Saturday, August 18, 2012

വീട്ടിനുള്ളിലെ മലിനീകരണം

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം 2011 ജൂലൈ 5നു് അയച്ചുകൊടുത്തതു്)

പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും വായു മലിനീകരണത്തെക്കുറിച്ചും മറ്റും സാമാന്യം അവബോധമുണ്ടു് കേരളത്തില്‍. വനനശീകരണവും ജല-വായു മലിനീകരണവും ഒക്കെ പ്രതിഷേധങ്ങളിലേക്കും പ്രകടനങ്ങളിലേക്കും നയിക്കാറുണ്ടിവിടെ. സൈലന്റ് വാലിയിലും ആതിരപ്പള്ളിയിലും എല്ലാം നമ്മള്‍  പരിസ്ഥിതി സംരക്ഷണത്തിനു് പ്രാധാന്യം നല്‍കി. അപ്പോഴും നമ്മുടെ ശ്രദ്ധയില്‍  പെടാതെ, നാമറിയാതെ, മലിനീകരണം നമ്മുടെ തൊട്ടടുത്തേക്കു് വന്നുകൊണ്ടിരിക്കുകയാണു്---നമ്മുടെ വീടുകളിലേക്കും നമ്മള്‍  ദിവസവും ആറോ എട്ടോ മണിക്കൂര്‍  ചെലവഴിക്കുന്ന നമ്മുടെ പണിശാലകളിലേക്കും. പെയിന്റും പാര്‍ട്ടിക്കിള്‍  ബോര്‍ഡും മുതല്‍  ആധുനിക കെട്ടിട നിര്‍മ്മാണത്തിനു് ഉപയോഗിക്കുന്ന പല വസ്തുക്കളും നാം ശ്വസിക്കുന്ന വായു മലിനീകരിക്കുന്നുണ്ടു്. നമ്മുടെ പരിസരം മലിനീകരിക്കുകയാണു്. പ്രത്യേകിച്ചു് വായുസഞ്ചാരം കുറവുള്ള ആധുനിക കെട്ടിടങ്ങളില്‍. കൂടുതല്‍  കാലം നിറം നിലനിര്‍ത്താനായി  പെയിന്റ് കമ്പനികള്‍  ചേര്‍ക്കുന്ന ഈയത്തെപ്പറ്റി ഈയിടെ പുറത്തു വന്ന ഒരു പഠനറിപ്പോര്‍ട്ടു് വീട്ടിനുള്ളില്‍  കടന്നു കയറുന്ന മലിനീകരണത്തിലേക്കു് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കാന്‍  കാരണമാകും എന്നു പ്രതീക്ഷിക്കാം.

ഇന്ത്യയിലെയും ബാംഗ്ലാദേശിലെയും നേപ്പാളിലെയും ഓരോ എന്‍.ജി.ഓകള്‍  ചേര്‍ന്നാണു് പഠനം നടത്തിയതു്. ഇന്ത്യയിലെ ടോക്സിക്സ് ലിങ്ക് (Toxics Link), ബാംഗ്ലാദേശിലെ പാരിസ്ഥിതിക സാമൂഹിക വികസന സംഘടന (Environmental and Social Development Organisation) നേപ്പാളിലെ പൊതുജനാരോഗ്യ പാരിസ്ഥിതിക വികസന കേന്ദ്രം (Centre for Public Health and Environment Development) എന്നിവയാണു് പഠനത്തില്‍  സഹകരിച്ച  സംഘടനകള്‍. ഇന്ത്യയില്‍  വില്‍ക്കുന്ന പെയിന്റിനെക്കാള്‍  ആയിരക്കണക്കിനും ലക്ഷക്കണക്കിനും ഇരട്ടി കറുത്തീയമാണു് ബാംഗ്ലാദേശിലും നേപ്പാളിലും വില്‍ക്കുന്ന പെയിന്റിലുള്ളതു് എന്നു് അവര്‍  കണ്ടെത്തി. ഇതില്‍  നമ്മള്‍  ആശ്വസിക്കേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍  അമേരിക്കയില്‍  നിയമാനുസൃതം അനുവദനീയമായതിന്റെ പത്തിരട്ടിയിലധികം കറുത്തീയമാണു് ഇന്ത്യയില്‍  കമ്പനികള്‍  സ്വമേധയാ നിശ്ചയിച്ചിട്ടുള്ള പരിധി. പെയിന്റിലെ ഈയം  സംബന്ധിച്ചു് ഇന്ത്യയില്‍  ഇതുവരെ നിയമമില്ലത്രെ! അതുപോലെ ബാംഗ്ലാദേശിലും നേപ്പാളിലും നിയമമില്ല എന്നതു് നമുക്കു് ആശ്വാസമേകേണ്ടതില്ലല്ലൊ. അമേരിക്ക, കാനഡ, യൂറോപ്പ്, ആസ്ട്രേലിയ എന്നിവിടങ്ങളിലെ നിയമമനുസരിച്ചു് ഒരു ലക്ഷത്തില്‍  9 ഭാഗമെ കറുത്തീയം ആകാവൂ എങ്കില്‍  ഇന്ത്യയില്‍  100 ഭാഗം വരെ ആവാം എന്നാണു് പെയിന്റ് കമ്പനികള്‍  തീരുമാനിച്ചിരിക്കുന്നതു്. എന്നാലോ  പഠനത്തില്‍  തെളിഞ്ഞതു് ഇന്ത്യയിലെ ഒരു പെയിന്റില്‍  1.3 ശതമാനവും ബാംഗ്ലാദേശിലെ ഒരു പെയിന്റില്‍  4.3 ശതമാനവും കറുത്തീയമുണ്ടു് എന്നാണു്.

പെയിന്റിലെ ഈയം എങ്ങനെയാണു് ആരോഗ്യത്തെ ബാധിക്കുന്നതു് എന്നു നോക്കാം. ഈയം, രസം, സ്വര്‍ണ്ണം തുടങ്ങിയ  ഭാരം കൂടിയ ലോഹങ്ങള്‍  ആരോഗ്യത്തിനു് ഹാനികരമാണു് എന്നു് പണ്ടുമുതല്‍ക്കേ അറിവുണ്ടായിരുന്നു. വളര്‍ച്ച മുരടിപ്പിക്കുക, കിഡ്നിയ്ക്കു് ദോഷം ചെയ്യുക, കാന്‍സറുണ്ടാക്കുക തുടങ്ങി പല ഗുരുതരമായ ദോഷങ്ങളും ഈ ലോഹങ്ങള്‍ക്കുണ്ടു്. അതുകൊണ്ടുതന്നെ അവ ശരീരത്തിനുള്ളില്‍ ചെല്ലാതെ സൂക്ഷിക്കേണ്ടതാവശ്യമാണു്.  പെയിന്റിലെ ഈയം എങ്ങനെ ശരീരത്തില്‍  പ്രവേശിക്കുന്നു എന്നു പരിശോധിക്കാം. പെയിന്റ് കൈകാര്യം ചെയ്യുന്നവര്‍ക്കു് അതു് അശേഷം ഉള്ളില്‍  കടക്കാതെ സൂക്ഷിക്കുക എന്നതു് അസാദ്ധ്യം തന്നെയാണു് എന്നു് വ്യക്തമാണല്ലോ. എന്നാല്‍  പെയിന്റടിച്ച കെട്ടിടങ്ങളില്‍  കഴിയുന്നവരെയും പെയിന്റിലെ ഈയം ബാധിക്കും.  പെയിന്റ് കുറച്ചുകാലം കൊണ്ടു് ഉണങ്ങി ക്രമേണ പൊടിഞ്ഞു്  കെട്ടിടത്തിലെല്ലാം പടരുകയും കുറേശ്ശെ നമ്മുടെ ഉള്ളില്‍  കടക്കുകയും ചെയ്യും. ഇതു് കൂടുതല്‍  ബാധിക്കുന്നതു് ചെറിയ കുട്ടികളെയാണു്. കാരണം  കയ്യും കയ്യില്‍  കിട്ടുന്ന ചെറിയ വസ്തുക്കളും വായിലിടുന്ന സ്വഭാവം ഇവര്‍ക്കുണ്ടു്. ഇങ്ങനെ ഉള്ളിലെത്തുന്ന ഈയം നിസ്സാരമായ അളവിലേയുള്ളൂ എന്നും അതത്ര ഹാനികരമാവില്ല എന്നും കരുതരുതു്. എല്‍ബ ദ്വീപില്‍ തടവിലാക്കപ്പെട്ട നെപ്പോളിയനെ  പാര്‍പ്പിച്ചിരുന്ന പഴയ കൊട്ടാരത്തില്‍  പൂശിയിരുന്ന ചായങ്ങളില്‍  നിന്നു് ആര്‍സെനിക് എന്ന ലോഹം അകത്തു ചെന്നായിരിക്കാം അദ്ദേഹം മരിച്ചതു് എന്നു്  മൃതശരീരം പരിശോധിച്ച ഭിഷഗ്വരന്മാര്‍  അഭിപ്രായപ്പെട്ടിരുന്നു എന്നോര്‍ക്കണം.

പെയിന്റില്‍നിന്നു മാത്രമല്ല കറുത്തീയം നമ്മുടെ ശരീരത്തില്‍  പ്രവേശിക്കുന്നതു്. ഈയം കലര്‍ന്ന പെട്രോള്‍  ഇപ്പോഴും നമ്മള്‍  ഉപയോഗിക്കുന്നുണ്ടു്. അന്തരീക്ഷത്തില്‍  കലരുന്ന അതിന്റെ പുക ശ്വസിക്കുന്നതിലൂടെയും ഈയം ശരീരത്തില്‍ കടക്കാം. ഈയമല്ലാതെ ഭാരം കൂടിയ മറ്റു ലോഹങ്ങളും നമ്മള്‍  സാധാരണയായി ഉപയോഗിക്കുന്ന  പല പദാര്‍ത്ഥങ്ങളിലും കലര്‍ന്നിട്ടുണ്ടു്.  ലോഹങ്ങള്‍  കൂടാതെ പല ആധുനിക കൃത്രിമ വസ്തുക്കളും പുറത്തു വിടുന്ന സങ്കീര്‍ണ്ണമായ പല ജൈവരാസവസ്തുക്കളുടെ ആവിയും ശരീരത്തിനു് നന്നല്ല. നല്ല വായുസഞ്ചാരമില്ലാത്ത കെട്ടിടങ്ങളില്‍  ഇവ കുമിഞ്ഞുകൂടുകയും ശ്വാസത്തിലൂടെ അവിടെയുള്ളവരുടെ ശരീരത്തില്‍  പ്രവേശിക്കുകയും ചെയ്യുന്നുണ്ടു്. ഈ രാസവസ്തുക്കള്‍  മിക്കതും ആരോഗ്യത്തിനു് ഹാനികരമാണു്.

വേണ്ടത്ര വായുസഞ്ചാരമില്ലാത്ത കെട്ടിടങ്ങള്‍ക്കുള്ളിലെ വായുവില്‍  കുമിഞ്ഞുകൂടുന്ന പദാര്‍ത്ഥങ്ങളില്‍  പ്രധാനപ്പെട്ട ഒന്നാണു് വേഗം ബാഷ്പീകരിക്കുന്ന ജൈവസംയുക്തങ്ങള്‍  (organic compounds). പെയിന്റുകള്‍, വാര്‍ണിഷുകള്‍, ചിലതരം പശകള്‍, ശുചീകരണത്തിനും പെയിന്റ് നേര്‍പ്പിക്കാനും മറ്റും ഉപയോഗിക്കുന്ന രാസവസ്തുക്കള്‍  തുടങ്ങി പലതില്‍ നിന്നും ഇത്തരം ആവികള്‍  അന്തരീക്ഷത്തില്‍  ലയിക്കാം. ഇങ്ങനെയുള്ള പദാര്‍ത്ഥങ്ങള്‍  മിക്ക കെട്ടിടങ്ങള്‍ക്കുള്ളിലെ വായുവിലും പുറത്തുള്ളതിനെക്കാള്‍  കൂടുതലുണ്ടാകും. വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഇത്തരമൊരു സംയുക്തമാണു് ഫോര്‍മാല്‍ഡീഹൈഡ്. വേണ്ടത്ര വായുസഞ്ചാരമില്ലാത്ത സ്ഥലത്തു് തീ കത്തിക്കുന്നതും (ഗ്യാസടുപ്പുള്‍പ്പെടെ) പുകവലിക്കുന്നതും കൂടാതെ കൃത്രിമ തടി (പാര്‍ട്ടിക്കിള്‍  ബോര്‍ഡ് തുടങ്ങിയവ) ഉപയോഗിച്ചു് ഉണ്ടാക്കിയ ഫര്‍ണിച്ചറുകളും മറ്റും   ഫോര്‍മാല്‍ഡീഹൈഡ് പുറത്തു വിടുന്നുണ്ടു്. കെട്ടിടങ്ങള്‍ക്കുള്ളിലെ വായുവില്‍  പുറമെ ഉള്ളതിന്റെ 5 മുതല്‍  100 ഇരട്ടിവരെ മാലിന്യം ഉണ്ടാകാം എന്നാണു് അമേരിക്കയിലെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി കണ്ടെത്തിയതു്. അതുകൊണ്ടു് പുറത്തുള്ള വായുമലിനീകരണത്തോടൊപ്പം വീട്ടിനുള്ളിലെ വായുവിന്റെ കാര്യം കൂടി നമ്മള്‍  ശ്രദ്ധിക്കേണ്ടതുണ്ടു്. കെട്ടടങ്ങളില്‍  മാത്രമല്ല എപ്പോഴും അടച്ചുമൂടി വച്ചു് എയര്‍കണ്ടീഷന്‍  ചെയ്ത കാറുകള്‍ക്കുള്ളില്‍  പോലും ഈവക ആവികള്‍  കുമിഞ്ഞുകൂടുന്നുണ്ടത്രെ.

റഡോണ്‍  \engmal{(radon)} എന്ന വാതകമാണു് കെട്ടിടങ്ങള്‍ക്കുള്ളിലെ മറ്റൊരു അപകടകാരി. റേഡിയോ ആക്ടിവതയുടെ ഫലമായാണു് റഡോണ്‍  ഉണ്ടാകുന്നതു്. മിക്കവാറും എല്ലാത്തരം മണ്ണുകളിലുമുള്ള യുറേനിയം അഴുകുമ്പോഴാണു് റഡോണ്‍  ഉണ്ടാകുന്നതു്. കെട്ടിടങ്ങളിലെ സൂക്ഷ്മമായ വിള്ളലുകളിലൂടെയും സുഷിരങ്ങളിലൂടെയും റഡോണ്‍  മണ്ണില്‍ നിന്നു് വീട്ടിനുള്ളില്‍  കടക്കുന്നു. നല്ല വായുസഞ്ചാരം ഇല്ലെങ്കില്‍  അതവിടെ അടിഞ്ഞുകൂടുന്നു. റഡോണും റേഡിയോ ആക്ടീവാണു്. ഈ വാതകം എല്ലാ പ്രദേശങ്ങളിലും വ്യത്യസ്ത തോതുകളിലുണ്ടു്. കേരളത്തില്‍  ചവറ ഭാഗത്തെ തോറിയമടങ്ങിയ മണലില്‍നിന്നു് ധാരാളം റഡോണ്‍  ഉതിരുന്നുണ്ടു്. ആ പ്രദേശത്തു് വര്‍ദ്ധിച്ച തോതില്‍  കാന്‍സറും മറ്റു രോഗങ്ങളും ഉണ്ടാവാന്‍  ഇതു് കാരണമാകുന്നുണ്ടു് എന്നു് പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും ചൂണ്ടിക്കാണിക്കുകയും ശക്തമായ പ്രതിഷേധങ്ങളുയര്‍ത്തുകയും ചെയ്തിട്ടുണ്ടു്. ശ്വാസകോശത്തില്‍  കാന്‍സറുണ്ടാവാന്‍  റഡോണ്‍  കാരണമാകുന്നു എന്നു് നമുക്കറിവായിട്ടുണ്ടു്. അമേരിക്കയില്‍  പ്രതിവര്‍ഷം ഏകദേശം 20,000 പേര്‍ക്കു് റഡോണ്‍  മൂലം കാന്‍സറുണ്ടാകുന്നു എന്നാണു് അവിടത്തെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി പറയുന്നതു്. മാത്രമല്ല, കെട്ടിടത്തിനുള്ളിലെ റഡോണിന്റെ അളവു് തിട്ടപ്പെടുത്താനും നിയന്ത്രിക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍  അവര്‍  വിശദീകരിക്കുന്നുണ്ടു്.

ഇതില്‍  നിന്നെല്ലാം നമുക്കു് എന്താണു് പഠിക്കാനുള്ളതു്?  മനുഷ്യനിര്‍മ്മിതമായ പദാര്‍ത്ഥങ്ങള്‍  പണ്ടില്ലായിരുന്നു. ഫര്‍ണിച്ചറോ അലമാരകളോ ഒക്കെ ഉണ്ടാക്കാന്‍  സ്വാഭാവികമായ തടിയാണു് ഉപയോഗിച്ചിരുന്നതു്. അതുകൊണ്ടുതന്നെ  ശരീരത്തിനു് ഹാനികരമായ ആവികള്‍  ഉണ്ടായില്ല. കെട്ടിടങ്ങള്‍ക്കുള്ളിലും പുറത്തും നമ്മുടെ മുന്‍ഗാമികള്‍  ശ്വസിച്ചിരുന്നതു് ശുദ്ധമായ വായു ആയിരുന്നു.  നമ്മുടെ നാട്ടിലെ പഴയകാലത്തെ കെട്ടിടങ്ങള്‍  പൊതുവെ നല്ല വായുസഞ്ചാരമുള്ളവ ആയിരുന്നു.  റഡോണ്‍  പോലെയുള്ള വാതകങ്ങള്‍  കെട്ടിടങ്ങള്‍ക്കുള്ളില്‍  കുമിഞ്ഞുകൂടിയില്ല. അതുകൊണ്ടു് കെട്ടിടങ്ങള്‍ക്കുള്ളിലെ വായു താരതമ്യേന ദോഷമില്ലാത്തതായിരുന്നു. എന്നാല്‍  ഇന്നങ്ങനെയല്ല. അടച്ചുകെട്ടിയ കെട്ടിടങ്ങളില്‍  വൈദ്യുത ഉപകരണങ്ങളുടെ സഹായത്തോടെ കൃത്രിമമായി കാറ്റും വെളിച്ചവും സൃഷ്ടിക്കുന്നതു് വളരെ സാധാരണമാണു്. അതുപോലെ കൃത്രിമവസ്തുക്കളുടെ ഉപയോഗവും സര്‍വ്വസാധാരണമാണു്. ഇതൊക്കെ നമ്മുടെ ആരോഗ്യത്തെയാണു് ഹനിക്കുന്നതു്. എയര്‍കണ്ടീഷന്‍  ചെയ്ത വാഹനങ്ങളില്‍  ഇടയ്ക്കു് വായുസഞ്ചാരം അനുവദിക്കണം. ആരോഗ്യമാണോ ആഡംബരമാണോ പ്രധാനം എന്നു് നമ്മള്‍  ചിന്തിക്കണം. വ്യാവസായിക ഉത്പന്നങ്ങളില്‍  ഹാനികരമായ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനു് നിയമമുണ്ടാക്കാന്‍  സര്‍ക്കാരില്‍  സമ്മര്‍ദ്ദം ചെലുത്തണം. വീട്ടിനുള്ളിലെ വായുവിന്റെയും ഗുണനിലവാരത്തെപ്പറ്റി നമ്മള്‍  ബോധവാന്മാരാവണം.

No comments: