Sunday, August 19, 2012

ജീവന്‍ കൊണ്ടു കളിക്കണോ?

(തേജസ് പത്രത്തിനുവേണ്ടി എഴുതി 2011 ആഗസ്റ്റ് 18നു് അയച്ചതു്)

പ്രകൃതിയില്‍  സ്വാഭാവികമായി കാണാത്ത കൃത്രിമമായ പദാര്‍ത്ഥം ഒരു ജീവിയുടെ ഡി.എന്‍.എ.യില്‍  ചേര്‍ക്കുന്നതില്‍  വിജയിച്ചു എന്നു് അടുത്തിടെ വാര്‍ത്തയുണ്ടായിരുന്നു. ചെടികളുടെ ഡി.എന്‍.എ.യില്‍  ചില പ്രത്യേക ജീനുകള്‍  ചേര്‍ത്തു് കൃമികളുടെ ആക്രമണത്തിനു് അതീതമാക്കുകയും അത്തരം വിത്തുകളില്‍നിന്നുണ്ടാകുന്ന ചെടികളില്‍  നിന്നു് സ്വാഭാവികമായി ലഭിക്കുന്ന വിത്തുകള്‍ക്കു് ആ ഗുണം ഉണ്ടാകാത്തവണ്ണം ജനിതകദ്രവ്യത്തില്‍  മാറ്റം വരുത്തി വില്‍ക്കുകുയും ചെയ്യുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ ലോകത്തിന്റെ പല ഭാഗത്തും പ്രതിഷേധം ഉയര്‍ന്നിട്ടു് അധികകാലം ആയിട്ടില്ല. എന്നാല്‍  ഇംഗ്ലണ്ടിലെ മെഡിക്കല്‍  റിസര്‍ച്ച് കൌണ്‍സിലിന്റെ കേംബ്രിഡ്ജിലുള്ള തന്മാത്രാ ജൈവശാസ്ത്ര ഗവേഷണകേന്ദ്രത്തില്‍  (Laboratory of Molecular Biology) ഇപ്പോള്‍  സാധ്യമായിരിക്കുന്നതു് പുതിയതായി ഒരു ഭാഗം ജനിതകദ്രവ്യത്തില്‍  ചേര്‍ക്കുക എന്നതാണു്. നിമറ്റോഡ് വിരകള്‍  എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട ഒരിനം വിരയിലാണു് സെബാസ്റ്റ്യന്‍  ഗ്രീസ് (Sebastian Greiss) ജേസണ്‍  ചിന്‍  (Jason Chin) എന്നിവര്‍  ഈ പരീക്ഷണം വിജയകരമായി നടത്തിയതു്. എന്തായിരുന്നു ഇവരുടെ പരീക്ഷണം, ഇതിന്റെ ഫലമായി എന്തെല്ലാം പ്രതീക്ഷിക്കാം തുടങ്ങിയ കാര്യങ്ങള്‍  പരിശോധിക്കാം.

ജൈവരൂപങ്ങളൊക്കെയും, ചെടികളും മൃഗങ്ങളും എല്ലാം, കോശങ്ങളാലാണു് നിര്‍മ്മിച്ചിരിക്കുന്നതു്. ഒരൊറ്റ കോശമുള്ള അമീബ, ബാക്‌ടീരിയ തുടങ്ങിയ ജീവികള്‍  മുതല്‍ ലക്ഷക്കണക്കിനു് കോശങ്ങളടങ്ങിയ മരങ്ങളും മനുഷ്യരുമുള്‍പ്പെടെ എല്ലാ ജൈവവര്‍ഗങ്ങളിലും ജനിതകദ്രവ്യമുണ്ടു്. പല ജൈവവര്‍ഗങ്ങളുടെയും കോശങ്ങളില്‍  നേരിയ ചര്‍മ്മത്താല്‍  വേര്‍തിരിഞ്ഞു നില്‍ക്കുന്ന കേന്ദ്രങ്ങളിലാണു് ജനിതകദ്രവ്യം  സ്ഥിതിചെയ്യുക. എന്നാല്‍  കേന്ദ്രങ്ങളില്ലാത്ത കോശങ്ങളുള്ള ബാക്ടീരിയ പോലത്തെ ജൈവരൂപങ്ങളിലും ജനിതകദ്രവ്യമുണ്ടു്. അവയാണു് ജീവിയുടെ പ്രകൃതം നിയന്ത്രിക്കുന്നതു്. മനുഷ്യരുടെ തൊലിയുടെയും മുടിയുടെയും നിറവും ആണോ പെണ്ണോ എന്നതും മുഖത്തിന്റെ ആകൃതി പോലും കോശകേന്ദ്രത്തിലുള്ള വിവരസഞ്ചയമാണു് നിയന്ത്രിക്കുന്നതു്. ക്രോമോസോമുകള്‍  എന്നറിയപ്പെടുന്ന തന്മാത്രകളിലാണു് ഈ വിവരങ്ങള്‍  സൂക്ഷിച്ചു വച്ചിരിക്കുന്നതു്. ക്രോമോസോമുകള്‍  ജോഡിയായാണു് വരുന്നതു്---ഒന്നു് പിതാവില്‍നിന്നും ഒന്നു് മാതാവില്‍നിന്നും. മനുഷ്യനു് 23 ജോഡി ക്രോമോസോമുകളാണു് സാധാരണയായുള്ളതു്. ഓരോ ക്രോമോസോമിലും അനേകം ജീനുകളുണ്ടു്. ഓരോ സ്വഭാവവും നിയന്ത്രിക്കുന്നതു് ഓരോ ജീന്‍ ആണു് എന്നു പറയാം. ഉദാഹരണമായി ഒരു വ്യക്തിയുടെ തൊലിയുടെ നിറം തീരുമാനിക്കുന്നതു് തൊലിയിലുള്ള മെലനിന്‍ എന്ന രാസവസ്തുവാണു്. ഇതിന്റെ ഉത്പാദനം നിയന്ത്രിക്കുന്നതു് ഒരു ജീനാണു്. ശരീരത്തിലെ പ്രൊട്ടീനുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നതിലൂടെ ജീനുകള്‍ക്കു് വ്യക്തിയുടെ ശരീരസ്വഭാവങ്ങള്‍  നിയന്ത്രിക്കാനാകും. ഡയബറ്റിസ് പോലെ പരമ്പരാഗതമായി ലഭിക്കുന്ന രോഗങ്ങള്‍ക്കു് കാരണമാകുന്നതും അതുമായി ബന്ധമുള്ള ജീനുകളാണു്. ചുരുക്കിപ്പറഞ്ഞാല്‍  ഒരു വ്യക്തി എങ്ങനെയായിരിക്കും എന്നതു് തീരുമാനിക്കുന്നതു് ജനിതകദ്രവ്യമാണു്. എല്ലാ ചെടികളുടെയും മൃഗങ്ങളുടെയും കാര്യത്തില്‍  ഇതാണു് സത്യം.

ഡിഓക്സിറിബോ ന്യൂക്ലിയിക് ആസിഡ് (Deoxyribo Nucleic Acid) എന്നതിന്റെ ചുരുക്കപ്പേരാണു് ഡി.എന്‍.എ.  നാം ക്രോമോസോം എന്നു വിളിക്കുന്നതു് ഒരര്‍ത്ഥത്തില്‍  രണ്ടു് ഡി.എന്‍.എ. തന്മാത്രകളാണു്. ഈ തന്മാത്രകള്‍  പരസ്പരം ചുറ്റി പിരിഞ്ഞാണു് ഇരിക്കുന്നതു്, രണ്ടിഴകളുള്ള കയറുപോലെ. അതുകൊണ്ടു് മനുഷ്യന്റെ ഓരോ കോശത്തിനുള്ളിലും 92 ഡി.എന്‍.എ. തന്മാത്രകളുണ്ടെന്നു് പറയാം -- 23 ജോഡി ക്രോമോസോമുകള്‍ എന്നു പറയുമ്പോള്‍  46 ക്രോമോസോമുകള്‍, ഓരോന്നിലും ഈരണ്ടു് ഡി.എന്‍.എ. തന്മാത്രകള്‍  വീതം.

നിമറ്റോഡുകള്‍  എന്നറിയപ്പെടുന്ന ജന്തുവര്‍ഗത്തിലെ ഒരിനത്തിലാണു് കേംബ്രിഡ്ജിലെ ഗവേഷകര്‍  പരീക്ഷണം നടത്തിയതു്. ഏതാണ്ടു് 23,000 ഇനങ്ങളടങ്ങിയ വിരകളുള്‍പ്പെടുന്ന വര്‍ഗമാണു് നിമറ്റോഡുകള്‍. അവയില്‍  16,000 ഇനങ്ങളും പരജീവികളാണു്; അതായതു് മറ്റൊരു ജന്തുവിന്റെ ശരീരത്തിലാണു് അവ ജീവിക്കുന്നതു്. പരീക്ഷണത്തിനു് ഇരയായതു് ഒരു മില്ലിമീറ്റര്‍  മാത്രം നീളമുള്ള, ആയിരം കോശങ്ങള്‍  മാത്രമടങ്ങിയ സുതാര്യമായ ശരീരമുള്ള ഒരിനം വിരയാണു്. ഈ വിരയുടെ ജനിതകദ്രവ്യത്തില്‍  പുതിയൊരു രാസവസ്തു ഉത്പാദിപ്പിക്കാനുള്ള വിവരം ചേര്‍ക്കുക എന്ന കൃത്യമാണു് ഗവേഷകര്‍  സാധിച്ചതു്. പ്രൊട്ടീന്‍  തന്മാത്രകളെ അമിനോ ആസിഡുകളായി വേരി‍തിരിക്കാം.  ജൈവമണ്ഡലത്തില്‍  ആകെ 20 അമിനോ ആസിഡുകള്‍  ഉപയോഗിച്ചാണു് എല്ലാ പ്രൊട്ടീനുകളും സൃഷ്ടിച്ചിരിക്കുന്നതു്. ഇവയില്‍  പെടാത്ത ഒരു അമിനോ ആസിഡ് ഉത്പാദിപ്പിക്കാനുള്ള ശേഷിയാണു് ഗവേഷകര്‍  വിരകള്‍ക്കു് നല്‍കിയതു്. ചരിത്രത്തിലാദ്യമായാണു് ഇങ്ങനെയൊരു കാര്യം സാദ്ധ്യമാകുന്നതു്. മുമ്പു് സാധിച്ചിരുന്നതു് പ്രകൃതിയില്‍  മറ്റൊരു ജീവിവര്‍ഗത്തില്‍  നിലവിലുള്ള ഒരു ജീനിനെ സന്നിവേശിപ്പിക്കുക എന്ന കര്‍മ്മമായിരുന്നു. പ്രകൃതിയിലില്ലാത്ത സ്വഭാവങ്ങള്‍  ഒരു ജീവിക്കു് നല്‍കുക എന്ന പ്രക്രിയയാണു് ഇപ്പോള്‍  സാദ്ധ്യമായിരിക്കുന്നതു്. കേംബ്രിഡ്ജിലെ ശാസ്ത്രജ്ഞരുടെ ശ്രമഫലമായി അള്‍ട്രാവയലറ്റ് രശ്മികളേറ്റാല്‍  പ്രകാശിക്കുന്ന സ്വഭാവമാണു് മേല്പറഞ്ഞ നിമറ്റോഡ് വിരകള്‍  നേടിയതു്.

ഈ വിവരം റിപ്പോര്‍ട്ടു ചെയ്ത ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങളില്‍  വായനക്കാര്‍  പലരീതിയില്‍  പ്രതികരിച്ചിട്ടുണ്ടു്. അക്കൂട്ടത്തില്‍  ഇത്തരം പരീക്ഷണങ്ങള്‍  വഴിവിട്ടു പോകുന്നുവോ എന്ന ഭയം പലരുടെയും പ്രതികരണത്തില്‍  കാണാം. ദൈവം സൃഷ്ടിച്ച ജീവനെ വച്ചാണു് മനുഷ്യര്‍  കളിക്കുന്നതെന്നും ഇതു് വിനാശത്തിലേ കലാശിക്കൂ എന്നും മറ്റും പലരും എഴുതിയിരിക്കുന്നു. അതേ സമയം ശാസ്ത്രം പുരോഗമിക്കുകയാണെന്നും ഇതിനിടയില്‍  അബദ്ധങ്ങള്‍  പറ്റുമെന്നു് ഭയന്നു് മടിച്ചു നില്‍ക്കുന്നതില്‍  അര്‍ത്ഥമില്ലെന്നും എഴുതിയിരിക്കുന്നു. അബദ്ധങ്ങള്‍  മുമ്പും സംഭവിച്ചിട്ടുണ്ടെന്നും അതില്‍നിന്നെല്ലാം മനുഷ്യന്‍  പാഠങ്ങള്‍  പഠിച്ചു് ശ്രദ്ധയോടെ മുന്നേറുകയാണെന്നും ഇതെല്ലാം മനുഷ്യനു് ഗുണമാണു് ചെയ്തിരിക്കുന്നതെന്നുമാണു് അവര്‍  പറയുന്നതു്. ഉദാഹരണമായി, ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു് ജീവികളെക്കൊണ്ടു് നമുക്കു് പ്രയോജനം ചെയ്യുന്ന വസ്തുക്കള്‍, വിശേഷിച്ചു് അതിസൂക്ഷ്മമായ നാനോഫൈബറുകളും മറ്റും, ഉത്പാദിപ്പിക്കാനാവും എന്നവര്‍  ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗതമായ ചില രോഗങ്ങള്‍  ഭേദപ്പെടുത്താനും ഈ വിദ്യ സഹായകമായി എന്നുവരാം.

ശാസ്ത്രപുരോഗതി എപ്പോഴും നല്ലതു് മാത്രമെ മനുഷ്യനു് നല്‍കിയിട്ടുള്ളൂ എന്നു പറയാനാവില്ല. ശാസ്ത്രീയ കണ്ടെത്തലുകള്‍  അറിവായി മാത്രം നിലനിന്നാല്‍  അതിനു് ഗുണമോ ദോഷമോ ചെയ്യാനാവില്ല. ആ അറിവു് സാങ്കേതികവിദ്യയായി തീരുകയും അതു് മനുഷ്യന്‍  ഉപയോഗിക്കുകയും ചെയ്യുമ്പോഴാണല്ലോ ഗുണദോഷങ്ങള്‍  ഉണ്ടാകുന്നതു്. അറിവു് ഗുണത്തിനു മാത്രമല്ല ദോഷത്തിനും ഉപയോഗിക്കുന്ന കാര്യത്തില്‍  മനുഷ്യര്‍  ഒരിക്കലും പിന്നിലായിട്ടില്ല. തടി വെട്ടിമുറിച്ചു് തീയിടാന്‍  കത്തി സഹായിച്ചെങ്കില്‍  പരസ്പരം കൊല്ലാനും അതു് സഹായിച്ചു. ആധുനിക കാലത്തു് ഭൂമിയെപ്പറ്റി വളരെയധികം മനസിലാക്കാന്‍  കൃത്രിമ ഉപഗ്രഹങ്ങള്‍  സഹായിച്ചെങ്കില്‍  അതേ സങ്കേതികവിദ്യതന്നെ യുദ്ധത്തിനും സഹായകമായിട്ടുണ്ടു്. എന്നാല്‍  ഇങ്ങനെ മാത്രമല്ല അറിവു് ദോഷം ചെയ്തിട്ടുള്ളതു്.

നമുക്കു് വളരെയധികം ഗുണം ചെയ്ത സാങ്കേതികവിദ്യകളും മറ്റൊരു വിധത്തില്‍  ദോഷം ചെയ്തിട്ടുണ്ടു്. ഡി.ഡി.റ്റി.യും എന്‍ഡോസള്‍ഫാനും പോലുള്ള കീടനാശിനികള്‍  കാര്‍ഷികോല്പന്നങ്ങളെ കൃമികളില്‍നിന്നു് രക്ഷിക്കുന്നതിലൂടെ മനുഷ്യനെ  സഹായിച്ചിട്ടുണ്ടെങ്കില്‍  അത്രയും തന്നെയോ അതിലധികമോ ദോഷം മനുഷ്യര്‍ക്കു് വരുത്തിവച്ചിട്ടുമുണ്ടല്ലോ. ഇതൊക്കെ ഒരുപക്ഷെ അനേകം ജന്തു-സസ്യ ഇനങ്ങളെ എന്നന്നേക്കുമായി ഭൂമിയില്‍നിന്നു് ഇല്ലാതാക്കിയിട്ടുണ്ടു്. ഇത്തരം സാങ്കേതികവിദ്യകള്‍  ഉപയോഗിച്ചു് തുടങ്ങിയ സമയത്തു് ഈ പ്രത്യാഘാതങ്ങളൊന്നും പ്രതീക്ഷിച്ചതേയല്ല. ഇതെല്ലാം ജൈവരൂപങ്ങളെ നേരിട്ടു് മാറ്റിമറിക്കാത്ത സാങ്കേതികവിദ്യകളായിരുന്നു എന്നോര്‍ക്കുക.

എന്നാല്‍  ഇന്നു് ബയോടെക്‌നോളജിയിലൂടെ മനുഷ്യന്‍  ശ്രമിക്കുന്നതു് ജൈവരൂപങ്ങളില്‍  നേരിട്ടു് മാറ്റം വരുത്താനാണു് ചിലര്‍ പറയുന്നതുപോലെ,
"മനുഷ്യന്‍  ദൈവം കളിക്കുക"യാണോ? ഈ കളിയില്‍  ഒരബദ്ധം വന്നാല്‍  മനുഷ്യനു് അതിന്റെ പരിണിതഫലങ്ങള്‍  നേരിടാനാകുമോ? എന്തിനു്,   ജീവികളുടെ സ്വഭാവത്തില്‍  നേരിട്ടു് മാറ്റംവരുത്തിത്തുടങ്ങിയാല്‍  എന്തു് പ്രത്യാഘതങ്ങളുണ്ടാവാം എന്നു്  ഊഹിക്കാന്‍  പോലും നമുക്കാവില്ല. എന്താണു് ജീവന്‍  എന്നുതന്നെ മനസിലാക്കാനാവാത്ത സ്ഥിതിയില്‍  ഈ ചോദ്യത്തിനു് പ്രസക്തിയേറുന്നു. എന്നാല്‍  അബദ്ധം വരുത്തുമോ എന്നുള്ള ഭയത്താല്‍  ഒന്നും ചെയ്യാതെ പകച്ചു നിന്നിരുന്നെങ്കില്‍  മനുഷ്യജീവിതം ഇന്നത്തെയത്ര സുഖകരമാകുമായിരുന്നോ എന്ന ചോദ്യവും വെറുതെ തള്ളിക്കളയാനാവില്ലല്ലൊ. എന്തായാലും ശാസ്ത്രജ്ഞരും സര്‍ക്കാരുകളും മാത്രമല്ല എല്ലാ ജനങ്ങളും മനസിലാക്കുകയും ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുന്നതില്‍  പങ്കാളികളാകുകയും ചെയ്യേണ്ട കാര്യമാണിതു് എന്നതില്‍  സംശയമില്ല.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു)

No comments: