Saturday, August 18, 2012

ആധാര്‍ --- പൊതുചര്‍ച്ച ആവശ്യമല്ലേ?

 (തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം 2011 ജൂണ്‍ 20നു് അയച്ചുകൊടുത്തതു്)

"ആധാര്‍" എന്ന പേരില്‍  ഇന്ത്യയില്‍  നടപ്പിലാക്കുന്ന വിവിധോദ്ദേശ്യ ദേശീയ തിരിച്ചറിയല്‍  സംവിധാനം കേരളത്തില്‍  ഒരു വര്‍ഷം കൊണ്ടു് പൂര്‍ണ്ണമായി നടപ്പിലാക്കാന്‍  മഖ്യമന്ത്രി താല്പര്യം കാണിക്കുകയും അതിനുവേണ്ടി കെല്‍ട്രോണ്‍, അക്ഷയ, ഐടി@സ്ക്കൂള്‍  എന്നീ സ്ഥാപനങ്ങളുടെ സഹായവും കൂട്ടത്തില്‍  50 കോടിയോളം രൂപയും വാഗ്ദാനം ചെയ്യുകയും ചെയ്തതു് അടുത്ത കാലത്താണു്. കേന്ദ്രത്തില്‍ നിന്നു് പല പദ്ധതികള്‍ക്കായി ലഭിക്കുന്ന സഹായധനം കൂടുതല്‍  ഫലപ്രദമായി ചെലവഴിക്കാന്‍  ഇതു് ഉപകരിക്കും എന്ന വിശ്വാസത്തിലാണു് മുഖ്യമന്ത്രി ഇതിനു് തുനിയുന്നതു് എന്നാണു് പത്രവാര്‍ത്തകളില്‍  നിന്നു് മനസിലായതു്. അദ്ദേഹം വളരെ നല്ല ഉദ്ദേശ്യത്തോടെ തന്നെയാണു് ഇതിനു് ശ്രമിക്കുന്നതു് എന്നു കരുതാം. എന്നാല്‍  ആധാര്‍  എന്ന സംവിധാനം സാങ്കേതികമായി സാദ്ധ്യമാണോ, മുടക്കുന്ന പണത്തിനു് സമാനമായ ഗുണം ഇതില്‍നിന്നു് ലഭിക്കുമോ, തുടങ്ങിയ നിരവധി ചോദ്യങ്ങള്‍  ചോദിക്കുകയും അവയുടെ ഉത്തരങ്ങള്‍  പൊതുജനങ്ങള്‍ക്കിടയില്‍  ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു. ഭീമമായ സംഖ്യകളാണു് ഇതിനു് വേണ്ടിവരും എന്നു്  കണക്കാക്കിയിട്ടുള്ളതു്. എന്നുതന്നെയല്ല, അമേരിക്ക, ബ്രിട്ടണ്‍, ആസ്‌ട്രേലിയ തുടങ്ങിയ വികസിത രാഷ്ട്രങ്ങള്‍  പോലും ഇത്തരം പദ്ധതികള്‍  ആവിഷ്ക്കരിച്ച ശേഷം പല കാരണങ്ങളാല്‍  ഉപേക്ഷിച്ച സാഹചര്യത്തില്‍  ഇന്ത്യയെപ്പോലെ സാങ്കേതികമായും സാമ്പത്തികമായും ദരിദ്രമായ രാഷ്ട്രം ഇങ്ങനെയൊരു പദ്ധതിയിലേക്കു് എടുത്തു ചാടേണ്ടതുണ്ടോ എന്നതും സസൂക്ഷ്മം പരിഗണിക്കേണ്ടതല്ലേ?


എന്താണീ ആധാര്‍? ഇപ്പോള്‍  നമുക്കു് പല  തിരിച്ചറിയല്‍ രേഖകളുണ്ടു്. തിരഞ്ഞെടുപ്പു കമ്മീഷന്‍  തന്ന ഫോട്ടോകാര്‍ഡ്, ഡ്രൈവിങ്ങ്  ലൈസന്‍സു്, റേഷന്‍  കാര്‍ഡു്, പാസ്‌പോര്‍ട്ടു്, തുടങ്ങിയവ. ഇവയില്‍  പലതിലും ഫോട്ടോയുമുണ്ടു്. എന്നാല്‍  യാതൊരു തിരിച്ചറിയല്‍  രേഖയും ഇല്ലാത്തവരും ഉണ്ടാകാം, വിശേഷിച്ചു് പിന്നോക്ക പ്രദേശങ്ങളിലുള്ളവരും ആദിവാസികളും മറ്റും. മേല്പറഞ്ഞ ഓരോ പ്രമാണവും ഓരോ പ്രത്യേക ആവശ്യത്തിനുള്ളതാണു്. ചില തിരിച്ചറിയല്‍  ആവശ്യങ്ങള്‍ക്കു് ഇവയിലേതെങ്കിലും ഉപയോഗിക്കാനാകും. അപ്പോള്‍  ഒരു പ്രശ്നമുണ്ടാകാം. ഒരേ വ്യക്തിയ്ക്കു തന്നെ ഓരോ പ്രമാണമുപയോഗിച്ചു് ഒരേ കാര്യം പലതവണ നേടാനാകും. ഉദാഹരണമായി, സര്‍ക്കാര്‍  നല്കുന്ന  ധനസഹായം ഒരു തവണ വോട്ടര്‍  കാര്‍ഡും മറ്റൊരു തവണ ഡ്രൈവിങ്ങ് ലൈസന്‍സും തിരിച്ചറിയല്‍  കാര്‍ഡായി ഉപയോഗിച്ചു് നേടാനായി എന്നു വരാം. മാത്രമല്ല ഒരു വ്യക്തിയ്ക്കു് ഒന്നിലധികം പേരുകളില്‍  ഇത്തരം രേഖകള്‍  ഉണ്ടാക്കാനായി എന്നും വരാം. മറിച്ചു്, ധനസഹായം വിതരണം ചെയ്യേണ്ട ഉദ്യോഗസ്ഥരോ, അതിന്റെ മേല്‍നോട്ടം വഹിക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകരോ നിലവിലില്ലാത്ത പേരുകളും മറ്റും എഴുതിച്ചേര്‍ത്തു് പണം അപഹരിച്ചു എന്നും വരാം. അതേ സമയം യാതൊരു തിരിച്ചറിയല്‍  രേഖയും ഇല്ലാത്തവര്‍ക്കു് സര്‍ക്കാര്‍  സഹായം തീരെ ലഭിക്കാതെ പോകുകയാണു്. ഇങ്ങനെ, നിര്‍ദ്ധനരുടെ സഹായത്തിനായി സര്‍ക്കാര്‍  നീക്കി വയ്ക്കുന്ന പണത്തില്‍ കുറേയൊക്കെ മറ്റാരെങ്കിലും കൈക്കലാക്കുന്നുണ്ടു് എന്നു തന്നെയാണു് ഭാരതസര്‍ക്കാര്‍  കരുതുന്നതു്. ഈ പ്രശ്നം പരിഹരിക്കാനാണു് എല്ലാ ആവശ്യങ്ങള്‍ക്കുമായുള്ള, വ്യക്തിയെ സംശയമില്ലാതെ തിരിച്ചറിയാനാകുന്ന ഒരൊറ്റ തിരിച്ചറിയല്‍  രേഖ വേണമെന്ന ആശയത്തിലേക്കു് എത്തിച്ചേര്‍ന്നതത്രെ.

ആധാര്‍ പദ്ധതിയില്‍  അംഗമാവാന്‍  ആരെയും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍  ഭാവിയില്‍  ഈ തിരിച്ചറിയല്‍  രേഖ ഇല്ലെങ്കില്‍  പല കാര്യങ്ങളും, വിശേഷിച്ചു് സര്‍ക്കാരുമായി ബന്ധപ്പെട്ടവ, ബുദ്ധിമുട്ടാകും എന്നു വേണം കരുതാന്‍. അങ്ങനെ അതില്‍ ചേരാന്‍  എല്ലാവരും നിര്‍ബ്ബന്ധിതരാവാന്‍  സാദ്ധ്യതയുണ്ടു്. പദ്ധതി നടപ്പിലാക്കാനായി അധികാരപ്പെട്ട ഒരു സംഘടന ഉണ്ടാക്കുകയും അതിന്റെ മേലധികാരിയായി ഇന്‍ഫോസിസ് എന്ന കമ്പനിയുടെ തലപ്പത്തുണ്ടായിരുന്ന നന്ദന്‍  നിലേകാനിയെ നിയമിക്കുകയും ചെയ്തു കഴിഞ്ഞു. അദ്ദേഹവും സംഘവും തിരിച്ചറിയല്‍  സംവിധാനം നടപ്പാക്കേണ്ട രീതിയെപ്പറ്റി ധാരണ ഉണ്ടാക്കുകയും  ലക്ഷക്കണക്കിനു് ആള്‍ക്കാര്‍ക്കു് തിരിച്ചറിയല്‍  നമ്പര്‍  നല്‍കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു.

ആധാര്‍  പദ്ധതിയില്‍  എല്ലാ പൌരന്മാരെയും കുറിച്ചുള്ള കുറെ വിവരങ്ങള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഒരിടത്തു് സമാഹരിക്കും. സാങ്കേതികമായി പറഞ്ഞാല്‍, എല്ലാവരുടെയും ഒരു ഡേറ്റബേസ് (വിവരസഞ്ചയം) ഉണ്ടാക്കും. ഇതു് കമ്പ്യൂട്ടര്‍  ശൃംഘല വഴി എവിടെനിന്നും എത്താവുന്ന വിധത്തിലായിരിക്കും. ഇതില്‍  രണ്ടു വിധത്തിലുള്ള  വിവരങ്ങള്‍ ചേര്‍ക്കേണ്ടതുണ്ടു്. ഒന്നു്, വ്യക്തികള്‍  നല്‍കേണ്ടതും മറ്റു ചിലതു് നടത്തിപ്പുകാര്‍  ശേഖരിക്കുന്നതുമാണു്. മുഖത്തിന്റെ ഫോട്ടോ, വിരലടയാളങ്ങള്‍  (പത്തു വിരലുകളുടെയും), കൃഷ്ണമണിയുടെ ചിത്രം, എന്നിവ രണ്ടാമത്തെ കൂട്ടത്തില്‍  പെടുന്നു. പേരു്, ജനനത്തീയതി, മേല്‍വിലാസം, ലിംഗം, മാതാപിതാക്കളുടെ പേരുവിവരങ്ങള്‍, ഫോണ്‍  നമ്പര്‍, ഇമെയിലുണ്ടെങ്കില്‍  അതിന്റെ വിലാസം, എന്നിവയാണു് വ്യക്തികള്‍  നല്‍കേണ്ട വിവരങ്ങള്‍. ഇത്രയും വിവരങ്ങള്‍  രണ്ടുപേര്‍ക്കു് ഒരുപോലെ ഉണ്ടാവില്ല എന്നു് ഉറപ്പാണല്ലോ. അതു തന്നെയാണു് ഈ സംവിധാനം കൊണ്ടു് ഉദ്ദേശിക്കുന്നതു്. ഈ വിവരങ്ങള്‍  സര്‍ക്കാരിനു് നല്‍കിയാല്‍  ഓരോ വ്യക്തിക്കും ഒരു പ്രത്യേക നമ്പര്‍  നല്‍കും. ഈ   നമ്പരിന്റെ സഹായത്തോടെ അവരുടെ ബാങ്ക് അക്കൌണ്ടിലേക്കു് സര്‍ക്കാരിന്റെ ധനസഹായം നേരിട്ടു് എത്തിക്കാം എന്നാണു് അവകാശപ്പെടുന്നതു്. തിരിച്ചറിയല്‍  രേഖ വേണ്ടിടത്തെല്ലാം ഒരു കാലത്തു് ഈ നമ്പര്‍  ഉപയോഗിക്കാനാവും.

ഇനി എന്തൊക്കെയാവാം ഇതിന്റെ പ്രശ്നങ്ങള്‍  എന്നു നോക്കാം. ഈ പദ്ധതിയെപ്പറ്റി പലരും പ്രകടിപ്പിച്ചിരിക്കുന്ന ആശങ്കകളില്‍  മുഖ്യം ഇവയൊക്കെയാണു്: ഒന്നു്, ഇത്രയധികം പണം ചെലവാക്കി നടപ്പിലാക്കുന്ന ഈ പദ്ധതി അതിനനുസരിച്ചു് പ്രയോജനം ചെയ്യുമോ? പതിനായിരക്കണക്കിനു് മുതല്‍  ഒന്നര ലക്ഷം വരെ കോടി രൂപയാണു് ഇതിനു വേണ്ടിവരുമെന്നു്  കണക്കാക്കിയിരിക്കുന്നതു്. നിര്‍ദ്ധനരെ സഹായിക്കാനെന്ന പേരില്‍  പരീക്ഷണാര്‍ത്ഥം പണം വാരിക്കോരി ചെലവഴിക്കാനുള്ള സാമ്പത്തികശേഷി ഇന്ത്യയ്ക്കുണ്ടോ? ചെലവു കുറഞ്ഞ മറ്റു മാര്‍ഗങ്ങള്‍  കണ്ടെത്താനാവില്ലേ? രണ്ടു്, ഇന്ത്യയെക്കാള്‍  വളരെ കുറഞ്ഞ ജനസംഖ്യയുള്ള  പല വികസിത രാജ്യങ്ങളും ഇതുപോലത്തെ പദ്ധതികള്‍  വേണ്ടെന്നു വച്ചതിനു പിന്നില്‍  പൊതുജനസമ്മര്‍ദ്ദം കൂടാതെ സാങ്കേതിക കാരണങ്ങളുമുണ്ടു്. ഈ സാഹചര്യത്തില്‍  നൂറു കോടിയിലധികം ജനങ്ങളുടെ വിവരങ്ങള്‍  ശേഖരിക്കേണ്ട ആധാര്‍ പദ്ധതി നടപ്പാക്കാനുള്ള സാങ്കേതികവിദ്യ നമുക്കുണ്ടോ? സാങ്കേതികവിദ്യ ലഭ്യമാണെന്നും അതു് ഇത്ര വലിയ ആവശ്യത്തിനുവേണ്ടി വിപുലീകരിക്കേണ്ട കാര്യമേയുള്ളൂ എന്നുമാണു് നന്ദന്‍  നലേകാനി അവകാശപ്പെടുന്നതു്. എന്നാല്‍  കോടിക്കണക്കിനു് പേരുടെ വിവരങ്ങള്‍  കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍  അതിന്റെ സങ്കീര്‍ണ്ണത നിസ്സീമമാകാം എന്നു് മറ്റുചിലര്‍  പറയുന്നു. ഇന്ത്യ പോലൊരു രാജ്യത്തെ ജനങ്ങളുടെ ഇടയില്‍നിന്നു് ഒരാളെ തിരിച്ചറിയുന്നതിനു് വിരലടയാളം പോലുള്ള കാര്യങ്ങള്‍  എത്രമാത്രം സഹായകമാകും എന്നതു തന്നെ സംശയിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. സാങ്കേതികവിദ്യ തന്നെയാണു് ഏറ്റവും പ്രയാസമുള്ള ഭാഗം എന്നു്  നിലേകാനി സമ്മതിക്കുന്നുണ്ടു്. മൂന്നു്, ഇത്രയധികം വിവരങ്ങള്‍  കേന്ദ്രീകൃതമായി സൂക്ഷിക്കുമ്പോള്‍  അതു് ആരും ദുരുപയോഗം ചെയ്യില്ല എന്നും നമ്മുടെ സ്വകാര്യത നഷ്ടമാവില്ല എന്നും എങ്ങനെ ഉറപ്പിക്കാനാവും? ഇതു് തീര്‍ച്ചയായും ഗൌരവമുള്ള പ്രശ്നമാണു് എന്നും വിവരങ്ങള്‍  ദുരുപയോഗം ചെയ്യുന്നതു് തടയാന്‍  ആവുന്നതെല്ലാം ചെയ്യും എന്നും മാത്രമെ  നിലേകാനിയ്ക്കു് പറയാനാവുന്നുള്ളൂ. നമ്മുടെ സ്വകാര്യത സംരക്ഷിക്കാന്‍  ശക്തമായ നിയമം പോലുമില്ല ഇന്ത്യയില്‍. നാലു്, നൂറു കോടി ജനങ്ങളില്‍നിന്നു് വിവരങ്ങള്‍ തെറ്റില്ലാതെ ശേഖരിക്കുന്നതിന്റെ കഷ്ടത ഭീമമാണെന്നു് ചിലര്‍  ചൂണ്ടിക്കാട്ടുന്നു. തെറ്റുകള്‍  ഒഴിവാക്കാന്‍  ആവശ്യമായ എല്ലാ കരുതലുകളും എടുക്കും എന്നാണു് നിലേകാനി പറയുന്നതു്.

ആധാര്‍  നടപ്പാക്കുന്നതിനെതിരായി ശക്തമായ പല വാദങ്ങളുമുണ്ടു്. പലരും ഉന്നയിക്കുന്ന സംശയങ്ങള്‍ക്കു് വ്യക്തമായ ഉത്തരം ഇപ്പോഴും ലഭിച്ചിട്ടില്ല. സാങ്കേതികവിദ്യയുടെയും ചെലവിന്റെയും സ്വകാര്യതയുടെയും കാര്യം മാറ്റി നിര്‍ത്തിയാല്‍ത്തന്നെ ഈ തിരിച്ചറിയല്‍ രേഖ അതുദ്ദേശിക്കപ്പെട്ടിട്ടുള്ള നിര്‍ദ്ധനരും നിരക്ഷരരുമായ കോടിക്കണക്കിനു് ജനങ്ങള്‍ക്കു് പ്രയോജനപ്പെടുമോ? സര്‍ക്കാര്‍  നല്‍കുന്ന നമ്പര്‍  ആരെയും കാണിക്കരുതെന്നാണു് പറയുന്നതു്. നിരക്ഷരര്‍  എങ്ങനെ അതു് സൂക്ഷിച്ചുവയ്ക്കും? വിശേഷിച്ചു് പ്രായം ചെന്നവര്‍? കാട്ടില്‍  താമസിക്കുന്ന ആദിവാസികള്‍ക്കു് എങ്ങനെ ബാങ്കിലൂടെ സഹായമെത്തിക്കും? ആധാര്‍  അഴിമതി തടയും എന്നുറപ്പുണ്ടോ? നിലേകാനി തന്നെ പറഞ്ഞതുപോലെ, സാങ്കേതികവിദ്യ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമല്ല. വിവരസഞ്ചയത്തിലുള്ള ഒരു വ്യക്തിയുടെ വിവരങ്ങളില്‍  തെറ്റുകള്‍  കടന്നു കൂടിയാല്‍  അയാള്‍  എന്തു ചെയ്യും? ഒരു യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റില്‍  തെറ്റു വന്നിട്ടുണ്ടെങ്കില്‍    അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍  നമുക്കറിയാം. ഇനി വിവരസഞ്ചയത്തില്‍നിന്നു് വിവരങ്ങള്‍  കവര്‍ന്നെടുത്തു് ആരെങ്കിലും (സര്‍ക്കാര്‍  ഉദ്യോഗസ്ഥര്‍  തന്നെയാവാം) നമ്മെ ശല്യപ്പെടുത്തിയാല്‍  എന്തു ചെയ്യാനാവും? ഒരു ഫാസിസ്റ്റ് ഭരണകൂടം ഇതു് ദുരുപയോഗം ചെയ്യില്ലേ? ജൂതന്മാരെ തിരിച്ചറിയാന്‍  ഹിറ്റ്ലറെ സഹായിച്ചതു് ഇത്തരമൊരു വിവരസഞ്ചയം ആയിരുന്നുവത്രെ. ഇത്തരം ചോദ്യങ്ങള്‍  ബാക്കി നില്‍ക്കുന്നു. ഇത്രയധികം പ്രത്യാഘാതങ്ങളുള്ള ഒരു സംവിധാനം സൂക്ഷ്മ പരിശോധനയ്ക്കും വ്യാപകമായ ചര്‍ച്ചകള്‍ക്കും ശേഷം നടപ്പാക്കുന്നതല്ലേ ബുദ്ധി?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ്  by-sa  ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു)

No comments: