീവിച്ചിരുന്ന രണ്ടു് വ്യക്തികളില്‍ നിന്നാണു് ഉത്ഭവിച്ചതു് എന്നതു് സത്യമാണെങ്കില്‍ ഇതും സത്യമായിരിക്കാം.

ആറ്റ്കിന്‍സണിന്റെ പഠനഫലം വളരെ രസകരമാണു് എന്നു് ഭാഷാശാസ്ത്രജ്ഞര്‍ പൊതുവായി കരുതുന്നു. എന്നാല്‍ അതു് യാഥാര്‍ത്ഥ്യമാണോ എന്നു് അറിയാറായിട്ടില്ല. എന്നെങ്കിലും അറിയാന്‍ കഴിയും എന്നു് ഉറപ്പിച്ചു പറയാനാവുമോ? ആറ്റ്കിന്‍സണ്‍ തന്നെ റസ്സല്‍ ഗ്രേ (Russell Gray) എന്ന ശാസ്ത്രജ്ഞനുമായി ചേര്‍ന്നു് 2003ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറഞ്ഞതു് തുര്‍ക്കിയിലാണു് മനുഷ്യഭാഷ ഉണ്ടായതു് എന്നാണു്. വാക്കുകളിലുണ്ടാകുന്ന മാറ്റങ്ങളാണു് അന്നു് പഠനത്തിനു് ഉപയോഗിച്ചതു്. അതിനേക്കാള്‍ ഗഹനമാണു് ഇപ്പോഴത്തെ പഠനം എന്നു കരുതാം. എങ്കിലും പുതിയ പഠനങ്ങള്‍ പുതിയ കണ്ടെത്തലുകളിലേക്കു് നയിക്കാമല്ലോ. ഈ വഴിക്കുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നാലേ കൂടുതല്‍ വ്യക്തത ഉണ്ടാകൂ. മനുഷ്യ ജീനുകളുടെയും മനുഷ്യ ഭാഷകളിലെ ശബ്ദങ്ങളുടെയും വൈവിദ്ധ്യത്തില്‍ കണ്ട ഒരേപോലെയുള്ള സ്വഭാവം, അതായതു് ആഫ്രിക്കയില്‍ നിന്നുള്ള ദൂരം കൂടുന്നതിനനുസരിച്ചു് വൈവിധ്യത്തില്‍ കുറവുണ്ടാകുന്നതു്, ആറ്റ്കിന്‍സണിന്റെ നിഗമനത്തിലുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. ആഫ്രിക്ക ഇരുട്ടു മൂടിയ പ്രാകൃത പ്രദേശമല്ല, മറിച്ചു് നമുക്കു് ജന്മം നല്‍കിയ അമ്മയും നമ്മെ സംസാരിക്കാന്‍ പഠിപ്പിച്ച അച്ഛനുമാണു് എന്ന തിരിച്ചറിവു് നമ്മുടെ കാഴ്ചപ്പാടുകളെ തീര്‍ച്ചയായും സ്വാധീനിക്കും എന്നു കരുതാം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

No comments: