Saturday, August 18, 2012

സെല്‍ഫോണും അര്‍ബുദവും

 (തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം 2011 ജൂണ്‍ 5നു് അയച്ചുകൊടുത്തതു്)

സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് ആരോഗ്യത്തിനു് ഹാനികരമല്ലേ എന്നു് സെല്‍ഫോണ്‍ ഉണ്ടായ കാലം മുതല്‍ക്കേ പലര്‍ക്കും സംശയമുണ്ടായിട്ടുണ്ടു്.  ഫോണ്‍  കമ്പനിക്കാരുടെ ടവറുകള്‍  സ്ഥാപിക്കുന്നതിനു് പലയിടത്തും എതിര്‍പ്പുമുണ്ടായിട്ടുണ്ടു്. റേഡിയോ തരംഗങ്ങള്‍  ശരീരത്തിനു് ദോഷം ചെയ്യും എന്നു് വികസിത രാജ്യങ്ങളില്‍ പോലും ജനങ്ങള്‍ക്കിടയില്‍  ഭയമുണ്ടാകുകയും അതെപ്പറ്റി പല പഠനങ്ങളും നടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഹാനികരമാണെന്നതിനു് തെളിവുകളൊന്നും കിട്ടിയിരുന്നില്ല. ഇപ്പോഴിതാ ലോകാരോഗ്യസംഘടന  മുന്നറിയിപ്പു നല്‍കിയിരിക്കുന്നു സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് അര്‍ബുദത്തിനു് കാരണമായേക്കാം എന്നു്.

ഈ അറിയിപ്പിനു തൊട്ടുപിറകെ തന്നെ അതു് ശരിയല്ല എന്ന പ്രസ്താവനയുമായി  ആഗോളതലത്തില്‍ സെല്‍ഫോണ്‍  കമ്പനികളുടെ ഒരു ഗ്രൂപ്പു്  രംഗത്തെത്തി.  ഇന്ത്യയിലെ കമ്പനികളുടെ അസോസിയേഷന്‍  പറഞ്ഞതു് സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് അര്‍ബുദത്തിനു് കാരണമാകും എന്നു് ലോകാരോഗ്യസംഘടന ഉറപ്പിച്ചു പറഞ്ഞിട്ടില്ല എന്നാണു്. തുടര്‍ന്നു് വൈദ്യശാസ്ത്ര ഗവേഷണത്തിനുള്ള ഇന്ത്യന്‍  കൌണ്‍സിലും (Indian Council for Medical Research, ICMR)  രംഗത്തെത്തി. പാശ്ചാത്യരാജ്യങ്ങളിലാണു് ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനത്തിനു് അടിസ്ഥാനമായ ഗവേഷണം നടന്നതെന്നും ഇന്ത്യയിലെ സാഹചര്യം വ്യത്യസ്ഥമാണെന്നും ഇവിടെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യതന്നെ വ്യത്യസ്ഥമാണെന്നും അതുകൊണ്ടു് ഇവിടെ പഠനം നടത്താതെ  ഒന്നും പറയാനാവില്ല എന്നും അവര്‍  പ്രഖ്യാപിച്ചു. സ്വാഭാവികമായും ഇതെല്ലാം  ഫോണ്‍  ഉപയോഗിക്കുന്നവരില്‍  ചിന്താക്കുഴപ്പമുണ്ടാക്കാന്‍  സാദ്ധ്യതയുണ്ടു്. എന്താണു് ഇതിന്റെ യാഥാര്‍ത്ഥ്യം എന്നു പരിശോധിക്കാം.

ലോകാരോഗ്യസംഘടനയുടെ അനുബന്ധസംഘടനയായ അര്‍ബുദഗവേഷണത്തിനുള്ള അന്തര്‍ദ്ദേശീയ ഏജന്‍സി (International Agency for Research in Cancer, IARC)  ആണു് സെല്‍ഫോണും അര്‍ബുദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു് മുന്നറിയിപ്പു നല്‍കിക്കൊണ്ടു് മെയ് മുപ്പത്തൊന്നാം തീയതി പത്രക്കുറിപ്പിറക്കിയതു്. സെല്‍ഫോണ്‍  പോലെയുള്ള ഉപകരണങ്ങള്‍  പുറപ്പെടുവിക്കുന്ന റേഡിയോതരംഗങ്ങള്‍  ഒരുപക്ഷെ തലച്ചോറില്‍  അര്‍ബുദമുണ്ടാക്കാനിടയുണ്ടു് എന്നാണു് അവര്‍  പറഞ്ഞതു്. വളരെയധികം സമയം സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് ദോഷകരമാകാം എന്നാണു് അവരുടെ പ്രസ്താവനയില്‍  വിശദീകരിക്കുന്നതു്. തലച്ചോറില്‍  ഗ്ലയോമ (glioma)  എന്ന തരത്തിലുള്ള അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത അത്തരക്കാര്‍ക്കു് കൂടുതലായിരിക്കാം എന്നതിനു് സൂചനകളുണ്ടത്രെ.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല IARC  ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നതു്. മറിച്ചു് ഇതുവരെ നടത്തിയ പഠനങ്ങളുടെ  പുനരവലോകനത്തെ അടിസ്ഥാനമാക്കിയാണു്. 14 രാജ്യങ്ങളില്‍  നിന്നുള്ള 31 ഗവേഷകരടങ്ങിയ ഒരു അന്തര്‍ദ്ദേശീയ ടീമാണു് പഠനഫലങ്ങളുടെ അവലോകനം നടത്തി മുന്നറിയിപ്പു കൊടുക്കാനുള്ള തീരുമാനം എടുത്തതു്. എന്നാല്‍  ഏതാണ്ടു് ഒരു വര്‍ഷം മുമ്പു് ഇതേ ഏജന്‍സി തന്നെ പറഞ്ഞതു് സെല്‍ഫോണ്‍  ഉപയോഗത്തെ അര്‍ബുദവുമായി ബന്ധിപ്പിക്കുന്നതിനു് തെളിവുകളൊന്നുമില്ല എന്നാണു്. അതോടൊപ്പം ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. അധികസമയം സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാക്കുന്നുണ്ടു് എന്നതിനു് സൂചനകളുണ്ടു് എന്നു മാത്രമാണു് അവര്‍  പറഞ്ഞിരിക്കുന്നതു്. കാപ്പിയും ക്ലോറോഫോമും ഉള്‍പ്പെടെ അര്‍ബുദമുണ്ടാക്കാന്‍  സാദ്ധ്യതയുള്ള  ചില വസ്തുക്കളോടൊപ്പം ഗ്രൂപ് 2ബിയിലാണു് സെല്‍  ഫോണില്‍നിന്നുണ്ടാകുന്ന റേഡിയോ തരംഗങ്ങളെയും  അവര്‍  ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു്. അതു് സാധൂകരിക്കാനുള്ള തെളിവുകളുണ്ടു് എന്നു് പഠനങ്ങളുടെ അവലോകനം നടത്തിയ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍  ഡോ.~ജൊനാഥന്‍  സാമെറ്റ് പറഞ്ഞു. ഫ്രാന്‍സിലെ ലിയോന്‍  \eng(Lyon) \mal എന്ന സ്ഥലത്തു്വച്ചു് എട്ടു് ദിവസങ്ങളിലായാണു് അവലോകനം നടന്നതു്.

ദീര്‍ഘസമയം സെല്‍ഫോണ്‍  ഉപയോഗിക്കുന്ന ശീലം ദീര്‍ഘകാലത്തേക്കു് തുടര്‍ന്നാലുണ്ടാകാവുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍  ഉണ്ടാകണം എന്നാണു്  IARC യുടെ ഡയറക്‌ടര്‍  ക്രിസ്റ്റഫര്‍ വൈല്‍ഡ് പറഞ്ഞതു്. പത്തു വര്‍ഷമായി ദിവസം ശരാശരി 30 മിനിട്ടുവീതം സെല്‍ഫോണ്‍  ഉപയോഗിക്കുന്നവര്‍  പഠനങ്ങളില്‍  ഉള്‍പ്പെട്ടിട്ടുണ്ടു്. പക്ഷെ ലോകത്താകമാനം 500 കോടി സെല്‍ഫോണ്‍  ഉപയോക്താക്കളാണു് ഉള്ളതു്. അവര്‍  ആയുഷ്ക്കാലം മുഴുവനും ഇത്തരം ഫോണ്‍  ഉപയോഗിച്ചാല്‍  എന്തു് സംഭവിക്കാം എന്നതിനെപ്പറ്റി നമുക്കു് യാതൊരു ഊഹവുമില്ല എന്നു് അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിനെ പലരും പല വിധത്തിലാണു് എതിരേറ്റിരിക്കുന്നതു്. പ്രതീക്ഷിക്കാവുന്നതുപോലെ, സെല്‍ഫോണ്‍  കമ്പനികള്‍  അതിനെ എതിര്‍ത്തു. ഡോക്ടര്‍മാരില്‍  ചിലര്‍  അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. "ഇതു് നമ്മെ ഉണര്‍ത്തണം" എന്നാണു് ആസ്ട്രേലിയയിലെ ഒരു പ്രമുഖ ന്യൂറോസര്‍ജനായ ചാള്‍സ് ടിയോ പത്രപ്രവര്‍ത്തകരോടു് പറഞ്ഞതു്. സെല്‍ഫോണിന്റെ അമിത ഉപയോഗത്തിന്റെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി വളരെ നാളുകളായി പ്രചരണം നടത്തുന്ന വ്യക്തിയാണു് അദ്ദേഹം. അതേസമയം ആസ്ട്രേലിയയില്‍ത്തന്നെ റേഡിയോ തരംഗങ്ങള്‍ക്കു് ജൈവകോശങ്ങളിലുള്ള പ്രഭാവത്തെപ്പറ്റി ഗവേഷണം നടത്തുന്ന പ്രൊഫസര്‍  റോഡ്നി ക്രോഫ്റ്റ് വിശ്വസിക്കുന്നതു് സെല്‍ഫോണുകള്‍ക്കു് അര്‍ബുദവുമായി യാതൊരു ബന്ധവുമില്ല എന്നാണു്. തുടര്‍ന്നുണ്ടാകുന്ന ഗവേഷണങ്ങള്‍  അതു് വ്യക്തമാക്കും എന്നു് അദ്ദേഹം പറയുന്നു. കുറച്ചു കാലം ഉപയോഗിക്കുന്നതു് യാതൊരു വിധത്തിലും ആരോഗ്യത്തെ ബാധിക്കില്ല എന്നു് ധാരാളം പഠനങ്ങള്‍  തെളിയിച്ചിട്ടുണ്ടു് എന്നദ്ദേഹം പറഞ്ഞു. പഠിക്കാന്‍  കഴിഞ്ഞിട്ടില്ലാത്തതു് ദീര്‍ഘകാലത്തെ ഉപയോഗം എന്തെങ്കിലും ദോഷം ചെയ്യുമോ എന്നുള്ളതാണു്. എന്നാല്‍  അതൊരു പ്രശ്നമാകാം എന്നു വിശ്വസിക്കാന്‍  നമുക്കു് യാതൊരു കാരണവുമില്ല എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം.

2010ല്‍  21 ശാസ്ത്രജ്ഞരടങ്ങിയ ഇന്റര്‍ഫോണ്‍  എന്നൊരു കൂട്ടം ഗവേഷകര്‍  മൊബൈല്‍  ഫോണും അര്‍ബുദവുമായി ബന്ധപ്പെട്ടു് ഇതുവരെയുള്ളതില്‍വച്ചു് ഏറ്റവും ബൃഹത്തായ പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. 2000ല്‍   IARC യുടെ സഹകരണത്തോടെ തുടങ്ങിയ ഈ പഠനത്തില്‍  പതിമൂന്നു് രാജ്യങ്ങളിലായി 2708 ഗ്ലയോമ രോഗികളുമായും 2409 മെനിഞ്ജിയോമ രോഗികളുമായുമാണു്  അഭിമുഖം നടത്തിയതു്. സെല്‍ഫോണുകള്‍  വികിരണം ചെയ്യുന്ന റേഡിയോ തരംഗങ്ങള്‍  ആഗിരണം ചെയ്യുന്ന നാലു തരം സെല്ലുകളിലുണ്ടാകുന്ന ട്യൂമറുകളാണു് അവര്‍  പഠനവിധേയമാക്കിയതു്. ഇതിന്റെ ഫലം വളരെ വ്യക്തമായിരുന്നു: സെല്‍ഫോണ്‍  ഉപയോഗിക്കുന്നതുകൊണ്ടു് അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത കൂടുന്നതായി യാതൊരു തെളിവും ലഭിച്ചില്ല. സെല്‍ഫോണ്‍  ഏറ്റവും കൂടുതല്‍  ഉപയോഗിക്കുന്നവരുടെ ഇടയില്‍  അര്‍ബുദത്തിനുള്ള സാദ്ധ്യത കൂടുന്നതായി സൂചന ലഭിച്ചു. പക്ഷെ പഠനത്തില്‍  പക്ഷപാതവും പിശകുകളും ഉണ്ടായിരിക്കാനുള്ള സാദ്ധ്യത കൂടി കണക്കിലെടുക്കുമ്പോള്‍  ഇക്കാര്യം ഉറപ്പിച്ചു പറയാനാവുന്നില്ല.

എന്നാല്‍  ഇന്നത്തെ സെല്‍ഫോണ്‍  ഉപയോഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍  വളരെ കുറവായിരുന്നു  പത്തു വര്‍ഷം മുമ്പുണ്ടായിരുന്നതു്. പഠനത്തില്‍  പങ്കെടുത്തവരില്‍  ഏറ്റവും കൂടുതല്‍  ഫോണുപയോഗിച്ച 10% പേര്‍  10 വര്‍ഷം കൊണ്ടു് ശരാശരി 1640 മണിക്കൂറാണു് ഫോണില്‍ സംസാരിച്ചതു്; അതായതു് ദിവസം ശരാശരി അര മണിക്കൂര്‍  സമയം. ഇന്നു് സെല്‍ഫോണ്‍  ഉപയോഗം അതിനേക്കാള്‍  എത്രയോ കൂടുതലാണു് എന്നതിനു് സംശയമില്ലല്ലോ. ``സെല്‍ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ടു് അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത കൂടുന്നു എന്നു് ഈ പഠനം കാണിക്കുന്നില്ല. എന്നാല്‍  സെല്‍ഫോണ്‍  ഉപയോഗവും അര്‍ബുദവും തമ്മില്‍   ബന്ധമുണ്ടോ എന്നതു് കൂടുതല്‍  പഠനങ്ങള്‍ക്കു് വിധേയമാകണം എന്നാണു് വളരെയധികമായി ഫോണ്‍  ഉപയോഗിക്കുന്നവരുടെ ഇടയില്‍  അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലുണ്ടെന്നുള്ള സൂചനയും സെല്‍ഫോണിന്റെ ഉപയോഗത്തില്‍  വന്നുകൊണ്ടിരിക്കുന്ന മാറ്റവും ചൂണ്ടിക്കാണിക്കുന്നതു്.'' എന്നാണു്  IARC  ഡയറക്‌ടര്‍ ക്രിസ്റ്റഫര്‍  വൈല്‍ഡ് അന്നു പറഞ്ഞതു്.

ജീവിതരീതി മാറുന്നതും പുതിയ സാങ്കേതികവിദ്യയും ഒക്കെ  നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതാകാം. മാറ്റം ചിലപ്പോള്‍  ഗുണകരമാകാമെങ്കിലും  മിക്കപ്പോഴും ദോഷം ചെയ്യുന്നതാണു് നമ്മള്‍  കാണുന്നതു്. യന്ത്രവല്‍ക്കൃത വാഹനങ്ങള്‍  വന്നപ്പോള്‍ അതു് യാത്ര സുഖകരമാക്കിയെങ്കിലും അതോടെ നമ്മള്‍  നടക്കാന്‍  മറന്നു.  ആവശ്യത്തിനു് വ്യായാമം ലഭിക്കാതായി. അതു് രോഗങ്ങള്‍  ക്ഷണിച്ചുവരുത്തി. ആവശ്യത്തിനു് വായുസഞ്ചാരമില്ലാത്ത കെട്ടിടങ്ങളില്‍  കൃത്രിമ വസ്തുക്കളില്‍  നിന്നും ചായങ്ങളില്‍ നിന്നും ഉതിരുന്ന വാതകങ്ങള്‍  ആരോഗ്യത്തിനു് ഹാനികരമാണെന്നു് പാശ്ചാത്യര്‍  മനസിലാക്കിക്കഴിഞ്ഞിരിക്കുന്നു. അസഹ്യമായ ചൂടോ തണുപ്പോ ഉണ്ടാകാത്ത നമ്മുടെ നാട്ടില്‍  ഇപ്പോഴും വായു കടക്കാത്ത കെട്ടിടങ്ങള്‍ നാം നിര്‍മ്മിക്കുന്നു. സെല്‍ഫോണ്‍  എന്ന പുതിയ സാങ്കേതികവിദ്യയും അമിതമായി ഉപയോഗിച്ചാല്‍  ദോഷം ചെയ്യുമായിരിക്കാം. അതുകൊണ്ടുതന്നെ പാശ്ചാത്യ നാടുകളില്‍  ഉണ്ടാകുന്ന ഇത്തരം തിരിച്ചറിവുകളെപ്പറ്റി നാം ബോധവാന്മാരായിരിക്കേണ്ടതുണ്ടു്. നമ്മുടെ മാധ്യമങ്ങളും ഇക്കാര്യത്തില്‍  ശ്രദ്ധ ചെലുത്തേണ്ടതാണു്. എന്തായാലും നമ്മുടെ ഒരു പഴഞ്ചൊല്ലു് എപ്പോഴും ഓര്‍മ്മിക്കുന്നതു് നല്ലതായിരിക്കും: അധികമായാല്‍ അമൃതും വിഷം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ്  by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു)

No comments: